കോടിക്കിലുക്കത്തില്‍ ഇന്ത്യന്‍ താരങ്ങള്‍! പ്രതിഫലത്തില്‍ റിക്കാര്‍ഡിട്ട് ഇന്ത്യന്‍ താരങ്ങള്‍


പണക്കൊഴുപ്പിന്‌റെ കാര്യത്തില്‍ മറ്റേതൊരു കായിക സംഘടനയേക്കാളും പലകാതം മുന്നിലാണ് ഇന്ത്യയുടെ ഔദ്യോഗിക ക്രിക്കറ്റ് ബോര്‍ഡ്. ലോകത്തിലെ തന്നെ ഏറ്റവും വരുമാനമുള്ളതും സമ്പന്നവുമായ ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐ തന്നെ.

ഇപ്പോഴിതാ കളിക്കാര്‍ക്കുള്ള പ്രതിവര്‍ഷ വേതനക്കരാര്‍ പുതുക്കിയിരിക്കുകയാണ് ബിസിസിഐ. കളിക്കാരെ നാലായി തരംതിരിച്ചാണ് വാര്‍ഷിക ഫീസ് പുതുക്കിയിരിക്കുന്നത്. എ പ്ലസ്, എ, ബി, സി എന്നിവയാണ് നാലു ഗ്രേഡുകള്‍.

എ പ്ലസുകാര്‍ക്ക് 7 കോടി രൂപയും എ കാറ്റഗറിയിലുള്ള കളിക്കാര്‍ക്ക് 5 കോടി രൂപയുമാണ് വാര്‍ഷിക പ്രതിഫലം. ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്നു കോടിയാണ് വാര്‍ഷിക പ്രതിഫലം. ഒരു കോടി രൂപയാണ് സി ഗ്രേഡുകാര്‍ക്കു ലഭിക്കുക.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും, ഏകദിന വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമടക്കം അഞ്ചു പേരാണ് എ പ്ലസ് ഗ്രേഡിലുള്ളത്.

ഇരുവര്‍ക്കും പുറമെ ഓപ്പണര്‍ ശിഖര്‍ ധവാനും ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുണ്ട്.


മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി, അജിങ്ക്യാ രഹാനെ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ എ ഗ്രേഡ് പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ഉമേഷ് യാദവ്, ഹര്‍ദ്ദീക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഇഷാന്ത് ശര്‍മ, ദിനേശ് കാര്‍ത്തിക്, മുഹമ്മദ് ഷാമി എന്നിവര്‍ ബി ഗ്രേഡിലിടം പിടിച്ചു.

ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, മലയാളി താരം കരുണ്‍ നായര്‍, അക്‌സര്‍ പട്ടേല്‍, പാര്‍ഥിവ് പട്ടേല്‍, ജയന്ത് യാദവ് എന്നിവരാണ് സി ഗ്രേഡിലുള്ള താരങ്ങള്‍.

വാര്‍ഷിക വരുമാനത്തിനു പുറമെ മാച്ച് ഫീ, സ്‌പോണ്‍സര്‍ഷിപ് ഫീ എന്നിവയും കളിക്കാര്‍ക്കു ലഭിക്കും. ഒരു ടെസ്റ്റിന് 15 ലക്ഷം രൂപയാണ് താരങ്ങള്‍ക്കു ലഭിക്കുക. റിസര്‍വ് താരങ്ങള്‍ക്ക് 7 ലക്ഷം രൂപ ലഭിക്കും. ഏകദിനത്തിന് 6 ലക്ഷവും ടി20 മല്‍സരങ്ങള്‍ക്കു മൂന്നു ലക്ഷവും വീതമാണ് താരങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലം.