ബെര്‍ലിന്‍: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യൂറോപ്പിലുടനീളമുള്ള യാത്രക്കാര്‍ എല്ലാ വിമാനത്താവളങ്ങളിലും ദ്രാവകങ്ങള്‍ ഇലക്രേ്ടാണിക് ഉപകരണങ്ങള്‍ തുടങ്ങിയവ ഹാന്‍ഡ് ലഗേജ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തി നേടിയിരുന്നുവെങ്കിലും സെപ്റ്റംബര്‍ ഒന്നു മുതല്‍ ജര്‍മനി ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളില്‍ ലിക്വിഡ് ലിമിറ്റ് റൂള്‍ വീണ്ടും പുനസ്ഥാപിച്ചു.
യൂറോപ്പിലെ എയര്‍പോര്‍ട്ടുകളില്‍ ഇതിനകം തന്നെ പുതിയ ഹൈടെക് സ്കാനറുകള്‍ യാത്രക്കാര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ ലിക്വിഡ് റൂള്‍ കൂടുതല്‍ കാര്യക്ഷമമായി സൗകര്യപ്രദമാവുമെന്നാണ് അധികാരികളുടെ കണക്കുകൂട്ടല്‍.
ഹാന്‍ഡ് ബാഗ് സാധനങ്ങളില്‍ ഉള്‍പ്പെടുന്ന ഇത്തരം സാമഗ്രികള്‍ എല്ലാംതന്നെ സെക്യൂരിറ്റി പരിശോധനയ്ക്ക് മുന്‍പ് സുതാര്യമായ പ്ലാസ്റ്റിക് ബാഗില്‍ നിക്ഷേപിച്ച് വേണം എക്റേയ്ക്ക് വിധേയമാക്കാന്‍.
ഇയുവിന്റെ തീരുമാനത്തെത്തുടര്‍ന്ന്, വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ ദ്രാവകങ്ങള്‍ക്ക് 100 മില്ലിലിറ്റര്‍ എന്ന പരിധി ഏര്‍പ്പെടുത്തി. എയറോസോള്‍, ഷവര്‍ ജെല്‍, ഹെയര്‍ സ്പ്രേ, ലിപ് ഗ്ളോസ്, ലോഷന്സ്, മസ്ക്കാരം, ഷേവിംഗ് ക്രീംസ്, സ്പ്രേ ഡിയോഡറന്റ്, ഓയിലുകള്‍, പെര്‍ഫ്യൂമുകള്‍, ടൂത്ത് പെയിസ്റ്റ് എന്നിവയും ഇതില്‍ ഉള്‍പ്പെടും.
അതുമാത്രമല്ല കൊച്ചു കുട്ടികള്‍ക്കുള്ള പാനീയങ്ങള്‍ക്ക് ഇളവുണ്ടെങ്കിലും ഇതും സുതാര്യമായ പ്ളാസ്റ്റിക് ബാഗുകളില്‍ സുരക്ഷിതമാക്കി വേണം സെക്യൂരിറ്റി ചെക്കിന് നല്കാന്. 100 മില്ലി ലിറ്ററില്‍ കൂടാത്ത ബോട്ടിലുകളില്‍ ദ്രാവകങ്ങള്‍ മാത്രമേ എടുക്കാവൂ, പരമാവധി ഒരു ലിറ്റര്‍ ശേഷിയുള്ള റീക്ളോസ് ചെയ്യാവുന്ന ബാഗിനുള്ളില്‍ ആയിരിക്കണം.
മരുന്നുകള്ളും ശിശു ഉത്പന്നങ്ങളും 100 മില്ലിയില്‍ കൂടുതല്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്ന് ഉണ്ടെങ്കില്‍, ഒരു സുരക്ഷാ ഏജന്റ് അത് കാണാന്‍ ആവശ്യപ്പെടുകയാണെങ്കില് ഡോക്ടറുടെ കുറിപ്പടി കൂടെ കൊണ്ടുവരാന്‍ നിര്‍ദേശിക്കുന്നു.
ഇയു വിമാനത്താവളങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ ഇഡിഎസ്സിബി സിസ്റ്റങ്ങളുടെ ഭാഗമായി സ്കാനറുകളുടെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നതിന് ശേഷമാണ് ഇത്തരമൊരു നടപടി ഇയു കമ്മീഷന് പുന:സ്ഥാപിച്ചത്.
ഇയു എയര്‍പോര്‍ട്ടുകളില്‍ ക്യാബിന് ബാഗേജ് (ഇഡിഎസ്സിബി) വേണ്ടിയുള്ള എക്സ്പ്ളോസീവ് ഡിറ്റക്ഷന്‍ സിസ്റ്റംസ് ഉപയോഗിച്ച് യൂറോപ്യന്‍ കമ്മീഷന് ലിക്വിഡ് സ്ക്രീനിംഗില്‍ താത്കാലികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്നാണ് പത്രക്കുറിപ്പില്‍ ഇയു അറിയിച്ചത്.
ഹാന്‍ഡ് ലഗേജ് ആയി ഇനി രണ്ട് ബാഗുകള്‍ മാത്രമേ അനുവദിക്കു. ഒരു യാത്രാക്കാരന് രണ്ട് ബാഗുകള്‍ മാത്രമാണ് കാരി ഓണ്‍ ലഗേജായി അനുവദിച്ചിട്ടുളളത്. ഇതില്‍ ഒന്ന് ഹാന്‍ഡ് ലഗേജും മറ്റൊന്ന് ബാക് പാക് അല്ലെങ്കില്‍ റുക്ക് സാക്ക്, അല്ലെങ്കില്‍ ഷോള്‍ഡര്‍ ബാഗ് പോലുളള ചെറിയ ഹാന്‍ഡ് ബാഗും ഉള്‍പ്പെടും.
എന്നാല്‍ ഹാന്‍ഡ് ബാഗിലുള്ള ലെഗേജിന്റെ തൂക്കം വെറും 10 കിലോ മാത്രം ആയിരിയ്ക്കും. മാത്രമല്ല ക്യാബിന് ബാഗിന്റെ വലിപ്പവും ഇപ്പോള്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. 55 X 40X20 എന്ന അളവിലുള്ള ബാഗ് ആആിരിയ്ക്കണം.
അതേസമയം ബാക് അപ്, റുക്ക് സാക്, ലാപ് ടോപ്പ് ബാഗുകളുടെ വലിപ്പം 40 X 30 x 15 എന്ന അളവിലുള്ളതായിരിക്കണം. എന്നാല്‍ ബാക്ക് പാക് പോലുള്ളവ യാത്രാ സീറ്റിന്റെ അടിയില്‍ ഒതുക്കി വയ്ക്കാന്‍ പാകത്തിലുള്ളവ ആയിരിക്കണമെന്നും നിയമം പറയുന്നു.
ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ ഡസന്‍ കണക്കിന് പുതിയ സ്കാനറുകള്‍ ഉണ്ട്. മ്യൂണിക്ക്, ബര്‍ലിന്‍, ഹാംബുര്‍ഗ്, കൊളോണ്‍ എന്നിവയുള്‍പ്പെടെ ജര്‍മനിയിലെ മറ്റ് ചില വിമാനത്താവളങ്ങളിലും ഈ സ്കാനറുകള്‍ ഉടൻ തന്നെ സ്ഥാപിക്കും.
സെപ്റ്റംബര്‍ ഒന്ന് മുതല്‍, എല്ലാ യാത്രക്കാരുടെ സുരക്ഷാ ചെക്ക്പോസ്റ്റുകളിലും (സിടി സ്കാനറുകള്‍ ഉള്‍പ്പെടെ) ലിക്വിഡ് എടുക്കുന്നതിനുള്ള യൂറോപ്യന്‍ യൂണിയന് വ്യാപകമായ നിയന്ത്രണം വീണ്ടും ബാധകമാക്കി. കൂടാതെ ജര്‍മനിയിലെ എല്ലാ വിമാനത്താവളങ്ങളിലും കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും ഇപ്പോള്‍ നിലവിലുണ്ട്.
നാട്ടില്‍ നിന്നും വരുന്നവര്‍ നാട്ടിലെ പച്ചക്കറികള്‍, മറ്റു പലവ്യജ്ഞന സാധനങ്ങള്‍ എല്ലാം തന്നെ പിടിയ്ക്കപ്പെടും. ഇതിന്റെ വില കണക്കുകൂട്ടി ചിലപ്പോള്‍ പിഴയും ഒടുക്കേണ്ടി വരും എന്ന കാര്യം മറക്കണ്ട.
നാട്ടില്‍ നിന്നും ആരെങ്കിലും പലവ്യജ്ഞന സാമഗ്രികളുമായി ജര്‍മനിയിലെ എയര്‍പോര്‍ട്ടുകളിലൂടെ ചെക്കിംഗിനു വിധേമാവാതെ, പിടിക്കപ്പെടാതെ പുറത്തു വന്നെങ്കില്‍ അത് അവരുടെ ഭാഗ്യമായി കരുതുക.
യൂറോപ്യന്‍ കമ്മീഷന് ഡയറക്ടറേറ്റ് ജറല്‍ ഫോര്‍ മൊബിലിറ്റി ആന്‍ഡ് ട്രാന്‍സ് പോര്‍ട്ടാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയത്. ഈ ലിക്വിഡ് ലിമിറ്റ് റൂള്‍ "താത്കലികം' എന്ന് പുനരവതരിപ്പിക്കുന്നതിനെ ഇയു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അത് എത്ര കാലത്തേക്ക് നിലവിലുണ്ടാകുമെന്ന് വ്യക്തമല്ല.
|