102-ാം വയസിൽ വിമാനത്തിൽ വൈബായി പേപ്പു ചേട്ടൻ
Tuesday, December 10, 2024 12:49 PM IST
102-ാം വയസിൽ മകന്റെ കൈപിടിച്ച് കന്നി വിമാനയാത്ര നടത്തിയതിന്റെ ആവേശത്തിലാണ് ആനപ്പന്തി പനക്കരയിലെ കാട്ടൂർ ജോസഫ് എന്ന പേപ്പുചേട്ടൻ. നവംബർ 29ന് എറണാകുളത്ത് നടന്ന കൊച്ചുമകന്റെ കല്യാണത്തിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് മകൻ മത്തായിക്കൊപ്പം നെടുമ്പാശേരിയിൽ നിന്ന് കണ്ണൂരിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്തത്.
മേഘങ്ങൾക്കിടയിലൂടെ, കാതു തുളയ്ക്കുന്ന ശബ്ദത്തോടെ വലിയ പക്ഷിയെപ്പോലെ സഞ്ചരിക്കുന്ന വിമാനത്തിൽ യാത്രചെയ്തപ്പോൾ യാതൊരു ഭയവും തോന്നിയില്ലെന്ന് പേപ്പുചേട്ടൻ പറയുന്നു.
വിമാനത്തിന്റെ സൈഡ് സീറ്റിലിരുന്ന് ജാലകത്തിലൂടെ കണ്ട കാഴ്ചകൾ വിവരിക്കുമ്പോൾ 102-ലും കുട്ടിത്തം വിട്ടുമാറാത്ത ഓർമകളുടെ വേലിയേറ്റം തന്നെയായിരുന്നു. വിമാനയാത്രയെക്കാൾ അദ്ദേഹത്തെ അതിശയപ്പെടുത്തിയത് വിമാനത്താവളത്തിനുള്ളിലെ വൃത്തിയും വെടിപ്പും മനോഹാരിതയും സൗകര്യങ്ങളുമാണ്. മകന്റെ കൈപിടിച്ച്, യാതൊരു പരിഭ്രമവുമില്ലാതെ എസ്കലേറ്ററിൽ കയറിയ പേപ്പുചേട്ടൻ യുവാക്കൾക്ക് പോലും വൈബായിരുന്നു.
1946 ലാണ് അപ്പനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന കാട്ടൂർ കുടുംബം കോട്ടയം രാമപുരത്തുനിന്ന് ആനപ്പന്തിയിലെ പനക്കരയിൽ എത്തിയത്. പഴയ തലമുറയിൽ അവശേഷിക്കുന്നത് പേപ്പുചേട്ടൻ മാത്രമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 101-ാം ജന്മദിനം എംഎൽഎ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചത്.
കേൾവിക്ക് അല്പം കുറവുണ്ടന്ന് ഒഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും പേപ്പു ചേട്ടനില്ല. ചെറുപ്പത്തിൽ മരത്തിന്റെ ശിഖരം ഇറക്കുന്നതിനിടെ കമ്പുകൊണ്ട് ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെത് ഇപ്പോഴും തീരാവേദനായണ്. കൃത്യമായ ഭക്ഷണശീലം, ഉറക്കം തുടങ്ങി പല ചിട്ടകളും ജീവിതത്തിൽ പാലിക്കുന്നതാണ് ആരോഗ്യത്തിന്റെ രഹസ്യം.