ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ കത്തിക്കാളുന്ന വിഷയങ്ങളേറെയുണ്ട്, വിവാദങ്ങളും. വിവാദങ്ങളാണ് പണത്തൂക്കം മുന്നില്‍. നാണ്യപ്പെരുപ്പം, കുടിയേറ്റം, ഗര്‍ഭച്ഛിദ്രം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഏറ്റുമുട്ടുന്നു.
വ്യക്തിഹത്യ, വംശീയത, വര്‍ഗീയത, ഭിന്നലിംഗക്കാര്‍ തുടങ്ങിയവ അടിയൊഴുക്കുകളാണ്. ഏറ്റവും വലിയ സൈനികശക്തിയെ ഒരു വനിത നയിക്കണോയെന്ന ചോദ്യവും ഉയരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ സഖാവായും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനെ സ്ത്രീലമ്പടനായും മറ്റും വിശേഷിപ്പിച്ചുള്ള ആക്രമണവും തകൃതി.
കുടിയേറ്റരാജ്യം എന്നറിയപ്പെടുന്ന അമേരിക്കയില്‍ ഇപ്പോള്‍ കുടിയേറ്റം വിവാദവിഷയമാണ്. 2022ല്‍ രാജ്യത്ത് 461 ലക്ഷം കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നു അമേരിക്കന്‍ ജനതയുടെ 13.8 ശതമാനം. ഇവരില്‍ ഏറ്റവും കൂടുതല്‍ മെക്സിക്കോയില്‍നിന്നാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാമത്ത് ചൈനയുമുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ 110 ലക്ഷം. ഇതില്‍ 40 ലക്ഷവും മെക്സിക്കോയില്‍നിന്ന്.
കുടിയേറ്റം മൂലം തദ്ദേശവാസികളുടെ ജോലിസാധ്യതകള്‍ ഇല്ലാതാകുന്നു എന്നതാണ് പ്രധാന ആക്ഷേപം. മെക്സിക്കോ അതിര്‍ത്തിയില്‍ മുപ്പതടി ഉയരമുള്ള മതില് കെട്ടിയും കൂടുതല്‍ പട്ടാളത്തെ നിയോഗിച്ചും മറ്റും കുടിയേറ്റം ഭാഗികമായി നിയന്ത്രിക്കുന്നു. റിപ്പബ്ലിക്കന്‍സ് കടുത്ത നിലപാടെടുക്കുമ്പോള്‍ ഡെമോക്രാറ്റുകള്‍ മയപ്പെടുത്തിയാണ്.
ഗര്‍ഭച്ഛിദ്ര നിയന്ത്രണം ഏറ്റവും ചൂടേറിയ വിഷയമാണ് ഇത്തവണ. രാജ്യമെമ്പാടും നിലനിന്ന ഗര്‍ഭച്ഛിദ്ര അവകാശം സുപ്രീംകോടതി 2022ല്‍ റദ്ദാക്കിയതിനുശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പാണ്. ഇപ്പോള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിയമമാണുള്ളത്. ഗര്‍ഭച്ഛിദ്ര അവകാശത്തിനുവേണ്ടി ഡെമോക്രാറ്റുകളും, പാടില്ലെന്ന് റിപ്പബ്ലിക്കന്‍സും വാദിക്കുന്നു.
വിലക്കയറ്റവും നാണ്യപ്പെരുപ്പവും സാധാരണക്കാരെ ഏറെ ബാധിച്ചിട്ടുണ്ട്. ഭവന, ഊര്‍ജ മേഖലകളെ വിലക്കയറ്റം പൊള്ളിക്കുന്നു. വായ്പാനിരക്ക് കൂടിയതോടെ വാടകയും കുതിച്ചുയര്‍ന്നു. തൊഴിലുകള്‍ ലഭ്യമാണെങ്കിലും ശമ്പളവര്‍ധനയില്ല. സ്ഥിരജോലിക്കു പകരം കരാര്‍ ജോലികളാണുള്ളത്. 2009ല്‍ നിശ്ചയിച്ച, മണിക്കൂറില്‍ 7.25 ഡോളര്‍ വേതനം എന്ന നിരക്ക് കാലോചിതമാക്കിയില്ല. പല സംസ്ഥാനങ്ങളിലും പല രീതിയിലാണ് മിനിമം വേതനം.
അമേരിക്കയുടെ ദേശീയകടം കുതിച്ചുയര്‍ന്ന് 34.8 ട്രില്യന്‍ ഡോളറാണ്. ആഭ്യന്തര ഉത്പാദനവും കടവും തമ്മിലുള്ള അനുപാതം 122 ശതമാനം എന്ന ഉയര്‍ന്ന നിലയില്‍. സര്‍ക്കാരിന്റെ ചെലവുകള്‍, നികുതി ഇളവുകള്‍, സാമൂഹ്യക്ഷേമ പദ്ധതികള്‍, കോവിഡ് കാലത്തെ പദ്ധതികള്‍ തുടങ്ങിയ പല കാരണങ്ങളാലാണ് കടം വര്‍ധിച്ചത്.
ആനുകൂല്യങ്ങള്‍ തുടരണമെന്നാണ് ഭരണകക്ഷിയായ ഡെമോക്രാറ്റുകളുടെ നിലപാട്. വിവിധ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും യുദ്ധങ്ങളും മൂലം അവിടേക്കൊഴുകുന്ന സാമ്പത്തിക, സൈനിക സഹായങ്ങൾ അമേരിക്കന്‍ ട്രഷറിയെ സാരമായി ബാധിച്ചു.
65 വയസിനു മുകളിലുള്ള അമേരിക്കന്‍ പൗരന്മാര്ക്കു സൗജന്യമായി നല്കുന്ന മെഡികെയര്‍, ഒബാമകെയര്‍ എന്നറിയപ്പെടുന്ന സമ്പൂര്‍ണ ആരോഗ്യസംരക്ഷണ പദ്ധതി, മരുന്നുവിലവര്ധന തുടങ്ങിയവ പരിഷ്കരിക്കണമെന്ന മുറവിളിയുണ്ട്.
പാരീസില്‍ നടന്ന ആഗോള കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്തില്ലെന്നു മാത്രമല്ല, കാലാവസ്ഥാവ്യതിയാനം തട്ടിപ്പാണെന്നുവരെ പറയുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടത്തില്‍ അമേരിക്ക കൈകോര്‍ക്കണം എന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്.
|