ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് "ഓണനിലാവ് 2024' എന്ന പേരിൽ ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
സീതാറാം യെച്ചൂരി, എം.എം. ലോറൻസ്, കവിയൂർ പൊന്നമ്മ എന്നിവരുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്. വാദ്യഘോഷങ്ങളും കേരളീയകലാരൂപങ്ങളും മഹാബലിയും അണിനിരന്ന ഘോഷയാത്ര ആഘോഷങ്ങൾക്ക് നിറപകിട്ടേകി.
തുടർന്ന് ശിങ്കാരിമേളം, തിരുവാതിര കളി, സംഘഗാനം, കോൽക്കളി, നൃത്ത നൃത്യങ്ങൾ, ഗാനമേള തുടങ്ങിയവ അരങ്ങേറി. ശ്രീവിദ്യ ടീച്ചറുടെ പരിശീലനത്തിൽ സാൻസിയ ശേഖർ, ആർദ്ര രാജേഷ്, രുദ്രപ്രസാദ് എന്നി വിദ്യാർഥിനികൾ കൈരളി വേദിയിൽ നൃത്ത അരങ്ങേറ്റം കുറിച്ചു.
സ്വാഗതസംഘം ചെയർമാൻ ഉസ്മാൻ മങ്ങാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ലോകകേരളസഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവേൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ജോയിന്റ് സെക്രട്ടറി നമിത പ്രമോദ് സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് പ്രദീപ് രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ പ്രസിഡന്റ് നസറുദ്ദീൻ, കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര, സ്വാഗത സംഘം ജനറൽ കൺവീനറും യൂണിറ്റ് കൾച്ചറൽ കൺവീനറുമായ വിഷ്ണു അജയ്, ശ്രീവിദ്യ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
കൈരളി മലയാളം മിഷൻ പഠനകേന്ദ്രത്തിൽ നിന്നും സുഗതാഞ്ജലി കാവ്യാലാപന ചാപ്റ്റർതല മത്സരത്തിൽ സമ്മാനർഹയായ കുമാരി രുദ്രപ്രസാദിനെ വേദിയിൽ ഉപഹാരം നൽകി ആദരിച്ചു.
സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി വിൽസൺ പട്ടാഴി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ലെനിൻ ജി. കുഴിവേലി, ഉമ്മർ ചോലയ്ക്കൽ, യൂണിറ്റ് കമ്മറ്റി അംഗങ്ങളായ അജിത്ത്, മുഹമ്മദ് നിഷാൻ, അബ്ദുൾ ഹഖ്, ഹരിഹരൻ, ടിറ്റോ, രജീഷ്, ജുനൈസ്, സുധീഷ്, മുഹമ്മദ്, ഇഗ്നേഷ്യസ് പെരേര, പ്രമോദ് എന്നിവർ നേതൃത്വം നൽകി.
|