ജഗ്മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റ്
ജഗ്മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റ്
Tuesday, March 3, 2015 10:56 PM IST
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണസാരഥ്യം ഒരിക്കല്‍ക്കൂടി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയ്ക്ക്. ജഗ്്മോഹന്‍ ഡാല്‍മിയ ബിസിസിഐയുടെ പുതിയ പ്രസിഡന്റായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ മറ്റാരും നാമനിര്‍ദേശ പത്രിക നല്‍കാത്തതിനാല്‍ ഡാല്‍മിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പഴയ പ്രതാപം നഷ്ടപ്പെട്ട ഡാല്‍മിയ എന്‍. ശ്രീനിവാസന്‍ ക്യാമ്പില്‍ ചേര്‍ന്നാണ് വിജയിയായിട്ടുള്ളത്. അതേസമയം, തന്റെ പക്ഷത്തുള്ളവരെയൊക്കെ അധികാര സ്ഥാനത്തെത്തിക്കാനുള്ള ശ്രീനിവാസന്റെ ശ്രമത്തിന് കനത്ത തിരിച്ചടി നല്‍കി ബിസിസിഐ ജോയിന്റ് സെക്രട്ടറിയും ബിജെപി എംപിയുമായ അനുരാഗ് ഠാക്കുര്‍ പുതിയ സെക്രട്ടറിയായി. ശ്രീനിവാസന്റെ സന്തതസഹചാരിയായ സഞ്ജയ് പട്ടേലിനെ മലര്‍ത്തിയടിച്ചാണ് അനുരാഗ് ഠാക്കുര്‍ പുതിയ സെക്രട്ടറിയായത്. അനുരാഗിന് 15ഉം സഞ്ജയ് പട്ടേലിന് 14ഉം വോട്ടാണ് ലഭിച്ചത്.

അനിരുദ്ധ് ചൌധരിയാണ് പുതിയ ട്രഷറര്‍. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും ഐപിഎല്‍. ചെയര്‍മാനുമായിരുന്ന രാജീവ് ശുക്ളയെ പരാജയപ്പെടുത്തിയാണ് അനിരുദ്ധ ചൌധരി ട്രഷററായത്. ചെന്നൈയില്‍ ഇന്നു ചേര്‍ന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്.

കേരളത്തിന് വളരെ അഭിമാനിക്കത്തക്ക നേട്ടവുമായി ടി.സി. മാത്യു വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ദേശീയ ക്രിക്കറ്റ് അക്കാഡമി ചെയര്‍മാനുമായ ടി.സി. മാത്യു അഞ്ചു വൈസ് പ്രസിഡന്റുമാരില്‍ ഒരാളായാണ് എത്തുന്നത്. പശ്ചിമ മേഖലയെ ആണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. രവി സാവന്തിനെതിരേയായിരുന്നു മാത്യുവിന്റെ വിജയം. 31ല്‍ 17 വോട്ട് ടി.സി. മാത്യു നേടി. മൂന്നു വൈസ് പ്രസിഡന്റുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടി.സി. മാത്യുവിനും മധ്യമേഖലയില്‍നിന്നുള്ള സി.കെ. ഖന്നയ്ക്കും മത്സരം വേണ്ടിവന്നു.

കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പരാജയപ്പെടുത്തിയാണ് ഖന്ന വൈസ് പ്രസിഡന്റായത്. ഗോകരാജു ഗംഗാരാജു(ദക്ഷിണമേഖല), ഗൌതം റോയി(കിഴക്കന്‍ മേഖല), എം.എല്‍. നെഹ്റു(വടക്കന്‍ മേഖല) എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റുമാര്‍. നിലവിലെ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ പൂര്‍ണ പിന്തുണയോടെയാണ് 74കാരനായ ഡാല്‍മിയയുടെ തിരിച്ചു വരവെന്നതുകൊണ്ടുതന്നെ ശ്രീനിവാസന്റെ പിടി അദ്ദേഹത്തിന്റെ കസേരയ്ക്കുണ്ടായിരിക്കുമെന്നുറപ്പ്. പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ജഗ്മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റാകുന്നത്. 2001-04 വര്‍ഷത്തില്‍ ഡാല്‍മിയയായിരുന്നു ബിസിസിഐ പ്രസിഡന്റ്. ഐപിഎല്‍ വിവാദത്തെത്തുടര്‍ന്നു 2013 ജൂണില്‍ ശ്രീനിവാസനു പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിനില്‍ക്കേണ്ടി വന്നപ്പോഴും ഈ ചുമതല വഹിച്ചതു ഡാല്‍മിയയായിരുന്നു.


വാര്‍ഷിക ജനറല്‍ ബോഡിയോടനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍. ശ്രീനിവാസന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിനാണ് മേല്‍ക്കൈ. സെക്രട്ടറിയൊഴികേ ഭൂരിഭാഗം അംഗങ്ങളും ശ്രീനിവാസന്‍ പക്ഷക്കാരാണ്. എന്നാല്‍, അനുരാഗ് ഠാക്കൂര്‍ വിജയിച്ചത് ശ്രീനിവാസനു കനത്ത തിരിച്ചടിയാണ്. മാത്രവുമല്ല, ശ്രീനി പക്ഷത്തുനിന്നു വിജയിച്ചവരെല്ലാം നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്നതും ശ്രദ്ധേയമാണ്. മുമ്പ് ശ്രീനിക്കുണ്ടായിരുന്ന മൃഗീയ ഭൂരിപക്ഷം ഇപ്പോള്‍ ഇല്ല എന്നു വ്യക്തമാകുന്നു. ഡാല്‍മിയയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സുഗമമാകില്ലെന്നും വ്യക്തം.

അധ്യക്ഷ സ്ഥാനത്തേക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷ പിന്തുണ ലഭിക്കില്ലെന്നുറപ്പായതോടെയാണ് പിന്‍വാങ്ങിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമസ്ഥാവകാശം ഇന്ത്യാ സിമന്റ്സില്‍ നിന്ന് കൈമാറി പ്രസിഡന്റ്് സ്ഥാനം നിലനിര്‍ത്താന്‍ എന്‍. ശ്രീനിവാസന്‍ ആദ്യ ഘട്ടത്തില്‍ ശ്രമിച്ചിരുന്നുവെങ്കിലും സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ശ്രമം ഉപേക്ഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.