ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യത്തിന്റെ 22ാമത് ഭദ്രാസന കോൺഫറൻസ് ഇന്ന് (സെപ്റ്റംബർ 26) ആരംഭിക്കും. മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിൽ വച്ച് വൈകുന്നേരം അഞ്ചിന് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ വെരി റവ.ഡോ. ചെറിയാൻ തോമസ് (മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ.സാം കെ. ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്), ബിജി ജോബി (ഭദ്രാസന യുവജനസഖ്യം സെക്രട്ടറി), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കും.
വിശ്വാസ തികവുള്ള ഭാവി എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് നടത്തപ്പെടുന്ന കോൺഫറൻസിന് ബംഗളൂരു എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ ഡയറക്ടറും വികാരി ജനറാളുമായ റവ.ഡോ.ശ്യാം പി. തോമസ് മുഖ്യനേതൃത്വം നൽകും.
വിവിധ സെഷനുകളിൽ റവ. ജോസഫ് ജോൺ, റവ. എബ്രഹാം കുരുവിള, റവ. എബ്രഹാം തോമസ്, ഷിനോദ് മാത്യു, ഡോ. ഏബൽ മാത്യു, സിസിൽ ചെറിയാൻ സിപിഎ, ദിലീപ് ജേക്കബ്, ജോതം സൈമൺ എന്നിവരും കുട്ടികളുടെ പ്രത്യേക സെഷന് സ്റ്റേയ്സി വർഗീസ് ആൻഡ്രൂസും നേതൃത്വം നൽകും.
ഭദ്രാസനത്തിന്റെ വിവിധ ഇടവകളിൽ നിന്നായി ഏകദേശം 450ൽ പരം യുവജനസഖ്യാംഗങ്ങൾ ഇതിനോടകം കോൺഫറൻസിനായി രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു.
കോൺഫറൻസ് പ്രസിഡന്റ് റവ. അലക്സ് യോഹന്നാൻ, റവ. എബ്രഹാം തോമസ്, ജോബി ജോൺ (ജനറൽ കൺവീനർ), റിജാ ക്രിസ്റ്റി (കോ. കൺവീനർ), ഭദ്രാസന യുവജനസഖ്യം കൗൺസിൽ അംഗങ്ങളായ റവ.സാം കെ ഈശോ, ബിജി ജോബി, അനീഷ് വർഗീസ്, ബിൻസി ജോൺ (ഭദ്രാസന കൗൺസിൽ മെമ്പർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.
|