സ്ക്വാഷില്‍ വെള്ളിടി
സ്ക്വാഷില്‍ വെള്ളിടി
Wednesday, September 24, 2014 11:26 PM IST
ഇഞ്ചിയോണ്‍: സ്വര്‍ണം പ്രതീക്ഷിച്ച സൌരവ് ഘോഷാല്‍ വെള്ളിയിലൊതുങ്ങി. വുഷുവിലും ഷൂട്ടിംഗിലും ഇരട്ട വെങ്കലം, ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം അഞ്ചു മെഡലുകള്‍ നേടി ഇന്ത്യ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യക്ക് ഒളിമ്പിക്സില്‍ ആദ്യ വ്യക്തിഗത സ്വര്‍ണം സമ്മാനിച്ച അഭിനവ് ബിന്ദ്രയുടെ അവസാന ഷൂട്ടിംഗിനു വേദിയായ ഇഞ്ചിയോണിലെ റേഞ്ചില്‍ ഇന്നലെയും പിറന്നത് രണ്ട് വെങ്കലം. ആ രണ്ടു വെങ്കലത്തിനും ബിന്ദ്രയുടെ കൈയൊപ്പ്.

പത്തു മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടി ഏഷ്യന്‍ ഗെയിംസിലെ തന്റെ ആദ്യ വ്യക്തിഗത മെഡലും നേടിയ ബിന്ദ്ര ഇന്നലെ തലയുയര്‍ത്തി വിടവാങ്ങി. ബിന്ദ്രയും സഞ്ജീവ് രാജ്പുത്തും രവി കുമാറും ചേര്‍ന്ന ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും വെങ്കലം സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ സ്ക്വാഷ് താരം സൌരവ് ഘോഷാല്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ കുവൈറ്റിന്റെ അബ്ദുല്ല അല്‍മെസയനോട് രണ്ടിനെതിരേ മൂന്ന് ഗെയിമുകള്‍ക്ക് തോല്‍ക്കുകയായിരുന്നു ഘോഷാല്‍. ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് ഫൈനലില്‍ ഒരിന്ത്യന്‍ താരം കളത്തിലിറങ്ങുന്നത്. സ്കോര്‍ 12-10 11-2 12-14 8-11 9-11. വുഷുവിലും ഇന്ത്യ ഇരട്ട വെങ്കലപ്രഭയോടെ പോരാട്ടം അവസാനിപ്പിച്ചു. വനിതകളുടെ സന്‍ഡ(52 കിലോഗ്രാം) വിഭാഗം സെമിയില്‍ യംനം സനതോയി ദേവിയും പുരുഷന്മാരുടെ സന്‍ഡ(60) വിഭാഗം സെമിയില്‍ നരേന്ദര്‍ ഗ്രെവാളും പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം വെങ്കലമായത്.

ഇന്ത്യ ഇപ്പോള്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒമ്പതു വെങ്കലവുമടക്കം 11 മെഡലുകളോടെ 13-ാം സ്ഥാനത്താണ്. 40 സ്വര്‍ണവും 21 വെള്ളിയും 20 വെങ്കലവുമടക്കം 81 മെഡലുകളുമായി ചൈന ബഹുദൂരം മുന്നിലാണ്. 18 സ്വര്‍ണവും 19 വെള്ളിയും 21 വെങ്കലവുമുള്ള കൊറിയ രണ്ടാമതാണ്. 16 സ്വര്‍ണമുള്ള ജപ്പാന്‍ മൂന്നാമതുമുണ്ട്. 10 മീറ്റര്‍ എര്‍ റൈഫിളിലൊഴികേ എല്ലാ ഷൂട്ടിംഗ് ഇനത്തിലും ഇന്ത്യ ഇന്നലെ പിന്നോക്കം പോയി.

വനിതാ ട്രാപ് വിഭാഗത്തില്‍ ശ്രേയസി സിംഗും സീന തോമറും നിരാശപ്പെടുത്തിയപ്പോള്‍ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റള്‍ ഇനത്തില്‍ ഹര്‍പ്രീത് സിംഗ്, ഗുര്‍പ്രീത് സിംഗ് എന്നിവര്‍ക്കും തിളങ്ങാനായില്ല. അതേസയമം, തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഹോക്കിയില്‍ ഇന്ത്യ പിടിച്ചുനിന്നു. 7-0നാണ് ഇന്ത്യ ഒമാനെ പരാജയപ്പെടുത്തിയത്. സൈക്ളിംഗിലും ബാസ്കറ്റ്ബോളിലും ഇക്വസ്ട്രെയിനിലും ജിംനാസ്റിക്സിലും ഭാരോദ്വഹനത്തിലുമൊക്കെ ഇന്ത്യ നിരാശപ്പെടുത്തുന്ന പ്രകടനം തുടര്‍ന്നു.

അതേസമയം, റോവിംഗില്‍ സ്വരണ്‍ സിംഗ് വിര്‍ക് പുരുഷന്മാരുടെ സ്കള്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയിട്ടുണ്ട്. ഗെയിംസിന്റെ നാലാം ദിനമായ ഇന്ന് 33 ഫൈനലുകള്‍ നടക്കും

മെഡല്‍ നില

സ്വര്‍ണം, വെള്ളി, വെങ്കലം, ആകെ

1. ചൈന 40-21-20-81
2. കൊറിയ 18-19-21-58
3. ജപ്പാന്‍ 16-22-22-60
4. കസാക്കിസ്ഥാന്‍ 4-4-10-18
5. ഉത്തരകൊറിയ 3-4-7-14
ഇന്ത്യ(13) 1-1-9-11
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.