കോട്ടയം: ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരം മേരി അലക്സിന്(മണിയാ) ലഭിച്ചു. 202223 ലെ സാഹിത്യ മത്സരത്തിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ധാരാളം കൃതികൾ ലഭിച്ചതിൽ ഡിസി ബുക്ക്സ് പ്രസിദ്ധികരിച്ച മേരി അലക്സ് തിരുവഞ്ചൂറിന്റെ "എന്റെ കാവ്യ രാമചനകൾ' എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
മണിയ സ്വദേശ വിദേശ മാധ്യമങ്ങളിൽ ധാരാളം കവിതകൾ, കഥകൾ, നോവൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. "ഈ വസന്തം നിനക്ക് മാത്രം' (നോവൽ എംഎംസി ബുക്ക്സ്), "കൂടു വിട്ട കൂട്ടുകാരൻ'(ബാല സാഹിത്യം, കൈരളി ബുക്ക്സ്), "എനിക്ക് ഞാൻ മാത്രം' (കഥകൾ, കൈരളി ബുക്ക്സ്), "അവളുടെ നാട്' (കഥകൾ, എൻബിഎസ്), "മനസ് പാഞ്ഞ വഴിയിലൂടെ' (കഥകൾ, കെപി ആമസോൺ പബ്ലിക്കേഷൻ) എന്നിവയാണ് പ്രധാനകൃതികൾ.
മണിയയുടെ "എന്റ കാവ്യരാമ രചനകൾ' മാനുഷികമൂല്യങ്ങൾ നിറഞ്ഞ ഹൃദയത്തുടിപ്പുള്ള അക്ഷരമാലയിൽ കോർത്തിണക്കിയ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും മാതൃ സ്പർശം നൽകുന്ന കവിതകളെന്ന് ജൂറി അംഗംങ്ങളായ ഡോ.പോൾ മണലിൽ, കാരൂർ സോമൻ (ലണ്ടൻ), മാത്യു നെല്ലിക്കുന്ന് (അമേരിക്ക), ഡോ.ജയ ദേവൻ എന്നിവർ അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ എൽഎംസി സ്വദേശവിദേശ സാഹിത്യപുരസ്കാരത്തിന് അർഹരായവർ കാക്കനാടൻ, ബേബി കാക്കശേരി, (സ്വിറ്റ്സർലൻഡ്), കാരൂർ സോമൻ (ലണ്ടൻ), സിസിലി ജോർജ് (ഇംഗ്ലണ്ട്), ബാബു കുഴിമറ്റം, വിശ്വം പടനിലം, മിനി സുരേഷ്, ജി.സാം (വിദ്യാഭ്യാസം, ജീവകാരുണ്യം), എൻ. ഷെരിഫ് (വിദ്യാഭ്യാസം, ജീവകാരുണ്യം) എന്നിവർക്കാണ്.
കോട്ടയത്ത് ഈ മാസം 14ന് നടക്കുന്ന ചടങ്ങിൽ 25,000 രൂപയും പ്രശസ്തി പത്രവും ഫല കവും പുരസ്കാരമായി നൽകുമെന്ന് പ്രസിഡന്റ് സണ്ണി പത്തനംതിട്ട, സെക്രട്ടറി ശശി ചെറായി എന്നിവർ അറിയിച്ചു.
സാഹിത്യ സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി 2005 മുതൽ നില കൊള്ളുന്ന സംഘടനയാണ് ലണ്ടൻ മലയാളി കൗൺസിൽ.
|