ക്രാക്കോവ്: കേരള അസോസിയേഷന് ഓഫ് പോളണ്ട് ക്രാക്കോവ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.
പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യത്തിന്റെയും കേരളീയ പാരമ്പര്യത്തിന്റെയും നിറസാന്നിധ്യമായി മാറിയ ചടങ്ങ് ക്രാക്കോവിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അലെക്സാന്‍ഡ്ര ഗ്ലോഡ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തില്‍ കോണ്‍സുല്‍ ജനറല്‍ ഓണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും മലയാളത്തില്‍ ഓണസന്ദേശം നൽകുകയും ചെയ്തു.
ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലര്‍ ആന്‍ഡ് പൊളിറ്റിക്കല്‍ അഫയേഴ്സ് മേധാവി കൃഷ്ണേന്ദു ബാനര്‍ജി മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യ പോളണ്ട് ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കോണ്‍സുലര്‍ എടുത്തുപറഞ്ഞു.
കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്ര മോദി വാഴ്സോയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ പ്രാധാന്യവും അദ്ദേഹം അനുസ്മരിച്ചു. ആഗോള രാഷ്ട്രീയസാമ്പത്തിക സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജഗില്ലോനിയന് സര്‍വകലാശാലയില്‍ നിന്നുള്ള പ്രമുഖ വ്യക്തികളായ പ്രഫ. ഡോ. പാവല്‍ മോസ്കല്, പ്രഫ. ഡോ. ഇവ സ്റ്റെപിയന്‍ എന്നിവരും മുഖ്യാതിഥികളായിരുന്നു. പോളണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഭാവനകളെക്കുറിച്ചും അക്കാദമിക് മേഖലയിലെ സഹകരണ സാധ്യതകളെക്കുറിച്ചും ഇരുവരും പ്രസംഗിച്ചു.
രാവിലെ 10ന് രജിസ്ട്രേഷനോടെ ആരംഭിച്ച പരിപാടിയില്‍ പരമ്പരാഗത ചടങ്ങുകളും കലാപരിപാടികളും ഉള്‍പ്പെടുത്തിയിരുന്നു. ചെണ്ടമേളവും പുലിക്കളിയുമായി മാവേലിയെ എതിരേറ്റതോടെ ആഘോഷങ്ങള്‍ക്ക് ഊർജം പകര്‍ന്നു.
തിരുവാതിര, ക്രാക്കോവിലെ കല്പദ്രുമ സ്കൂള്‍ ഹൗസ് ഓഫ് ആര്‍ട്സിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം, ധമാക ഡാന്‍സ് ഗ്രൂപ്പിന്റെ ബോളിവുഡ് ഫ്യൂഷന്‍, കുട്ടികളുടെ സംഘനൃത്തം, ഒണപ്പാട്ട് തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി.
വാഴയിലയില്‍ വിളമ്പിയ 25 ഇനം വിഭവങ്ങള്‍ ഉള്‍പ്പെട്ട ഓണസദ്യ കേരളീയ രുചിയുടെ വൈവിധ്യം പകര്‍ന്നു. തുടർന്ന് യുഗ്മ ഗാനം, കീബോര്‍ഡ് പ്രകടനം, സോളോ നൃത്തം, ഗാനാലാപനം, ഇന്‍ഡോര്‍ ഗെയിമുകള്‍, കുട്ടികള്‍ക്കായുള്ള റാംപ് ഷോ, ചാക്ക് റേസ്, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റേസ്, ഉറിയടി, വടംവലി മത്സരം എന്നിവയും നടന്നു.
സാംസ്കാരിക പരിപാടികളില്‍ ഫ്യൂഷന്‍ ക്ലാസിക്കല്‍ സംഗീതം, കൈകൊട്ടിക്കളി, ഭരതനാട്യം, സോളോ നൃത്തം, സിനിമാറ്റിക് ഡാന്‍സ്, കഥക്, ഗ്രൂപ്പ് ഡാന്‍സ്, മ്യൂസിക്കല്‍ സ്കിറ്റ് എന്നിവ അരങ്ങേറി. മഞ്ജരി ഡാന്‍സ് ഗ്രൂപ്പിന്റെ അവതരണം ആഘോഷത്തില്‍ പ്രത്യേക ശ്രദ്ധ നേടി.
പോളിഷ് സമൂഹത്തില്‍ നിന്നുള്ള കലാകാരികള്‍ അടങ്ങുന്ന സംഘം, മലയാളം ഹിറ്റ് ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച നൃത്തചുവടുകള്‍ കാണികളെ ആവേശഭരിതരാക്കി. രാത്രി എട്ടിന് ആരംഭിച്ച ഡിജെ പാര്‍ട്ടിയോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.
|