ബലോട്ടെല്ലിയുടെ ഗോളില്‍ ലിവര്‍പൂളിനു ജയം
ബലോട്ടെല്ലിയുടെ ഗോളില്‍ ലിവര്‍പൂളിനു ജയം
Thursday, October 30, 2014 11:13 PM IST
ലണ്ടന്‍: ക്യാപിറ്റല്‍ വണ്‍ കപ്പില്‍ ലിവര്‍പൂളിനും ചെല്‍സിക്കും ജയം. ജയത്തോടെ ഇരുടീമും ക്വാര്‍ട്ടറിലെത്തി. നാലാം റൌണ്ട് മത്സരത്തില്‍ ലിവര്‍പൂള്‍, സ്വാന്‍സീ സിറ്റിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി. മരിയോ ബലോട്ടെല്ലി (86) ഡെയന്‍ ലൌറന്‍ (90+5) എന്നിവരാണ് വിജയികള്‍ക്കുവേണ്ടി ഗോള്‍ നേടിയത്. 65ാം മിനിറ്റില്‍ സ്വാന്‍സി മര്‍വന്‍ എമ്മന്‍സിലൂടെ മുന്നിലെത്തി.

തോല്‍വി ഉറ്റുനോക്കുകയായിരുന്ന ലിവര്‍പൂളിനെ മുഴുവന്‍ സമയം അവസാനിക്കാന്‍ പതിനൊന്ന് മിനിറ്റുമാത്രമുള്ളപ്പോള്‍ പകരക്കാരനായി ഇറങ്ങിയ മരിയോ ബലോട്ടെല്ലിയാണ് രക്ഷപ്പെടുത്തിയത്. എസി മിലാനില്‍ നിന്ന് ലിവര്‍പൂളിലെത്തിയ ഇറ്റാലിയന്‍ താരം ലിവറിന്റെ കുപ്പായത്തില്‍ നേടുന്ന രണ്ടാമത്തെ ഗോളായിരുന്നു. ഒമ്പത് മത്സരങ്ങള്‍ക്കുശേഷമുള്ള ഗോളും. ലൌറന്റെ വിജയ ഗോള്‍ ലിവര്‍പൂളിനുവേണ്ടി നേടുന്ന ആദ്യ ഗോളായിരുന്നു.


നാലാം റൌണ്ടിലെ തന്നെ മറ്റൊരു മത്സരത്തില്‍ ചെല്‍സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഷ്രൂസ്ബറി ടൌണിനെ പരാജയപ്പെടുത്തി. ഷ്രൂസ്ബറിയുടെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശക്തരായ ചെല്‍സിയെ ജര്‍മി ഗ്രാന്‍ഡിസന്റെ സെല്‍ഫ് ഗോളാണ് ജയിപ്പിച്ചത്. ദിദിയേ ദ്രോഗ്ബ (48), ജര്‍മി ഗ്രാന്‍ഡിസണ്‍ (സെല്‍ഫ് ഗോള്‍ 81) എന്നിവരാണ് വിജയികള്‍ക്കുവേണ്ടി ലക്ഷ്യം കണ്ടവര്‍. ഷ്രൂസ്ബറിക്കുവേണ്ടി ആന്‍ഡി മോര്‍ഗന്‍ (77) ഒരു ഗോള്‍ നേടിയിരുന്നു. മറ്റു മത്സരങ്ങളില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് മില്‍ട്ടണ്‍ കെയ്ന്‍ ഡോണ്‍സിനെ 2-1നും ഫുള്‍ഹാമിനെ ഡെര്‍ബി കൌണ്ടി രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കും ബോണ്‍മൌത്ത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ് ബ്രോംവിച്ചിനെയും കീഴടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.