അഞ്ചുവര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 8,500 പേര്‍
അഞ്ചുവര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 8,500 പേര്‍
Sunday, November 29, 2015 11:01 PM IST
ഇസ്ലാമാബാദ്: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ വിവിധ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 8,500ലേറെപ്പേര്‍. 5,988 പേര്‍ക്കു മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ദേശീയ അസംബ്ളിയില്‍ അവതരിപ്പിച്ചു.

സര്‍ക്കാരിനു കാര്യമായ സ്വാധീനമില്ലാത്ത ഗോത്രമേഖലകളിലാണ് കൂടുതല്‍ പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഫത്ത മേഖലയില്‍ മാത്രം 1,470 പേര്‍ അഞ്ചുവര്‍ഷത്തിനിടെ ബോംബ് സ്ഫോടനത്തിലോ വെടിവയ്പിലോ കൊല്ലപ്പെട്ടിട്ടുണ്ട്. 2,761 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സിന്ധ് മേഖലയില്‍ 342, പഞ്ചാബില്‍ 342, ബലൂചിസ്ഥാനില്‍ 435, ഖയ്ബറില്‍ 351 എന്നിങ്ങനെയാണ് മരണപ്പെട്ടവരുടെ കണക്ക്.

കൊല്ലപ്പെട്ടവരില്‍ കൂടുതലും സുരക്ഷാസൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. 3,157 പേര്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായത്.


ഇക്കാലയളവില്‍ 173 തീവ്രവാദികളെ തൂക്കിലറ്റി. സിന്ധിലാണ് കൂടുതല്‍ പേരെ വധശിക്ഷയ്ക്കു വിധിച്ചത്- 106. പഞ്ചാബില്‍ 64 പേരെയും. 200ലേറെ തീവ്രവാദികള്‍ വധശിക്ഷ കാത്തുകിടക്കുന്നു. സിന്ധ് (98), പഞ്ചാബ് (81) എന്നിങ്ങനെയാണ് കണക്കുകള്‍. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം 55,000 പാക് പൌരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്െടന്നാണു കണക്ക്.

പാക് സമ്പദ്വ്യവസ്ഥയെയും തീവ്രവാദികളുടെ കടന്നുകയറ്റം ദോഷകരമായി ബാധിച്ചു. ഇക്കാലയളവില്‍ 100 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാനു നഷ്ടമായത്. പല അന്താരാഷ്ട്ര കമ്പനികളും ആ രാജ്യത്തെ സാന്നിധ്യം വിദേശത്തേക്കു മാറ്റുകയോ പൂട്ടുകയോ ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.