കറക്കി വീഴ്ത്തി; കാൺപുർ ടെസ്റ്റിൽ ഇന്ത്യക്കു മേൽക്കൈ
കറക്കി വീഴ്ത്തി; കാൺപുർ ടെസ്റ്റിൽ ഇന്ത്യക്കു മേൽക്കൈ
Saturday, September 24, 2016 11:36 AM IST
കാൺപുർ: ജഡേജയും അശ്വിനും കാൺപുരിൽ പന്തുകൊണ്ട് ഇന്ദ്രജാലം കാട്ടിയപ്പോൾ കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യ പിടിമുറുക്കി. ഒന്നിന് 152 എന്ന ശക്‌തമായ നിലയിൽനിന്ന് കിവീസ് ഇന്നിംഗ്സ് 262 റൺസിന് അവസാനിപ്പിച്ചു. ഇന്ത്യക്ക് 56 റൺസിന്റെ നിർണായക ലീഡ്. ജഡേജയും അശ്വിനും ഒരുക്കിയ ചതിക്കുഴിയിൽ വീണ ന്യൂസിലൻഡിനെതിരേ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒന്നിന് 159 എന്ന ശക്‌തമായ നിലയിലാണ്. ഇന്ത്യക്ക് ഇപ്പോൾ 215 റൺസിന്റെ ഓവറോൾ ലീഡുണ്ട്. 73 റൺസ് വഴങ്ങി ജഡേജ അഞ്ചും 93 റൺസ് വിട്ടുകൊടുത്ത അശ്വിൻ നാലും വിക്കറ്റുകൾ നേടി. ഓപ്പണർ മാർട്ടിൻ ഗപ്ടിലിന്റെ വിക്കറ്റ് രണ്ടാം ദിനം തന്നെ ഉമേഷ് യാദവ് നേടിയിരുന്നു.

രണ്ടാം ഇന്നിംഗ്സിലും അർധസെഞ്ചുറികൾ നേടിയ മുരളി വിജയും(64) ചേതേശ്വർ പൂജാരയും (50) മികച്ച ഫോമിൽ ക്രീസിലുണ്ട്. 38 റൺസെടുത്ത കെ.എൽ. രാഹുലാണ് പുറത്തായത്.

തിരിച്ചുവരവ് അപാരം

ആദ്യ രണ്ടു ദിവസങ്ങളിലും ഇന്ത്യയെ ഞെട്ടിച്ച ന്യൂസിലൻഡിനെയായിരുന്നില്ല മൂന്നാം ദിനം കാൺപുരിലെ ഗ്രീൻപാർക്കിൽ കണ്ടത്. ഇന്ത്യൻ ബൗളിംഗിനെ പ്രത്യേകിച്ച് സ്പിന്നിനെ നേരിടുന്നതിൽ വിറച്ച കിവീസിന്റെ ചിറകുകൾ ഓരോന്ന് കൊഴിഞ്ഞു വീഴുന്ന കാഴ്ച അവിശ്വസനീയമെന്നേ പറയേണ്ടൂ. അതിനു പ്രധാന കാരണം രവീന്ദ്ര ജഡേജയുടെയും ആർ. അശ്വിന്റെയും ഉജ്വല പ്രകടനമാണ്. ഒന്നിന് 152 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കിവീസിന് 110 റൺസ് ചേർക്കുമ്പോഴേക്കും മറ്റ് വിക്കറ്റുകളെല്ലാം നഷ്‌ടമാകുകയായിരുന്നു.

അർധ സെഞ്ചുറി നേടിയ ലാഥം ആണ് ആദ്യം പുറത്തായത്. അശ്വിനായിരുന്നു വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്.

തുടർന്ന് റോഞ്ചിയും (38) സാന്റ്നറും (32) വാട്ട്ലിംഗും (21) പൊരുതിയെങ്കിലും കാര്യമായി സ്കോർ മുന്നോട്ട് ചലിപ്പിക്കാനായില്ല. ക്രാഗ് രണ്ട് റൺസെടുത്ത് പുറത്തായപ്പോൾ സോധിയും ബൗൾട്ടും വാഗ്നെറും പൂജ്യരായി മടങ്ങുകയായിരുന്നു. അവസാന പത്ത് പന്തിനുളളിൽ നാല് വിക്കറ്റുകൾ വലിച്ചെറിഞ്ഞാണ് ന്യൂസിലൻഡ് 262 റൺസിന് ഓൾഔട്ടായത്.

ജഡേജ മാജിക്

ജഡേജ എറിഞ്ഞ 94–ാം ഓവറാണ് കിവീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ചത്. ന്യൂസിലൻഡിന്റെ മൂന്ന് താരങ്ങളാണ് ഈ ഓവറിൽ പവലിയനിലേക്ക് മാർച്ച് ചെയ്തത്. കൂടാതെ അവസാന ഏഴ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റും അവർക്ക് നഷ്‌ടമായി. 92–ാം ഓവറിൽ 32 റൺസെടുത്ത സാന്റ്നർ പുറത്തായതോടെയാണ് ന്യൂസിലാൻഡിന്റെ തകർച്ച തുടങ്ങുന്നത്. അശ്വിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സാഹ പിടിച്ചാണ് സാന്റ്നർ പുറത്തായത്. ഇതോടെ ന്യൂസിലൻഡ് ആറ് 255 റൺസ് എന്ന നിലയിലായി. പിന്നീട് 94ാം ഓവർ ചെയ്യാനെത്തിയ ജഡേജ ന്യൂസിലൻഡിന്റെ കഥകഴിച്ചു.

ഓവറിലെ രണ്ടാം പന്തിൽ രണ്ട് റൺസെടുത്ത ക്രെയ്ഗിനെ പുറത്താക്കിയ ജഡേജ തൊട്ടടുത്ത പന്തിൽ സോധിയെ (0) എൽബിഡബ്ല്യുവിൽ കുടുക്കി. തുടർന്ന് ഓവറിന്റെ അവസാന പന്തിൽ ബോൾട്ടിനെ ഷാമിയുടെ കൈകളിലെത്തിച്ച് ന്യൂസിലൻഡിനെ ഒൻപതിന് 258 എന്ന നിലയിലേക്ക് ജഡേജ തള്ളിവിടുകയായിരുന്നു. അടുത്ത ഓവർ എറിയാനെത്തിയ അശ്വിൻ 21 റൺസെടുത്ത വാട്ലിംഗിനെ പുറത്താക്കി കിവീസ് ഇന്നിംഗ്സിനു തിരിശീലയിട്ടു.


മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം കരുതലോടെയായിരുന്നു. രാഹുലും വിജയും ചേർന്ന് 52 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാഹുലിന്റെ പുറത്താകലിനു ശേഷം ക്രീസിൽ ഒത്തുചേർന്ന പൂജാരയും വിജയും ഇന്ത്യയെ മുന്നോട്ടു നയിച്ചു.

മുരളി വിജയ് 152 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം 64 റൺസെടുത്തപ്പോൾ പൂജാര 80 പന്തിൽ എട്ട് ഫോർ സഹിതം 50 റൺസുമായി ബാറ്റിംഗ് തുടരുകയാണ്. അൻപത് പന്തിൽനിന്നായിരുന്നു കെ.എൽ. രാഹുലിന്റെ 38 റൺസ്. സോധിയുടെ പന്തിൽ ടെയ്ലർ പിടിച്ചാണ് രാഹുൽ പുറത്തായത്.

കിവീസിനുവേണ്ടി ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 75 റൺസിനും ഓപ്പണർ ടോം ലാഥം 58 റൺസും നേടി. കിവീസ് നിരയിൽ ആറു ബാറ്റ്സ്മാന്മാരാണ് എൽബിഡബ്ല്യുവിൽ പുറത്തായത്.

സ്കോർബോർഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 318

ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്

മാർട്ടിൻ ഗപ്ടിൽ എൽബിഡബ്ല്യു ബി ഉമേഷ് യാദവ് 21, ലാഥം എൽബിഡബ്ല്യു ബി അശ്വിൻ 58, വില്യംസൺ ബി അശ്വിൻ 75, റോസ് ടെയ്ലർ എൽബിഡ ബ്ല്യു ബി ജഡേജ 0, റോഞ്ചി എൽബിഡബ്ല്യു ബി ജഡേജ 38, സാന്റ്നർ സി സാഹ ബി അശ്വിൻ 32, വാട്ലിംഗ് സി ആൻഡ് ബി അശ്വിൻ 21, ക്രെയ്ഗ് എൽബിഡ ബ്ല്യു ബി ജഡേജ 2, സോധി എൽബിഡബ്ല്യു 0, ബൗൾട്ട് സി ശർമ ബി ജഡേജ 0, വാഗ്നർ നോട്ടൗട്ട് 0, എക്്സ്ട്രാസ് 15.

ആകെ 95.5 ഓവറിൽ 262നു പുറത്ത്

ബൗളിംഗ്

മുഹമ്മദ് ഷാമി 11–1–35–0, ഉമേഷ് യാദവ് 15–5–33–1, ജഡേജ 34–7–73–5, അശ്വിൻ 30.5–7–93–4, വിജയ് 4–0–10–0, രോഹിത് ശർമ 1–0–5–0.

ഇന്ത്യ രണ്ടാം ഇന്നിംഗ്സ്

കെ.എൽ. രാഹുൽ സി ടെയ്ലർ ബി സോധി 38, മുരളി വിജയ് നോട്ടൗട്ട് 64, പൂജാര നോട്ടൗട്ട് 50, എക്സ്ട്രാസ് 7

ആകെ 47 ഓവറിൽ ഒന്നിന് 159

ബൗളിംഗ്

ട്രെന്റ് ബൗൾട്ട് 5–0–11–0, സാന്റ്നർ 13–5–33–0, ക്രെയ്ഗ് 11–1–48–0, വാഗ്നർ 8–3–17–0, സോധി 7–2–29–1, ഗപ്ടിൽ 3–0–14–0.



അമ്പമ്പോ, എന്തൊരു സ്പിൻ!



കാൺപുർ: ന്യൂസിലൻഡിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിന്റെ അവിശ്വസനീയ ബൗളിംഗ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാന ചർച്ചയാണ്.

കിവീസ് നായകനും ഇൻ ഫോം ബാറ്റ്സ്മാനുമായ കെയ്ൻ വില്യംസണെ പുറത്താക്കിയ ബൗളിംഗാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എന്തുകൊണ്ടാണ് താൻ ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച സ്പിൻ ബൗളറാണെന്നു പറയുന്നത് എന്നതിന് ഉത്തരം നൽകുകയായിരുന്നു അശ്വിൻ ആ പന്തിലൂടെ.

ന്യൂസിലൻഡ് ബാറ്റിംഗിന്റെ 55–ാം ഓവറിലായിരുന്നു ഈ അനുപമ ബോൾ. ഓവറിലെ നാലാമത്തെ പന്ത് ഓഫ് സൈഡിൽ വളരെ ദൂരെ കുത്തിത്തിരിഞ്ഞ് വില്യംസന്റെ ലെഗ് സ്റ്റംപ് പിഴുതെടുത്തു. 137 പന്തിൽ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ 75 റൺസാണ് വില്യംസൺ നേടിയത്.

ഇതോടെയാണ് ന്യൂസിലൻഡ് ബാറ്റിംഗ് നിര തകരാൻ തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.