വീണ്ടും ലങ്കന്‍ വീര്യം
വീണ്ടും ലങ്കന്‍ വീര്യം
Monday, March 2, 2015 10:49 PM IST
വെല്ലിംഗ്ടണ്‍: കുമാര്‍ സംഗക്കാരയും ലഹിരു തിരിമനയും ചേര്‍ന്ന് തല്ലിക്കെടുത്തിയത് ഇംഗ്ളണ്ടിന് ജോ റൂട്ട് നല്‍കിയ വിജയപ്രതീക്ഷ. ജോ റൂട്ടിന്റെ സെഞ്ചുറിക്ക് രണ്ടു സെഞ്ചുറികളിലൂടെ സംഗക്കാരയും തിരിമനയും മറുപടി പറഞ്ഞപ്പോള്‍ ഇംഗ്ളണ്ടിനു നല്‍കിയത് ഒമ്പതു വിക്കറ്റിന്റെ പരാജയം. ലോകകപ്പ് പൂള്‍ എയിലെ നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 16 പന്ത് ശേഷിക്കേ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ലഹിരു തിരിമനെ (139)യും കുമാര്‍ സംഗക്കാര(117)യും പുറത്താകാതെനിന്നു. തിരിമനെയുടെ ആദ്യ ലോകകപ്പ് സെഞ്ചുറിയാണിത്. സംഗക്കാരയുടേതാകട്ടെ, തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയും. ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ലങ്കന്‍ ബാറ്റ്സ്മാനെന്ന ഖ്യാതിയും തിരിമനെ സ്വന്തമാക്കി.

ബംഗ്ളാദേശിനെതിരേ നടന്ന മത്സരത്തില്‍ സംഗക്കാരയും ദില്‍ഷനും സെഞ്ചുറി നേടിയിരുന്നു. 55 പന്തില്‍ നിന്ന് 44 റണ്ണെടുത്ത തിലകരത്നെ ദില്‍ഷന്റെ വിക്കറ്റ് മാത്രമാണ് ലങ്കയ്ക്കു നഷ്ടമായത്. 86 പന്തില്‍ 11 ബൌണ്ടറിയും രണ്ടു സിക്സറുമടക്കം 117 റണ്‍സ് നേടിയ സംഗക്കാരയാണു മാന്‍ ഓഫ് ദ മാച്ച്. 143 പന്തില്‍നിന്ന് 13 ബൌണ്ടറിയും രണ്ടു സിക്സറുമടക്കമാണ് തിരിമനയുടെ 139 റണ്‍സ്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ളണ്ടിനുമൊയീന്‍ അലിയും ഇയാന്‍ ബെല്ലും ചേര്‍ന്നു മികച്ച തുടക്കം നല്‍കി. ആദ്യവിക്കറ്റില്‍ 62 റണ്‍സ് നേടിയശേഷം മൊയീന്‍ അലി മടങ്ങി. തൊട്ടുപിന്നാലെയെത്തിയ ബാലന്‍സിന് അധികനേരം പിടിച്ചുനില്‍ക്കായായില്ല. എന്നാല്‍, ജോ റൂട്ടിന്റെ ക്രീസിലെ സാന്നിധ്യം ഇംഗ്ളണ്ടിന് ആത്മവിശ്വാസം നല്‍കി. മികച്ച ഷോട്ടിലൂടെ മുന്നേറിയ അദ്ദേഹം ഇയാന്‍ ബെല്‍(49), ഇയോന്‍ മോര്‍ഗന്‍(29), ജയിംസ് ടെയ്ലര്‍(25), ജദോസ് ബട്ലര്‍ എന്നിവരെ കൂട്ടുപിടിച്ച് സെഞ്ചുറിയിലേക്കും ഇംഗ്ളണ്ടിനെ മികച്ച സ്കോറിലേക്കും നയിച്ചു. ശ്രീലങ്കയ്ക്കു വേണ്ടി പന്തെറിഞ്ഞ ആറു പേര്‍ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. മലിംഗ, ലക്മല്‍, മാത്യൂസ്, ദില്‍ഷന്‍, ഹെറാത്ത്, പെരേര എന്നിവരാണ് ഇംഗ്ളീഷ് വിക്കറ്റുകള്‍ പങ്കിട്ടത്.

നേരിട്ട നാലാം പന്തില്‍ത്തന്നെ ജീവന്‍ തിരിച്ചുകിട്ടിയ റൂട്ട് 108 പന്തില്‍ നിന്ന് 121 റണ്‍സ് നേടിയപ്പോള്‍ അദ്ദേഹത്തിന്റെ ഇന്നിംഗ്സില്‍ 14 ബൌണ്ടറിയും രണ്ടു സിക്സറുമുണ്ടായിരുന്നു. റൂട്ടിന്റെ അഞ്ചാം ഏകദിന സെഞ്ചുറിയാണിത്. ടീം സ്കോര്‍ രണ്ടിന് 74ല്‍ നില്‍ക്കെ രണ്ടു റണ്‍ മാത്രമെടുത്ത റൂട്ടിനെ മാത്യൂസിന്റെ പന്തില്‍ ജയവര്‍ധനെയാണ് സ്ളിപ്പില്‍ വിട്ടുകളഞ്ഞത്.


ടെയ്ലറും റൂട്ടും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 98 റണ്ണാണ് ഇംഗ്ളണ്ട് ഇന്നിംഗ്സില്‍ നിര്‍ണായകമായത്. മോര്‍ഗനും റൂട്ടും ചേര്‍ന്ന് 14.1 ഓവറില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തിരിമനയും ദില്‍ഷനും സ്വപ്നതുല്യ തുടക്കമാണു നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 19 ഓവറില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദില്‍ഷന്റെ പുറത്താകലിനുശേഷം ക്രീസിലെത്തിയ സംഗക്കാര തിരിമനയ്ക്കൊപ്പം ചേര്‍ന്നതോടെ ഇംഗ്ളീഷ് ബൌളര്‍മാര്‍ വിയര്‍ത്തു. ആന്‍ഡേഴ്സനും സ്റ്റുവര്‍ട്ട് ബ്രോഡും സ്റ്റീവ് ഫിന്നും പരമാവധി ശ്രമിച്ചിട്ടും ഈ കൂട്ടുകെട്ടു തകര്‍ക്കാനായില്ല. 212 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചത്. സംഗക്കാരയുടെ 23-ാം ഏകദിന സെഞ്ചുറിയാണിത്. വിജയത്തോടെ ശ്രീലങ്കയുടെ ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിച്ചു. അതേസമയം, ഇംഗ്ളണ്ടിന്റെ കാര്യം പരുങ്ങലിലായി. സ്കോട്ലന്‍ഡിനോടു മാത്രം ജയിച്ച അവര്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകളോടു പരാജയപ്പെട്ടിരുന്നു. ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളെ നേരിടാനുള്ള ഇംഗ്ളണ്ടിനു വിജയം അനിവാര്യമാണ്.


സ്കോര്‍ബോര്‍ഡ്

ഇംഗ്ളണ്ട് ബാറ്റിംഗ്

മൊയീന്‍ അലി സി ലക്മല്‍ ബി മാത്യൂസ് 15, ഇയാന്‍ ബെല്‍ ബി ലക്മല്‍ 49, ബാലന്‍സ് സി ആന്‍ഡ് ബി ദില്‍ഷന്‍ 6, ജോ റൂട്ട് എല്‍ബിഡബ്ള്യു ബി ഹെറാത്ത് 121, മോര്‍ഗന്‍ സി ദില്‍ഷന്‍ ബി പെരേര 27, ടെയ്ലര്‍ സി ദില്‍ഷന്‍ ബി മലിംഗ 25, ബട്ലര്‍ നോട്ടൌട്ട് 39, വോക്സ് നോട്ടൌട്ട് 9, എക്സ്ട്രാസ് 18.

ആകെ 50 ഓവറില്‍ ആറിന് 309.



ബൌളിംഗ്

മലിംഗ 10-0-63-1, ലക്മല്‍ 7.4-0-71-1, മാത്യൂസ് 10-1-43-1, ദില്‍ഷന്‍ 8.2-0-35-1, ഹെറാത്ത് 5.5-0-35-1, പെരേര 8.1-0-55-1.

ശ്രീലങ്ക ബാറ്റിംഗ്

തിരിമനെ നോട്ടൌട്ട് 139, ദില്‍ഷന്‍ സി മോര്‍ഗന്‍ ബി അലി 44, സംഗക്കാര നോട്ടൌട്ട് 117, എക്സ്ട്രാസ് 12

ആകെ 47.2 ഓവറില്‍ ഒന്നിന് 312.

ബൌളിംഗ്

ആന്‍ഡേഴ്സണ്‍ 8-0-48-0, ബ്രോഡ് 10-1-67-0, വോക്സ് 9.2-0-72-0, ഫിന്‍ 8-0-54-0, അലി 10-0-50-1, റൂട്ട് 2-0-12-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.