ലണ്ടൻ: കെപിസിസിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ(ഒഐസിസി) പ്രവർത്തനം യുകെയിൽ ഉടനീളം വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനും ജനറൽ സെക്രട്ടറി എം.എം. നസീറും യുകെയുടെ സംഘടന ചുമതല ഏറ്റെടുത്തുകൊണ്ട് യുകെയിൽ ഉടനീളമുള്ള പ്രധാന റീജിയണുകൾ സന്ദർശിച്ചു.
ഒഐസിസി യുകെ നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കാനായി യുകെയിൽ എത്തിയതാണ് ഇവർ. ഉമ്മൻ ചാണ്ടി അനുസ്മരണം കെപിസി സി പ്രസിഡന്റ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.
ചാണ്ടി ഉമ്മൻ എംഎൽഎ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു. വി.പി. സജീന്ദ്രൻ, എം.എം. നസീർ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ഒഐസിസി ഗ്ലോബൽ ചെയർമാൻ ജെയിംസ് കൂടൽ,
കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല, ആഷ്ഫോഡ് എംപി സോജൻ ജോസഫ്, ക്രോയ്ഡൻ മുൻ മേയർ മഞ്ജു ഷാഹുൽ ഹമീദ്, ഒഐസിസി യൂറോപ് കോഓർഡിനേറ്റർ സുനിൽ രവീന്ദ്രൻ,
ഐഒസി യുകെ പ്രസിഡന്റ് കമൽ ദളിവാൾ, മലങ്കര ഓർത്തോഡോക്സ് സഭ വൈദിക സെക്രട്ടറി ഡോ. റവ. ഫാ. നൈനാൻ കോശി, കെഎംസിസി ബ്രിട്ടൻ ചെയർമാൻ കരീം മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ബൈജു തിട്ടാല, സോജൻ ജോസഫ് എന്നിവരെ കെപിസിസി അധ്യക്ഷൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഒഐസിസി യുകെ പ്രസിഡന്റ് കെ.കെ. മോഹൻദാസ് അധ്യക്ഷനായിരുന്നു. ഐസിസി യുകെ ജനറൽ സെക്രട്ടറി ബേബി കുട്ടി ജോർജ് സ്വാഗതം ആശംസിച്ചു. വിൽസൺ ജോർജ് നന്ദി അർപ്പിച്ചു.
ഒഐസിസി യുകെ നാഷണൽ കമ്മിറ്റിയിലും വിവിധ റീജിയൺ കമ്മിറ്റികളിലും സംഘടന സംവിധാനം ശക്തിപ്പെടുത്തുമെന്ന് വി.പി. സജീന്ദ്രനും എം.എം. നസീറും അറിയിച്ചു. നാഷണൽ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ചുള്ള കെപിസി സി നിർദേശങ്ങൾ അംഗീകരിച്ചു.
നാഷണൽ, റീജിയണൽ കമ്മിറ്റികളിൽ വനിതകൾക്കും യുവാക്കൾക്കും മതിയായ പ്രാതിനിധ്യം നൽകുമെന്നും നേതാക്കൾ പറഞ്ഞു. കോൺഗ്രസിന്റെ ചരിത്രം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനു വേണ്ടി പഠന ക്ലാസുകൾ സംഘടിപ്പിക്കും.
ദേശീയ നേതാക്കളുടെ അനുസ്മരണങ്ങൾ, ചാരിറ്റി പ്രവർത്തനം, കലാ സാംസ്കാരിക കൂട്ടായ്മകൾ എന്നിവ വിവിധ റീജിയണുകളിൽ സംഘടിപ്പിക്കും. പഠനത്തിനായും തൊഴിൽ തേടിയും എത്തുന്നവരെയും സഹായിക്കുന്നതിന് ഒരു സെല്ലിന് രൂപം നൽകും.
കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ച് യുകെയിൽ എത്തിയവരെ സംഘടിപ്പിക്കുവാനും ബിസിനസുകാർ, നഴ്സുമാർ എന്നിവരെ ഒഐസിസിയിൽ അംഗങ്ങളാക്കുവാൻ ഒരു കർമ പദ്ധതിയും യുകെ ഒഐസിസി രൂപം നൽകും.
കെ.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗം വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എം. നസീർ മുഖ്യപ്രഭാഷണം നടത്തി. ബേബിക്കുട്ടി ജോർജ്, ഷൈനു ക്ലെയർ മാത്യൂസ്, സുജു കെ. ഡാനിയൽ, അപ്പാ ഗഫൂർ, മണികണ്ഠൻ ഐക്കാട്, ജവഹർ, വിൽസൺ ജോർജ് എന്നിവർ പ്രസംഗിച്ചു.
വയനാട് നടന്ന ദുരന്തത്തിൽ ഇരയായവർക്ക് യുകെ മലയാളികൾ കഴിയുന്നത്ര സഹായം നൽകാൻ നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു.
|