ദേശീയ ഗെയിംസ്: താരങ്ങളെത്തിത്തുടങ്ങി; വലിയ സംഘം ജാര്‍ഖണ്ഡിന്റേത്
ദേശീയ ഗെയിംസ്: താരങ്ങളെത്തിത്തുടങ്ങി; വലിയ സംഘം ജാര്‍ഖണ്ഡിന്റേത്
Thursday, January 29, 2015 10:23 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താനായി സര്‍വീസസിന്റെയും വടക്കു കിഴക്കന്‍ കായിക പോരാട്ടത്തിന്റെ ശക്തി കേരളത്തിന്റെ മണ്ണിലുറപ്പിക്കാനായി മണിപ്പൂരിന്റെയും ആദ്യസംഘങ്ങള്‍ കേരളത്തിലെത്തിയതോടെ ദേശീയ ഗെയിംസിന്റെ ആരവം ഉയര്‍ന്നു. സംസ്ഥാനത്തെ ഏഴു ജില്ലകളിലായി നടക്കുന്ന ദേശീയ ഗെയിംസില്‍ ആദ്യ ദിനം ഏറ്റവുമധികം കായികതാരങ്ങള്‍ എത്തിച്ചേര്‍ന്നത് തിരുവനന്തപുരത്താണ്. 51 കായികതാരങ്ങള്‍ ഇന്നലെ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നു.

മണിപ്പൂരില്‍ നിന്നുള്ള 13 അംഗ ജിംനാസ്റിക് ടീമാണ് തലസ്ഥാനത്തെത്തിയ ആദ്യ സംഘം. ഇന്നലെ ഉച്ചയ്ക്ക് ഇവരെ കൊച്ചുവേളി റെയില്‍വേ സ്റേഷനില്‍ സംഘാടക സമിതി സ്വീകരിച്ചാണ് താമസ സ്ഥലമായ ഹോട്ടലില്‍ എത്തിച്ചത്. മഹാരാഷ്ട്രയില്‍ നിന്നുള്ള 24 അംഗങ്ങളാണ് തലസ്ഥാനത്ത് എത്തിയവരില്‍ ഏറ്റവും വലിയ സംഘം. ഡല്‍ഹി-രണ്ട്, ഹരിയാന-മൂന്ന്, ജമ്മു കാഷ്മീര്‍-അഞ്ച്, തെലുങ്കാന- നാല് എന്നിവര്‍ ഉള്‍പ്പെടെ 51 കായികതാരങ്ങളാണ് ഇന്നലെ എത്തിച്ചേര്‍ന്നത്.

സംസ്ഥാനത്തെ ഏഴു ജില്ലകളിലായി നടക്കുന്ന ദേശീയ ഗെയിംസിനു പങ്കെടുക്കാനെത്തുന്ന താരങ്ങള്‍ക്ക് താമസ സൌകര്യം ഒരുക്കിയിരിക്കുന്നതും അതാത് ജില്ലകളില്‍ തന്നെയാണ്. കഴിഞ്ഞ ദേശീയ ഗെയിംസിന് ആതിഥേയരായ ജാര്‍ഖണ്ഡില്‍ നിന്നും 40 അംഗ സംഘം കൊല്ലത്ത് എത്തിച്ചേര്‍ന്നു. ഇന്നു പുലര്‍ച്ചെ സര്‍വീസസിന്റെ 20 അംഗ സംഘം എത്തിച്ചേരും. എറണാകുളത്ത് മണിപ്പൂരിന്റെ 11 ഉം സര്‍വീസസിന്റെ 10 താരങ്ങളാണ് ഇന്നലെ എത്തിയിട്ടുള്ളത്. കോഴിക്കോട് ഇന്നലെ അന്യസംസ്ഥാനത്തു നിന്നുള്ള താരങ്ങള്‍ ആരും തന്നെ എത്തിയില്ല. ഇന്നു മുതലാണ് കോഴിക്കോട്ട് താരങ്ങള്‍ എത്തുക. ഇന്നലെ കേരളത്തിന്റെ ഫുട്ബോള്‍ ടീം കോഴിക്കോട്ട് എത്തി. രാത്രി 7.45 ടീമിന് ഊഷ്മള സ്വീകരണം നല്കി. ഇന്നലെ സംസ്ഥാനത്തെ ഏഴു കേന്ദ്രങ്ങളിലായി 167 താരങ്ങളാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. കണ്ണൂരില്‍ ഇന്ന് രാവിലെ 6.10നുള്ള ചെന്നൈ മെയിലില്‍ മണിപ്പൂരിന്റെ 13 അംഗ ഗുസ്തി സംഘം വന്നിറങ്ങും. ഇന്നും നാളെയുമായി ആറായിരത്തിലധികം കായിക താരങ്ങള്‍ പോരാട്ടത്തിനായി കേരളത്തിന്റെ മണ്ണിലേക്ക് വന്നിറങ്ങും. 31ന് വൈകുന്നേരം ആറിന് കാര്യവട്ടത്തെ പുതിയ സ്റേഡിയത്തില്‍ 35-ാം ദേശീയ ഗെയിംസിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും.

ഷൂട്ടിംഗിനു വേദിയൊരുങ്ങി

തിരുവനന്തപുരം: ഏറെ ആശങ്കകള്‍ക്കൊടുവില്‍ ദേശീയ ഗെയിംസ് ഷൂട്ടിംഗ് പോരാട്ടങ്ങള്‍ക്ക് വേദിയൊരുങ്ങി. ഷൂട്ടിംഗ് മത്സരത്തില്‍ പിസ്റള്‍, റൈഫിള്‍ വിഭാഗങ്ങള്‍ക്ക് വേദിയാകുന്ന വട്ടിയൂര്‍ക്കാവിലെ ഷൂട്ടിംഗ് റേഞ്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ നാടിനു സമര്‍പ്പിച്ചു.

കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ്, ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ്, സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഈ ഷൂട്ടിംഗ് റേഞ്ച് ഗെയിംസ് വേളയില്‍ ഷൂട്ടര്‍ കര്‍ണി സിംഗിന്റെ (കര്‍ണി സിംഗ് പ്ളാസ) നാമധേയത്തില്‍ അറിയപ്പെടും. അത്യാധുനിക സൌകര്യങ്ങളോടെയുള്ള കേരളത്തിലെ ആദ്യത്തെ ഷൂട്ടിംഗ് റേഞ്ച് എന്ന ഖ്യാതിയുമായി ഒരുങ്ങുന്ന വട്ടിയൂര്‍ക്കാവിലെ ഷൂട്ടിംഗ് റേഞ്ച് 21 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചിട്ടുള്ളത്. ഷൂട്ടിംഗ് ഉപകരണങ്ങള്‍ എത്തിക്കുന്നതിനു 9.28 കോടി രൂപയാണ് ചെലവായിട്ടുള്ളത്.

50 മീറ്റര്‍, 25 മീറ്റര്‍, 10 മീറ്റര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള റേഞ്ചുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. 50 മീറ്ററിലും 25 മീറ്ററിലും ഒരേ സമയം 40 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

പൂര്‍ണ്ണമായും ശീതീകരിച്ച 10 മീറ്റര്‍ റേഞ്ചില്‍ ഒരേ സമയം 60 ഷൂട്ടര്‍മാരെ വരെ ഉള്‍ക്കൊള്ളും. ഷൂട്ടര്‍മാരുടെ ഏകാഗ്രതയ്ക്കും പരിശീലനത്തിനും ഭംഗം വരാത്ത രീതിയിലാണ് വേദിയിലെ ശബ്ദസംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.

വെള്ളം കിട്ടിയില്ല; ഗെയിംസ് വില്ലേജ് ഉദ്ഘാടനം മാറ്റി

തിരുവനന്തപുരം: ദേശീയ ഗെയിംസിനെത്തുന്ന താരങ്ങള്‍ക്കായി ഒരുക്കിയ ഗെയിംസ് വില്ലേജിന്റെ ഉദ്ഘാടനം മാറ്റിവെച്ചു. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഉദ്ഘാടനം മാറ്റിവെച്ചതായി ഇന്നലെ അറിയിപ്പുവന്നു.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റിന്റെ കൂടി സാന്നിദ്ധ്യത്തില്‍ ഉദ്ഘാടനം 31ന് നടത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഗെയിംസ് വില്ലേജിലേക്കുള്ള വാട്ടര്‍ കണക്്ഷന്‍ ശനിയാകാത്തതിനാലാണ് ഉദ്ഘാടനം മാറ്റിവെച്ചതെന്നാണ് സൂചന. ഇന്നലെ തലസ്ഥാനത്ത് എത്തിയ കായികതാരങ്ങളെയെല്ലാം ഹോട്ടലുകളിലാണ് താമസിപ്പിച്ചിട്ടുള്ളത്. ഇന്ന് എത്തുന്ന താരങ്ങളേയും ഹോട്ടലുകളില്‍ താമസിപ്പിക്കേണ്ട അവസ്ഥയിലാണ്.

മെഡല്‍ ജേതാക്കള്‍ക്കു സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ വ്യക്തിഗത മെഡല്‍ നേടുന്ന കേരള ടീം അംഗങ്ങള്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ വ്യക്തിഗത മെഡല്‍ നേടുന്നവര്‍ക്കാണു ജോലി നല്‍കുമെന്നു മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിലും കേന്ദ്ര മന്ത്രി പങ്കെടുക്കും. ഗവര്‍ണറായിരിക്കും മുഖ്യാതിഥി. ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തതില്‍ രാഷ്ട്രീയ കാരണമുണ്േടാ എന്നു തനിക്ക് അറിയില്ല. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പങ്കെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാരാണ് അറിയിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.