സിറിയന്‍ സമാധാനത്തിനു വീണ്ടും മാര്‍പാപ്പയുടെ ആഹ്വാനം
സിറിയന്‍ സമാധാനത്തിനു വീണ്ടും മാര്‍പാപ്പയുടെ ആഹ്വാനം
Monday, September 9, 2013 10:53 PM IST
വത്തിക്കാന്‍ സിറ്റി: സിറിയന്‍ സമാധാനത്തിന് ഇന്നലെയും ആഹ്വാനം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ അനധികൃത ആയുധക്കടത്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍മൂല മാണോ അതോ ആയുധകച്ചവട ത്തിനാണോ യുദ്ധങ്ങള്‍ നടക്കുന്നതെന്ന് സംശയം ഉയര്‍ന്നിട്ടുള്ളതായും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ ത്രികാലജപ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി സംസാരിച്ച മാര്‍പാപ്പ സിറിയയിലെയും പശ്ചിമേഷ്യയിലെയും സമാധാനത്തിനു വേണ്ടി തുടര്‍ന്നും പ്രാര്‍ഥിക്കാന്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ശനിയാഴ്ചത്തെ ജാഗരണപ്രാര്‍ഥനയില്‍ പങ്കെടുത്തവര്‍ക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. സിറിയന്‍ സമാധാനത്തിനായി ശനിയാഴ്ച മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന അഞ്ചു മണിക്കൂര്‍ ഉപവാസപ്രാര്‍ഥനയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുത്തു. മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് കത്തോലിക്കാ സഭ മുഴുവന്‍ ശനിയാഴ്ച പ്രാര്‍ഥനാദിനമായി ആചരിച്ചു.


അക്രമവും യുദ്ധവും സമാധാനത്തിലേക്കു നയിക്കില്ലെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ആയുധങ്ങളുടെ ശബ്ദം അവസാനിക്കട്ടെ. യുദ്ധം മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം എന്നും ഒരു തോല്‍വിയാണ്-മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ അല്‍സയിറ്റൂണ്‍ പള്ളിയില്‍ നടന്ന പ്രാര്‍ഥനയില്‍ പാത്രിയര്‍ക്കീസ് ഗ്രിഗോറിയോസ് മൂന്നാമന്‍ പങ്കെടുത്തു. സിറിയന്‍ പ്രശ്നത്തിനു രാഷ്്ട്രീയ പരിഹാരമാണു ഭൂരിപക്ഷം രാജ്യങ്ങളും നിര്‍ദേശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍ജന്റീനയിലെ ബുവേനോസ് ആരിസിലും ഇതര നഗരങ്ങളിലും നടത്തിയ ഉപവാസ പ്രാര്‍ഥനയില്‍ നിരവധി പേര്‍ ങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.