ഹില്ലരിക്കു മുൻതൂക്കമെന്നു റിപ്പബ്ലിക്കൻ അനുഭാവികൾ
ഹില്ലരിക്കു മുൻതൂക്കമെന്നു റിപ്പബ്ലിക്കൻ അനുഭാവികൾ
Tuesday, October 25, 2016 12:02 PM IST
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു രണ്ടാഴ്ച ശേഷിക്കെ ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റന് വ്യക്‌തമായ മുൻതൂക്കം പ്രവചിച്ചു ഫോക്സ്ന്യൂസ്. റിപ്പബ്ലിക്കൻ പാർട്ടിയെയും ഡൊണാൾഡ് ട്രംപിനെയും പിന്താങ്ങുന്നവരാണ് ഫോക്സ്ന്യൂസ്.

ഫോക്സ്ന്യൂസിന്റെ 2016 സ്കോർകാർഡ് അനുസരിച്ച് ഹില്ലരിക്ക് 307 ഇലക്ടറൽ വോട്ടും ട്രംപിന് 174 ഇലക്ടറൽ വോട്ടും ലഭിക്കാം. 57 വോട്ട് ആർക്കുമാകാം. 270 വോട്ടാണ് വിജയത്തിനു വേണ്ടത്.ജനകീയ വോട്ടുകളല്ല ഓരോ സംസ്‌ഥാനത്തുനിന്നുമുള്ള ഇലക്ടറൽ ഡെലിഗേറ്റുകളാണ് യുഎസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.

ഓരോ സംസ്‌ഥാനത്തെയും അഭിപ്രായ സർവേകൾവച്ചാണ് ഫോക്സ്ന്യൂസ് ഇലക്ടറൽ കോളജിന്റെ സാധ്യതാഘടന തയാറാക്കിയത്.

ഇതിനിടെ തപാൽവോട്ടുകളും നേരത്തേ വോട്ടു ചെയ്യുന്നതിനുള്ള അവസരം ഉപയോഗിച്ചവർക്കിടയിലെ എക്സിറ്റ് സർവേകളും ഹില്ലരിക്ക് മുൻതൂക്കം നൽകുന്നതായി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.


ഫ്ളോറിഡയിലും ടെക്സസിലും അവർ അപ്രതീക്ഷിത നേട്ടം കുറിക്കുന്നു എന്നാണ് റിപ്പോർട്ട്. അയോവ, മെയിൻ, ഇൻഡ്യാന തുടങ്ങിയ ഉറച്ച റിപ്പബ്ലിക്കൻ സംസ്‌ഥാനങ്ങൾ ഇത്തവണ നിറം മാറുമെന്നാണ് പുതിയ സർവേകൾ സൂചിപ്പിക്കുന്നതെന്നും ഫോക്സ്ന്യൂസ് പറയുന്നു.

ഒബാമ കെയർ എന്ന ഹെൽത്ത് ഇൻഷ്വറൻസ് പരിപാടിയുടെ ഉയർന്ന പ്രീമിയത്തെ പരാമർശിച്ച് ട്വീറ്റുകൾ നടത്തിയാണ് ട്രംപ് ഇന്നലെ പ്രചാരണമാരംഭിച്ചത്. ഒബാമ കെയർ നിർത്തുമെന്നാണ് ട്രംപിന്റെ വാഗ്ദാനം.

ഉയർന്ന പ്രീമിയം തുക ശമ്പളവരുമാനക്കാർക്ക് ഇഷ്ടപ്പെടാത്ത കാര്യമാണ്. ഹില്ലരിയാകട്ടെ പ്രീമിയം പുനഃപരിശോധിക്കാവുന്നവിധം പദ്ധതിയിൽ ചെറിയ തിരുത്തൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.