സാന്‍ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന് ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്) 45ാം വാര്‍ഷിക സമ്മേളനം സാന്‍ഡിയാഗോയില്‍ സംഘടിപ്പിച്ചു.
മികച്ച ആസൂത്രണം, മെച്ചപ്പെട്ട വിഭവങ്ങള്‍, മികവാര്‍ന്ന അവതരണം തുടങ്ങി എല്ലാ അര്‍ഥത്തിലും കണ്വന്ഷന് സംഘടനയുടെ ശക്തിയും പ്രസക്തിയും വിളിച്ചു പറയുന്നതായി. അമേരിക്കയിലും കാനഡയില്‍നിന്നുമായി 500ല്‍ അധികം ഡോക്ടര്‍മാരാണ് മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ ഒത്തുചേര്‍ന്നത്.
പ്രസിഡന്റ് ഡോ. സിന്ധു പിള്ള, കണ്വന്ഷന് ചെയര്മാന് ഡോ. രവിരാഘവന്‍, സാന്‍ഡിയാഗോ ഡിസ്ട്രിക് അറ്റോര്‍ണി സമ്മര്‍ സ്റ്റീഫന്‍, മുന്‍ സാരഥികളായിരുന്ന ഡോ. രാധാ മേനോന്, ഡോ. ജോര്‍ജ് തോമസ്, ഡോ. ഇനാസ് ഇനാസ്, ഡോ. രവീന്ദ്ര നാഥന്, ഡോ. റാം തിനക്കല്‍, ഡോ. വെങ്കിട് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ചതോടെയാണ് പരിപാടികള്‍ തുടങ്ങിയത്.
ഘോഷയാത്ര, സമുദ്ര കപ്പലിലെ ഡിന്നര്‍, ഓണസദ്യ, യോഗ സെഷനുകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ഫോറങ്ങള്‍, ബിസിനസ് സംവാദങ്ങള്‍, സാഹിത്യ ഫോറങ്ങള്‍, ചിത്രപ്രദര്‍ശനം, ചുവര്‍ചിത്ര ശില്പശാല, ഫാഷന്‍ ഷോ, കാമ്പസ് ടാലന്റ് നൈറ്റ്, കലാവിരുന്ന് തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി.
ആരോഗ്യപ്രവര്‍ത്തകരുടെ ഒത്തുചേരല്‍ എന്ന നിലയില്‍ പ്രഫഷണല്‍ നൈപുണ്യങ്ങള്‍ മികവുറ്റ രീതിയില്‍ വികസിപ്പിക്കാനുള്ള സെഷനില്‍ അതത് മേഖലയിലെ മുന്‍ നിരക്കാരെ തന്നെ എത്തിക്കാനായി.
ഡോ.ഹരി പരമേശ്വരന്, ഡോ. നിഗില്‍ ഹാറൂണ്‍, ഡോ. വെങ്കിട് എസ്. അയ്യര്‍, സുബ്രഹ്മണ്യ ഭട്ട്, വിനോദ് എ. പുല്ലാര്‍ക്കട്ട്, ഡോ. ആശാ കരിപ്പോട്ട്, ഡോ. നജീബ് മൊഹിദീന്, പ്രമോദ് പിള്ള, ഡോ. ഇനാസ് ഇനാസ്, അക്ഷത് ജെയിന്, ഡോ. അംബിക അഷ്റഫ്,
ഹര്‍ഷ് ഡി. ത്രിവേദി, ഡോ. നിഷ നിഗില്‍ ഹാറൂണ്‍ എന്നിവര്‍ ആരോഗ്യ മേഖലയിലെ പുതിയ സാങ്കേതികവിദ്യകള്‍, ചികിത്സാ രീതികള്‍, ശാസ്ത്രീയ ഗവേഷണങ്ങള്‍, മികച്ച പ്രാക്ടീസ് മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ചുള്ള പുതിയ അറിവുകളും പരിചയങ്ങളും പങ്കുവച്ചു.
കണ്വന്ഷന് സുവനീര്‍ കണ്വന്ഷന് ചെയര്മാന് ഡോ. രവി രാഘവനില്‍ നിന്ന് സ്വീകരിച്ച് ഡിസ്ട്രിക് അറ്റോര്‍ണി സമ്മര്‍ സ്റ്റീഫന്‍ പ്രകാശനം ചെയ്തു. തുടർന്ന് കാന്‍സര്‍ രംഗത്ത് ലോക പ്രശസ്തനായ മലയാളി ഡോ. എം.വി. പിള്ളയക്ക് എകെഎംജി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചു.
നിറവാര്‍ന്നതായിരുന്നു സാംസ്കാരിക പരിപാടികള്‍. തിരുവാതിരയും ഒപ്പനയും മാര്‍ഗംകളിയും സമന്വയിപ്പിച്ചുള്ള നൃത്തശില്പം, നടന്മാരായ മനോജ് കെ. ജയന്, രമേഷ് പിഷാരടി, ഗായിക മഞ്ജരി, സംവിധായിക മീരാ മേനോന്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ചാന്‍സലര്‍ പ്രദീപ്കുമാര്‍ ഖോസ്ല തുടങ്ങി പ്രമുഖരുടെ സാന്നിധ്യം എന്നിവ ഗ്രാന്റ് ഫിനാലയ്ക്ക് പ്രൗഡികൂട്ടി.
രഞ്ജിത് പിള്ളയുടെ ഭാവനയില്‍ വിരിഞ്ഞ് തിരക്കഥ എഴുതി സന്തോഷ് വര്‍മ സംഗീതം നല്കി ദിവ്യാ ഉണ്ണിയും സംഘവും അവതരിപ്പിച്ച "യെവ്വാ' എന്ന വിസ്മയ ഷോ ആയിരുന്നു പരിപാടികളുടെ തിലകക്കുറി.
ഡോക്ടര്‍മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച യെവ്വ എകെഎംജിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേറിട്ട കലാവിരുന്നായിരുന്നു. ജനനത്തിന്റെയും ജീവിതത്തിന്റെയും യാത്രയായ നൃത്തസംഗീത പരിപാടി വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്.
കണ്വന്ഷന് മികവാര്‍ന്ന നിലയില്‍ സംഘടിപ്പിക്കനായത് സഹപ്രവര്‍ത്തകരുടെ കൂട്ടായ പിന്തുണ കൊണ്ടുമാത്രമാണെന്നും ഓരോരുത്തരോടും നന്ദിയറിയിക്കുന്നതായും ഡോ. സിന്ധു പിള്ള പറഞ്ഞു.
|