ചാമ്പ്യന്‍സ് ലീഗ്: ക്വാര്‍ട്ടര്‍ പോര് തുടങ്ങുന്നു
Tuesday, April 2, 2013 10:34 PM IST
മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടറില്‍ ഇന്ന് ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെ നേരിടും. ലയണല്‍ മെസിയുടെ ബാഴ്സലോണയ്ക്ക് പാരിസ് സെയ്ന്റ് ജര്‍മനാണ് എതിരാളികള്‍. ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയോടെയാണ് യുവന്റസ് ബയേണിനെ നേരിടുക. യൂറോപ്പില്‍ തോല്‍ക്കാതെ 18 മത്സരങ്ങളുടെ റിക്കാര്‍ഡാണ് യുവന്റസിന്റെ ആത്മധൈര്യം. ജര്‍മന്‍ ബുണ്ടസ്്ലിഗ ലീഗിലും ഇറ്റാലിയന്‍ സീരി എയിലും രണ്ടു ടീമുകളും മുന്നിലാണ്. 20 പോയിന്റ് ലീഡാണ് ബയേണിന്. ശനിയാഴ്ച ഹാംബര്‍ഗിനെ 9-2 നു തകര്‍ത്ത കരുത്തിലാണ് അവരുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ. ലീഗില്‍ ആറു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റ് കൂടി ലഭിച്ചാല്‍ അവര്‍ക്ക് ചാമ്പ്യന്‍മാരാകാം.
ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസ് സീരി എയിലെ ഒമ്പത് പോയിന്റ് ലീഡുമായാണ് ഇന്ന് കളിക്കാനിറങ്ങുക. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കളിക്കുന്നത്. എതിരാളികളേക്കാള്‍ അല്പം മികവ് ഇറ്റാലിയന്‍ ടീമിനാണ് നിരീക്ഷകര്‍ നല്‍കുന്നത്. തങ്ങളുടേതായ ദിവസം ഏതു ടീമിനും ബയേണ്‍ ഭീഷണിയാണെങ്കിലും അപ്രതീക്ഷിതമായി വരുത്തുന്ന പിഴവുകളാണ് അവരുടെ ദൌര്‍ബല്യം.
മത്സരം നടക്കുന്ന അലയന്‍സ് അറീനയിലെ റിക്കാര്‍ഡും ബയേണിന് എതിരാണ്. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ഇവിടെ ചെല്‍സിയോട് ഷൂട്ടൌട്ടില്‍ തോല്‍ക്കുകയായിരുന്നു. രണ്ടു സീസണ്‍ മുമ്പ് ഇന്റര്‍ മിലാന്‍ അവരെ രണ്ടാം പാദത്തില്‍ തകര്‍ത്ത് പുറത്താക്കുകയും ചെയ്തു. കഴിഞ്ഞമാസം ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ആഴ്സണലിനോട് ആദ്യപാദത്തില്‍ 3-1 നു ജയിച്ചെങ്കിലും രണ്ടാം പാദത്തില്‍ 0-2നായിരുന്നു തോല്‍വി. ഒടുവില്‍ എവേ ഗോളിന്റെ ആനുകൂല്യത്തിലായിരുന്നു മുന്നേറ്റം.
ഇത്തവണ കപ്പടിക്കുന്ന ടീമെന്ന അഹങ്കാരത്തോടെയാണ് ബാഴ്സലോണയുടെ വരവ്. ഈ അമിത ആത്മവിശ്വാസത്തിനു പിന്നില്‍ ലയണല്‍ മെസി എന്ന അതികായന്റെ പ്രതിഭയിലുള്ള വിശ്വാസവും. ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണ ഇതുവരെ ഏഴു ഗോളടിച്ചിട്ടുണ്ട് ഈ മാന്ത്രികന്‍. പിഎസ്ജിക്കാവട്ടെ എന്തെങ്കിലും സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ ഹോം മത്സരം ജയിച്ചേ തീരു. പക്ഷേ ഇപ്പോഴത്തെ ഫോമില്‍ ബാഴ്സലോണയെ തളയ്ക്കുക ഡേവിഡ് ബെക്കാമിന്റെ ടീമിന് അസാധ്യമാവും. അത്രയും മികച്ചതാണ് അവരുടെ ആക്രമണവും പന്തടക്കവും.
ബാഴ്സലോണ കഴിഞ്ഞ ആറ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തിലും ജയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ക്വാര്‍ട്ടറില്‍ തോറ്റത് 2002-03ല്‍ യുവന്തസിനെതിരെ. ഫ്രഞ്ച് ടീമിനെതിരായ എവേ മത്സരങ്ങളില്‍ മൂന്നു ജയം. രണ്ട് സമനില, രണ്ടു തോല്‍വി എന്നതാണ് റിക്കാര്‍ഡ്.