അലനല്ലൂർ: രണ്ടുമാസം മുമ്പ് അലനല്ലൂർ ചന്തപ്പടിയിൽ പൂർണമായും അഗ്നിക്കിരയായ വൈറസ് ലേഡീസ് ആൻഡ് കിഡ്സ് എന്ന സ്ഥാപനത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വ്യാപാരി സഹായ നിധിയുടെ ആദ്യഗഡു അഞ്ച് ലക്ഷം രൂപ അലനല്ലൂർ വ്യാപാര ഭവനിൽ എൻ. ഷംസുദ്ദീൻ എംഎൽഎ സ്ഥാപന ഉടമകൾക്ക് കൈമാറി.
വ്യാപാരി സംഘടനയുടെ നേതൃത്വത്തിൽ വ്യാപാരികളും സമൂഹത്തിലെ വിവിധ രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ സംഘടനകളും അഭ്യുദയകാംക്ഷികളും ചേർന്ന് സ്വരൂപിക്കുന്ന പണം പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് സ്ഥാപനത്തിന്റെ പുനർനിർമാണത്തിന് ഘട്ടംഘട്ടമായി പലിശയോ മറ്റു ചാർജുകളോ ഈടാക്കാതെ നൽകുകയും സ്ഥാപനം പ്രവർത്തനം തുടങ്ങി തിരിച്ചുനൽകുന്ന രീതിയിലാണ് വ്യാപാരി സഹായ നിധി രൂപീകരിച്ചിരിക്കുന്നത്. ഇങ്ങനെ അൻപതു ലക്ഷം രൂപ സ്വരൂപിക്കാനാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത്.
കെവിവിഇഎസ് അലനല്ലൂർ യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് അധ്യക്ഷത വഹിച്ചു. സഹായ നിധി ചെയർമാൻ സുബൈർ തുർക്കി പദ്ധതി വിശദീകരിക്കുകയും റഷീദ് ആലായൻ, പി. മുസ്തഫ, കെ. വേണുഗോപാൽ, പി.പി.കെ അബ്ദുറഹിമാൻ, നിയാസ് കൊങ്ങത്ത്, യൂസഫ് ചോലയിൽ, ജെയിംസ് തെക്കേകുറ്റ്, ഇ. ശശിപാൽ, അബ്ദു കീടത്ത്, രാധാകൃഷ്ണൻ ഉണ്ണിയാൽ, പി.പി. രാജഗോപാലൻ, യൂസഫ് സിറ്റി, പി. നാസർ തുടങ്ങിയവർ പങ്കെടുത്തു.