ലിവർമോർ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പഞ്ചാരി മേളം ടീംലിവർമോറിൽ അരങ്ങേറ്റം കുറിച്ചു. മേള കലാരത്നം കലാമണ്ഡലം ശിവദാസ്, കലാക്ഷേത്ര രാജേഷ് നായർ എന്നിവരുടെ ശിക്ഷണത്തിലാണ് ടീം കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി പഞ്ചാരി മേളം പരിശീലനം നടത്തിയത്.
കേരളത്തിലെ മേള പ്രമാണിമാരിൽ പ്രമുഖനാണ് കലാമണ്ഡലം ശിവദാസ്. ഉണ്ണായിവാര്യർ സ്മാരക കലാനിലയം പ്രധാന അധ്യാപകനും കേരള കലാമണ്ഡലം യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് വിദഗ്ധ സമിതി അംഗവുമാണ് കലാമണ്ഡലം ശിവദാസ്.
കലാമണ്ഡലം ശിവദാസനിൽ നിന്നും തായമ്പക അഭ്യസിച്ച്, സ്വാമി ചിന്മയാനന്ദ സരസ്വതിയുടെ തിരുമുമ്പിൽ 11 വയസിൽ അരങ്ങേറ്റം കുറിച്ച കലാകാരനാണ് കലാക്ഷേത്ര രാജേഷ് നായർ. മിഷിഗൻ കലാക്ഷേത്ര എന്ന സ്ഥാപനത്തിലൂടെ നിരവധി പുതിയ കലാകാരന്മാരെ വാർത്തെടുക്കകയും വിവിധ ഭാഗങ്ങളിൽ വാദ്യകലാപരിപാടികൾ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു.
ഈ അധ്യാപകരുടെ നേതൃത്വത്തിൽ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ മൂന്നാമത്തെ പഞ്ചാരി മേളം സംഘമാണ് അരങ്ങേറ്റം നടത്തുന്നത്. അരങ്ങേറ്റത്തിൽ ഒന്പത് ബേ ഏരിയ കലാകാരന്മാർ, ബിനോജ് എം. എൻ, ജാസ്മിൻ പരോൾ, ജോൺ ജേക്കബ്, മനോജ് നാരായണൻ, പത്മപ്രിയ പാലോട്ട്, പ്രദീപ് പിള്ള, രേവതി നാരായണൻ, റോഷ് രാംദാസ്, ശ്രീജിത്ത് കറുത്തോടി എന്നിവരും സിയാറ്റിലിൽ നിന്നെത്തിയ അജിത് കെ, പ്രകാശ് മേനോൻ എന്നിവരും പങ്കെടുത്തു.
കലാമണ്ഡലം ശിവദാസ് ആയിരുന്നു മേളപ്രമാണി, രാജേഷ് നായർ പിന്തുണച്ചു. ഡിട്രോയിറ്റ് ആസ്ഥാനമായുള്ള കലാക്ഷേത്ര ടീം വലംതല, ഇലത്താളം അകമ്പടി നൽകി. കൃഷ്ണകുമാർ നായർ, സജീവ് നായർ, രാജേഷ് കുട്ടി, നീലകണ്ഠൻ പരമേശ്വരൻ, ശ്രീകുമാർ നായർ, ഷിബു ദേവപാലൻ എന്നിവർ വലംതലയും ചന്ദ്രൻ പത്മനാഭൻ, സൂരജ് ചന്ദ്രലാൽ, ജയമുരളി നായർ, നാരായണൻ എന്നിവർ ഇലത്താളം കൈകാര്യം ചെയ്തു. പൂർവ വിദ്യാർഥി ബിജു ചെറുപ്പൊയില്ലം അരങ്ങേറ്റ സംഘത്തിനൊപ്പം ചേർന്നു.
രേഷ്മ നാരായണസ്വാമി, രക്ഷിത എന്നിവർ എംസി ചെയ്ത് ലിവർമോർ ലാസ് പോസിറ്റാസ് കോളജ് ഓഡിറ്റോറിയത്തിൽ വർണഗംഭീരമായി നടന്ന പരിപാടിയിൽ കലാമണ്ഡലം ശിവദാസിന്റെ നിലവിലെ വിദ്യാർഥികളും മുൻ വിദ്യാർഥികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 350ലധികം ആളുകൾ പങ്കെടുത്തു.
ബേ ഏരിയ ആർട്ടിസ്റ്റ് റോഷ്നി പിള്ള, മൗണ്ടൻ ഹൗസ് സ്പോർട്സ് ആൻഡ് റിക്രിയേഷൻ ക്ലബിന്റെ സ്ഥാപകൻ സുരേഷ് വുയ്യൂരു, ലിവർമോർ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് പള്ളി വികാരി ഫാ. തോമസ് കോര എന്നിവർ ആശംസകൾ നൽകി.
|