കാള്‍സന്‍ വീണ്ടും ചെസ് ചാമ്പ്യന്‍
കാള്‍സന്‍ വീണ്ടും ചെസ് ചാമ്പ്യന്‍
Monday, November 24, 2014 11:53 PM IST
ടി.കെ. ജോസഫ് പ്രവിത്താനം

റഷ്യയിലെ സോചിയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ പരാജയപ്പെടുത്തി നോര്‍വേയുടെ മാഗ്നസ് കാള്‍സന്‍ ലോക ചാമ്പ്യന്‍പദവി നിലനിര്‍ത്തി. ഇന്നലെ നടന്ന പതിനൊന്നാം ഗെയിമിന്റെ 45-ാം നീക്കത്തിലാണ് ആനന്ദിനെ പരാജയപ്പെടുത്തി വിജയിക്കാനാവശ്യമായ ആറര പോയിന്റ് കാള്‍സന്‍ നേടിയത്.

ഇന്നലെ നടന്ന ഗെയിമിലും കാള്‍സന്‍ പതിവുപോലെ കിംഗ് പോണ്‍ ഓപ്പണിംഗാണ് നടത്തിയത്. ഈ ഗെയിമിലും ആനന്ദ് ബെര്‍ലിന്‍ ഡിഫന്‍സ് തന്നെ സ്വീകരിച്ചു.

ഈ ഡിഫന്‍സില്‍ പതിവായി കാണാറുള്ളതുപോലെ എട്ടാം നീക്കത്തില്‍ ക്വീനുകള്‍ തമ്മില്‍ വെട്ടിമാറ്റപ്പെട്ടു. എന്നാല്‍, പതിവിനു വിപരീതമായി ഒമ്പതാം നീക്കത്തില്‍ ‘ആ റ 7’ കളിച്ച് ആനന്ദ് പുതിയ ലൈനിലൂടെ കളി മുന്നോട്ടു നയിച്ചു. ഓപ്പണിംഗില്‍ സാധാരണ വൈറ്റ് കരുക്കള്‍ക്ക് ലഭിക്കാറുള്ള മുന്‍തൂക്കം സാവകാശം ഇല്ലാതാക്കാന്‍ ബ്ളാക്കിന് സാധിച്ചു. ഇരുപത്തിമൂന്നാം നീക്കത്തില്‍ യ5 കളിച്ച് ബ്ളാക്കിനു നേരിയ മുന്‍തൂക്കം നേടാനായി. എന്നാല്‍, അതിനെ വെട്ടാന്‍ കാള്‍സന്‍ തയാറാകാത്തപ്പോള്‍ ആനന്ദ് പോണുകള്‍ തമ്മില്‍ വെട്ടിമാറ്റിയശേഷം 27-ാം നീക്കത്തില്‍ ബിഷപ്പിനു പകരമായി റൂക്കിനെ ബലികൊടുത്തു. മോശമായ ഈ നീക്കത്തെത്തുടര്‍ന്നു വിജയത്തിലേക്കോ സമനിലയിലേക്കോ നീങ്ങാമായിരുന്ന കളി പരാജയത്തില്‍ കലാശിച്ചു.

കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ആനന്ദിനെ കീഴടക്കിയാണ് 23കാരനായ കാള്‍സന്‍ ആദ്യമായി ലോക ചാമ്പ്യനായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.