കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. മരിച്ചവരിൽ 11 മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇതുവരെയുള്ള വിവരം. ഇവരിൽ ഒന്‍പതു മലയാളികളെ തിരിച്ചറിഞ്ഞു.
മംഗഫ് ഏരിയയിലെ ബ്ലോക്ക് നാലിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കന്പനി ക്യാന്പിൽ ഇന്നലെ പുലർച്ചെ നാലിനാണ് അതിദാരുണ സംഭവമുണ്ടായത്. അതിരാവിലെ പലരും ഉറക്കത്തിലായിരുന്നതാണ് മരണ സംഖ്യ കൂടാനിടയായത്. ഇത്രയധികം പേരുടെ മരണത്തിനിടയാക്കിയ മഹാദുരന്തം കുവൈറ്റിന്റെ സമീപ കാല ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.
കോട്ടയം പാമ്പാടി ഇടിമാലിയിൽ സാബു ഏബ്രഹാമിന്റെയും ഷേർളിയുടെയും മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ വാസുദേവൻ നായരുടെ മകൻ പി.വി. മുരളീധരൻ (54), കൊല്ലം ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള (കലതിവിള) വീട്ടിൽ ഉമ്മറുദീന്റെയും സബീനയുടെയും മകൻ ഷെമീർ (30),
പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്റെ മകൻ ആകാശ് എസ്. നായർ (32), കാസര്‍ഗോഡ് പീലിക്കോട് എരവില്‍ പി. കുഞ്ഞിക്കേളു (58), കാസര്‍ഗോഡ് ചെങ്കള കുണ്ടടുക്കത്തെ കെ.ആര്. രഞ്ജിത് (34) കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ വില്ല പുത്തൻ വീട്ടിൽ ജോർജ് പോത്തന്റെയും വത്സമ്മയുടെയും മകൻ സാജൻ ജോർജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശേരിൽ വർഗീസിന്റെ മകൻ സജു (56), കൊല്ലം കണ്ണനല്ലൂർ വെളിച്ചിക്കാല വടക്കോട്ടു വിളയിൽ ലൂക്കോസ് (സാബു48) എന്നിവർ മരിച്ചതായി സ്ഥിരീകരിച്ചു.
ഫോറൻസിക് പരിശോധനയടക്കമുള്ള നടപടിക്രമങ്ങളെല്ലാം പൂർണമായ ശേഷമേ വിശദമായ വിവരങ്ങൾ പുറത്തുവിടൂ എന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. കുറച്ചു പേർ പൊള്ളലേറ്റാണു മരിച്ചത്. അധികമാളുകളും മുറികൾക്കുള്ളിൽ കുടുങ്ങി ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
മരിച്ചവരിൽ 40 പേർ ഇന്ത്യ ക്കാരാണ്.മലയാളിയുടെ ഉടമസ്ഥതയിലുള്ള കന്പനിയാകയാൽ ജോലിക്കാരിൽ നല്ലൊരു പങ്കും മലയാളികളാണ്. 45 മൃതദേഹങ്ങൾ ദജീജ് മോർച്ചറിയിലും നാലു മൃതദേഹങ്ങൾ അദാൻ ഹോസ്പിറ്റലിലും സൂക്ഷിച്ചിരിക്കുകയാണ്.
രണ്ട് കാസർഗോഡ് സ്വദേശികൾ
കാസര്‍ഗോഡ്: കുവൈറ്റിലെ തീപിടിത്തത്തില്‍ കാസര്‍ഗോഡ് സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. തൃക്കരിപ്പൂര്‍ ഇളമ്പച്ചി തെക്കുമ്പാട് താമസിക്കുന്ന പിലിക്കോട് എരവില്‍ സ്വദേശി പി.കുഞ്ഞിക്കേളു (58), ചെങ്കള കുണ്ടടുക്കത്തെ കെ.ആര്. രഞ്ജിത് (34) എന്നിവരാണ് മരിച്ചത്. എന്‍ബിടിസി ഗ്രൂപ്പിലെ പ്രൊഡക്ഷന്‍ എന്‍ജിനിയറാണ് കുഞ്ഞിക്കേളു. അഞ്ചു മാസം മുമ്പാണ് നാട്ടില്‍ വന്നു തിരിച്ചുപോയത്. പരേതരായ കുഞ്ഞിപ്പുരയില്‍ കേളു അടിയോടി പൊന്മലേരി പാര്‍വതി ദന്പതികളുടെ മകനാണ്. ഭാര്യ: കെ.എന്‍. മണി(ക്ലര്‍ക്ക്, പിലിക്കോട് പഞ്ചായത്ത്). മക്കള്‍: ഋഷികേശ്(പൂനെ), ദേവ് കിരണ്‍ (വിദ്യാര്‍ഥി, എറണാകുളം). സഹോദരങ്ങള്‍: കൃഷ്ണന്, ലക്ഷ്മി, ഭവാനി, രാധ, പരേതനായ രാമചന്ദ്രന്.
രഞ്ജിത് കഴിഞ്ഞ പത്തു വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്നു. ഒരു വര്‍ഷം മുമ്പ് വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് എത്തിയിരുന്നു. കുണ്ടടുക്കത്തെ രവീന്ദ്രൻ രുഗ്മിണി ദന്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: രജീഷ് (ഗള്‍ഫ്), രമ്യ.
ആകാശ് മരിച്ചത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ
പന്തളം: കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ പന്തളം സ്വദേശി മരിച്ചത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ. പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്റെ മകൻ ആകാശ് എസ്. നായരാണ് (32) മരിച്ചത്. തീ പിടിത്തമുണ്ടായ കെട്ടിടത്തിന്റെ നാലാം നിലയിൽ ആകാശും സുഹൃത്തുക്കളായ മൂന്ന് മലയാളികളുമായിരുന്നു താമസിച്ചിരുന്നത്.
പുക നിറഞ്ഞ കെട്ടിടത്തിൽ നിന്നും ആകാശും സുഹൃത്ത് ശങ്കരനും പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ആകാശ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പറയുന്നു. ഒപ്പമുണ്ടായിരുന്ന ശങ്കരൻ രക്ഷപ്പെട്ടു. അവിവാഹിതനായ ആകാശ് എസ്. നായർ എട്ടുവർഷമായി കുവൈറ്റിലാണ്. ഒരു വർഷം മുമ്പ് അവധിക്കു നാട്ടിലെത്തി മടങ്ങിയിരുന്നു. അമ്മ: ശോഭാ കുമാരി. സഹോദരി: സ്വാതി എസ്. നായർ.
ഷെമീർ ആറു വർഷമായി കുവൈറ്റിൽ
കൊല്ലം: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള (കലതിവിള) വീട്ടിൽ ഉമ്മറുദീന്റെയും സബീനയുടെയും മകൻ ഷെമീർ (30) ആറ് വർഷമായി കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഒമ്പത് മാസം മുമ്പാണ് ഷെമീർ നാട്ടിൽ വന്നുപോയത്.
ഇന്നലെ ഉച്ചയോടെയാണ് ഷമീർ മരിച്ച വിവരം ബന്ധുക്കളെ ഷെമീറിന്റെ കുവൈറ്റിലെ സുഹൃത്തുക്കൾ അറിയിച്ചത്.
ഓയൂരിൽ നിന്ന് 14 വർഷത്തിന് മുമ്പാണ് പിതാവ് ശൂരനാട് വടക്ക് വയ്യാങ്കരയിൽ വസ്തുവാങ്ങി വീട് വച്ച് താമസം തുടങ്ങിയത്. അതിന് മുമ്പ് ആലപ്പുഴ താമരക്കുളം നാലുമുക്കിലാണ് താമസിച്ചിരുന്നത്. പത്തനാപുരം സ്വദേശിനി സുറുമിയാണ് ഷെമീറിന്റെ ഭാര്യ. ഇജാസാണ് ഏകസഹോദരൻ.
സ്റ്റെഫിൻ ജോലി ചെയ്തിരുന്നത് സഹോദരനൊപ്പം
പാമ്പാടി: കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച സ്റ്റെഫിൻ ഏബ്രഹാം സാബു സഹോദരനൊപ്പം കുവൈറ്റിൽ എൻജനിയറായി ജോലി ചെയ്യുകയായിരുന്നു. പാമ്പാടി വിശ്വഭാരതി കോളജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇടിമാരിയിൽ സാബു ഏബ്രഹാമിന്റെയും ഷേർളിയുടെയും മകനാണ് സ്റ്റെഫിൻ ഏബ്രഹാം സാബു. നെടുംകുഴി ആർഐടിയിലെ പൂർവ വിദ്യാർഥിയാണ് സ്റ്റെഫിൻ. സഹോദരങ്ങൾ: ഫെബിൻ, കെവിൻ.
സാജൻ ജോർജ് കുവൈറ്റിലെത്തിയത് ഒരു മാസം മുമ്പ്
കുവൈറ്റ് ലേബർ ക്യാമ്പ് ദുരന്തത്തിൽ മരിച്ച കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ് (29) ഒരു മാസം മുമ്പാണ് ജോലി ലഭിച്ചതിനെ തുടർന്ന് കുവൈറ്റിലേക്ക് പോയത്. എംബിഎ ബിരുധദാരിയായ സാജൻ ദുരന്തമുണ്ടായ കമ്പനിയിലെ ജൂനിയർ കെമിക്കൽ എൻജിനിയറാണ്. സഹോദരി: ആൻസി.
സജു 22 വർഷമായി എൻപിടിസി ജീവനക്കാരൻ
കുവൈറ്റിൽ മരിച്ച കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ് 22 വർഷമായി എൻപിടിസി കന്പനിയിൽ ജോലി നോക്കുകയാണ്. ഭാര്യ: ബിന്ദു. രണ്ട് മക്കൾ.
പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ 30 വർഷമായി കുവൈറ്റിൽ ജോലി നോക്കിവരികയായിരുന്നു. ഭാര്യ: ഗീത. മക്കൾ: ഗ്രീഷ്മ, ഗിരീഷ്. മരുമകൻ: ഹരികൃഷ്ണൻ.
നളിനാക്ഷൻ രക്ഷപ്പെട്ടത് വാട്ടർ ടാങ്കിൽ ചാടി
തൃക്കരിപ്പൂർ: കുവൈറ്റിലെ തീപിടിത്തത്തിൽനിന്ന് തൃക്കരിപ്പൂർ ഒളവറ സ്വദേശി ടി.വി. നളിനാക്ഷൻ (58) രക്ഷപ്പെട്ടത് വാട്ടർ ടാങ്കിലേക്ക് എടുത്തുചാടി. തീപിടിത്തമറിഞ്ഞ് മൂന്നാമത്തെ നിലയിൽനിന്ന് വാട്ടർ ടാങ്കിലേക്ക് എടുത്ത് ചാടുകയായിരുന്നു. അരയ്ക്ക് പരിക്കേറ്റ നളിനാക്ഷൻ ചികിത്സയിലാണ്. സാമൂഹ്യപ്രവർത്തകൻ കൂടിയായ നളിനാക്ഷൻ 20 വർഷത്തോളമായി കുവൈറ്റിൽ ജോലി ചെയ്യുന്നു.
49 പേർ ചികിത്സയിൽ
കുവൈറ്റ് സിറ്റി: തീപിടിത്തത്തിൽ പരിക്കേറ്റ 49 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അദാൻ ഹോസ്പിറ്റലിൽ 21 പേരും മുബാറക് ഹോസ്പിറ്റലിൽ 11 പേരുമുണ്ട്. ഫർവാനിയ, ജഹ്റ ഹോസ്പിറ്റലുകളിൽ ആറുപേർ വീതവും ജാബിർ ഹോസ്പിറ്റലിൽ നാലു പേരും അമീരി ഹോസ്പിറ്റലിൽ ഒരാളും ചികിത്സയിലുണ്ട്.
|