ടോക്കിയോ ഗുസ്തിപിടിക്കും
Monday, September 9, 2013 11:13 PM IST
ബുവേനോസ് ആരിസ്: ആശങ്കകള്‍ക്കു വിരാമമിട്ട് ഒളിമ്പിക്സില്‍ ഗുസ്തി മത്സരയിനമായി തുടരും. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി യോഗത്തിലാണു തീരുമാനം. സ്ക്വാഷ്, ബേസ്ബോള്‍-സോഫ്റ്റ്ബോള്‍ എന്നിവയെ മലര്‍ത്തിയടിച്ചാണ് ഗുസ്തി ഒളിമ്പിക്സില്‍ തുടര്‍ന്നത്. വോട്ടെടുപ്പില്‍ 95ല്‍ 45 വോട്ടുകള്‍ ഗുസ്തിക്ക് അനുകൂലമായി ലഭിച്ചു. 2020, 2024 ഒളിമ്പിക്സുകളില്‍ ഗുസ്തിയുണ്ടാകും. ലണ്ടന്‍ ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യക്ക് ഒരു വെള്ളിയും ഒരു വെങ്കലവും ലഭിച്ചിരുന്നു.

ആധുനിക ഒളിമ്പിക്സ് ആരംഭിച്ചശേഷം 1900ലെ പാരീസ് ഒളിമ്പിക്സില്‍ മാത്രമാണ് ഗുസ്തി മത്സരയിനമല്ലാതെയിരുന്നത്. ഗുസ്തിയില്‍ 1896 മുതല്‍ 2012 വരെയുള്ള സ്വര്‍ണമെഡല്‍ നേട്ടത്തില്‍ സോവിയറ്റ ്യൂണിയന്‍ (66) മുന്നില്‍ നില്‍ക്കുമ്പോള്‍, മെഡലുകളുടെ എണ്ണത്തില്‍ അമേരിക്കയാണ് (125)മുന്നില്‍. ഗുസ്തി നിലനിര്‍ത്തണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ഗുസ്തിയെ അനുകൂലിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍ ഭൂരിഭാഗവും രംഗത്തെത്തി. പാശ്ചാത്യരാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദം ബേസ്ബോളിനും സ്ക്വാഷിനുമുണ്ടായിരുന്നു. ഒളിമ്പിക്സിനെ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഗുസ്തിയെന്നാണ് ഗുസ്തിയെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍, കഴിഞ്ഞ കുറേക്കാലമായി ശ്രമിച്ചിട്ടും ബേസ്ബോളും സ്ക്വാഷും ഉള്‍പ്പെടുത്താത്തത് നിരാശാജനകമെന്നാണ് ഈ കായിക ഇനങ്ങളെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ക്യൂബന്‍ നേതാവായ ഫിഡല്‍ കാസ്ട്രോയുടെ മകന്‍ അന്റോണിയോയാണ് ബേസ്ബോളിനുവേണ്ടി വാദിച്ചത്.


അതേസമയം, സെര്‍ബിയക്കാരനും ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റുമായ നെനാദ് ലാലോവിക് ഗുസ്തിക്കുവേണ്ടി രംഗത്തെത്തി. ഗുസ്തി ഒരു കായിക ഇനം മാത്രമല്ല, മറിച്ച് ഒരു സംസ്കാരമാണെന്ന് അദ്ദേഹം വാദിക്കുന്നു. 2008ലാണ് ബേസ്ബോള്‍ ഒളിമ്പിക്സില്‍നിന്ന് ഒഴിവാക്കുന്നത്. ആറരക്കോടി ജനങ്ങള്‍ സോഫ്റ്റ്ബോള്‍ പരിശീലിക്കുന്നുണ്െടന്നായിരുന്നു അന്റോണിയോയുടെ വാദം. യോഗത്തില്‍ ഓരോ കായിക ഇനവും അവതരിപ്പിക്കപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി സ്ക്വാഷിനെ ഉള്‍പ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.