ഫിലാഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീർഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ 2012 മുതല്‍ ആണ്ടുതോറും നടത്തിവരുന്ന പ്രാര്ഥനാപൂര്ണമായ മരിയന്തീര്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും ഈ വര്‍ഷവും ഭംഗിയായി ആഘോഷിച്ചു.
വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെട്ട ജര്‍മന്‍ടൗണ്‍ മിറാക്കുലസ്മെഡല് തീര്‍ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പിനോടനുബന്ധിച്ച് ഈ മാസം ഏഴിനാണ് പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും തിരുസ്വരൂപപ്രതിഷ്ഠയുടെ 13ാം വാര്‍ഷികവും ആഘോഷിച്ചത്.
മിറാക്കുലസ് മെഡല്‍ നൊവേന, സീറോമലബാര്‍ റീത്തിലുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാര്‍ഥന, രോഗസൗഖ്യ പ്രാര്‍ഥന, ആരോഗ്യമാതാവിന്റെ രൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയായിരുന്നു തിരുക്കര്‍മങ്ങള്‍.
സീറോമലബാര്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, റവ. ഫാ. സിമ്മി തോമസ് (സെന്റ് ജോര്‍ജ് സീറോമലബാര്‍, പാറ്റേഴ്സണ്‍, ന്യൂജഴ്സി), റവ. ഫാ. വര്‍ഗീസ് സ്രാംബിക്കല്‍ വിസി (ചാപ്ലൈന്‍, കൂപ്പര്‍ ഹോസ്പിറ്റല്‍, കാംഡന്‍, ന്യൂജഴ്സി), റവ. ജോണ്‍ കെറ്റില്‍ബര്‍ഗര്‍ സി.എം (സെന്‍ട്രല്‍ അസോസിയേഷന് ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്) എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം വഹിച്ചു.
ലത്തീന്‍, സ്പാനിഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ചൊല്ലിയ ജപമാലപ്രാര്‍ഥനയോടൊപ്പം വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം മരിയഭക്തര്‍ക്കും രോഗികള്‍ക്കും സൗഖ്യദായകമായിരുന്നു.
സീറോമലബാര്‍ യൂത്ത് ഗായകസംഘം ആലപിച്ച മരിയഭക്തിഗാനങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു. വിവിധ ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങളുടെയും ഫിലഡല്‍ഫിയ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നല്‍കിയത്.
സീറോമലബാര്‍ ഇടവകവികാരി റവ. ജോര്‍ജ് ദാനവേലില്‍, കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ജോജി ചെറുവേലില്‍, ജോസ് തോമസ് (തിരുനാള്‍ കോഓര്‍ഡിനേറ്റര്‍), പോളച്ചന് വറീദ്, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവ തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്തു.
|