സച്ചിന്റെ നേട്ടത്തിനൊപ്പം എത്താനായില്ല: ബച്ചന്‍
മുംബൈ: ക്രിക്കറ്റിലെ അതികായനാണു സച്ചിനെങ്കില്‍ ബോളിവുഡിലെ തത്സ്ഥാനീയനാണ് അമിതാഭ് ബച്ചന്‍. നേട്ടങ്ങളുടെ കൊടുമുടിയിലാണെങ്കിലും അമിതാഭ് താന്‍ സച്ചിന്റെ മുന്നില്‍ ചെറിയവനാണെന്നു സമ്മതിക്കുന്നതില്‍ നാണക്കേടു വിചാരിച്ചില്ല. സച്ചിന്റെ നേട്ടങ്ങളുടെ ഏഴ് അയലത്തുപോലും താന്‍ എത്തിയിട്ടില്ലെന്നാണ് അമിതാഭ് ബച്ചന്റെ അഭിപ്രായം. ലിറ്റില്‍ മാസ്ററെ ദ അള്‍ട്ടിമേറ്റ് ഇന്ത്യന്‍ അച്ചീവര്‍ എന്നാണ്ബിഗ് ബി വിശേഷിപ്പിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി സച്ചിന്‍ ഇന്ത്യയെ ലോകത്തിനു മുന്നില്‍ പ്രതിനിധീകരിക്കുകയാണ്. ഒരാളുടെ പ്രകടനം മികച്ചതാകുമ്പോള്‍ അത് അയാള്‍ പ്രതിനിധീകരിക്കുന്ന രാജ്യത്തിനും നേട്ടമുണ്ടാക്കും - സച്ചിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് ഔട്ട്ലുക്ക് മാഗസിന്‍ പുറത്തിറക്കിയ സ്പെഷല്‍ എഡിഷനില്‍ അമിതാഭ് ബച്ചന്‍ എഴുതി.