ബയേണ്‍ജയത്തോടെ ബുണ്ടസ് ലിഗയ്ക്കു കിക്കോഫ്
ബയേണ്‍ജയത്തോടെ ബുണ്ടസ് ലിഗയ്ക്കു കിക്കോഫ്
Sunday, August 24, 2014 11:14 PM IST
മ്യൂണിക്ക്: ബുണ്ടസ് ലിഗയുടെ (ജര്‍മന്‍ ഫുട്ബോള്‍ ലീഗ്) 2014-15 സീസണിന് നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് വിജയത്തോടെ തുടക്കമിട്ടു. ബയേണിന്റെ സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ നടന്ന വേശകരമായ മത്സരത്തില്‍ വൂള്‍ഫ്സ്ബര്‍ഗിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കു കീഴടക്കുകയായിരുന്നു. തോമസ് മ്യൂളറും ആര്യന്‍ റോബനും ബയേണിനായി ലക്ഷ്യം കണ്ടപ്പോള്‍ ഇവിച്ച് ഒലിച്ചിന്റെ വകയായിരുന്നു വൂള്‍ഫ്സ്ബര്‍ഗിന്റെ ഗോള്‍.

37ാം മിനിറ്റില്‍ മ്യുളര്‍ സ്കോര്‍ ചെയ്തു. നായകന്‍ ഫിലിപ് ലാമിന്റെ പാസില്‍നിന്നായിരുന്നു മ്യൂളറുടെ ഗോള്‍ പിറന്നത്. രണ്ടാം പകുതി ആരംഭിച്ച് രണ്ടു മിനിറ്റ് പിന്നിട്ടപ്പോള്‍ റോബന്‍ ബയേണിന്റെ ലീഡ് വര്‍ധിപ്പിച്ചു. അത്ഭുതകരമായ ഫിനിഷോടെ 52ാം മിനിറ്റില്‍ ഒലിച്ച് വൂള്‍ഫ്ബര്‍ഗിന് പ്രതീക്ഷയേകി ഗോള്‍ വലയിലാക്കി. മാനുവല്‍ ന്യൂവറുടെ പിഴവാണ് വുള്‍ഫിന്റെ ഗോളില്‍ കലാശിച്ചത്.


80-ാം മിനിറ്റില്‍ സമനില നേടാന്‍ മികച്ചൊരു അവസരം ജൂണിയര്‍ മലാന്ദ നഷ്ടമാക്കിയതോടെ ബയേണ്‍ വിജയം ഉറപ്പിച്ചു.മത്സരത്തില്‍ 17കാരനായ മധ്യനിരതാരം ഗിയാന്‍ലൂക്ക ഗ്വാഡിനോയ്ക്ക് ബയേണ്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള അവസരം നല്‍കി. പരിക്കേറ്റ ഹാവി മാര്‍ട്ടിനെസ്, ബാസ്റ്യന്‍ ഷ്വെന്‍സ്റൈഗര്‍, ഫ്രാങ്ക് റിബറി, തിയാഗോ അല്‍കാന്തര എന്നിവരില്ലാതെയാണ് ബയേണ്‍ ആദ്യ മത്സരത്തിനിറങ്ങിയത്.

ബ്രസീല്‍ ലോകകപ്പ് വിജയത്തിനുശേഷം നാട്ടിലെത്തിയ ജര്‍മന്‍ താരങ്ങളില്‍ ഭൂരിഭാഗവും കളിക്കുന്ന ബയേണിന്റെ മത്സരം കാണാന്‍ ആരാധകര്‍ ഒഴുകിയെത്തി. ആദ്യമത്സരം തന്നെ വിജയത്തോടെ ആരംഭിച്ച ബയേണ്‍ ഇത്തവണയും കിരീടം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.