റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് മിനാ കേളി ഫുട്ബാൾ ടൂർണമെന്റിന് ഉജ്വല തുടക്കം. അൽഖർജിലെ യമാമ ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെന്റ് കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ ഫുട്ബോൾ സംഘാടക സമിതി ചെയർമാൻ അബ്ദുൾ കലാം അധ്യക്ഷത വഹിച്ചു. സൗദി അറേബ്യയയിലെ അൽ നസർ ക്ലബിന്റെ ജൂനിയർ ടീമിൽ ഇടം ലഭിച്ച മലയാളി ബാലൻ മുഹമ്മദ് റാസിൻ മുഖ്യാതിഥിയായിരുന്നു.
കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി, ട്രഷറർ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ഏരിയ വൈസ് പ്രസിഡന്റ് ഗോപാലൻ, ജീവകാരുണ്യ കമ്മറ്റി ആക്ടിംഗ് കൺവീനർ നാസർ പൊന്നാനി,
കേന്ദ്ര സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജവാദ് പരിയാട്ട്, കൺവീനർ ഹസ്സൻ പുന്നയൂർ, സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ്, അൽഖർജിലെ സൗദി പൗരപ്രമുഖരായ മുഹസിൻ അൽ ദോസരി, ഫഹദ് അബ്ദുള്ള അൽ ദോസരി, അൽഖർജിലെ ജനകീയ ഡോ. അബ്ദുൾ നാസർ,
കെഎംസിസി പ്രതിനിധി മുഹമ്മദ് പുന്നക്കാട് ഷബീബ്, അറ്റ്ലസ് ഉടമ ഷബീർ, ഹാദായിക്ക് ജനറൽ മേനേജർ കെവിൻ, അബു ഓലീദ് അൽ സുജൊവി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൺവീനർ റഷിദ് അലി സ്വാഗതവും ട്രഷറർ ജയൻ പെരുനാട് നന്ദിയും പറഞ്ഞു.
ആദ്യദിനത്തിൽ മൂന്ന് മത്സരങ്ങളാണ് നടന്നത്. ഉദ്ഘാടന മത്സരത്തിൽ റിയാദിൽ നിന്നുള്ള ടീമുകളായ യൂത്ത് ഇന്ത്യയും ഫുട്ബോൾ ഫ്രണ്ട്സ് റിയാദും തമ്മിൽ മത്സരിച്ചു. കളിയിൽ ഉടനീളം ആധിപത്യം പുലർത്തിയ ആദ്യ കളിയിൽ യൂത്ത്ഇന്ത്യ 51ന് വിജയിച്ചു.
യൂത്ത് ഇന്ത്യയുടെ പത്താം നമ്പർ താരം അഖിൽ ഹാട്രിക് ഗോൾ നേടി. 27ാം മിനിറ്റിലും 71ാം മിനിറ്റിലും യൂത്ത് ഇന്ത്യയുടെ തന്നെ അസീം രണ്ടു ഗോളുകൾ നേടി. കളിയുടെ 40ാം മിനിറ്റിൽ ഫുട്ബോൾ ഫ്രണ്ടസിന് വേണ്ടി ഫൈസൽ ആശ്വാസഗോൾ നേടി.
ലാന്റേൺ എഫ്സിയും ഒബയാർ എഫ്സിയും തമ്മിൽ മാറ്റുരച്ച രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീകമായ ആറ് ഗോളുകൾക്ക് ലാന്റേൺ വിജയിച്ചു. സിനാനും ഇബ്നുവും(താജു) ഇരട്ട ഗോൾ നേടി. മുബാറക്കും അജ്നാസും ഓരോ ഗോൾ വീതം നേടി.
മൂന്നാമത്തെ മത്സരം സുലൈ എഫ്സിയും ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സിയും തമ്മിലായിരുന്നു. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് സുലൈ എഫ്സി വിജയിച്ചു. ഹാസിഫ്, സക്കറിയ എന്നിവർ സുലൈ എഫ്സിക്ക് വേണ്ടി ഗോൾ നേടി. ഷാഹുൽ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സിക്ക് വേണ്ടി ഗോൾ നേടി.
റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലെ റഫറിമാരാണ് കളികൾ നിയന്ത്രിച്ചത്. ഒന്നാമത്തെ മത്സരത്തിൽ യൂത്ത് ഇന്ത്യയുടെ അഖിലും രണ്ടാമത്തെ മത്സരത്തിൽ ലാന്റേൺ എഫ്സിയുടെ ഇബ്നുവും (താജു), മൂന്നാമത്തെ മത്സരത്തിൽ സുലൈ എഫ് സിയുടെ ഹബീബിനെയും മികച്ച കളിക്കാരായി തെരഞ്ഞെടുത്തു.
ആദ്യ മത്സരത്തിൽ വിജയിച്ച മൂന്ന് ടീമുകളും ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചു. അടുത്താഴ്ചയിലും മത്സരങ്ങൾ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
|