ഐപിഎല്‍ പൂരം നാളെ മുതല്‍
ഐപിഎല്‍ പൂരം നാളെ മുതല്‍
Tuesday, April 2, 2013 10:28 PM IST
കോല്‍ക്കത്ത: ഇനിയുള്ള രാവുകള്‍ ക്രിക്കറ്റ് പൂരത്തിന്റെ ആഘോഷം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പിന് ഇന്നു തിരശീല ഉയരും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളാണ് ഇന്നു നടക്കുന്നത്. മത്സരങ്ങള്‍ നാളെ തുടങ്ങും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും തമ്മില്‍ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടനമത്സരം. മേയ് 26 വരെ നീളുന്ന ടൂര്‍ണമെന്റില്‍ 76 മത്സരങ്ങളാണുള്ളത്. ഇത്തവണയും ഒമ്പതു ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

കോല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള താരപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ നടക്കുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷരാവില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര റാപ്പ് താരം പിറ്റ്ബുളും പങ്കെടുക്കും. കത്രീന കൈഫ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ നൃത്തം രാവിന് ഗ്ളാമര്‍ പരിവേഷം നല്‍കും.

നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഗംഭീരമായിരിക്കും ഐപിഎല്‍ ആഘോഷരാവെന്ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമ ഷാരൂഖ് ഖാന്‍ പറഞ്ഞു. ചിയര്‍ ലീഡേഴ്സിന്റെ നൃത്തം ആകാശത്തു പറന്നു നടക്കുന്ന ഡ്രമ്മേഴ്സ്, ജിംനാസ്റിക്സ് താരങ്ങളുടെ പ്രകടനം തുടങ്ങിയവ ഐപിഎല്‍ആറിന്റെ പ്രത്യേകതകളാണ്. ബോളിവുഡ് സംഗീത സംവിധായകന്‍ പ്രിതം ചിട്ടപ്പെടുത്തിയ അവതരണ ഗാനത്തിന് 300 നര്‍ത്തകര്‍ ചുവടുവയ്ക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഐപിഎല്‍ ആറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

ഐപിഎലിലെ മൊത്തം സമ്മാനത്തുക 25 കോടി രൂപയാണ്. ഇതില്‍ 10 കോടി രൂപ വിജയികള്‍ക്കും 7.5 കോടി റണ്ണേഴ്സപ്പിനും ലഭിക്കും.

ഗ്ളാമര്‍ കുറയാതെ ചെന്നൈ മന്നന്‍

ഐപിഎലിലെ ഗ്ളാമര്‍ ടീമേതെന്നു ചോദിച്ചാല്‍ കൂടുതല്‍പേരും പറയുന്ന പേര് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റേതായിരിക്കും. ഐപിഎലിലെ ആറു സീസണുകളില്‍ രണ്ടിലും വിജയിച്ച ടീം എന്നതിലുപരി ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ടീമാണ് സൂപ്പര്‍ കിംഗ്സ്. രണ്ടു തവണ റണ്ണേഴ്സ് അപ്പുമായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ത്യന്‍ ടീമിലെ പ്രബലരായ രവിചന്ദ്ര അശ്വിന്‍, മുരളി വിജയ്, രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന എന്നിവര്‍ ആ ടീമിലാണ് എന്നതുകൊണ്ടുതന്നെ ടീം ഇന്ത്യയുടെ ഒരു ചെറുപതിപ്പാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഈയിടെ സമാപിച്ച ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചവരാണിവര്‍.


അതുകൊണ്ടുതന്നെ ആരാധകവൃന്ദം അവര്‍ക്കൊപ്പമായിരിക്കുമെന്നതു സ്വാഭാവികം. എന്നാല്‍, കോല്‍ക്കത്തയും മുംബൈയും ബാംഗളൂരും ആരാധകരുടെ പിന്തുണയുടെ കാര്യത്തില്‍ കുറവുള്ളവരല്ല. സച്ചിന്‍, പോണ്ടിംഗ്, പൊളാര്‍ഡ്തുടങ്ങിയവരുടെ സാന്നിധ്യമാണ് മുംബൈയെ മുന്നിലെത്തിക്കുന്നത്്. സച്ചിനൊപ്പം പോണ്ടിംഗ് കളിക്കുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ വന്‍തുകയ്ക്ക് ടീമിലെത്തിയ ഗ്ളെന്‍ മാക്്സ്വെല്‍ ശ്രദ്ധാകേന്ദ്രമാകും.

നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ലോകത്തെ മികച്ച താരങ്ങളുടെ പിന്തുണയുണ്ട്. ഗൌതം ഗംഭീര്‍, സുനില്‍ നരെയ്ന്‍, ജാക്ക് കാലിസ്, ബ്രണ്ടന്‍ മക്കല്ലം തുടങ്ങിയവരുടെ തോളിലാണ് കോല്‍ക്കത്ത എത്തുന്നത്. ഒരു ടീം ഒരു പ്രതിജ്ഞ എന്നതാണ് കോല്‍ക്കത്തയുടെ മുദ്രാവാക്യം.

രാഹുല്‍ ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സില്‍ അജിങ്ക്യ രഹാനയും ഷെയ്ന്‍ വാട്സനും മുതല്‍ക്കൂട്ടാണ്. മലയാളി താരമായ ശ്രീശാന്തും ടീമിനൊപ്പമുണ്ട്. കരുത്തരുടെ നിരയുള്ള ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ഇതുവരെ കിരീടമുയര്‍ത്താനായിട്ടില്ല. വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍, വിരാട് കോഹ്്ലി, എബി ഡിവില്യേഴ്സ് എന്നിവര്‍ക്കൊപ്പം സഹീര്‍ഖാനും മുത്തയ്യ മുരളീധരനും ചേരുമ്പോള്‍ ബൌള്ിംഗ് നിര കരുത്താര്‍ജിക്കും.

പൂന വാരിയേഴ്സിന്റെ നായകന്‍ എയ്ഞ്ചലോ മാത്യൂസാണ്. യുവ്രാജ് സിംഗാണ് ടീമിലെ പ്രമുഖന്‍. കാന്‍സര്‍ ചികിത്സയെത്തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ യുവി കളിച്ചിരുന്നില്ല. ആഡം ഗില്‍ക്രിസ്റ്, ഡേവിഡ് ഹസി, ഡിമിത്രി മസ്കരേനസ് തുടങ്ങിയരാണ് പഞ്ചാബ് കിംഗ്സിലെ കരുത്തര്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭരണസമിതിയുമായുള്ള കരാര്‍ ലംഘനത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട ഡെക്കാന്‍ ചാര്‍ജേഴ്സിനു പകരമെത്തിയ ടീമാണു സണ്‍ റൈസേഴ്സ്. സണ്‍ റൈസേഴ്സിന്റെ കളിക്കാരില്‍ ഭൂരിഭാഗവും സൂപ്പര്‍താര പരിവേഷമുള്ളവരാണ്. ഓസീസിനെതിരേ മൊഹാലി ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് സണ്‍റൈസേഴ്സിന്റെ തുരുപ്പുചീട്ട്. കൂടാതെ കുമാര്‍ സംഗക്കാരയും റോസ് ടെയ്ലറും ഡെയ്ല്‍ സ്റ്റെയിനുമൊക്കെ സണ്‍റൈസേഴ്സിന്റെ പ്രബലരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.