സഞ്ജു സാംസണ് ഇരട്ടസെഞ്ചുറി; കേരളം ആറിന് 393
സഞ്ജു സാംസണ് ഇരട്ടസെഞ്ചുറി; കേരളം ആറിന് 393
Saturday, January 31, 2015 11:12 PM IST
തലശേരി: ഇരട്ട സെഞ്ചുറി നേടിയ സഞ്ജു വി. സാംസന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ സര്‍വീസസിനെതിരേ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു വമ്പന്‍ സ്കോര്‍. ആദ്യ ഇന്നിംഗ്സില്‍ കേരളം 483 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. സഞ്ജു 207 റണ്‍സെടുത്തു. കരിയറിലെ സഞ്ജുവിന്റെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണിത്. 264 പന്തില്‍നിന്ന് 27 ഫോറുകളും നാലു സിക്സും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.

സ്വന്തം സ്കോര്‍ 198ല്‍ നില്‍ക്കുമ്പോള്‍ ബൌണ്ടറി പായിച്ചാണു സഞ്ജു ഇരട്ട സെഞ്ചുറി തികച്ചത്. രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന കേരളതാരമെന്ന അപൂര്‍വ ബഹുമതിയും സഞ്ജു ഇതോടെ സ്വന്തമാക്കി. രണ്ടാം ദിനമായ ഇന്നലെ നാലിന് 273 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളത്തിന്റെ സ്കോര്‍ 290 ല്‍ എത്തിയപ്പോള്‍ 45 റണ്‍സെടുത്ത രോഹന്‍ പ്രേം പുറത്തായി. പിന്നാലെയെത്തിയ അഭിഷേക് കോടോത്തുമൊത്ത് (35) സഞ്ജു കേരളത്തിന്റെ സ്കോര്‍ 361 ലെത്തിച്ചു. ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടന്‍ സഞ്ജു മടങ്ങിയെങ്കിലും റാഫി വിന്‍സന്റ് ഗോമസ്(42), അക്ഷയ് ചന്ദ്രന്‍(39) എന്നിവര്‍ മധ്യനിരയില്‍ കാഴ്ചവച്ച തകര്‍പ്പന്‍ പ്രകടനം കേരളത്തെ കൂറ്റന്‍ സ്കോറില്‍ എത്തിക്കുകയായിരുന്നു. 47.2 ഓവറാണു കേരളം ആകെ നേരിട്ടത്.


മറുപടി ബാറ്റിംഗിനിറങ്ങിയ സര്‍വീസസ് കേരളത്തിന്റെ ബൌളിംഗ് കരുത്തിനു മുന്നില്‍ പതറുന്നതാണു തുടക്കത്തില്‍ കണ്ടത്. 10 റണ്‍സ് എടുക്കുന്നതിനിടെ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയ സര്‍വീസസ് ഇന്നലെ കളിയവസാനിക്കുമ്പോള്‍ മൂന്നിന് 85 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ രജത് പലിവാല്‍ 45ഉം യശ്പാല്‍ സിംഗ് 10ഉം റണ്‍സ് നേടി ക്രീസിലുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ 39 റണ്‍സെടുത്ത തലശേരി സ്വദേശി അക്ഷയ് ചന്ദ്രന്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. 26 റണ്‍സ് വഴങ്ങി അമിത് വര്‍മയാണ് മറ്റു രണ്ട് വിക്കറ്റുകള്‍ പിഴുതത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.