തിരുവനന്തപുരം: വനം വകുപ്പിന്റെ കൈവശമുള്ള 8000 കിലോഗ്രാം ആനക്കൊമ്പ് കത്തിച്ചുകളയാന്‍ അനുമതി തേടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ കത്ത് സര്‍ക്കാരിനു കൈമാറി. ആനക്കൊമ്പു സൂക്ഷിക്കാന്‍ ആവശ്യമായ സ്ഥല സൌകര്യമില്ലാത്തതിനാലും ആനക്കൊമ്പ് വിപണണത്തിന് ആന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനവും കണക്കിലെടുത്താണ് ആനക്കൊമ്പ് കത്തിച്ചു കളയുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

വനം വകുപ്പിന്റെ അധീനതയില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, പാലക്കാട്, പറമ്പിക്കുളം തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്. നായാട്ടുകാരില്‍ നിന്നു പിടിച്ചെടുത്തവ, വനത്തില്‍ നിന്നു കിട്ടിയവ, നാട്ടാനകള്‍ ചരിയുമ്പോള്‍ കിട്ടിയവ എല്ലാം വനം വകുപ്പിന്റെ ഈ ശേഖരത്തില്‍ ഉള്‍പ്പെടും. തിരുവന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്താണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്. 3497 കിലോഗ്രാം ആനക്കൊമ്പാണ് ഇവിടെസൂക്ഷിച്ചിരിക്കുന്നത്.


അതേസമയം ആനക്കൊമ്പ് സൂക്ഷിക്കുന്നതിനുള്ള സൌകര്യമില്ലെന്നും ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നവയ്ക്കു തന്നെ മതിയായ സുരക്ഷിതത്വം ഇല്ലെന്നുമാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ കത്തില്‍ പറുയുന്നത്. ആനക്കൊമ്പ്് വ്യാപാരം അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ചിരിക്കുകയാണെങ്കിലും കളളക്കടത്തു വിപണയില്‍ ഇപ്പോഴും ആനക്കൊമ്പിന്റെ മൂല്യം വിലമതിക്കാനാവാത്തതാണ്. അതിനാല്‍ പല കേന്ദ്രങ്ങളിലും ഇതു സുരക്ഷിതമായി വയ്ക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് സൂക്ഷിക്കുന്നതും വില്‍ക്കുന്നതും മറ്റും കുറ്റകൃത്യമായതോടെ

ആനകൊമ്പ് സൂക്ഷിക്കാതെ കത്തിച്ചുകളയാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം 2005 ല്‍ സംസ്ഥാനങ്ങളോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കൊമ്പുകള്‍ കത്തിച്ചു കളയാതെ സൂക്ഷിച്ചു വരുകയായിരുന്നു.