ഡബ്ലിൻ: അയർലൻഡിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുൻപിൽ കണ്ടുകൊണ്ടുള്ള ജനപ്രിയ ബജറ്റ് ധനമന്ത്രി ജാക്ക് ചേമ്പേഴ്സ് പാർലമെന്റിൽ അവതരിപ്പിച്ചു. രാജ്യം കണ്ടതിൽ വച്ചേറ്റവും ബൃഹുത്തായ ജനക്ഷേമ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
കോസ്റ്റ് ഓഫ് ലിവിംഗ് പാക്കേജിന് മാത്രം 2.2 ബില്യൺ യൂറോയാണ് ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്. ബജറ്റിൽ 1.4 ബില്യൺ യൂറോയുടെ നെറ്റ് നികുതി പാക്കേജും 6.9 ബില്യൺ യൂറോയുടെ എക്സ്പെൻഡിച്ചർ പാക്കേജും ഉൾപ്പെടുന്നു. ബജറ്റ് 2025ലെ മൊത്തം പാക്കേജ് 10.5 ബില്യൺ യൂറോയുടേതാണ്. ആരോഗ്യ മേഖലയ്ക്കു 2.7 ബില്യൺ യൂറോ നീക്കി വച്ചു.
സമസ്തമേഖലയിലുള്ളവർക്കും ഗുണപ്രദമായ രീതിയിൽ അവതരിപ്പിച്ച ബജറ്റിൽ ടാക്സ് ഘടനയിലെ മാറ്റം, സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളുടെ വർധനവ്, മിനിമം വേതനം ഉയർത്തൽ, ടാക്സ് ക്രെഡിറ്റ് വർധനവ്, രണ്ടു തവണ ഇരട്ട ചൈൽഡ് ബെനെഫിറ്റ്, വിദ്യാർഥികൾക്കുള്ള ഒട്ടേറെ പദ്ധതികൾ തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
ഒരു ഫുൾ ടൈം വർക്കറിന് പ്രതിവർഷം ശരാശരി ആയിരം യൂറോയുടെ നേട്ടമുണ്ടാകുന്ന തരത്തിലാണ് ബജറ്റ്. ആപ്പിൾ നികുതി വരുമാനം ട്രാൻസ്പോർട്ട്, ഹൗസിംഗ് വാട്ടർ, എനർജി തുടങ്ങിയവയ്ക്കായി അടുത്ത വർഷമാദ്യം മുതൽ വിനിയോഗിക്കുമെന്നു പബ്ലിക് എകസ്പെൻഡിച്ചർ മിനിസ്റ്റർ പാസ്കൽ ഡോണഹൂ വ്യക്തമാക്കി.
സ്റ്റാൻഡേർഡ് ടാക്സ് ബാൻഡ് നാല്പത്തിനാലായിരമാക്കി ഉയർത്തും. യൂണിവേഴ്സൽ സോഷ്യൽ ചാർജ് നാലു ശതമാനത്തിൽ നിന്നും മൂന്ന് ശതമാനമാക്കി കുറയ്ക്കും. റെന്റ് ടാക്സ് ക്രെഡിറ്റ് 1000 യൂറോയാക്കി ഉയർത്തും.
ചൈൽഡ് ബെനെഫിറ്റ് നവംബർ ഡിസംബർ മാസങ്ങളിൽ ഇരട്ടി തുക നൽകും. അയർലൻഡിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ മാസം ഒറ്റത്തവണ 420 യൂറോ നൽകും. തുടർന്ന് സാധാരണ ചൈൽഡ് ബെനെഫിറ്റ് ലഭിക്കും.
ആശുപത്രികളിൽ 480 പുതിയ ബെഡ് അനുവദിക്കൽ, പതിനായിരം സാമൂഹിക വീടുകളുടെ നിർമാണം, എല്ലാ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കും സൗജന്യ ഹോട്ട് മീൽ പദ്ധതി, എട്ട് വയസിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപി കെയർ, സീനിയർ സെക്കൻഡറി വിദ്യാർഥികൾക്ക് വരെ സൗജന്യ പുസ്തക പദ്ധതി,
ജൂനിയർ ലിവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷ ഫീസ് ഒഴിവാക്കൽ, അധ്യാപക നിയമനം, അനന്തരാവകാശ നികുതി ഇളവ് വർധനവ്, ഒന്പത് വയസിനു താഴെയുള്ള കുട്ടികൾക്ക് പൊതുഗതാഗത സൗജന്യ യാത്ര പദ്ധതി, കെയേറേഴ്സ് അലവെൻസ് വർധനവ്, ഹെൽപ് ടു ബയ് പദ്ധതി 2029 വരെ ദീർഘിപ്പിക്കൽ തുടങ്ങിയവയും ബജറ്റിൽ ഉൾപ്പെടുത്തി.
ശൈത്യകാലത്തു ഊർജ ബില്ലുകൾ ലഘൂകരിക്കുന്നതിനായി രണ്ടു തവണകളിലായി മൊത്തം 250 യൂറോ എനർജി ക്രെഡിറ്റ് എല്ലാ കുടുംബങ്ങൾക്കും നൽകും. മിനിമം വേതനം മണിക്കൂറിനു 80 സെന്റ് വർധിപ്പിച്ചു 13 യൂറോ 50 സെന്റാക്കി ഉയർത്തി.
ബഡ്ജറ്റിൽ സിഗരറ്റിനു മാത്രമാണ് വില വർധിപ്പിച്ചത്. ഒരു പാക്കറ്റിനു ഒരു യൂറോ വർധിപ്പിച്ചു. അതെ സമയം മദ്യത്തിന് വില വർധനവില്ല. വൻതുക നൽകി വീട് വാങ്ങുന്നവരുടെയും വീടുകളുടെ ബൾക്ക് പർച്ചേഴ്സ് നടത്തുന്നവരുടെയും സ്റ്റാമ്പ് ഡ്യൂട്ടി കുത്തനെ ഉയർത്തി.
ഫിനഗേൽ, ഫിനഫോൾ, ഗ്രീൻ പാർട്ടി എന്നിവർ ചേർന്നാണ് അയർലൻഡിൽ ഭരണം നടത്തുന്നത്. അതേസമയം ബജറ്റിനെ പ്രതിപക്ഷം നിശിതമായി വിമർശിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, ഭവന പ്രതിസന്ധി, ജീവിത ചെലവ് തുടങ്ങി പ്രധാന വിഷയങ്ങളിൽ സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു.
|