ഫിലാഡൽഫിയ: സ്നേഹതീരം സൗഹൃദ കൂട്ടായ്മ ഫിലാഡൽഫിയയിൽ രൂപീകരിച്ചു. ഫിലാഡൽഫിയയിലും പരിസരത്തുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും സൗഹൃദത്തിനും ഒത്തുകൂടലിനും ഊന്നൽ നൽകിക്കൊണ്ട് രൂപീകൃതമായ സൗഹൃദ സംഗമ കൂട്ടായ്മയാണ് സ്നേഹതീരം സൗഹൃദ കൂട്ടായ്മ.
ചില മലയാളികൾ ചേർന്ന് സെബാസ്റ്റ്യൻ മാത്യുവിന്റെ ഭവനത്തിൽ കുടുംബമായി ഒത്തുകൂടിയ ഓണാഘോഷ വേളയിൽ, ഫിലാഡൽഫിയയിലെ മലയാളികൾക്ക് ഒരു സൗഹൃദ വേദി ആവശ്യമാണ് എന്ന ആശയം ഷിബു വർഗീസ് കൊച്ചുമഠം മുന്നോട്ടു വച്ചത്. ആ ആശയത്തെ അവിടെ കൂടിവന്നവർ സ്വാഗതം ചെയ്യുകയും സ്നേഹതീരം എന്ന സൗഹൃദ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു.
ഈ കൂട്ടായാമയുടെ നേതൃത്വത്തിൽ സെബാസ്റ്റ്യൻ മാത്യുവിന്റെ ഭവനത്തിൽ വച്ച് ഓണാഘോഷം അതിവിപുലമായ രീതിയിൽ ആഘോഷിച്ചു. വീട്ടമ്മമാർ ചേർന്ന് രാവിലെ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടുകൂടി ആഘോഷപരിപാടികൾക്ക് ആരംഭം കുറിച്ചു.
ഓരോ കുടുംബവും അവരവരുടെ ഭാവനത്തിൽ നിന്നും പാകം ചെയ്തുകൊണ്ടുവന്ന വിഭവങ്ങൾ കൊണ്ടൊരുക്കിയ സ്നേഹവിരുന്ന് അതിഗംഭീര അനുഭവമായിരുന്നു. സൗഹൃദ കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ ചേർന്ന് നടത്തിയ കലാപരിപാടികൾ, കൂടിവന്നവർക്ക് ഗൃഹാതുരത്വം ഉണർത്തുന്നവയായിരുന്നു.
സെബാസ്റ്റ്യൻ മാത്യുവും ഭാര്യ സോഫി മാത്യുവും ചേർന്നൊരുക്കിയ ഊഞ്ഞാൽ കൂടിവന്നവരുടെ ഓർമയെ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. സെബാസ്റ്റ്യൻ മാത്യു, തോമസ് ചാക്കോ, സജു മാത്യു, അനൂപ് തങ്കച്ചൻ, അനു കോശി, സോണി സക്കറിയ, അനു ആകാശ്, ബബ്ലു, അലക്സ് മാത്യു, ജസ്റ്റിൻ, ഷാന്റോ തോമസ്, മനു മാത്യു, സോഫി, ജിഷ, ഷെറിൻ, തുടങ്ങിയവരുടെ സഹകരണവും മേൽനോട്ടവും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.
ഓണപരിപാടികളുടെ മുഖ്യ കോഓർഡിനേറ്റർ ഷിബു വർഗീസ് കൊച്ചുമഠം രൂപം കൊടുത്ത "സ്നേഹതീരം' എന്ന ഈ സൗഹൃദ കൂട്ടായ്മയിൽ 50 കുടുംബങ്ങൾ ഇതുവരെ പങ്കാളികളായി.
കേരളപ്പിറവി ആഘോഷവും സ്നേഹതീരം എന്ന ഈ സൗഹൃദ കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനവും നവംബർ ഒന്നിന് അതിവിപുലമായ പരിപാടികളോടുകൂടി നടത്തുവാൻ ആസൂത്രണം ചെയ്തിരിക്കുകയാണ് സംഘാടകർ.
കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു. സൗഹൃദ കൂട്ടായ്മയിൽ അംഗമായി ഒത്തുചേർന്നു പ്രവർത്തിക്കുവാൻ താത്പര്യമുള്ള ഫിലാഡൽഫിയയിലുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾക്ക്: ഷിബു വർഗീസ് കൊച്ചുമഠം, 215 758 6629, തോമസ് ചാക്കോ: 215 758 6629.
|