പിന്‍നിരക്കാരല്ലെന്നു തെളിയിക്കാന്‍ ബാസ്കറ്റ്ബോള്‍ ടീം
പിന്‍നിരക്കാരല്ലെന്നു തെളിയിക്കാന്‍ ബാസ്കറ്റ്ബോള്‍ ടീം
Wednesday, September 17, 2014 10:41 PM IST
ന്യൂഡല്‍ഹി: വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ ടീം ഇഞ്ചിയോണിലേക്കു വിമാനം കയറുന്നത് ചില കാര്യങ്ങള്‍ ചിലരെ ബോധ്യപ്പെടുത്താന്‍ കൂടിയാണ്. ജംബോ സംഘത്തെ ഏഷ്യാഡിന് അയച്ചു പണം കളയേണ്െടന്ന സര്‍ക്കാരിന്റെ നിലപാട് ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ ടീമിന്റെ പ്രാതിനിധ്യത്തെയും രണ്ടാഴ്ച മുമ്പു വരെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. എന്നാല്‍, ഗെയിംസിനങ്ങളില്‍ ടീമിനെ അയച്ചില്ലെങ്കില്‍ ഇന്ത്യയില്‍നിന്നു വന്‍പിഴ ഈടാക്കുമെന്ന ഏഷ്യന്‍ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ അന്ത്യശാസനമാണ് ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍ ടീമുകളെ രക്ഷിച്ചത്. അതുകൊണ്ട് തന്നെ തങ്ങള്‍ വെറും കാഴ്ചകാണാന്‍ പോകുന്നവരല്ലെന്നു തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്വവും ടീമുകള്‍ക്കുണ്ട്.

16 പുരുഷടീമുകളാണ് ഇഞ്ചിയോണില്‍ ബാസ്കറ്റ്ബോളില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ശക്തരായ കസാഖിസ്ഥാന്‍, സൌദി അറേബ്യ, പലസ്തീന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. വനിതാ വിഭാഗത്തില്‍ 11 രാജ്യങ്ങളാണ് മത്സരിക്കുന്നത്. സര്‍ക്കാരിന്റെ ദയയില്‍ മത്സരിക്കുന്നവരെന്ന പേരുദോഷം മാറ്റേണ്ടതിനാല്‍ ഇന്ത്യന്‍ ബാസ്കറ്റ്ബോളിനും ഇഞ്ചിയോണ്‍ നിര്‍ണായകമാണ്.

ജൂലൈയില്‍ ചൈനയിലെ വുഹാനില്‍ നടന്ന ഫിബ ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യയുടെ പുരുഷടീം.


ഏഷ്യയിലെ തന്നെ മികച്ച ടീമുകളിലൊന്നായ ചൈനയെ ഏഷ്യാകപ്പില്‍ ഇന്ത്യ അട്ടിമറിച്ചിരുന്നു. ഇത്തവണ ഏഷ്യന്‍ ഗെയിംസിനായി ശക്തമായ പരിശീലനമാണ് ടീം നടത്തികൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച പ്രകടനമാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

യുവത്വത്തിന്റെ കരുത്തിലാണ് വനിതാ ടീം ഇഞ്ചിയോണിലേക്കു യാത്രയാകുന്നത്. സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ ടീമിനു ആത്മവിശ്വാസം പകരുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞവര്‍ഷം തായ്ലന്‍ഡില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാംസ്ഥാനത്തെത്തിയ ടീമിലെ ഭൂരിപക്ഷം താരങ്ങളും ടീമിലുണ്ട്. അന്ന് ഏഷ്യന്‍ ശക്തികളായ കസാക്കിസ്ഥാനെ അട്ടിമറിച്ചതിന്റെ ഓര്‍മകളും ഇഞ്ചിയോണില്‍ ഇന്ത്യന്‍ വനിതകളെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ.

ഇഞ്ചിയോണിലെത്തുന്ന ടീമുകളില്‍ പ്രഫഷണല്‍ താരങ്ങളുടെ സാന്നിധ്യമില്ലാത്ത ഏകടീമും ഇന്ത്യയുടേതു തന്നെ. മറ്റു ടീമുകള്‍ക്കെല്ലാം പ്രഫഷണല്‍ ലീഗുകളിലെ അനുഭവസമ്പത്തും അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയവും വേണ്ടുവോളമുണ്ട്.

എന്നാല്‍, പരിമിതവിഭവങ്ങള്‍ കൊണ്ട് സാന്നിധ്യമറിയിക്കേണ്ടുന്ന ബാധ്യതയിലാണ് ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍. 28 വര്‍ഷത്തിനുശേഷം ആദ്യമായി ഏഷ്യന്‍ ഗെയിംസിനു യോഗ്യത നേടിയ ഇന്ത്യക്കു ഗ്വാങ്ഷുവില്‍ ഒരൊറ്റ വിജയംപോലും സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.