ജർമനിയിൽ സ്വർണംകൊണ്ടൊരു ക്രിസ്മസ് ട്രീ; കൗതുകം നിറയ്ക്കും കാഴ്ച
Thursday, December 12, 2024 12:55 PM IST
ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ജർമനിയിലെ മ്യൂണിച്ച് നഗരത്തിൽ തയാറാക്കിയ ക്രിസ്മസ് ട്രീ ലോകശ്രദ്ധ നേടി. 24 കാരറ്റുള്ള അസൽ സ്വർണംകൊണ്ടാണ് ഈ ക്രിസ്മസ് ട്രീ നിർമിച്ചിരിക്കുന്നത്! ആകെ ഭാരം 60 കിലോഗ്രാം!
പ്രോ ഓറം എന്ന സ്വർണക്കമ്പനിയാണു ക്രിസ്മസ് ട്രീയുടെ നിർമാതാക്കൾ. കന്പനിയുടെ മുപ്പത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സ്വർണ ക്രിസ്മസ് ട്രീ നിർമിച്ചതെന്നു മാനേജ്മെന്റ് പറഞ്ഞു. സ്വർണത്തിൽതീർത്ത 2,024 ഫിൽഹാർമോണിക് നാണയങ്ങൾ ക്രിസ്മസ് ട്രീ ഉണ്ടാക്കാൻ ഉപയോഗിച്ചു.
എന്നാൽ, ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ ഇതല്ല. 2010ൽ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലിൽ 11 മില്യൺ ഡോളർ ചെലവഴിച്ചു നിർമിച്ച ക്രിസ്മസ് ട്രീക്കാണ് അതിന്റെ ക്രെഡിറ്റ്. വജ്രങ്ങളും മുത്തുകളും രത്നങ്ങളുംകൊണ്ട് അലങ്കരിച്ചായിരുന്നു അതിന്റെ നിർമാണം.