സിറിയൻ കുരുന്നിനുവേണ്ടി ആറു വയസുകാരൻ ഒബാമയ്ക്കു കത്തെഴുതി
സിറിയൻ കുരുന്നിനുവേണ്ടി ആറു വയസുകാരൻ ഒബാമയ്ക്കു കത്തെഴുതി
Thursday, September 22, 2016 12:20 PM IST
ന്യൂയോർക്ക്: പ്രിയ പ്രസിഡന്റ് ഒബാമ, പരിക്കേറ്റ് ആംബുലൻസിൽ ഇരിക്കുന്ന സിറിയൻ ബാലനെ ഓർക്കുന്നുണ്ടോ? അവനെ ഇവിടെ കൊണ്ടുവരാമോ? ഞങ്ങളുടെ വീട്ടിൽ താമസിപ്പിച്ചുകൊള്ളാം. അവനെ ഞങ്ങൾ സഹോദരനെപ്പോലെ കരുതും.

ന്യൂയോർക്കിൽനിന്ന് ആറുവയസുള്ള അലക്സ്് എന്ന കുട്ടി അയച്ച കത്ത് വൈറ്റ്ഹൗസ് പ്രസിദ്ധീകരണത്തിനു നൽകി. ഇതിന്റെ വീഡിയോ അറുപതിനായിരത്തിലധികം പേർ ഷെയർചെയ്തു.

യുഎന്നിൽ ഈയിടെ അഭയാർഥി പ്രശ്നത്തെക്കുറിച്ചു നടത്തിയ ഉച്ചകോടിയിൽ അലക്സിന്റെ കത്തിലെ ഭാഗങ്ങൾ ഒബാമ ഉദ്ധരിച്ചു.

സിറിയയിൽ ബോംബാക്രമണത്തിൽ പരിക്കേറ്റ് ദേഹമാസകലം പൊടികൊണ്ടുമൂടി മുറിവേറ്റനിലയിൽ ആംബുലൻസിൽ ഇരിക്കുന്ന ഒമ്റാൻ ഡക്നീഷ് എന്ന കുരുന്നിന്റെ ഫോട്ടോയാണ് അലക്സിനെ നൊമ്പരപ്പെടുത്തിയത്.


സംശയവും ഭീതിയും നൈരാശ്യബോധവും തൊട്ടുതീണ്ടാത്ത ഒരു കുട്ടിയുടെ കത്താണിതെന്നു പറഞ്ഞാണ് അലക്സിന്റെ കത്തിൽനിന്ന് ഒബാമ ഏതാനും വാക്യങ്ങൾ ഉദ്ധരിച്ചത്. അലക്സിനെപ്പോലെ പെരുമാറാൻ നാം പഠിക്കണമെന്ന് ഒബാമ ഉപദേശിച്ചു.

സോഷ്യൽ മീഡിയയിൽ പ്രസിഡന്റിനെ പ്രകീർത്തിച്ചുവന്നതിനേക്കാൾ കൂടുതൽ പോസ്റ്റുകൾ അലക്സിനെ പ്രശംസിച്ചുള്ളതായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.