|
നൈജീരിയയിൽ 50 തീവ്രവാദികളെ വധിച്ചു
ലാഗോസ്: നൈജീരിയയിൽ സുരക്ഷാഭടന്മാരുമായുള്ള ഏറ്റുമുട്ടലിൽ 50 ബോക്കോഹറാം തീവ്രവാദികൾ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച പട്രോളിംഗ് നടത്തുകയായിരുന്ന ഭടന്മാരെ ഇരുനൂറോളം തീവ്രവാദികൾ വളഞ്ഞതിനെത്തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
സംഭവത്തിൽ ഏഴു ഭടന്മാരെ കാണാതായി. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.
|
സുഡാനിൽ അർധസൈനികവിഭാഗത്തിന്റെ ആക്രമണം; 120 പേർ കൊല്ലപ്പെട്ടു
ഖാർത്തൂം: ആഭ്യന്തര യുദ്ധത്തിൽ വലയുന്ന സുഡാനിൽ അർധസൈനിക വിഭാഗം കഴിഞ്ഞദിവസം നടത്തിയ കൂട്ടക്കൊലയിൽ 120 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തലസ്ഥാനമായ ഖാർത്തൂമിന് തെക്കുഭാഗത്തുള്ള ഗെസിറ സംസ്ഥാനത്തെ അൽസിരേഹ ഗ്രാമത്തിലാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്എഫ്) നേതൃത്വത്തിൽ നരനായാട്ട് നടത്തിയത്.
സുഡാൻ സേനയായ സുഡാൻ ആംഡ് ഫോഴ്സുമായി (എസ്എഎഫ്) ഒരുവർഷത്തിലേറെ ഏറ്റുമുട്ടുകയാണ് ആർഎസ്എഫ്. ആക്രമണത്തിൽ 200 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാരും സാമൂഹിക പ്രവർത്തകരും പറയുന്നു. സമീപകാലത്ത് രാജ്യത്തു നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.
കഴിഞ്ഞ എപ്രിൽ മുതൽ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായി സുഡാനീസ് സായുധ സേനയുമായി (എസ്എഎഫ്) ആർഎസ്എഫ് ഏറ്റുമുട്ടുകയാണ്. ഏറ്റുമുട്ടലിന്റെ മറവിൽ ഇരുസേനകളും സാധാരണക്കാരെ കൊലപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
അൽ ഗെസിറയിലെ കമാൻഡർ കൂറുമാറിയതിനെത്തുടർന്നാണ് ആർഎസ്എഫ് മേഖലയിൽ ആക്രമണം നടത്തിയത്. പുരുഷന്മാരെ ക്രൂരമായി കൊലപ്പെടുത്തുകയും സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്തായും റിപ്പോർട്ടുകളുണ്ട്.
കിഴക്കൻ ഗെസിറയിലെ 30ലധികം ഗ്രാമങ്ങളിൽനിന്ന് പ്രദേശവാസികൾ പലായനം ചെയ്തതായാണു റിപ്പോർട്ടുകൾ. വ്യാപകമായി പൊതുസ്വകാര്യ സ്വത്തുക്കൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.
സുഡാന് സായുധസേന മേധാവി അബ്ദുൾ ഫത്താ അല്‍ബുര്‍ഹാനും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് മേധാവി മുഹമ്മദ് ഹംദാന്‍ ദഗാലോയും തമ്മിലുള്ള അധികാരത്തർക്കമാണ് 2023 എപ്രിൽ 15ന് മറ്റൊരു ആഭ്യന്തരയുദ്ധത്തിലേക്ക് സുഡാനെ കൊണ്ടെത്തിച്ചത്.
അതിദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സുഡാനെ പിടിച്ചുലച്ചതായിരുന്നു 2003 ലെ ആഭ്യന്തര യുദ്ധം. ആ പ്രതിസന്ധികളിൽനിന്ന് ഇനിയും ജനത കരകയറിയിട്ടില്ല. അന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ച ആയിരക്കണക്കിന് ആളുകൾക്ക് 21 വർഷത്തിനിപ്പുറവും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല.
|
സഹാറയിൽ അത്യപൂർവ വെള്ളപ്പൊക്കം
റബാത്ത്: സഹാറ മരുഭൂമിയിൽ അത്യപൂർവ മഴയെത്തുടർന്ന് വെള്ളപ്പൊക്കം. വടക്കനാഫ്രിക്കയിൽ മൊറോക്കോയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള താഗുനൈറ്റ് ഗ്രാമത്തിലാണ് സെപ്റ്റംബറിൽ കനത്ത മഴ അനുഭവപ്പെട്ടത്.
രണ്ടു ദിവസത്തിനിടെ 25 സെന്റിമീറ്റർ മഴ ഇവിടെ പെയ്തു. ഇതിനടുത്ത് അര നൂറ്റാണ്ടായി വരണ്ടുകിടന്ന ഇർഖിൽ തടാകമേഖലയിൽ വെള്ളം നിറഞ്ഞു.
ആഫ്രിക്കയുടെ വടക്ക്, പടിഞ്ഞാറ്, മധ്യ ഭാഗങ്ങളിലായി 90 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന സഹാറ മരുഭൂമി ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശമാണ്.
|
മാര്‍ബര്‍ഗ് വൈറസ്: റുവാണ്ടയിൽ ആറ് ആരോഗ്യപ്രവർത്തകർ മരിച്ചു
റുവാണ്ട: എബോളയ്ക്ക് സമാനമായ അതീവ മാരക വൈറസായ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ആറ് ആരോഗ്യപ്രവര്‍ത്തകർ മരിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണു മരിച്ചവർ.
പ്രധാനമായും പഴംതീനി വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കെത്തുന്ന ഈ രോഗത്തിന് 88 ശതമാനമാണ് മരണനിരക്ക്. രോഗബാധിതരുടെ ശരീരസ്രവവുമായുള്ള സമ്പർക്കത്തിലൂടെ വൈറസ് പടർന്നു പിടിക്കും.
റുവാണ്ടയിൽ ഇതുവരെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണെന്ന് ആരോഗ്യ മന്ത്രി സബിൻ നാൻസിമാന അറിയിച്ചു. 1967ൽ ജർമനിയിലെ മാർബർഗിലും ഫ്രാങ്ക്ഫർട്ടിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് ആദ്യം മാര്‍ബര്‍ഗ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കടുത്ത പനി, ശരീര വേദന, ഛര്‍ദ്ദി, ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം, പേശിവേദന, തലവേദന, മസ്തിഷ്കജ്വരം, നാഡിവ്യവസ്ഥയുടെ സ്തംഭനം, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം തുടങ്ങിയവയാണു രോഗലക്ഷണങ്ങൾ.
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക എന്നതുതന്നെയാണ് പ്രധാന പ്രതിരോധ മാർഗം.
|
സിംബാബ്വെയിൽ കൊടുംവരൾച്ച: ഭക്ഷണത്തിനായി 200 ആനകളെ കൊല്ലും
ഹരാരെ: ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരൾച്ചയിൽ പട്ടിണിയിലായ പൗരന്മാർക്കു ഭക്ഷണാവശ്യത്തിനായി 200 ആനകളെ കൊല്ലുന്നതിന് സിംബാബ്വെ സർക്കാർ അനുമതി നൽകി.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം കടുത്തപട്ടിണി നേരിടുന്നതിനാൽ 200 ആനകളെ കൊല്ലാൻ ലക്ഷ്യമിടുന്നതായി സിംബാബ്വെ പാർക്സ് ആൻഡ് വൈൽഡ് ലൈഫ് അഥോറിറ്റിയുടെ വക്താവ് ടിനാഷെ ഫരാവോ മാധ്യമങ്ങളോടു പറഞ്ഞു.
നീണ്ട വരൾച്ച മൂലമുണ്ടായ ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കാൻ ആനകളെയും മറ്റു വന്യജീവികളെയും കൊല്ലാനുള്ള നമീബിയയുടെ സമീപകാല നീക്കത്തെത്തുടർന്നാണു തീരുമാനം.
പരിസ്ഥിതിപ്രവർത്തകരിൽനിന്നു രൂക്ഷവിമർശനങ്ങൾ ഉയരുന്പോഴും തീരുമാനവുമായി മുന്നോട്ടുപോകുകയാണ് ഇരുരാജ്യങ്ങളും. ബോട്സ്വാന കഴിഞ്ഞാൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ് സിംബാബ്വെ. 84,000ത്തിലധികം ആനകൾ രാജ്യത്തുണ്ട്.
|
സുഡാനിൽ ഷെല്ലാക്രമണം: 21 മരണം
പോര്‍ട്ട് സുഡാന്: ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ തെക്ക്കിഴക്കന്‍ മേഖലയിലെ ചന്തയിലുണ്ടായ ഷെല്ലാക്രമണത്തില്‍ 21 പേര് മരിച്ചു. 67 പേര്‍ക്ക് പരിക്കേറ്റു.
സെന്നാറിലെ ചന്തയിലാണ് ആക്രമണം ഉണ്ടായത്. രാജ്യത്തെ പാരാമിലിട്ടറി വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍എസ്എഫ്) ആണ് ഷെല്ലാക്രമണം നടത്തിയതെന്നാണ് സൂചന.
രാജ്യത്തെ സര്‍ക്കാരുമായി ആര്‍എസ്എഫിന് അഭിപ്രായവ്യത്യാസമുണ്ട്. മുമ്പ് പലതവണ സാധാരണക്കരെ ലക്ഷ്യമിട്ട് ആര്‍എസ്എഫ് ആക്രമണം നടത്തിയിരുന്നു.
|
കെനിയയിൽ സ്കൂൾ ഡോർമിറ്ററിക്കു തീപിടിച്ച് 17 വിദ്യാർഥികൾ മരിച്ചു
നെയ്റോബി: കെനിയയിൽ ബോർഡിംഗ് സ്കൂൾ ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർഥികൾ മരിച്ചു. സെൻട്രൽ കെനിയയിലെ നയേരി കൗണ്ടിയിൽ വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം.
അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവർ പഠിക്കുന്ന സ്കൂളിലെ ഡോർമിറ്ററിയിൽ 150ലേറെ പേർ താമസിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ 14 വിദ്യാർഥികൾ ചികിത്സയിലാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണു കെനിയൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫോറൻസിക് വിദഗ്ധർ ഉൾപ്പെട്ട സംഘം അന്വേഷണം ആരംഭിച്ചു. കുറ്റക്കാർ കർശന നടപടി നേരിടേണ്ടിവരുമെന്നു കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു. തടികൊണ്ടുണ്ടാക്കിയ കെട്ടിടത്തിൽ അതിവേഗം തീ പടർന്നു.
പ്രദേശവാസികളുടെ സഹായത്തോടെയാണു ഫയർഫോഴ്സ് തീയണച്ചത്. കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണെന്നു പോലീസ് പറഞ്ഞു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ട്.
|
ബുർക്കിനോ ഫാസോയിൽ ഭീകരാക്രമണം; 200 പേർ കൊല്ലപ്പെട്ടു
അബുജ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 200ലേറെ നാട്ടുകാരും സൈനികരും കൊല്ലപ്പെട്ടു. 140 പേർക്കു പരിക്കേറ്റു. രാജ്യത്തിന്റെ മധ്യഭാഗത്തെ നഗരമായ കായായ്ക്കു സമീപം ബർസലോഗോ ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു ആക്രമണം.
ജിഹാദി ആക്രമണത്തിൽനിന്നു രക്ഷതേടി വലിയ കിടങ്ങ് കുഴിക്കുന്നതിനിടെയായിരുന്നു ഭീകരരെത്തിയത്. ഡസൻകണക്കിനു മൃതദേഹങ്ങൾ കിടങ്ങിൽ കിടക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും വളരെയേറെ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്.
ഞായറാഴ്ച രാവിലെ പ്രദേശത്തെത്തിയ ആയുധധാരികളായ ഭീകരർ നാട്ടുകാർക്കു നേരേ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽഖ്വയ്ദയുമായി ബന്ധമുള്ള ജമാ അത്ത് നുസ്രത് അൽഇസ്ലാം വാൽമുസ്ലിമിൻ (ജെഎൻഐഎം) ഏറ്റെടുത്തു.
2021നുശേഷം ബുർക്കിനോ ഫാസോയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണു ഞായറാഴ്ചയുണ്ടായത്. 160 പേരാണ് 2021ൽ സോൽഹനിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബുർക്കിനോ ഫാസോയിൽ ജിഹാദി ആക്രമണം നിത്യസംഭവമാണ്.
അൽഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് സംഘടനകളുമായി ബന്ധമുള്ള ഭീകരർ ആയിരക്കണക്കിനു പേരെയാണു കൊന്നൊടുക്കിയത്. 20 ലക്ഷം പേർ പലായനം ചെയ്തു. ഈ വർഷം മാത്രം രാജ്യത്ത് 4500 പേരാണു കൊല്ലപ്പെട്ടത്.
ഭീകരാക്രമണം മൂലം ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ദുരിതമനുഭവിക്കുന്നത് ബുർക്കിനോ ഫാസോയിലാണെന്നാണ് നോർവീജിയൻ അഭയാർഥി കൗൺസിൽ പറയുന്നത്.
|
സുഡാനിൽ കനത്ത മഴയെത്തുടർന്ന് ഡാം തകർന്നു, 60 പേർ മരിച്ചു
കയ്റോ: കിഴക്കൻ സുഡാനിൽ കനത്ത മഴയെത്തുടർന്ന് അർബാത് ഡാം തകർന്നു. 60 പേർ മരിച്ചു. നിരവധി പേരെ കാണാതായി. റെഡ് സീ സ്റ്റേറ്റിലായിരുന്നു അപകടം. നാലു പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
എന്നാൽ, കാണാതായവരുടെ കണക്ക് വ്യക്തമായിട്ടില്ല. 60 പേർ മരിച്ചുവെന്നാണു സുഡാനീസ് വാർത്താ സൈറ്റ് അൽതഗീർ അറിയിച്ചത്. നൂറിലധികം പേരെ കാണാതായെന്ന് മെഡാമീക് ന്യൂസ് ഏജൻസി അറിയിച്ചു.
പോർട്ട് സുഡാൻ നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് തകർന്ന ഡാം സ്ഥിതി ചെയ്യുന്നത്.
|
എത്യോപ്യയില്‍ മണ്ണിടിച്ചില്‍ 10 പേര് കൊല്ലപ്പെട്ടു; 2,400 പേര് ക്യാമ്പുകളില്‍
അംഹാര: വടക്കന്‍ എത്യോപ്യയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 10 ആയി. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്നും ആളുകള്‍ മൃതദേഹം ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അംഹാര മേഖലയിലെ നോര്‍ത്ത് ഗോണ്ടര്‍ സോണിലുണ്ടായ ഉരുള്‍പ്പൊട്ടലിൽ നിരവധി വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 2,400 പേര് ക്യാമ്പുകളിലേക്ക് മാറി. രാജ്യത്തുണ്ടായ അസാധാരണമായ മഴയെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായത്.
ജൂലൈയിൽ എത്യോപ്യയുടെ തെക്കന്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 229 പേരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ എത്യോപ്യയിലെ പര്‍വത പ്രദേശമായ ഗാഫയിലെ കെന്ഷോഷാച്ച പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.
തെരച്ചില്‍ നടക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനത്തനത്തിന് എത്തിയവരും മണ്ണിനടിയില്‍ പെട്ടുപോയതോടെയാണ് മരണ സംഖ്യ കൂടിയത്. കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിൽ തെക്കന്‍ എത്യോപ്യയില്‍ പേമാരിയെത്തുടർന്ന് വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു.
|
സുഡാനില്‍ കോളറ പടരുന്നു: ജാഗ്രതാ നിർദേശം
ഖാര്‍ത്തും: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ കോളറ പടരുന്നു. ഒരാഴ്ചയ്ക്കിടെ 22 പേര് മരിക്കുകയും 354 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു.
മലിനമായ കുടിവെള്ളവും കാലാവസ്ഥയുമാണ് കോളറ വ്യാപനത്തിന് കാരണം. ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് നല്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
2017ല്‍ സുഡാനില്‍ കോളറ വ്യാപനത്തിനെ തുടര്‍ന്ന് 700ലധികം പേരാണ് മരിച്ചത്. 22,000ത്തിലധികം പേര്‍ക്ക് അന്ന് രോഗം ബാധിച്ചിരുന്നു.
|
എം പോക്സ് ഭീതിയിൽ ആഫ്രിക്ക; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് കോംഗോയിൽ എം പോക്സ് (മങ്കി പോക്സ്) അതിതീവ്രമായി പടന്നുപിടിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന.
ആഫ്രിക്കയിലെ എം പോക്സ് വ്യാപനം വലിയ ഭീഷണിയായതോടെയാണ് ആഗോളതലത്തിൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എം പോക്സ് ഇപ്പോൾ ലോകത്തിനുതന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഇതുവരെ 15,000ത്തോളം പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 461 മരണവും റിപ്പോർട്ട് ചെയ്തതായാണു കണക്ക്. കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്. ഇവിടെ 2023 ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണു കണക്ക്.
കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എം പോക്സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയുടെ എറ്റവും ഉയർന്ന ജാഗ്രതാ നിർദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ. മുമ്പ് എച്ച്1 എൻ1, പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ്, എംപോക്സ് എന്നിവ വ്യാപിച്ചപ്പോഴും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
2009 മുതൽ ഇതുവരെ ഏഴു തവണയാണ് ലോകാരോഗ്യസംഘടന ഇത്തരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എം പോക്സിന്റെ കാര്യത്തിൽ ഇതു രണ്ടാം തവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷവും എം പോക്സ് ഭീതിയുടെ സാഹചര്യത്തിൽ ഡബ്ല്യുഎച്ച് ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, പാക്കിസ്ഥാനിൽ മൂന്നു പേർക്ക് എം പോക്സ് സ്ഥിരീകരിച്ചു. അടുത്തനാളിൽ യുഎഇയിൽനിന്ന് എത്തിയവർക്കാണു രോഗം പിടിപെട്ടത്. ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സ്വീഡനിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ യൂറോപ്പിലും അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വിദേശങ്ങളിൽനിന്ന് എത്തുന്നവരെയും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളും കർശന പരിശോധനയ്ക്കു വിധേയമാക്കാൻ ചൈന തീരുമാനിച്ചു.
എം പോക്സ് എന്നാൽ...
മങ്കി പോക്സ് എന്നതിന്റെ മറ്റൊരു പേരാണ് എം പോക്സ്. 1980ൽ ലോകമെന്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്കു സാദൃശ്യമുണ്ട്. വസൂരിക്കു സമാനമായ ശാരീരിക അവസ്ഥ രോഗികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പനി, തീവ്രമായ തലവേദന, നടുവേദന, പേശീവേദന, ഊർജക്കുറവ് എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്.
ഇതിനു പുറമെ കൈപ്പത്തി, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലും കുമിളകൾ പ്രത്യക്ഷപ്പെടും.
കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം പെട്ടെന്ന് പിടിപെടാനുള്ള സാധ്യതയുണ്ട്.
|
നൈജീരിയയിൽ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു
സൂറിക്ക്: നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ ആയാറ്റി ഗ്രാമത്തിൽ ഫുലാനി ഇസ്ലാമിക ഭീകരർ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതായി സ്വിസ് മാധ്യമമായ ലൈവ്നെറ്റ് റിപ്പോർട്ട് ചെയ്തു. ക്രിമിനൽ സംഘങ്ങളുടെ പിന്തുണയോടെ ഫുലാനി ഗോത്രക്കാരായ തീവ്രവാദികൾ ഗ്രാമവാസികളെ ആക്രമിക്കുകയായിരുന്നു.
ഫുലാനി ഗോത്രക്കാർ ഗ്രാമീണരിൽനിന്നു വാങ്ങി എന്നവകാശപ്പെടുന്ന സ്ഥലങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. ആട്ടിടയന്മാരായ നാടോടി ഫുലാനി ഗോത്രക്കാർ മരുഭൂമിവത്കരണം മൂലം ഉൾനാടുകളിലേക്കു പോകുന്നതും കൃഷിക്കാരായ ഗ്രാമവാസികളുമായി സംഘർഷത്തിലേർപ്പെടുന്നതും പതിവാണ്.
നൈജീരിയയുടെ പല ഭാഗങ്ങളിലും സഹാറ മരുഭൂമിയോടു ചേർന്നു കിടക്കുന്ന മറ്റു രാജ്യങ്ങളിലും വസിക്കുന്ന ഫുലാനി ഗോത്രക്കാർ നിരവധി വംശങ്ങളിൽപ്പെടുന്നവരാണ്. ഫുലാനികളിൽ ഭൂരിപക്ഷവും മുസ്ലിംകളാണ്.
അവരിലുള്ള ആയുധധാരികളായ തീവ്രവാദികളാണ് നൈജീരിയയിലെയും അയൽ രാജ്യങ്ങളിലെയും ക്രൈസ്തവരെ ആക്രമിക്കുന്നത്. 2023ൽ മാത്രം 4118 ക്രൈസ്തവരെയാണ് നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികൾ കൊന്നൊടുക്കിയത്. ക്രൈസ്തവർക്ക് ലോകത്തിൽ ഏറ്റവും അപകടകരമായ രാജ്യമാണ് നൈജീരിയ.
|
മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞു; 15 മരണം
നൗക്ചോറ്റ്: ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞ് 15 പേര് മരിച്ചു. 150 ലേറെ പേരെ കാണാതായി. രാജ്യതലസ്ഥാനമായ നൗക്ചോറ്റിന് സമീപമാണ് ബോട്ട് മറിഞ്ഞത്.
300 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞത്. 120 പേരെ മൗറിറ്റാനിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു.
കാണാതായവര്‍ക്കുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
|
പിരമിഡുകളുടെ എണ്ണത്തിൽ മുന്പൻ സുഡാൻ
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
|
നൈജീരിയയിൽ സ്ഫോടനപരന്പര; 18 മരണം
ലാഗോസ്: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തുണ്ടായ സ്ഫോടനപരന്പരയിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും 30 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ബോക്കോ ഹറാം ഭീകരരുടെ ശക്തികേന്ദ്രമായ മേഖലയിലെ ഗ്വോസാ പട്ടണത്തിൽ ശനിയാഴ്ച വിവാഹ, മരണ ചടങ്ങുകളിലും ആശുപത്രിയിലും ചാവേർ സ്ഫോടനങ്ങൾ ഉണ്ടാകുകയായിരുന്നു.
വനിതാ ചാവേറാണ് ആക്രമണം നടത്തിയതെന്നു സൂചനയുണ്ട്. മരണസംഖ്യ 30 ആയെന്നാണു സോഷ്യൽ മീഡിയയിലെ റിപ്പോർട്ട്. മരിച്ചവരിൽ കുട്ടികളും ഗർഭിണിയും ഉൾപ്പെടുന്നു. വിവാഹവേദിയിലുണ്ടായ സ്ഫോടനത്തിൽ ആറു പേരാണു കൊല്ലപ്പെട്ടത്.
ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പതിനഞ്ചു വർഷത്തോളം ബോക്കോ ഹറാം ഇസ്ലാമിക ഭീകരരുടെ ആക്രമണം നേരിട്ട മേഖലയാണ് ബോർണോ. സ്ഫോടനങ്ങൾ നടന്ന ഗ്വോസാ പട്ടണം 2014ൽ തീവ്രവാദികൾ നിയന്ത്രണത്തിലാക്കിയെങ്കിലും അടുത്തവർഷം നൈജീരിയൻ സേന തിരിച്ചുപിടിച്ചു.
ഭീകരർ പട്ടണത്തോടു ചേർന്ന സ്ഥലങ്ങളിൽ ആക്രമണം നടത്തുകയും ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലായി നൈജീരിയയിൽ ഭീകരാക്രമണങ്ങളിലായി 40,000 പേർ കൊല്ലപ്പെടുകയും 20 ലക്ഷം പേർ നാടുവിടേണ്ടിവരികയും ചെയ്തിട്ടുണ്ട്.
ചാഡ്, നൈജർ, കാമറൂൺ തുടങ്ങിയ അയൽരാജ്യങ്ങളിലും ബോക്കോ ഹറാമിന്റെയും ഇതര ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകളുടെയും ആക്രമണം വ്യാപിക്കുന്നുണ്ട്.
|
വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി
ജോഹന്നാസ്ബെർഗ്: വംശീയാധിക്ഷേപം നടത്തിയ ദക്ഷിണാഫ്രിക്കൻ എംപി പുറത്താക്കപ്പെട്ടു. ഡെമോക്രാറ്റിക് അലയൻസ് (ഡിഎ) പാർട്ടി അംഗം റെനാൾഡോ ഗൗസ് ആണു നടപടി നേരിട്ടത്.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻഎസി) പാർട്ടി ഡിഎയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ച് ദിവസങ്ങൾക്കകമാണു സംഭവം.
ഇയാൾ കറുത്ത വംശജരെ അധിക്ഷേപിക്കുകയും കൊല്ലണമെന്നാവശ്യപ്പെടുകയും ചെയ്ത വീഡിയോകൾ പുറത്തുവരികയായിരുന്നു. വീഡിയോകൾ വ്യാജമല്ലെന്നു ഡിഎ നേതൃത്വം കണ്ടെത്തി.
വെള്ളക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണു ഡിഎ പാർട്ടി പ്രവർത്തിക്കുന്നതെന്ന ആരോപണം നേരിടുന്നുണ്ട്.
|
പോലീസുകാരന്റെ വെടിയേറ്റ് മജിസ്ട്രേറ്റിനു ദാരുണാന്ത്യം
നെയ്റോബി: കോടിതിമുറിയിൽ പോലീസുകാരന്റെ വെടിയേറ്റ മജിസ്ട്രേറ്റ് മരിച്ചു. കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ വ്യാഴാഴ്ചയാണ് സംഭവം. പ്രിൻസിപ്പൽ മജിസ്ട്രേട്ട് മോണിക്ക കിവൂട്ടിക്കു നേർക്ക് പോലീസ് ഉദ്യോഗസ്ഥനായ സാംസൺ കിപ്രൂട്ടോ വെടിയുതിർക്കുകയായിരുന്നു.
മജിസ്ട്രേറ്റ് ഇയാളുടെ ഭാര്യക്കു ജാമ്യം അനുവദിക്കാതിരുന്നതാണ് പ്രകോപനമായത്. കോടതിയിലുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ സംസനെ വെടിവച്ചുകൊന്നു. സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു.
ഗുരുതര പരിക്കേറ്റ മജിസ്ട്രേറ്റ് മോണിക്ക പിറ്റേന്നാണ് മരണത്തിനു കീഴടങ്ങിയത്. സാംസന്റെ ഭാര്യക്കെതിരേയുള്ള പണാപഹരണക്കേസാണ് കോടതി പരിഗണിച്ചത്.
|
മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ കൊല്ലപ്പെട്ടു
ലൈലോംഗ്വൊ: തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. മലാവി പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിമാനത്തില്‍ ചിലിമയെ കൂടാതെ മറ്റ് ഒമ്പത് യാത്രക്കാരുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വിമാനം കഴിഞ്ഞ ദിവസം കാണാതാവുകയായിരുന്നു.
തലസ്ഥാനമായ ലൈലോംഗ്വൊയില് നിന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതിന് പുറപ്പെട്ട വിമാനവുമായുള്ള ബന്ധം റഡാറിന് നഷ്ടപ്പെടുകയായിരുന്നു.
|
മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി
ലൈലോംഗ്വൊ: തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ സഞ്ചരിച്ച വിമാനം കാണാതായി. മലാവി പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിമാനത്തില്‍ ചിലിമയെ കൂടാതെ മറ്റ് ഒമ്പത് യാത്രക്കാരുണ്ടായിരുന്നു. വിമാനം കണ്ടെത്താനുള്ള തിരച്ചില്‍ നടന്നുവരികയാണ്. തലസ്ഥാനമായ ലൈലോംഗ്വൊയില് നിന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതിന് പുറപ്പെട്ട വിമാനവുമായുള്ള ബന്ധം റഡാറിന് നഷ്ടപ്പെടുകയായിരുന്നു.
വിമാനം രാവിലെ പത്തിന് മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. വിവരമറിഞ്ഞ് മലാവി പ്രസിഡന്റ് ലസാറസ് ചക്വേര, ബഹാമസിലേക്കുള്ള തന്റെ യാത്ര റദ്ദാക്കി. വിമാനം എവിടെയാണെന്ന് കണ്ടെത്താൻ പ്രാദേശിക, ദേശീയ സേനകൾക്ക് പ്രസിഡന്റ് ലസാറസ് ചക്വേര നിർദേശം നൽകി.
വിമാനം റഡാറിൽ നിന്ന് പോയതുമുതൽ വിമാനവുമായി ബന്ധപ്പെടാനുള്ള വ്യോമയാന അധികൃതരുടെ എല്ലാ ശ്രമങ്ങളും ഇതുവരെ പരാജയപ്പെട്ടതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
|
യുദ്ധം: സുഡാനിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് മാർപാപ്പ
വത്തിക്കാൻ: യുദ്ധക്കെടുതി മൂലം വലയുന്ന സുഡാനിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. “ഒരു വർഷമായി യുദ്ധത്താൽ വലയുന്ന സുഡാൻ ജനതയ്ക്കുവേണ്ടി പ്രാർഥിക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.
ഇനിയുമൊരു പരിഹാരവുമാകാതെ യുദ്ധം തുടരുകയാണ്. ആയുധങ്ങൾ നിശബ്ദമാക്കപ്പെടട്ടെ’’ ഇന്നലെ ത്രികാല ജപത്തിനു ശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ തീർഥാടകരെ അഭിസംബോധന ചെയ്തു മാർപാപ്പ പറഞ്ഞു.
ലോകനേതാക്കൾ ഇടപെട്ട് യുദ്ധത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്നും യുദ്ധം മൂലം ലക്ഷണക്കണക്കിന് ആളുകളാണ് അഭയാർഥികളായതെന്നും ഇവർക്ക് അഭയം നൽകാൻ അയൽരാജ്യങ്ങൾ തയാറാകണമെന്നും മാർപാപ്പ അഭ്യർഥിച്ചു.
യുക്രെയ്ൻ, പലസ്തീൻ, മ്യാൻമർ, ഇസ്രയേൽ എന്നിവിടങ്ങളിൽ സമാധാനത്തിനായും മാർപാപ്പ പ്രാർഥിച്ചു. പ്രകോപനങ്ങൾ ഒഴിവാക്കി ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കൾക്കു കഴിയട്ടേയെന്ന് മാർപാപ്പ പറഞ്ഞു.
|
സൗത്ത് സുഡാനിൽ വൈദികൻ കൊല്ലപ്പെട്ടു
റോം: സൗത്ത് സുഡാനിലെ തോംബുറ യാംബിയോ രൂപതയിൽനിന്ന് കഴിഞ്ഞമാസം 27ന് കാണാതായ ഫാ. ലൂക്ക് യുഗ്വെ ബോകൂസയും അദ്ദേഹത്തിന്റെ ഡ്രൈവർ മൈക്കിൾ ബെക്കോയും കൊല്ലപ്പെട്ടതായി രൂപത ബിഷപ് ഡോ. എഡ്വേർഡ് കുസ്സാല അറിയിച്ചു.
നഗേറോയിൽനിന്നു തോംബുറയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇവരെ കാണാതായത്. ഇവരുടെ സംസ്കാരം ഇന്നു നടക്കും. വൈദികന്റെ കൊലപാതകത്തിനു പിന്നിൽ വംശീയ, രാഷ്ട്രീയ കാരണങ്ങളാണെന്ന് ആരോപിച്ച് പ്രതികാരം ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധിപേർ ആവശ്യപ്പെട്ടിരുന്നു.
പ്രതികാരം ക്രിസ്തീയമല്ലെന്നും സമാധാനം പുലർത്തണമെന്നും ബിഷപ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ബിഷപ്പിന്റെ ആവശ്യപ്രകാരം പ്രദേശത്തു സമാധാനം നിലനിർത്താൻ പ്രസിഡന്റ് സൈനികരെ നിയോഗിച്ചിട്ടുണ്ട്.
നൈജീരിയയിൽ വൈദികനെ തട്ടിക്കൊണ്ടുപോയി
അബൂജ: നൈജീരിയയിൽ ഒരാഴ്ചക്കകം രണ്ടാമതൊരു വൈദികനെക്കൂടി ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. അദാമാവാ സംസ്ഥാനത്തെ യോളാ രൂപത ബിഷപ് ദാമി മാസയാണ് ഇക്കാര്യം അറിയിച്ചത്.
ഫാ. ഒലിവർ ബൂയെയാണ് ഏറ്റവുമൊടുവിൽ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 21നായിരുന്നു സംഭവം. കഴിഞ്ഞ 15ന് ഫാ. ബേസിൽ സുസുവോയെ തട്ടിക്കൊണ്ടുപോയിരുന്നു. വൻതുക മോചനദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ പതിവാണ്.
സ്കൂളുകളിലും കോളജുകളിലുംനിന്ന് വിദ്യാർഥികളെ കൂട്ടമായും തട്ടിക്കൊണ്ടുപോകാറുണ്ട്. കഴിഞ്ഞ ഒന്‍പതിന് ഒന്പാറ നഗരത്തിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് തട്ടിക്കൊണ്ടുപോയ 24 പേരിൽ 15 പേരെ പോലീസ് രക്ഷിക്കുകയുണ്ടായി.
2014 ഏപ്രിൽ 15ന് 276 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. തുടർന്ന് ഇതുവരെ 70 സംഭവങ്ങളിലായി 1680 വിദ്യാർഥികളും 60 അധ്യാപകരും അക്രമികളുടെ ബന്ധനത്തിലായിട്ടുണ്ട്.
|
കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22 പേർ മരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 90 പേരെ കാണാതായെന്നും 1,65,000 പേർ ഭവനരഹിതരായെന്നും സർക്കാർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി സൈന്യവും രംഗത്തുണ്ട്.
ഒരു മാസമായി തുടരുന്ന മഴക്കെടുതിയിലും ഉരുൾപൊട്ടലിലുമായി വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. പ്രളയക്കെടുതിക്കു പുറമെ ടാൻസാനിയൻ തീരം ലക്ഷ്യമാക്കി വീശിയടിച്ചേക്കാവുന്ന ‘ഹിദായ’ ചുഴലിക്കൊടുങ്കാറ്റ് മറ്റൊരു ഭീഷണിയാകുന്നു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ചേക്കാമെന്നാണു മുന്നറിയിപ്പ്.
കഴിഞ്ഞ തിങ്കളാഴ്ച നയ്റോബിയിൽനിന്ന് 60 കിലോമീറ്റർ വടക്കുള്ള മായ് മാഹിയുവിൽ താത്കാലിക ഡാം തകർന്ന് നിരവധി ഗ്രാമീണർ മരിച്ചിരുന്നു. ഈ ദുരന്തത്തിൽപ്പെട്ട 52 പേരുടെ മൃതദേഹം കണ്ടെത്തി. 49 പേരെ ഇനിയും കണ്ടെത്താനുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 178 ഡാമുകളുടെ പരിസരത്തുള്ള എല്ലാവരും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവരോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നാലു പതിറ്റാണ്ടായി തുടർന്നുവന്ന കനത്ത വരൾച്ചയെത്തുടർന്ന് കഴിഞ്ഞ വർഷം മുതലാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ കനത്ത മഴയും പ്രളയക്കെടുതിയും ഉണ്ടായിത്തുടങ്ങിയത്. കഴിഞ്ഞ വർഷം കെനിയയിലും സൊമാലിയയിലും എത്യോപ്യയിലുമുണ്ടായ പ്രളയക്കെടുതിയിൽ 300 പേരാണു മരിച്ചത്.
|
കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു
നെയ്റോബി: പടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു. മായി മഹിയുവിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. വെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ തകർന്നു.
മരങ്ങൾ കടപുഴകുകയും റോഡുകൾ ഒലിച്ചുപോകുകയും ചെയ്തു. നിരവധി വാഹനങ്ങളും ഒലിച്ചുപോയി. തകർന്ന വീടുകളിൽനിന്ന് 45 മൃതദേഹങ്ങൾ കണ്ടെടുത്തതായി നക്കുരു കൗണ്ടി പോലീസ് കമാൻഡർ സാമുവൽ ദാനി പറഞ്ഞു.
മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. ഇവർ, വെള്ളപ്പാച്ചിലിൽനിന്ന് ഓടി രക്ഷപ്പെടാൻ കഴിയാതെ മരണത്തിനു കീഴടങ്ങിയതാവാമെന്ന് പോലീസ് മേധാവി പറഞ്ഞു.
102 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെനിയയിൽ മാർച്ച് പകുതിമുതൽ മഴ തുടരുകയാണ്. ഇതുവരെ മഴക്കെടുതിയിൽ നൂറിലധികം പേർ മരിച്ചു.
|
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
നോൻഡിൻ, സോറോ ഗ്രാമങ്ങളിൽ ഫെബ്രുവരി 25നാണ് കൂട്ടക്കൊല അരങ്ങേറിയതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു.
തീവ്രവാദികളുമായി സഹകരിക്കുന്നുവെന്ന് ആരോപിച്ചാണ് സൈന്യം 56 കുട്ടികളടക്കം 223 പേരെ കൊന്നൊടുക്കിയത്.
|
കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്‍പത് പേർ മരിച്ചു
നെയ്റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വില്യം റൂട്ടോ. കെനിയൻ പ്രതിരോധ സേനയുടെ (സിഡിഎഫ്) മേധാവി ജനറൽ ഫ്രാൻസിസ് ഒമോണ്ടി ഒഗോല്ലയാണു മരിച്ചത്.
രണ്ടുപേർക്കു പരിക്കേറ്റതായും പ്രസിഡന്റ് അറിയിച്ചു. പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. തലസ്ഥാനമായ നെയ്റോബിയിൽനിന്ന് 400 കിലോമീറ്റർ വടക്കുപടിഞ്ഞാറായി എൽജിയോ മറക്വെറ്റ് കൗണ്ടിയിലാണ് അപകടമുണ്ടായത്.
ചെസെഗോൺ ഗ്രാമത്തിൽനിന്നു പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്റർ തകർന്നത്. ഇവിടെ ഒരു സ്കൂൾ സന്ദർശിച്ചശേഷം ഒഗോല്ലയും സംഘവും മടങ്ങുകയായിരുന്നു. അപകടത്തെ തുടർന്നു പ്രസിഡന്റ് ദേശീയ സുരക്ഷാ കൗൺലിന്റെ അടിയന്തരയോഗം വിളിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ കെനിയൻ എയർഫോഴ്സ് അന്വേഷണസംഘത്തെ അയച്ചതായും റൂട്ടോ പറഞ്ഞു.
|
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു
മാപുട്ടോ: മൊസാംബിക്കിന്റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു. 130 പേരുമായി ബോട്ട് നംപുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടം. മത്സ്യബന്ധബോട്ട് മാറ്റം വരുത്തിയാണ് യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്.
ബോട്ടിലെ ജനത്തിരക്കും യാത്രക്കാരെ വഹിക്കാൻ അനുയോജ്യമല്ലാത്തതുമാണ് അത് മുങ്ങാൻ ഇടയാക്കിയെന്ന് നംപുലയുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിം നെറ്റോ പറഞ്ഞു. 91 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും മരിച്ചവരിൽ നിരവധി കുട്ടികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
രക്ഷാപ്രവർത്തകർ അഞ്ച് പേരെ കണ്ടെത്തി. കൂടുതൽ പേർക്കായി തെരച്ചിൽ നടത്തുകയായിരുന്നു, എന്നാൽ കടൽസാഹചര്യങ്ങൾ പ്രവർത്തനം ദുഷ്കരമാക്കുന്നുവെന്നും നെറ്റോ പറഞ്ഞു.
|
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബോട്സ്വാനയിൽ നിന്ന് രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള മോറിയയിലേക്ക് പോകുകയായിരുന്ന വാഹനം പാലത്തിൽ നിന്നും മലയിടുക്കിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.
എട്ട് വയസുള്ള ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്കു ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
പാലത്തിൽ നിന്നും താഴെ വീണ ബസ് കത്തിയിരുന്നു. ചില മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിനശിച്ചിരുന്നു. ബസിന് ബോട്സ്വാന ലൈസൻസ് ആണ് ഉള്ളത്. എന്നാൽ യാത്രക്കാർ എത് രാജ്യക്കാരാണെന്ന് പരിശോധിച്ചുവരികയാണെന്ന് പ്രാദേശിക അധികൃതർ പറഞ്ഞു.
ഗതാഗത മന്ത്രി സിന്ദിസിവെ ചിക്കുംഗ സംഭവസ്ഥലം സന്ദർശിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച റോഡുകൾ ഉള്ളത് ദക്ഷിണാഫ്രിക്കയിലാണ്.
എന്നാൽ റോഡ് സുരക്ഷയുടെ കാര്യത്തിൽ ഏറെ പിന്നിലാണ് ഈ രാജ്യം. അപകടത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, ഈസ്റ്റർ ആഴ്ചയിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് പ്രസിഡന്റ് സിറിൽ റമാഫോസ ദക്ഷിണാഫ്രിക്കക്കാരോട് അഭ്യർഥിച്ചിരുന്നു.
|
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. സെന്റ് പാട്രിക് സൊസൈറ്റി അംഗമായ ഫാ. വില്ല്യം ബൻഡയാണ് കൊല്ലപ്പെട്ടത്. സനീൻ കത്തീഡ്രലിൽ ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം.
നന്നായി വസ്ത്രം ധരിച്ചെത്തിയ ആഫിക്കക്കാരനായിരുന്നു അക്രമി. പള്ളിയിൽ പ്രാർഥിക്കാൻ എന്ന വ്യാജേന ഇരുന്ന ഇയാൾ പിന്നീട് ഫാ. ബൻഡയ്ക്കൊപ്പം സങ്കീർത്തിയിലേക്കു കടക്കുകയും പോക്കറ്റിൽ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നു.
തുടർന്ന് അക്രമി പുറത്തു കാത്തുകിടന്ന കാറിൽ രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പോലീസിനോടു പറഞ്ഞു. മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയിൽ വീണ്ടും വൈദികൻ കൊല്ലപ്പെട്ടത്.
|
ദക്ഷിണാഫ്രിക്കയിൽ മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടു
പ്രിട്ടോറിയ: ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു. ഈജിപ്തുകാരനായ ഫാ. താൽകാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദക്ഷിണാഫ്രിക്കയലെ കോപ്റ്റിക് സഭ അറിയിച്ചു.
പ്രിട്ടോറിയയിൽനിന്ന് 30 കിലോമീറ്റർ അകലെ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്റ് മാർക്ക് ആൻഡ് സെന്റ് സാമുവൽ ദ കൺഫസർ മഠത്തിൽ ബുധനാഴ്ച രാവിലെയാണ് ഇവരെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കോപ്റ്റിക് സഭാംഗമായ ഈജിപ്തുകാരൻ അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തിൽ ഒന്നിലധികം പേർ പങ്കെടുത്തതായി സംശയിക്കുന്നു. നാലാമതൊരാൾ ആക്രമണത്തെ അതിജീവിച്ചിട്ടുണ്ട്.
ഇരുന്പുവടിക്ക് അടികിട്ടിയ ഇദ്ദേഹം സ്ഥലത്തുനിന്നു രക്ഷപ്പെട്ട് ഒളിച്ചിരിക്കുകയായിരുന്നു. ആക്രമണത്തിന്റെ പ്രേരണ അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. സ്ഥലത്തുനിന്നു വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല.
|
നൈജീരിയയിൽ 287 വിദ്യാർഥികളെ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി
ലാഗോസ്: നൈജീരിയയിൽ കൊള്ളക്കാർ 287 സ്കൂൾ കുട്ടികളെയും ഒരു അധ്യാപകനെയും തട്ടിക്കൊണ്ടുപോയി. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കഡുനയിലെ കുരിഗ പട്ടണത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.
രാവിലെ എട്ടരയ്ക്കു സ്കൂൾ അസംബ്ലി നടന്നുകൊണ്ടിരിക്കേ കൊള്ളക്കാർ മോട്ടോർ സൈക്കിളുകളിൽ ഇരച്ചുകയറുകയായിരുന്നു. എട്ടിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണു തട്ടിക്കൊണ്ടുപോയത്.
സെക്കൻഡറി സ്കൂളിലെ 187ഉം പ്രൈമറിയിലെ 125ഉം അടക്കം 312 വിദ്യാർഥികളെയാണു തട്ടിക്കൊണ്ടുപോയതെന്നും ഇതിൽ 25 പേർ തിരിച്ചെത്തിയെന്നും കഡുന സംസ്ഥാന ഗവർണർ ഉബാ സാനി അറിയിച്ചു. രണ്ട് അധ്യാപകരെ തട്ടിക്കൊണ്ടുപോയതിൽ ഒരാൾക്കു രക്ഷപ്പെടാൻ കഴിഞ്ഞു.
കൊള്ളക്കാരുടെ വെടിയേറ്റ ഒരു വിദ്യാർഥി ചികിത്സയിലാണ്. പ്രദേശവാസികൾ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒരു പ്രദേശവാസി കൊല്ലപ്പെട്ടു.
പട്ടണത്തിലെ ഏതാണ്ടെല്ലാ വീട്ടിലെയും കുട്ടികൾ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്താൻ സായുധസേന ഓപ്പറേഷൻ ആരംഭിച്ചതായി ഗവർണർ അറിയിച്ചു.
കഴിഞ്ഞ ദിവസം വടക്കുകിഴക്കൻ നൈജീരിയയിൽ വിറകു ശേഖരിക്കാൻ പോയ ഡസൻകണക്കിനു സ്ത്രീകളെയും കുട്ടികളെയും ബോക്കോ ഹറാം ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. സ്കൂളിൽനിന്നുള്ള തട്ടിക്കൊണ്ടുപോകലിന് ഇതുമായി ബന്ധമില്ലെന്നാണ് അനുമാനം.
വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ മോചനദ്രവ്യത്തിനായി കൊള്ളക്കാർ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്.
|
നൈജീരിയയിൽ 47 സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ടുപോയി
അബുജ: തെക്കുകിഴക്കൻ നൈജീരിയയിലെ ബൊർനോ സംസ്ഥാനത്ത് വിറകു ശേഖരിക്കാൻ പോയ 47 സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ടുപോയി. കാമറൂൺ, ചാഡ് അതിർത്തി പ്രദേശത്തെ ഗാംബൊരു ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം.
ഇവിടുത്തെ ചാഡ് തടാകക്കരയിൽ വിറകു ശേഖരിക്കാനായി തൊട്ടടുത്ത അഭയാർഥിക്യാന്പിൽനിന്ന് എത്തിയ സ്ത്രീകളാണ് ആക്രമണത്തിനിരയായത്. നാലുപാടുനിന്നും എത്തിയ തോക്കുധാരികൾ സ്ത്രീകളെ അയൽരാജ്യമായ ചാഡിലെ വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
50 സ്ത്രീകളെ തട്ടിക്കൊണ്ടുപോയെങ്കിലും മൂന്നുപേർ രക്ഷപ്പെട്ടു. പ്രദേശത്ത് ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നീ ഭീകരസംഘടനകൾ സജീവമാണെന്നും ഇവരാണു തട്ടിക്കൊണ്ടുപോയതെന്നും പോലീസ് അറിയിച്ചു.
|
ബുർക്കിന ഫാസോയിൽ 170 പേർ കൊല്ലപ്പെട്ടു
വാഗഡുഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഒരാഴ്ച മുന്‍പ് സായുധ ഗ്രൂപ്പുകൾ മൂന്ന് ഗ്രാമങ്ങൾ ആക്രമിച്ച് 170 പേരെ വധിച്ചു. യാതെംഗ പ്രവിശ്യയിലെ കോംസിൽഗ, നോർഡിൻ, സോറോ ഗ്രാമങ്ങളിൽ ഫെബ്രുവരി 25നാണ് ആക്രമണമുണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അലി ബഞ്ചമിൻ കൂലിബാളി അറിയിച്ചു.
അന്വേഷണം ആരംഭിച്ചുവെന്നും അന്വേഷകരെ സഹായിക്കാൻ സാക്ഷികൾ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഏതു ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടില്ല.
കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് തീവ്രവാദികൾ വടക്കുകിഴക്കൻ ബുർക്കിന ഫാസോയിലെ കത്തോലിക്കാപ്പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ നടത്തിയ ആക്രമണത്തിൽ 15 വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു.
അന്നു തന്നെ കിഴക്കൻ ബുർക്കിന ഫാസോയിലെ മോസ്കിലുണ്ടായ ആക്രമണത്തിൽ ഡസൻകണക്കിനുപേരും കൊല്ലപ്പെട്ടു. 2022 മുതൽ പട്ടാളം ഭരിക്കുന്ന ബുർക്കിന ഫാസോയുടെ മൂന്നിലൊന്നും സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.
|
ബുർക്കിന ഫാസോയിലെ കത്തോലിക്കാ പള്ളിയിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു
വാഗഡുഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഒരാഴ്ച മുന്‍പ് സായുധ ഗ്രൂപ്പുകൾ മൂന്ന് ഗ്രാമങ്ങൾ ആക്രമിച്ച് 170 പേരെ വധിച്ചു. യാതെംഗ പ്രവിശ്യയിലെ കോംസിൽഗ, നോർഡിൻ, സോറോ ഗ്രാമങ്ങളിൽ ഫെബ്രുവരി 25നാണ് ആക്രമണമുണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അലി ബഞ്ചമിൻ കൂലിബാളി അറിയിച്ചു.
അന്വേഷണം ആരംഭിച്ചുവെന്നും അന്വേഷകരെ സഹായിക്കാൻ സാക്ഷികൾ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഏതു ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടില്ല.
കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് തീവ്രവാദികൾ വടക്കുകിഴക്കൻ ബുർക്കിന ഫാസോയിലെ കത്തോലിക്കാപ്പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ നടത്തിയ ആക്രമണത്തിൽ 15 വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു.
അന്നു തന്നെ കിഴക്കൻ ബുർക്കിന ഫാസോയിലെ മോസ്കിലുണ്ടായ ആക്രമണത്തിൽ ഡസൻകണക്കിനുപേരും കൊല്ലപ്പെട്ടു. 2022 മുതൽ പട്ടാളം ഭരിക്കുന്ന ബുർക്കിന ഫാസോയുടെ മൂന്നിലൊന്നും സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.
|
ബിന്ദു ബെഞ്ചമിൻ കോക്സ്റ്റഡിൽ അന്തരിച്ചു
ഡർബൻ: കുളപ്പുറം പാലന്പ്ര വട്ടക്കുന്നേൽ ബെഞ്ചമിൻ ജോസഫിന്റെ (സിബി) ഭാര്യ ബിന്ദു (ജിജി 58) ദക്ഷിണാഫ്രിക്കയിലെ കോക്സ്റ്റഡിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് ഡർബനിൽ.
പരേത റാന്നി തടിയൂർ താഴമൺ കുടുംബാംഗം. മക്കൾ: ജിസൺ (യുകെ), മാത്യൂസ് (ദക്ഷിണാഫ്രിക്ക), ആൻസൺ (ദക്ഷിണാഫ്രിക്ക). മരുമകൾ: സൗമ്യ പടികര (വെട്ടിമുകൾ, ഏറ്റുമാനൂർ). ഫാ. ആന്റണി വട്ടക്കുന്നേൽ സിഎംഐ (ഓസ്ട്രേലിയ) ഭർതൃസഹോദരനാണ്.
|
ജൊഹന്നാസ്ബർഗിൽ ക്രിക്കറ്റ് താരത്തെ തോക്കുചൂണ്ടി കൊള്ളയടിച്ചു
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗിനിടെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലീനെ അജ്ഞാത സംഘം കൊള്ളയടിച്ചു. തലസ്ഥാനമായ ജൊഹന്നാസ്ബര്‍ഗിലെ പ്രസിദ്ധമായ സാന്‍ഡ്ടണ്‍ സണ്‍ ഹോട്ടലിനരികെ വച്ചാണ് സംഭവം. തോക്കുചൂണ്ടിയ ശേഷം കൊള്ളസംഘം താരത്തിന്റെ ഫോണും ബാഗും കൈക്കലാക്കി രക്ഷപെടുകയായിരുന്നു.
ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിൽ കളിക്കാനായാണ് താരം രാജ്യത്ത് എത്തിയത്. പാള്‍ റോയല്‍സിനായാണ് അലീൻ കളിക്കുന്നത്. കവർച്ചാ സംഭവത്തിൽ താരത്തിന് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് പാള്‍ റോയല്‍സിനോട് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.
ലീഗിന്റെ രണ്ടാം എഡിഷന് പ്ലേ ഓഫ് ഘട്ടത്തിലൂടെ പുരോഗമിക്കുന്നതിനിടെയാണു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കവർച്ച. പാള്‍ ടീമിനായി അലന് കളി തുടരുമെന്നാണു റിപ്പോര്‍ട്ട്.
വെസ്റ്റ് ഇന്‍ഡീസിനായി 20 ഏകദിനങ്ങളും 34 ട്വന്റി 20 മത്സരങ്ങളും 28 വയസുകാരനായ ഫാബിയാന്‍ അലീന് കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ അഞ്ച് മത്സരങ്ങളിലും ഈ ഓൾറൗണ്ടർ കളിച്ചിട്ടുണ്ട്.
|
നമീബിയൻ പ്രസിഡന്റ് ഹാഗെ ഗെയിൻബോക് അന്തരിച്ചു
വിൻഡ്ഹോക്ക്: നമീബിയൻ പ്രസിഡന്റ് ഹാഗെ ഗെയിൻബോക് (82) അന്തരിച്ചു. കാൻസർരോഗത്തെ തുടർന്നാണ് അന്ത്യം. നവംബറിൽ പൊതുതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ വൈസ് പ്രസിഡന്റ് നാഗോളോ എംബുംബ ആക്ടിംഗ് പ്രസിഡന്റാകും.
ഹാഗെ ഗെയിൻബോക് 2015 മുതൽ പ്രസിഡന്റാണ്. 1990 മുതൽ 2012 വരെ പ്രധാനമന്ത്രിയുമായിരുന്നു. വർണവിവേചനം നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കയുടെ ഭാഗമായിരുന്ന നമീബിയയ്ക്ക് 1990ൽ സ്വാതന്ത്ര്യം നേടിക്കൊടുത്ത പോരാട്ടത്തിലെ പ്രധാന നേതാവായിരുന്നു ഹാഗെ.
സ്വാതന്ത്ര്യത്തിനു മുന്‍പായി 27 വർഷം ബോട്സ്വാന, അമേരിക്ക, ബ്രിട്ടൻ എന്നിവടങ്ങളിൽ പ്രവാസജീവിതം നയിച്ചിട്ടുണ്ട്.
|
ഓക്സിജൻ വിതരണം തകരാറിലായി; വിമാനത്തിൽ ബോധരഹിതരായി ഗാംബിയൻ ഫുട്ബോൾ ടീം
ബാന്‍ജുൽ: ആകാശത്ത് വൻ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട് ഗാംബിയ ഫുട്ബോൾ ടീം. യന്ത്രത്തകരാറിനെത്തുടര്‍ന്നു താരങ്ങളും പരിശീലകരും വിമാനത്തിൽ ബോധരഹിതരായി.
വിമാനത്തിലെ ഓക്സിജൻ വിതരണ സംവിധാനത്തിലെ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സാങ്കേതിക വിദഗ്ധർ വിശദമാക്കുന്നത്. പൈലറ്റ് സമയോചിതമായി ഇടപെട്ടു വിമാനം നിലനിര്ത്തിറക്കിയതിനാലാണു വൻ ദുരന്തം ഒഴിവായത്.
താരങ്ങളിൽ പലരും മയങ്ങി വീണതിനു പിന്നാലെ ഒന്‍പത് മിനിറ്റിനുശേഷമാണ് തിരികെ പോവാനുള്ള തീരുമാനം പൈലറ്റ് സ്വീകരിച്ചത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ലഭ്യമാകേണ്ടിയിരുന്ന ഓക്സിജന്‍ മാസ്കുകളും യാത്രക്കാർക്ക് ലഭിച്ചില്ല.
ആഫ്കോണ്‍ കപ്പിനായി ഐവറി കോസ്റ്റിലേക്ക് പോവുകയായിരുന്നു ഗാംബിയ ടീം. 50 സീറ്റുകളുള്ള ചെറുവിമാനത്തിലായിരുന്നു ടീമിന്റെ യാത്ര. എയർ കോട്ടേ ഡി ഐവോറി എന്ന കമ്പനിയുടേതാണ് വിമാനം.
ഗാംബിയന്‍ ഫുട്ബോൾ അസോസിയേഷനാണ് ടീമിന് ഈ വിമാനം ഒരുക്കി നൽകിയത്. താരങ്ങൾ ബോധരഹിതരായതോടെ ഗാംബിയയുടെ തലസ്ഥാനമായ ബാന്‍ജുലിലേക്ക് വിമാനം തിരികെപോയെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു.
|
സിംബാബ്വേയില് സ്വര്‍ണഖനിയിൽ തൊഴിലാളികള്‍ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
ഹരാരെ: സിംബാബ്വേയില് സ്വര്‍ണഖനി തകര്‍ന്നു 11 തൊഴിലാളികള്‍ കുടുങ്ങി. രാജ്യതലസ്ഥാനമായ ഹരാരെയില്‍നിന്ന് 270 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള റെഡ്വിംഗ് ഖനിയിലാണ് അപകടം.
ഭൂചലനമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. തൊഴിലാളികളെ പുറത്തെത്തിക്കാനായി രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ചുവെന്നു ഖനി ഉടമകളായ മെറ്റലോണ്‍ കോര്പറേഷന് അധികൃതർ അറിയിച്ചു.
അപകടമുണ്ടായ ഭാഗത്ത് മണ്ണ് ഉറപ്പുള്ളതല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
|
നൈജീരിയയിലെ ക്രിസ്ത്യൻ പ്രദേശങ്ങളിൽ ആക്രമണം; 140 പേർ കൊല്ലപ്പെട്ടു
ലാഗോസ്: സെൻട്രൽ നൈജീരിയയിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ക്രിസ്മസിനു മുന്‍പായി നടന്ന ആക്രമണങ്ങളിൽ 140 പേർ കൊല്ലപ്പെട്ടു. പ്ലാറ്റോ സംസ്ഥാനത്തെ ബോക്കോസ്, ബാർകിൻലാഡി പ്രദേശങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായിരുന്നു ആക്രമണം.
ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെങ്കിലും കാലികളെ മേയ്ച്ചു ജീവിക്കുന്ന ഫുലാനി ഗോത്രമാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. മുസ്ലിം ഫുലാനികൾ ഭൂമിക്കും വെള്ളത്തിനുമായി ക്രിസ്ത്യൻ മേഖലകൾ ആക്രമിക്കുന്നതു പതിവാണ്.
ശനിയാഴ്ച വൈകുന്നേരം ആറിനാണ് ആക്രമണം തുടങ്ങിയതെന്നു പ്രദേശവാസികൾ പറഞ്ഞു. വീടുകൾ തീയിട്ടു നശിപ്പിച്ചു. ചിലരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നു ഭയക്കുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
സഹായത്തിനു വിളിച്ച് 12 മണിക്കൂറിനു ശേഷമാണു സുരക്ഷാസൈനികർ മേഖലയിലെത്തിയതെന്ന് ആക്ഷേപമുണ്ട്. അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചതായി നൈജീരിയൻ സേന അറിയിച്ചു.
അതേസമയം, നൈജീരിയയിൽ ഇത്തരം കേസുകളിൽ കാര്യമായ പുരോഗതിയോ അറസ്റ്റ് ഉണ്ടാകാറില്ല. നൈജീരിയൻ സർക്കാരും അക്രമം നിയന്ത്രിക്കുന്നതിൽ പരാജയമാണെന്ന് ആരോപിക്കപ്പെടുന്നു.
|
സുഡാനില്‍ കോണ്‍വെന്റിന് നേരെ ബോംബാക്രമണം; മലയാളി വൈദികനും സന്യസ്തരും അത്ഭുതകരമായി രക്ഷപ്പെട്ടു
ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സന്യാസ ഭവനത്തിന് നേരെ ബോംബാക്രമണം. ഡോട്ടേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യന്‍സ് (എഫ്.എം.എ) സന്യാസിനി സമൂഹത്തിന്റെ കോണ്‍വെന്റിലാണ് ബോംബ് പതിച്ചത്.
ഇവിടെയുണ്ടായിരുന്ന മലയാളി വൈദികനും സന്യസ്തരും അത്ഭുതകരമായി രക്ഷപ്പെട്ടു. സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്ഫോടനത്തില്‍ കോണ്‍വന്റിലെ മൂന്ന് മുറികള്‍ തകര്‍ന്നു.
കോണ്‍വെന്റിൽ ഉണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇവിടുത്തെ ഒരു അധ്യാപികയുടെ കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ തകര്‍ന്ന വാതിലുകള്‍ ദേഹത്ത് പതിച്ച് രണ്ട് സന്യാസിനിമാര്‍ക്കും പരിക്കുണ്ട്.
നിരവധി അമ്മമാര്‍ക്കും കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും, രോഗികള്‍ക്കും അഭയം നല്‍കിവരുന്ന കോണ്‍വെന്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ക്ക് സേവനവുമായി അഞ്ചു കന്യാസ്ത്രീകളും മലയാളി സലേഷ്യന്‍ വൈദികനായ ഫാ. ജേക്കബ് തേലെക്കാടനുമാണ് ഇവിടെ താമസിച്ചുക്കൊണ്ടിരിന്നത്.
ഒന്നാം നിലയുടെ വിവിധ ഭാഗങ്ങളില്‍ രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് ഫാ. ജേക്കബ് പ്രതികരിച്ചു. സ്ഫോടത്തില്‍ തകര്‍ന്നുകിടക്കുന്ന കെട്ടിട അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിവിധ സൈനിക വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നതകളെ തുടര്‍ന്നാണ് സുഡാനില്‍ ശക്തമായ ആഭ്യന്തര യുദ്ധം നടക്കുന്നത്. സായുധ പോരാട്ടങ്ങളില്‍ അയ്യായിരത്തോളം പേര് ഇതിനോടകം തന്നെ കൊല്ലപ്പെടുകയും പന്ത്രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദശലക്ഷകണക്കിന് ആളുകളാണ് ഭവനരഹിതരായത്.
ഫാ. ജേക്കബ് നേരത്തേ ഖാര്‍ത്തൂമിലെ സെന്റ് ജോസഫ് വൊക്കേഷണല്‍ സെന്ററിന്റെ ചുമതല വഹിച്ചിരുന്നുവെങ്കിലും കനത്ത പോരാട്ടം നടക്കുന്ന പ്രദേശമായതിനാല്‍ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു.
|
ഇന്ത്യയിലേക്ക് വിമാന സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ്
കൊച്ചി: ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ സര്‍വീസ് ഞായറാഴ്ച തുടങ്ങും. ഉഗാണ്ടയിലെ എന്റ്ബെ രാജ്യാന്തര വിമാനത്താവളത്തേയും മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തേയും ബന്ധിപ്പിച്ചാണ് സര്‍വീസ്.
ആദ്യ വിമാനം (യുആര്‍ 430) ശനിയാഴ്ച എന്റ്ബെയില് നിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 5.55ന് മുംബൈയില്‍ എത്തും.
മുംബൈയില്‍ നിന്നുള്ള ആദ്യ വിമാനം (യുആര്‍ 431) ഞായറാഴ്ച രാവിലെ 7.55ന് പുറപ്പെട്ട് പ്രാദേശിക സമയം 12.25ന് എന്റ്ബെയില് ഇറങ്ങും. ഇരുനഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉള്ളത്.
മുംബൈയില്‍ നിന്ന് ചൊവ്വാഴ്ച, വ്യാഴാഴ്ച, ഞായറാഴ്ച ദിവസങ്ങളിലും എന്റ്ബെയില് നിന്ന് തിങ്കളാഴ്ച, ബുധനാഴ്ച, ശനിയാഴ്ച ദിവസങ്ങളിലുമാണ് സര്‍വീസ്. എയര്‍ബസ് എ330800 നിയോ വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.
ബിസിനസ് ക്ലാസ് 20, പ്രീമിയം ഇക്കോണമി 28, ഇക്കോണമി 210 എന്നിങ്ങനെ മൂന്ന് ക്ലാസുകളായാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിനു ശേഷം ഇതാദ്യമായാണ് ഉഗാണ്ടയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള നോണ്‍സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിക്കുന്നത്.
|
സിംബാബ്വെയില് വിമാനാപകടം; ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു
ഹരാരെ: സിംബാബ്വെയില് സ്വകാര്യ വിമാനം തകർന്ന് ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു. ഹർപാൽ രൺധാവ, മകൻ അമേർ കബീർ സിംഗ് രൺധാവ(22) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് അപകടം നടന്നത്. ഇവരുൾപ്പടെ വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായാണ് വിവരം. സ്വർണവും കൽക്കരിയും നിക്കലും ചെമ്പും ശുദ്ധീകരിക്കുന്ന ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹർപാൽ രൺധാവ.
റിയോസിമിന്റെ തന്നെ ഉടമസ്ഥതയിലുള്ള സെസ്ന 206 ഒറ്റ എഞ്ചിൻ വിമാനം ഹരാരെയിൽ നിന്ന് കമ്പനിക്ക് പങ്കാളിത്തമുള്ള മുറോവ വജ്രഖനിയിലേക്ക് പറക്കുന്നതിനിടെയാണ് തകർന്നത്. മുറോവ വജ്ര ഖനിക്ക് സമീപം തന്നെയാണ് വിമാനം തകർന്നത്.
വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും ആകാശത്തുവച്ച് പൊട്ടിത്തെറിച്ച് സ്വമഹാൻഡെ മേഖലയിലെ പീറ്റർ ഫാമിലേക്ക് പതിക്കുകയുമായിരുന്നു എന്നാണ് സിംബാബ്വെയിലെ മാധ്യമങ്ങള്‍ നല്കുന്ന വിവരം.
|
നൈജറിൽ സൈനിക നടപടി; നൂറിലധികം ജിഹാദികളെ വധിച്ചു
നിയാമി: നൈജറിൽ നൂറിലധികം ജിഹാദിസ്റ്റുകളെ വധിച്ചതായി പട്ടാളഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു പട്ടണത്തിൽ മോട്ടോർ സൈക്കിളുകളിലെത്തിയ നൂറുകണക്കിനു ജിഹാദികൾ നടത്തിയ ആക്രമണത്തിൽ 12 പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു.
തുടർന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് നൂറുകണക്കിനു ജിഹാദികളെ വധിച്ചതെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
|
നെൽസൺ മണ്ടേലയുടെ കൊച്ചുമകൾ അന്തരിച്ചു
കേപ്ടൗൺ: നെൽസൺ മണ്ടേലയുടെ കൊച്ചുമകൾ സൊളേകാ മണ്ടേല (43) കാൻസർമൂലം അന്തരിച്ചു. 32ാം വയസിൽ സ്തനാർബുദം സ്ഥിരീകരിച്ച സൊളേകാ ചികിത്സാ അനുഭവങ്ങൾ പരസ്യമാക്കിയതിലൂടെ ശ്രദ്ധേയയായിരുന്നു.
ലഹരിവിധേയത്വം അവസാനിപ്പിക്കാനായി നടത്തിയ ശ്രമങ്ങളും അവർ പങ്കുവച്ചിരുന്നു.
|
ലിബിയയിൽ നാശം വിതച്ച് കൊടുങ്കാറ്റ്; മരണം 5,000 കടന്നു
ട്രിപ്പോളി: വടക്കനാഫ്രിക്കൻ രാജ്യമായ ലിബിയയുടെ കിഴക്കൻ ഭാഗത്ത് കൊടുങ്കാറ്റ് വീശി വൻ നാശം. 5000ൽ അധികം പേർ മരിച്ചെന്നാണ് നിഗമനം.
10,000 പേരെ കാണാതായി. വർഷങ്ങളായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായ ലിബിയയിൽ രണ്ടു സർക്കാരുകൾ പ്രവർത്തിക്കുന്നതു രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഡാനിയേൽ എന്ന ചുഴലിക്കൊടുങ്കാറ്റ് തിങ്കളാഴ്ചാണു കിഴക്കൻ ലിബിയയിൽ വീശിയത്. ഡെർന, ബംഗാസി, സൂസ, അൽ മരാഷ് നഗരങ്ങളിൽ നാശനഷ്ടമുണ്ടായി.
വാഡി ഡെർന നദിയിലെ രണ്ട് അണക്കെട്ടുകൾ തകർന്ന് ലക്ഷക്കണക്കിനു ചതുരശ്ര മീറ്റർ വെള്ളം കുതിച്ചൊഴുകിയതോടെ ഡെർന നഗരം തകർന്നടിഞ്ഞു.
ഡെർനയിൽ മാത്രം ആയിരം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുകളിൽ പറയുന്നു. ആശയവിനിമയ സംവിധാനങ്ങൾ നശിച്ചതിനാൽ ഡെർനയിലെ യഥാർഥ സ്ഥിതി വ്യക്തമല്ല.
റോഡുകൾ തകർന്നതിനാലും വെള്ളം കെട്ടിക്കിടക്കുന്നതിനാലും ദുരന്തമേഖലയിൽ എത്തിച്ചേരാൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ട് നേരിടുന്നു.
നാലു പതിറ്റാണ്ടിലധികം ലിബിയ ഭരിച്ച കേണൽ ഗദ്ദാഫി ആഭ്യന്തരയുദ്ധത്തെത്തുടർന്ന് 2011ൽ കൊല്ലപ്പെട്ടതിനുശേഷം ലിബിയ അരാജകത്വത്തിന്റെ പിടിയിലാണ്.
തലസ്ഥാനമായ ട്രിപ്പോളി കേന്ദ്രീകരിച്ച് അന്താരാഷ്ട്ര പിന്തുണയോടെ ഐക്യസർക്കാരും കിഴക്കൻ മേഖലയിൽ ബംഗാസി കേന്ദ്രീകരിച്ച് മറ്റൊരു സർക്കാരും നിലവിലുണ്ട്.
കിഴക്കൻ സർക്കാരിന്റെ നിയന്ത്രണപ്രദേശങ്ങളിലാണു കൊടുങ്കാറ്റ് നാശം വിതച്ചിരിക്കുന്നത്. ഡെർന നഗരത്തിന്റെ 25 ശതമാനം അപ്രത്യക്ഷമായെന്നാണ്, ദുരന്തമേഖല സന്ദർശിച്ച കിഴക്കൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞത്.
നഗരമധ്യത്തിലെ നാലു ചതുരശ്ര കിലോമീറ്റർ ഭാഗം ഒഴുകിപ്പോയി. ദുരന്തമേഖലയിലേക്കു വൈദ്യസംഘത്തെ അയച്ചതായി ഐക്യസർക്കാർ അറിയിച്ചു. ഈജിപ്ത്, ജർമനി, ഇറാൻ, ഇറ്റലി, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
|
കണ്ണീർക്കടലായി മൊറോക്കോ; മരണം ആയിരം കവിഞ്ഞു
റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ തകർത്തെറിഞ്ഞുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണം ആയിരം കവിഞ്ഞു. പരിക്കേറ്റവരുടെ എണ്ണവും ആയിരത്തിനടുത്തെത്തി.
വെള്ളിയാഴ്ച രാത്രി 11:11നാണ് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മാരക്കേഷിന് 70 കിലോമീറ്റർ തെക്കുപടിഞ്ഞാറ് അൽ ഹാവുസ് പ്രവിശ്യയിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.
ആഫ്രിക്കയുടെ വടക്കൻ മേഖലയിൽ സഹാറ മരുഭൂമിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് മൊറോക്കോ. പർവതങ്ങൾ നിറഞ്ഞ പ്രദേശങ്ങളായതിനാൽ മരണസംഖ്യ ഉയരാനാണു സാധ്യതയെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും അസാധ്യമാണ്.
ഭൂകന്പത്തിന്റെ പ്രകന്പനം ഏതാനും സെക്കൻഡുകൾ നീണ്ടതായി പ്രദേശവാസികൾ സമൂഹമാധ്യമങ്ങളിൽ അറിയിച്ചു. റാബത്ത്, കാസാബ്ലാങ്ക ഉൾപ്പെടെ നഗരങ്ങളിൽ വ്യാപക നാശമുണ്ട്. മാരക്കേഷ്, താരോഡൗന്റ് മേഖലയിൽ നൂറുകണക്കിനു കെട്ടിടങ്ങൾ നിലംപൊത്തി.
കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്നതിന്റെയും തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളുടേയും വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. തുടർചലനങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ ആളുകൾ ഇന്നലെ പുലർച്ചെ വരെ തുറസായ സ്ഥലത്താണ് കഴിച്ചുകൂട്ടിയത്.
തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. മൊറോക്കോയുടെ ദുരിതത്തിൽ പങ്കുചേരുകയാണെന്നു പ്രഖ്യാപിച്ച ലോകനേതാക്കൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സഹായവും വാഗ്ദാനം ചെയ്തു.
|
മൊറോക്കോയില്‍ ശക്തമായ ഭൂചലനം; 632 മരണം
റാബത്: വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ 632 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 11ന് ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി.19 മിനിറ്റിനുശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ തുടര്ച്ചലനങ്ങളുണ്ടായതായും യുസ് ഏജന്‍സി അറിയിച്ചു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മാരാക്കേക്കില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ തെക്ക് അറ്റ്ലസ് പര്‍വതനിരകളിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. വൈദ്യുതി ബന്ധവും ടെലഫോണ്‍ നെറ്റ്വര്ക്കും നഷ്ടമായി. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
|
സുഡാൻ തലസ്ഥാനത്ത് വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു
ഖാർത്തൂം: ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിൽ തലസ്ഥാന നഗരമായ ഖാർത്തൂമിലെ ജനവാസമേഖലയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികൾ അടക്കം 20 പേർ കൊല്ലപ്പെട്ടു.
തെക്ക്പടിഞ്ഞാറൻ ഖാർത്തൂമിലെ കലക്ല അൽഖുബ്ബ മേഖലയിലാണു ഞായറാഴ്ച വ്യോമാക്രമണമുണ്ടായത്. ഞായറാഴ്ച പല പ്രദേശങ്ങളിലും പീരങ്കികളും റോക്കറ്റുകളും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജനവാസകേന്ദ്രങ്ങൾ മറയാക്കിയ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതരെ ലക്ഷ്യമിട്ടാണ് സൈന്യം വ്യോമാക്രമണം ശക്തമാക്കിയത്.
|
ജൊഹാനസ്ബര്‍ഗില്‍ വന്‍ തീപിടിത്തം; 64 മരണം, നിരവധി പേര്‍ക്ക് പരിക്ക്
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ അഞ്ച് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 64 പേര് മരിച്ചു. 40ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.
ഭവനരഹരിരായ ആളുകള്‍ മതിയായ രേഖകളൊന്നുമില്ലാതെ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 200ല്‍ അധികം പേര് ഇവിടെ താമസിച്ചിരുന്നതായാണ് വിവരം.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
|
ഗാബോണിൽ അട്ടിമറി; ഭരണം ഏറ്റെടുത്ത് സൈന്യം
ലിബ്രെവിൽ: മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിൽ സൈന്യം അട്ടിമറിയിലൂടെ ഭരണം ഏറ്റെടുത്തു. പ്രസിഡന്റ് അലി ബോംഗോയെ വീട്ടുതടങ്കലിലാക്കിയാണ് സൈന്യം ഭരണം പിടിച്ചത്.
2009 മുതൽ അധികാരത്തിൽ തുടരുന്ന ബോംഗോ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിലൂടെ മൂന്നാംവട്ടവും അധികാരം നേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നെന്ന് പരാതിയുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് സൈന്യം ബോംഗോയെ പുറത്താക്കി ഭരണം പിടിച്ചത്. രാജ്യത്തിന്റെ ഭരണം തങ്ങൾ ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സൈനിക ജനറൽമാർ ഇന്ന് വൈകിട്ട് ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് റദ്ദാക്കുകയാണെന്നും റിപ്പബ്ലിക്കിലെ എല്ലാ സംവിധാനങ്ങളും മരവിപ്പിക്കുകയാണെന്നും സൈന്യം അറിയിച്ചു. രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്ന ഉത്തരവാദിത്വമില്ലാതെ ഭരണത്തിന് തങ്ങൾ അറുതിവരുത്തുകയാണെന്നാണ് സൈന്യം അവകാശപ്പെട്ടത്. ഇതിന് പിന്നാലെ, ബോംഗോയുടെ മക്കളിലൊരാളെ അഴിമതി കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തു.
എണ്ണനിക്ഷേപം കൊണ്ട് സമ്പന്നമായ ഗാബോണിൽ 1967 മുതൽ അധികാരത്തിലുള്ളത് ബോംഗോ കുടുംബമാണ്. 41 വർഷം രാജ്യം ഭരിച്ച ഒമർ ബോംഗോ മകനെ "ഭരണം ഏൽപ്പിച്ചാണ്' രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങിയത്.
|
സിംബാബ്വെയിൽ മനംഗാഗ്വ അധികാരം നിലനിർത്തി
ഹരാരെ: സിംബാബ്വെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എമേഴ്സൺ മനംഗാഗ്വ അധികാരം നിലനിർത്തി. അദ്ദേഹത്തിന് 52.26ഉം മുഖ്യ എതിരാളി നെൽസൻ ചാമിസയ്ക്ക് 44ഉം ശതമാനം വോട്ടുകൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അതേസമയം, തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷം ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ജനാധിപത്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായതായി അന്താരാഷ്ട്ര നിരീക്ഷകരും അഭിപ്രായപ്പെട്ടു.
സിംബാബ്വെയിലെ അതികായനായിരുന്ന റോബർട്ട് മുഗാബെ 2017ൽ അട്ടിമറിയിൽ പുറത്താക്കപ്പെട്ടതിനെത്തുടർന്നാണ് മനംഗാഗ്വ പ്രസിഡന്റായത്. നിഷ്കരുണ നടപടികൾ മൂലം അദ്ദേഹത്തെ ‘മുതല’ എന്നാണു വിളിക്കുന്നത്.
സിംബാബ്വെയ്ക്കു പുതുയുഗം വാഗ്ദാനം ചെയ്താണ് മനംഗാഗ്വ അധികാരത്തിലേറിയതെങ്കിലും രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിർത്താനോ തൊഴിലില്ലായ്മ പരിഹരിക്കാനോ അദ്ദേഹത്തിനു കഴിഞ്ഞില്ല. എതിരാളികളെയും പ്രതിപക്ഷത്തെയും അടിച്ചമർത്തുന്നതായും ആരോപണമുണ്ട്.
|
സൂയസ് കനാലിൽ അപകടത്തിൽപ്പെട്ട എണ്ണ ടാങ്കറുകൾ മാറ്റി
കെയ്റോ: സൂയസ് കനാലിൽ എണ്ണടാങ്കർ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ ഗതാഗത തടസം നീക്കി. അപകടം നടന്നതിനു ശേഷം ഏറെനേരം കനാലിലെ ഗതാഗതം തടസപ്പെട്ടിരുന്നു.
തുടർന്ന് ടഗ് ബോട്ടുകൾ എത്തി ഇരുകപ്പലുകളും സ്ഥലത്തുനിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
അപകടത്തിൽ എണ്ണച്ചോർച്ചയോ മലിനീകരണമോ ഉണ്ടായിട്ടില്ലെന്നും പ്രദേശം സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.
|
സുഡാനിൽ അഞ്ചുമാസത്തിനിടെ പട്ടിണിമൂലം മരിച്ചത് 500 കുട്ടികൾ
കയ്റോ: കിഴക്കൻ ആഫ്രിക്കൻരാജ്യമായ സുഡാനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട ഏപ്രിലിനുശേഷം പട്ടിണിമൂലം മരിച്ചത് 500 കുട്ടികൾ. സേവ് ദ ചിൽഡ്രൻ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
പോഷഹാരക്കുറവുമൂലമുള്ള രോഗങ്ങളുള്ള 31,000 കുട്ടികൾക്കു ചികിത്സാസൗകര്യമില്ല. ഏപ്രിൽ 15നാണു സുഡാനിൽ സൈന്യവും പാരാമിലിട്ടറി സേനയും തമ്മിൽ സംഘർഷം ആരംഭിച്ചത്. തലസ്ഥാനമായ ഖാർത്തൂമിലും മറ്റു നഗരങ്ങളിലുമാണു രൂക്ഷമായ കലാപം അരങ്ങേറിയത്.
നിരവധി പേർ വെള്ളവും വൈദ്യുതിയും ഇല്ലാതെയാണു ജീവിക്കുന്നത്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം പൂർണമായും തകർച്ചയിലാണ്. നാലായിരത്തോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
44 ലക്ഷം പേർ സുഡാനിലെതന്നെ മറ്റു മേഖലകളിലേക്കോ അയൽരാജ്യങ്ങളിലേക്കോ പലായനം ചെയ്തു.
|
ആഫ്രിക്കൻ യൂണിയൻ: നൈജറിനെ സസ്പെൻഡ് ചെയ്തു
നിയാമി: ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്ത നൈജറിനെ ആഫ്രിക്കൻ യൂണിയൻ സസ്പെൻഡ് ചെയ്തു. ജനാധിപത്യ സർക്കാരിനെ പുനഃസ്ഥാപിക്കുംവരെയാണു സസ്പെൻഷൻ. 55 അംഗങ്ങളുള്ളതാണ് ആഫ്രിക്കൻ യൂണിയൻ.
നൈജർവിഷയത്തിൽ ഈ മാസം ആദ്യം ആഫ്രിക്കൻ യൂണിയൻ അംഗരാജ്യങ്ങൾ യോഗം ചേർന്നിരുന്നു. കഴിഞ്ഞമാസമാണ് നൈജറിൽ പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ പുറത്താക്കി സൈന്യം ഭരണംപിടിച്ചത്.
ബാസൂമും ഭാര്യയും മകനും നൈജറിന്റെ തലസ്ഥാനമായ നിയാമിയിൽ വീട്ടുതടങ്കലിലാണ്. ഇദ്ദേഹത്തിനു ഭക്ഷണം നല്‍കുന്നില്ലെന്നും താമസസ്ഥലത്ത് വെള്ളവും വൈദ്യുതിയും ഇല്ലെന്നും അനുയായികൾ ആരോപിക്കുന്നു.
|
ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിൽ
ജൊഹാനസ്ബർഗ്: 15ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലെത്തി.
ജോഹാനസ്ബർഗ് നഗരത്തിൽ ഇന്ന് വൈകിട്ടാണ് ഉച്ചകോടി ആരംഭിക്കുന്നത്. വ്യാഴാഴ്ച സമാപിക്കുന്ന ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കും.
2019ന് ശേഷമുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. പ്രധാനമന്ത്രി മോദിക്ക് പുറമേ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവ, ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിംഗ്, റഷ്യൻ വിദേശകാര്യമന്ത്രി സെർജെയ് ലാവ്റോവ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.
ബ്രിക്സ് ഉച്ചകോടിക്കുശേഷമുള്ള ബ്രിക്സ്ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് എന്നിവയിലും പ്രധാനമന്ത്രി പങ്കെടുക്കും.
|
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു.
ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹാന്നാസ്ബർഗിലാണ് ഉച്ചകോടി. വ്യാഴാഴ്ചയാണ് സമാപനം. ഇതിനുശേഷം പ്രധാനമന്ത്രി ഗ്രീസും സന്ദർശിക്കും.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ക്ഷണപ്രകാരമാണ് മോദിയുടെ ദക്ഷിണാഫ്രിക്കൻ സന്ദർശനം. 2019ന് ശേഷമുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്.
ബ്രിക്സ് ഉച്ചകോടിക്കുശേഷമുള്ള ബ്രിക്സ്ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് എന്നിവയിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് വെള്ളിയാഴ്ച ഗ്രീസിലേക്കു തിരിക്കും.
|
നൈജർ അതിർത്തിയിൽ ഏറ്റുമുട്ടൽ; 17 സൈനികർ കൊല്ലപ്പെട്ടു
നൈയാമെ: നൈജറിലെ അതിർത്തി മേഖലയിൽ സായുധസംഘങ്ങൾ നടത്തിയ ഏറ്റുമുട്ടലിൽ 17 സൈനികർ കൊല്ലപ്പെട്ടു. 20 സൈനികർക്ക് പരിക്കേറ്റതായും 100 ഭീകരരെ "തുരത്തിയതായും' അധികൃതർ അറിയിച്ചു.
നൈജർ മാലി ബുർക്കിനാ ഫാസോ അതിർത്തിപ്രദേശമായ കൗടൗഗുവിലാണ് ആക്രമണം നടന്നത്. ഐഎസ്, അൽ ഖ്വയ്ദ ഭീകരരുടെ ശക്തമായ സാന്നിധ്യമുള്ള പ്രദേശമാണിത്.
ബോനിയിൽ നിന്ന് ടൊറോണിയിലേക്ക് സഞ്ചരിക്കുകയായിരുന്ന സൈനികവാഹനങ്ങൾക്ക് നേരെ ഭീകരർ ഒളിച്ചിരുന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും പരിക്കേറ്റവരെ തലസ്ഥാനഗരിയായ നൈയാമെയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു.
|
കേപ് വെർദെ തീരത്ത് അഭയാർഥി ബോട്ട് തകർന്ന് 63 പേർ മരിച്ചു
കേപ് വെർദെ: പടിഞ്ഞാറൻ ആഫ്രിക്കയിലെ കേപ് വെർദെ തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് 63 പേർ മരിച്ചു. 12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെ 38 പേരെ രക്ഷപ്പെടുത്തിയതായി യുഎൻ സംഘടന ഐഒഎം അറിയിച്ചു.
നൂറോളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. സെനഗൽ, സിയറ ലിയോൺ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ചയാണ് ബോട്ടിനെ തകർന്ന നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
സെനഗലിൽ നിന്ന് സ്പാനിഷ് കനേറി ദ്വീപിലേക്ക് യാത്ര ചെയ്ത ബോട്ടാണ് തകർന്നതെന്നാണ് റിപ്പോർട്ട്. 101 കുടിയേറ്റക്കാരുമായി ബോട്ട് ജൂലൈ 10ന് പുറപ്പെട്ടിരുന്നതായി സെനഗൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
|
ലിബിയയിൽ സായുധ സംഘങ്ങൾ ഏറ്റുമുട്ടി; 27 മരണം, നിരവധി പേർക്ക് പരിക്ക്
ട്രിപ്പോളി: ലിബിയൻ തലസ്ഥാനത്ത് സായുധസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. 444 ബ്രിഗേഡ്, സ്പെഷൽ ഡിറ്ററൻസ് ഫോഴ്സ് എന്നീ സായുധസംഘങ്ങൾ തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടൽ അരങ്ങേറിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടൽ തുടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 444 ബ്രിഗേഡിലെ സീനിയർ കമാൻഡറായ മഹ്മൂദ് ഹംസയെ ട്രിപ്പോളിയിലെ വിമാനത്താവളത്തിൽ എതിരാളി സംഘം നേരത്തേ തടഞ്ഞുവച്ചതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
സംഭവത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. മരിച്ചവരിൽ സാധാരണക്കാർ എത്രയുണ്ടെന്നതു സംബന്ധിച്ച് വ്യക്തതയായിട്ടില്ല. സംഘർഷത്തെത്തുടർന്നു ട്രിപ്പോളിയിലേക്കുള്ള മിക്ക വിമാന സർവീസുകളും വഴിതിരിച്ചുവിട്ടു.
|
നൈജീരിയയിൽ 26 സൈനികർ കൊല്ലപ്പെട്ടു
കാനോ: നൈജീരിയയിൽ ഭീകരാക്രമണത്തിൽ 26 സൈനികർ കൊല്ലപ്പെട്ടു. എട്ടു പേർക്കു പരിക്കേറ്റു. മധ്യ നൈജീരിയയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും പരിക്കേറ്റ സൈനികരെയും കൊണ്ടുപോയ ഹെലികോപ്റ്റർ തിങ്കളാഴ്ച രാവിലെ തകർന്നുവീണു. അക്രമികളുടെ വെടിയേറ്റാണ് ഹെലികോപ്റ്റർ തകർന്നത്.
കൊല്ലപ്പെട്ട സൈനികരിൽ മൂന്നു പേർ ഓഫീസർമാരാണ്. വടക്കുപടിഞ്ഞാറൻ, മധ്യ നൈജീരിയയിൽ വർഷങ്ങളായി ഭീകരാക്രമണങ്ങൾ നടന്നുവരുന്നു. ക്രൈസ്തവരാണ് നിരന്തരം ആക്രമണത്തിനിരയാകുന്നത്.
|
നയതന്ത്രനീക്കം തള്ളി നൈജറിലെ പട്ടാള ഭരണകൂടം
നിയാമി: നൈജറിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഹമ്മദ് ബാസൂമിനെ ഭരണത്തിൽ പുനഃപ്രതിഷ്ഠിക്കാനുള്ള നയതന്ത്രനീക്കം തള്ളി നൈജറിലെ പട്ടാള ഭരണകൂടം.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസ്, ആഫ്രിക്കൻ യൂണിയൻ, ഐക്യരാഷ്ട്ര സഭ എന്നിവയുടെ പ്രതിനിധികളുടെ നയന്ത്രസന്ദർശനം നൈജറിലെ പട്ടാള ഭരണകൂടം നിരസിച്ചു.
പട്ടാള ഭരണകൂടവുമായി ചർച്ച നടത്തിയെന്നും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാസൂമിനെ കാണാൻ അനുവദിച്ചില്ലെന്നും ആക്ടിംഗ് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വിക്ടോറിയ നൂലാൻഡ് പറഞ്ഞു.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസിലെ അംഗങ്ങൾ വ്യാഴാഴ്ച നൈജീരിയയുടെ തലസ്ഥാനമായ അബുജയിൽ കൂടിക്കാഴ്ച നടത്തും.
|
നൈജർ പ്രസിഡന്റായി പ്രഖ്യാപിച്ച് ജനറൽ അമാദൗ അബ്ദ്റമാനെ
നിയാമി: നൈജറിൽ ഭരണ അട്ടിമറിക്കു ശേഷം പുതിയ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് കേണൽ ജനറൽ അമാദൗ അബ്ദ്റമാനെ. ദേശീയ ടിവിയിലൂടെയാണ് അമാദൗ അബ്ദ്റമാനെ പ്രഖ്യാപനം നടത്തിയത്.
രാജ്യം പടിപടിയായി നശിക്കുന്നത് തടയാൻ ഇടപെടൽ അനിവാര്യമായിരുന്നുവെന്നും 62 കാരനായ ജനറൽ പറഞ്ഞു. മുഹമ്മദ് ബാസൂം ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നത് എല്ലാം നന്നായി പോകുന്നുവെന്നാണ്. എന്നാൽ പരുഷമായ യാഥാർഥ്യം ഇതായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ സംബോധന ചെയ്ത ജനറൽ അമാദൗ അബ്ദ്റമാനെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങിപ്പോകാനുള്ള സമയ പരിധി സംബന്ധിച്ച് പരാമർശിച്ചില്ല.
ബുധനാഴ്ചയാണ് പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ തടവിലാക്കി പ്രസിഡൻഷ്യൽ ഗാർഡുകൾ ഭരണം പിടിച്ചെടുത്തത്. ‘രാജ്യസുരക്ഷയ്ക്കുള്ള ദേശീയ സമിതി’ എന്നാണ് അട്ടിമറിക്കാർ സ്വയം വിശേഷിപ്പിച്ചത്.
ഇവരുടെ വക്താവായി ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ജനറൽ അമാദൗ അബ്ദ്റമാനെ ഭരണം പിടിച്ചെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. വിവിധ സൈനികവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത് ഒഴിവാക്കാനായി അട്ടിമറിക്കാർക്കു പിന്തുണ നല്‍കുന്നതായി സൈനികമേധാവി അബ്ദു ഈസ പിന്നാലെ അറിയിച്ചു.
ഇതിനിടെ, ബുധനാഴ്ച രാവിലെ തടവിലാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂം എവിടെയാണെന്നതിൽ വ്യക്തതയില്ല. 2021ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചു പ്രസിഡന്റായ മുഹമ്മദ് ബാസൂം മുൻ കോളനി ഭരണകർത്താക്കളായ ഫ്രാൻസുമായും മറ്റു പാശ്ചാത്യശക്തികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹം ഭരണത്തിൽനിന്നു നീക്കംചെയ്യപ്പെട്ടതോടെ പടിഞ്ഞാറൻ ആഫ്രിക്കയിൽ പാശ്ചാത്യ ശക്തികളുടെ ഏക പിടിവള്ളി ഇല്ലാതാവുകയാണ്.
മേഖലയിലെ മറ്റു രാജ്യങ്ങളായ മാലി, ബുർക്കിന ഫാസോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവ ഇസ്ലാമിക ജിഹാദി ഗ്രൂപ്പുകൾക്കെതിരായ പോരാട്ടത്തിൽ പാശ്ചാത്യസേനകൾക്കു പകരം റഷ്യയിലെ വാഗ്നർ ഗ്രൂപ്പിന്റെ സേവനമാണ് ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. അൽക്വയ്ദയുമായും ഐഎസുമായും ബന്ധ മുള്ള ഗ്രൂപ്പുകൾ നൈജറിൽ സജീവമാണ്.
|
അൾജീരിയയിൽ കാട്ടുതീ പടരുന്നു; 34 മരണം
അൽജെഴ്സ്: വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ അകപ്പെട്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ 10 സൈനികർ ഉൾപ്പെടെ 34 പേർ മരിച്ചു. 197 പേർക്ക് പരിക്കേറ്റു.
രാജ്യത്തിന്റെ വടക്കൻ മേഖലയിലുള്ള തീരപ്രദേശമായ ബെജായയിലാണ് കാട്ടുതീ ഏറ്റവുമധികം നാശം വിതച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ പ്രദേശത്ത് മാത്രം 23 പേരാണ് മരിച്ചത്. ഈ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ 10 സൈനികർ തീ വ്യാപിച്ച പ്രദേശത്ത് കുടുങ്ങിപ്പോവുകയായിരുന്നു.
530 ട്രക്കുകൾ ഉപയോഗിച്ച് 8,000 അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തീ അണയ്ക്കാൻ ശ്രമം തുടരുകയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും സർക്കാർ അറിയിച്ചു.
|
അഭയാർഥി ബോട്ട് മുങ്ങി സെനഗലിൽ 17 മരണം
ഡാകർ: ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അഭയാർഥി ബോട്ട് കടലിൽ മുങ്ങിത്താണ് 17 പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന നിരവധി പേരെ കാണാതായി. ഡാകർ മേഖലയ്ക്ക് സമീപത്തുള്ള ഔകാം തീരപ്രദേശത്താണ് അപകടം നടന്നത്.
അറ്റ്ലാന്റിക് സമുദ്രത്തിലൂടെ യുറോപ്പിലേക്കു കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് പുറപ്പെട്ടത് എവിടെനിന്നാണെന്നോ എത്ര പേർ ബോട്ടിൽ സഞ്ചരിച്ചിരുന്നെന്നോ വ്യക്തമല്ല.
ഇന്ന് പുലർച്ചെയോടെ കണ്ടെത്തിയ ബോട്ടിന്റെ അവശിഷ്ടങ്ങൾ സ്കൂബാ ഡൈവർമാരും രക്ഷാപ്രവർത്തകരും ചേർന്നു തീരത്തെത്തിച്ചു. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും കടലിൽ തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
|
കോംഗോയിൽ സ്ഫോടനം; ഒമ്പത് പേർ മരിച്ചു
കിൻഷാസ: സായുധ സേനകളുടെ ആക്രമണം രൂക്ഷമായ ഡെമോക്രാറ്റിക്ക് റിപബ്ലിക്ക് ഓഫ് കോംഗോയിൽ അക്രമികൾ നടത്തിയ ബോബ് സ്ഫോടനത്തിൽ ഒമ്പത് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു.
നോർത്ത് കിവും മേഖലയിലെ ലുബ്വെ സൂദ് പ്രദേശത്ത് ബുധനാഴ്ച രാത്രി(പ്രാദേശിക സമയം) ആണ് ആക്രമണം നടന്നത്.
വഴിയിൽ കിടന്ന ഒരു ബോംബ് മേഖലയിലെ ഒരു പൊതുപ്രവർത്തകന്റെ കൈയിൽ എത്തിപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ ഇത് പോലീസിനെ ഏൽപ്പിച്ചെങ്കിലും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
|
സുഡാനിൽ വ്യോമാക്രമണം; 22 പേർ മരിച്ചു
ഖാർത്തും: സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന സുഡാനിൽ ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
തലസ്ഥാനമായ ഖാർത്തുമിന് സമീപത്തുള്ള ഒംദുർമാൻ നഗരത്തിലെ പാർപ്പിട മേഖലയിലാണ് വ്യോമാക്രമണം നടന്നത്. വിമാനങ്ങളിൽ നിന്ന് വർഷിച്ച ബോംബുകളുടെ ആഘാതമേറ്റ് നിരവധി കെട്ടിടങ്ങൾ തകർന്നു.
ആക്രമണം നടത്തിയത് സൈന്യമാണെന്നും 31 സാധാരണ പൗരന്മാർ കൊല്ലപ്പെട്ടെന്നും ആർഎസ്എഫ് ആരോപിച്ചു.
പ്രദേശത്തെ വീടുകളിൽ ഒളിച്ചിരുന്ന ആർഎസ്എഫ് പടയാളികളെ ലക്ഷ്യം വച്ച് സൈന്യം നടത്തിയ ആക്രമണത്തിനിടെ ഡ്രോണുകൾ ഉപയോഗിച്ച് ആർഎസ്എഫ് നടത്തിയ പ്രത്യാക്രമണമാണ് നാശം വിതച്ചതെന്നും ആരോപണമുണ്ട്.
എന്നാൽ ഏത് വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരണം ലഭ്യമല്ല. ആർഎസ്എഫ് പടയാളികളുടെ പ്രധാന താവളമായ ദാഫുർ പട്ടണത്തിന് സമീപത്തുള്ള പ്രദേശമാണ് ഒംദുർമാൻ.
|
വാതക ചോർച്ച; ദക്ഷിണാഫ്രിക്കയിലെ ചേരിയിൽ 16 പേർ ശ്വാസംമുട്ടി മരിച്ചു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ നൈട്രേറ്റ് ഓക്സൈഡ് വാതക ചോർച്ചയെ തുടർന്നു 16 പേർ മരിച്ചു. ജോഹന്നാസ്ബർഗിന് കിഴക്കുള്ള ബോക്സ്ബർഗിലുള്ള ചേരിയിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ വിഷ വാതകം ശ്വസിച്ചു മരിച്ചു.
നൈട്രേറ്റ് ഓക്സൈഡ് അടങ്ങിയ സിലിണ്ടറിൽ നിന്നാണ് വാതക ചോർച്ചയുണ്ടായത്. വിഷ വാതകം ശ്വസിച്ച നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് എമർജൻസി സർവീസ് വക്താവ് വില്യം നറ്റ്ലാഡി പറഞ്ഞു.
അനധികൃത സ്വർണ ഖനന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാതകം ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ഉപേക്ഷിക്കപ്പെട്ട ഖനി ഷാഫ്റ്റുകളിൽ നിന്ന് മോഷ്ടിച്ച മണ്ണിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ തൊഴിലാളികൾ നൈട്രേറ്റ് ഓക്സൈഡ് വാതകം ഉപയോഗിക്കാറുണ്ട്.
തൊഴിലില്ലായ്മ രൂക്ഷമായ ദക്ഷിണാഫ്രിക്കയിൽ രജിസ്റ്റർ ചെയ്യാത്ത ആയിരക്കണക്കിന് ഖനിത്തൊഴിലാളികളാണ് ഇത്തരം കാലഹരണപ്പെട്ട ഖനികളിൽ സ്വർണം തേടുന്നത്. ജോഹന്നാസ്ബർഗിന്റെ ചുറ്റും ഉപേക്ഷിക്കപ്പെട്ട നിരവധി സ്വർണ ഖനികളുണ്ട്.
|
കെനിയയിൽ വാഹനാപകടത്തിൽ 48 മരണം
നെയ്റോബി: കെനിയയിൽ വാഹനാപകടത്തിൽ 48 പേർ മരിച്ചു. പടിഞ്ഞാറൻ കെനിയയിൽ തിരക്കേറിയ ജംഗ്ഷനിൽ നിയന്ത്രണം വിട്ട ട്രക്ക് വാഹനങ്ങളിലേക്കും കാൽനടയാത്രക്കാരുടെ ഇടയിലേക്കും ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഇതുവരെ 48 പേർ മരിച്ചതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ സാധിച്ചുവെന്ന് പോലീസ് അറിയിച്ചു. ഒന്നോ രണ്ടോ പേർ ഇപ്പോഴും ട്രക്കിന്റെ അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നുവെന്നും പ്രാദേശിക പോലീസ് കമാൻഡർ ജെഫ്രി മയേക് പറഞ്ഞു.
30 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെറിച്ചോയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് നിയന്ത്രണം വിട്ട് എട്ട് വാഹനങ്ങളിലും നിരവധി മോട്ടോർ സൈക്കിളുകളിലും റോഡരികിലുണ്ടായിരുന്ന ആളുകളെയും കച്ചവടക്കാരെയും ഇടിച്ചു തകർത്തത്.
രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം അപകടകാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടത്തുമെന്ന് ഗതാഗത മന്ത്രി കിപ്ചുംബ മുർകോമെൻ ട്വീറ്റ് ചെയ്തു.
|
മോദിക്ക് ഈജിപ്തിന്റെ പരമോന്നത ബഹുമതി; സഹകരണം ശക്തമാക്കാനുള്ള കരാറില്‍ ഒപ്പുവച്ചു
കെയ്റോ: പരസ്പരസഹകരണം ശക്തമാക്കാനുള്ള കരാറില്‍ ഇന്ത്യയും ഈജിപ്തും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ത്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്തേഹ് എല്‍സിസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറില്‍ ഒപ്പിട്ടത്.
പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദ നൈല്‍ മോദിക്ക് സമ്മാനിച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു.
ശനിയാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഈജിപ്തിലെത്തിയത്. വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു.
പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച കെയ്റോയിലെ അല്‍ ഹക്കീം പള്ളിയും രാജ്യത്തെ യുദ്ധസ്മാരകവും മോദി സന്ദര്‍ശിച്ചിരുന്നു.
|
അൽജീരിയൻ മുൻ പ്രധാനമന്ത്രിക്ക് അഞ്ച് വർഷം തടവ്
അൽജിയേഴ്സ്: അഴിമതിക്കേസിൽ അൽജീരിയൻ മുൻ പ്രധാനമന്ത്രി നൂറുദ്ദീൻ ബിദൂയിക്കും മുൻ ആരോഗ്യമന്ത്രി അബ്ദുൽ മലിക് ബുദൈഫിനും കോടതി അഞ്ചുവർഷം തടവും പത്തുലക്ഷം അൽജീരിയൻ ദീനാർ (ഏകദേശം ആറു ലക്ഷം രൂപ) പിഴയും ശിക്ഷ വിധിച്ചു.
കോൺസ്റ്റന്റൈനിൽ പുതിയ വിമാനത്താവളം നിർമിച്ചതിലെ ക്രമക്കേടിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സാമ്പത്തികശിക്ഷാ കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ചെലവ് കണക്കുകൂട്ടിയതിനേക്കാൾ ഏഴുമടങ്ങ് വർധിച്ചു.
നാലുവർഷം കൊണ്ട് തീർക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി പൂർത്തിയാകാൻ പത്തു വർഷമെടുത്തു. 2019 മാർച്ച് മുതൽ ഡിസംബർ വരെയാണ് നൂറുദ്ദീൻ ബിദൂയി അൽജീരിയൻ പ്രധാനമന്ത്രിയായത്.
|
യുഗാണ്ടൻ സ്കൂളിൽ ഭീകരാക്രമണം; 40 മരണം
കംപാല: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരർ സുഡാനിലെ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 40 പേർ മരിച്ചു. ഭൂരിഭാഗവും സ്കൂൾ ഡോർമിറ്ററിയിലുണ്ടായിരുന്ന ആൺകുട്ടികളാണ്. ഒട്ടേറെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
അയൽരാജ്യമായ കോംഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അലൈഡ് ഡോമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) ഭീകരസംഘടനാംഗങ്ങളാണ് പടിഞ്ഞാറൻ യുഗാണ്ടയിലെ എംപോണ്ടയിലുള്ള സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച അര്‍ധരാത്രി ആക്രമണം നടത്തിയത്.
ആൺകുട്ടികളെ വെട്ടിക്കൊല്ലുകയും ഡോർമിറ്ററിക്കു തീയിടുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിൽ എട്ടു പേർക്കു പരിക്കേറ്റിട്ടുമുണ്ട്. എത്രപേർ മരിച്ചുവെന്നോ അതിൽ എത്ര വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നോ വ്യക്തമല്ല. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ്.
60നു മുകളിൽ വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു. ഭൂരിഭാഗവും ഡോർമിറ്ററിയിലാണു താമസിച്ചിരുന്നത്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനായി യുഗാണ്ടൻ സൈനികർ ഭീകരരെ പിന്തുടരുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
വിമാനങ്ങൾ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. കോംഗോയിലെ വിരുംഗ വനമേഖലയിലേക്കാണ് ഭീകരർ കടന്നിരിക്കുന്നത്. എഡിഎഫ് ആക്രമണങ്ങൾ തടയാൻ സുഡാൻ, കോംഗോ സേനകൾ സംയുക്ത ഓപറേഷൻ നടത്തിയിരുന്നു.
|
സുഡാനിൽ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 17 പേർ കൊല്ലപ്പെട്ടു
കയ്റോ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികൾ അടക്കം 17 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ഖാർത്തൂമിലെ ജനവാസമേഖലയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ജനങ്ങൾ ബോംബിന് ഇരയായത്.
ആക്രമണത്തിൽ 25 വീടുകൾ തകർന്നു. റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതരെ ലക്ഷ്യമിട്ടായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഇവർ ജനവാസകേന്ദ്രങ്ങൾ മറയാക്കി പ്രവർത്തിക്കുന്നു എന്നാരോപിച്ച് ഈ മേഖലകളിൽ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിരുന്നു.
എന്നാൽ ഞായറാഴ്ച മുതൽ 72 മണിക്കൂർ നേരത്തേക്ക് ഇരുവിഭാഗവും വെടിനിർത്തലിന് സമ്മതിച്ചിട്ടുണ്ട്. യുഎസ്, സൗദി മധ്യസ്ഥതയിൽ ജിദ്ദയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. മുൻപുണ്ടാക്കിയ വെടിനിർത്തൽ കരാറുകളെല്ലാം മണിക്കൂറുകൾക്കകം പരാജയപ്പെട്ടിരുന്നു.
സൈന്യത്തിന് ഖർത്തൂമിലും അയൽ നഗരങ്ങളായ ഒംദുർമാനിലും ബഹ്രിയിലും വ്യോമസേനയെ ഉപയോഗിക്കാമെന്ന മുൻതൂക്കമുണ്ട്. അതേസമയം ആർഎസ്എഫ് ഇവിടെയുള്ള ജനവാസമേഖലയിൽ വീടുകൾ കൈയേറിയാണ് പ്രവർത്തിക്കുന്നത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും സൈന്യം ഈ പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തി. ആർഎസ്എഫ് കൈയേറിയ വീടുകളിൽനിന്ന് അകന്നുനിൽക്കാനും ജനങ്ങളോടു സൈന്യം ആവശ്യപ്പെട്ടു. തെക്കൻ ഖർത്തൂമിലെ മയോ മേഖലയിലാണു ശനിയാഴ്ച 17 പേർ കൊല്ലപ്പെട്ടത്.
സുഡാൻ സൈന്യവും അർധസൈനികവിഭാഗമായ ആർഎസ്എഫും തമ്മിലുള്ള യുദ്ധം രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്.
|
നൈജീരിയയിൽ കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു
അബുജ: നൈജീരിയയിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം മടങ്ങുകയായിരുന്ന കത്തോലിക്കാ വൈദികനെ അക്രമികൾ കൊലപ്പെടുത്തി. ഫാ. ചാൾസ് ഓണോഹോലെ ഇഗേച്ചി ജൂണ്‍ ഏഴിനു ബെനിൻ നഗരത്തിലാണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 13നാണ് ഫാ.ചാൾസ് പൗരോഹിത്യം സ്വീകരിച്ചത്. ഇഖ്യനിറോയിലെ സെന്റ് മൈക്കിൾസ് കോളജ് വൈസ് പ്രിൻസിപ്പലായി പ്രവർത്തിച്ചുവരികയായിരുന്നു.
ആഫ്രിക്കയിൽ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ ക്രൈസ്തവർക്കെതിരേ നിരന്തരം ആക്രമണം നടന്നുവരികയാണ്. ജൂണ്‍ രണ്ടിന് ഫാ. മത്തിയാസ് ഓപാറയെ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് ഇദ്ദേഹത്തെ മോചിപ്പിച്ചു.
|
നൈജീരിയയിൽ ബോട്ട് മുങ്ങി 103 പേർ മരിച്ചു
അബുജ: വടക്കൻ നൈജീരിയയിൽ ബോട്ട് മുങ്ങി 103 പേർ മരിച്ചു. നിരവധി പേരെ കാണാതായി.
രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുവരികയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ക്വാറ സംസ്ഥാനത്തെ പടേഗി ജില്ലയില്‍ നൈജര്‍ നദിയിലാണ് അപകടം നടന്നത്.
നൈജർ സംസ്ഥാനത്തെ ഇഗ്ബോട്ടിയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
|
നൈജീരിയയില്‍ തടവിലായിരുന്നവര് ശനിയാഴ്ച കേരളത്തിലെത്തും
കൊച്ചി: കഴിഞ്ഞ പത്തു മാസമായി നൈജീരിയയില്‍ തടവിലായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശനിയാഴ്ച കേരളത്തിലെത്തും. കപ്പല്‍ ജീവനക്കാരായ മുളവുകാട് സ്വദേശി മില്‍ട്ടണ്‍ ഡിക്കോത്ത, കടവന്ത്ര സ്വദേശി സനു ജോസ്, കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവര്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30നുള്ള വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തും.
ഇവരുള്‍പ്പെടെ കപ്പലിലുണ്ടായിരുന്ന 26 ജീവനക്കാരും ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ തുറമുഖത്തെത്തിയിരുന്നു. വെള്ളിയാഴ്ച എല്ലാവരും കേപ് ടൗണില്‍ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. ദുബായിലേക്കാണ് വിമാനം. ദുബായില്‍ നിന്ന് ബംഗളൂരുവിലും തുടര്‍ന്ന് കൊച്ചിയിലുമെത്തും.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ദക്ഷിണാഫ്രിക്കയില്‍നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരാനാണ് "ഹെറോയിക് ഐഡന്‍' എന്ന കപ്പലില്‍ ഇവര്‍ എത്തിയത്. നൈജീരിയയില്‍നിന്ന് ക്രൂഡ് ഓയില്‍ നിറച്ച് നോട്ടര്‍ഡാമില്‍ ഇറക്കാനായിരുന്നു നിര്‍ദേശം.
കപ്പല്‍ നൈജീരിയയിലെത്തിയപ്പോള്‍ സാങ്കേതികതടസത്തെ തുടര്‍ന്ന് നൈജീരിയന്‍ അതിര്‍ത്തിയില്‍ കാത്തു കിടക്കുമ്പോഴാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് കപ്പലിലുള്ളവരെ അറസ്റ്റ് ചെയ്തത്.
നൈജീരിയ പിഴയായി ആവശ്യപ്പെട്ട രണ്ടുമില്യണ്‍ യുഎസ് ഡോളര്‍ കപ്പല്‍ കമ്പനിയായ ഒഎസ്എം മാരിടൈം കമ്പനി അടച്ചിട്ടും ഇവരെ വിട്ടയച്ചിരുന്നില്ല. കപ്പല്‍ ജീവനക്കാര്‍ കുറ്റക്കാരല്ലെന്നു പിന്നീട് നൈജീരിയന്‍ കോടതി ഉത്തരവിട്ടിരുന്നു.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടഞ്ഞുവച്ച കപ്പല്‍ നവംബറിലാണു നൈജീരിയയ്ക്കു കൈമാറിയത്. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കുശേഷമാണ് ജീവനക്കാരുടെ മോചനം.
നിലനില്‍ക്കാത്ത കുറ്റങ്ങള്‍ ചുമത്തി കപ്പല്‍ ജീവനക്കാരെ തടഞ്ഞുവച്ചതിനെതിരേ രാജ്യാന്തര ഇടപെടലുകളുണ്ടായിരുന്നു.
|
ബ്രിക്സ് മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാൻ ജയശങ്കര്‍ ദക്ഷിണാഫ്രിക്കയിൽ
കേപ്ടൗൺ: കേപ്ടൗണില്‍ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ദക്ഷിണാഫ്രിക്കയിലെത്തി.
ദക്ഷിണാഫ്രിക്കന്‍ പ്രധാനമന്ത്രി നലേഡി പാണ്ടറുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും. കേപ്ടൗണിലെ ഇന്ത്യന്‍ പ്രവാസികളുമായും അദ്ദേഹം ആശയവിനിമയം നടത്തും.
തുടർന്ന് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മന്ത്രി ഞായറാഴ്ച നമീബിയയിലേക്ക് തിരിക്കും. നമീബിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യ മന്ത്രിയാകും അദ്ദേഹം.
|
ഒടുവിൽ മോചനം! നൈജീരിയന്‍ നാവികസേന തടവിലാക്കിയ കപ്പല്‍ ജീവനക്കാരെ വിട്ടയച്ചു
അബുജ: നൈജീരിയന്‍ നാവികസേന തടവിലാക്കിയ എണ്ണക്കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചു. എട്ടുമാസത്തിനു ശേഷമാണ് മലയാളികളടക്കമുള്ളവരുടെ മോചനം സാധ്യമായത്. കപ്പലും ജീവനക്കാരുടെ പാസ്പോര്‍ട്ടും വിട്ടുനല്‍കി.
അസംസ്കൃത എണ്ണമോഷണം, സമുദ്രാതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി ഓഗസ്റ്റിലാണ് നൈജീരിയന്‍ നാവിക സേന എംടി ഹീറോയിക് ഇദുന്‍ കപ്പല്‍ പിടിച്ചെടുത്തത്. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു കപ്പല്‍.
ഓഗസ്റ്റ് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവിയുടെ തടവിലായിരുന്നു കപ്പല്‍ ജീവനക്കാര്‍. രാജ്യാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളര്‍ പിഴയും ചുമത്തിയിരുന്നു. വിട്ടയക്കപ്പെട്ടവര്‍ രണ്ടാഴ്ചയ്ക്കകം നാട്ടിലെത്തുമെന്നാണ് വിവരം.
|
ദക്ഷിണാഫ്രിക്കയിൽ കോളറ പടരുന്നു; 15 പേർ മരിച്ചു
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ ഗുവാത്തെംഗ് പ്രവിശ്യയിൽ കോളറ ബാധിച്ച് 15 പേർ മരിച്ചു. 41 പേർ കോളറ ബാധിച്ച് ചികിത്സയിലാണെന്നും നൂറിലേറെ പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നതായും അധികൃതർ അറിയിച്ചു.
ഷ്വാനെ പട്ടണത്തിന് സമീപത്തുള്ള ഹമ്മാൻസ്ക്രാൽ മേഖലയിലാണ് രോഗം പടർന്നുപിടിച്ചത്. കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന മേഖലയായ ഇവിടെ മാത്രം 34 പേരാണ് കോളറ ബാധിച്ച് ചികിത്സയിലുള്ളത്. സുരക്ഷയുടെ ഭാഗമായി പൊതുടാപ്പുകളിൽ നിന്ന് വെള്ളം കുടിക്കരുതെന്ന് ഹമ്മാൻസ്ക്രാൽ മേഖലയിലുള്ളവർക്ക് സർക്കാർ മുന്നറിയിപ്പ് നൽകി.
ഈ വർഷം ഫെബ്രുവരിയിലും ദക്ഷിണാഫ്രിക്കയിൽ രണ്ട് പേർക്ക് കോളറ ബാധിച്ചതായി ആരോഗ്യവിദഗ്ധർ അറിയിച്ചിരുന്നു.
|
മലാവി ബോട്ട് അപകടം: മരണം ഏഴായി
ലിലോംഗ്വെ: മലാവിയിൽ ഹിപ്പൊപൊട്ടാമസിനെ ഇടിച്ചുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലുള്ള എൻസാൻജെ ജില്ലയിലാണ് തിങ്കളാഴ്ച രാവിലെ അപകടം നടന്നത്.
ഷൈർ നദിയിലൂടെ 37 യാത്രികരുമായി സഞ്ചരിക്കുകയായിരുന്ന തടിബോട്ടാണ് ഹിപ്പോയുടെ ശരീരത്തിൽ തട്ടി മുങ്ങിയത്. പ്രദേശവാസികൾ ചേർന്ന് 13 യാത്രികരെ രക്ഷപ്പെടുത്തിയെങ്കിലും 23 പേരെ കാണാതാവുകയായിരുന്നു.
ഒരു വയസുകാരനായ കുട്ടിയുടെ മൃതദേഹം മാത്രമാണ് തിങ്കളാഴ്ച കണ്ടെത്താനായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആറ് പേരുടെ കൂടി മൃതദേഹം കിട്ടിയത്.
17 പേരെ കൂടി കണ്ടെത്താനുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
|
മലാവിയിൽ ഹിപ്പൊപൊട്ടാമസിനെ ഇടിച്ച് ബോട്ട് മറിഞ്ഞു; ഒരു മരണം, 23 പേരെ കാണാതായി
ലിലോംഗ്വെ: മലാവിയിൽ ബോട്ട് ഹിപ്പൊപൊട്ടാമസിന്റെ ശരീരത്തിൽ തട്ടിമറിഞ്ഞ് ഒരു വയസുകാരനായ കുട്ടി മരിച്ചു. ബോട്ടിലുണ്ടായിരുന്ന 23 യാത്രികരെ കാണാതായി.
രാജ്യത്തിന്റെ ദക്ഷിണ മേഖലയിലുള്ള എൻസാൻജെ ജില്ലയിലാണ് അപകടം നടന്നത്. ഷൈർ നദിയിലൂടെ 37 യാത്രികരുമായി സഞ്ചരിക്കുകയായിരുന്ന തടിബോട്ട് ഹിപ്പോയുടെ ശരീരത്തിൽ തട്ടി മുങ്ങുകയായിരുന്നു.
പ്രദേശവാസികൾ ചേർന്ന് 13 യാത്രികരെ രക്ഷപ്പെടുത്തി. കുട്ടിയുടെ മൃതദേഹം നദിയിൽനിന്നു പിന്നീട് കണ്ടെത്തുകയായിരുന്നു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
|
സിംബാബ്വെ മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്കിന് കാൻസർ; ഗുരുതരാവസ്ഥയിൽ
ഹരാരെ: സിംബാബ്വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് കാൻസർ ബാധിതനായി ഗുരുതരാവസ്ഥയിൽ. താരം ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ ചികിത്സയിലാണെന്നും മരണക്കിടക്കയിലാണെന്നും മുൻ മന്ത്രി ഡേവിഡ് കോൾടാർട്ട് ട്വിറ്ററിലൂടെ അറിയിച്ചു.
സിംബാബ്വെയ്ക്കായി കളിച്ച ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് സ്ട്രീക്ക്. 1993 നവംബർ 10നാണ് സ്ട്രീക്ക് ദേശീയ ടീമിനായി അരങ്ങേറിയത്. 189 ഏകദിനങ്ങളിലും 65 ടെസ്റ്റ് മത്സരങ്ങളിലും കളിച്ചു. ടെസ്റ്റിൽ 1990 റൺസും 216 വിക്കറ്റും നേടിയ താരം ഏകദിനത്തിൽ 2943 റൺസും 239 വിക്കറ്റും സ്വന്തമാക്കി.
ഐസിസിയുടെ അഴിമതി വിരുദ്ധ നിർദേശങ്ങൾ ലംഘിച്ചതിനാൽ സ്ട്രീക്കിന് 2021ൽ രാജ്യാന്തര ക്രിക്കറ്റ് എട്ടു വർഷത്തെ വിലക്കേർപ്പെടുത്തിയിരുന്നു.
|
ഗോൾഡൻ ഗ്ലോബ് റേസ്: ദക്ഷിണാഫ്രിക്കക്കാരി കിഴ്സ്റ്റന് ഒന്നാമത്
ലെ സാബ്ലെ ദെ ലോൺ: ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ട മത്സരത്തിൽ ദക്ഷിണാഫ്രിക്കന്‍ താരം കിഴ്സ്റ്റൻ നോയിഷെയ്ഫർ ഒന്നാമതായി ഫിനിഷ് ചെയ്തു.
ഗോള്‍ഡന്‍ ഗ്ലോബ് റേസ് ഫിനിഷ് ചെയ്യുന്ന ആദ്യ വനിതയാണ് കിഴ്സ്റ്റന്. 16 പേർ മത്സരിച്ച ഗോൾഡൻ ഗ്ലോബ് റേസിൽ കിഴ്സ്റ്റനും മലയാളി നാവികൻ അഭിലാഷ് ടോമിയും ഓസ്ട്രിയൻ യാത്രികൻ മൈക്കൽ ഗുഗൻബർഗും മാത്രമാണ് അവസാനഘട്ടം വരെ മത്സരരംഗത്തുണ്ടായിരുന്നത്.
ഫിനിഷിംഗ് പോയിന്റിലെത്തുന്ന സമയത്തിനൊപ്പം വഞ്ചിയുടെ സഞ്ചാരപാത, ഉപയോഗിച്ച ഇന്ധനത്തിന്റെ അളവ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് വിജയികളെ സംഘാടകർ പ്രഖ്യാപിക്കുന്നത്.
|
സുഡാനിൽ വെടിനിർത്തൽ നീട്ടി; സമയം നീട്ടിയത് വിദേശ പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി
ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ വീണ്ടും 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായാണ് വെടിനിർത്തൽ സമയം നീട്ടിയത്. അമേരിക്കയുടേയും സൗദിയുടേയും മധ്യസ്ഥ ശ്രമങ്ങളെ തുടർന്നാണ് തീരുമാനമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ആഭ്യന്തരകലാപം ആരംഭിച്ച ശേഷം ഇത് നാലാം തവണയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. വെടിനിർത്തൽ നീട്ടാനും പൂർണമായും നടപ്പാക്കാനുമുള്ള സുഡാനീസ് സൈന്യത്തിന്റെയും ആർഎസ്എഫിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
|
സുഡാൻ സംഘർഷം: ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണം
ഖര്‍ത്തൂം: സുഡാനിൽ ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണം. സംഭവത്തെ ശക്തമായി അപലപിക്കുന്നു എന്നും സുരക്ഷ ഉറപ്പാക്കണമെന്ന് സുഡാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടെന്നും എംബസി അറിയിച്ചു.
അതേസമയം, സുഡാനിലെ സംഘർഷത്തിന് അയവ് വന്നിട്ടില്ല. പരസ്പരം പോരാടുന്ന സൈന്യവും അർധസൈനികവിഭാഗമായ ആർഎസ്എഫും 24 മണിക്കൂർ നേരത്തേക്കു സമ്മതിച്ച വെടിനിർത്തൽ പാലിക്കപ്പെട്ടില്ല.
മരണം 270 ആയെന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചത്. യഥാർഥ സംഖ്യ വളരെ കൂടുതലായിരിക്കുമെന്നാണ് അനുമാനം. രൂക്ഷ പോരാട്ടം കാരണം തെരുവുകളിലെ മൃതദേഹങ്ങൾ എടുത്തുമാറ്റാനായിട്ടില്ല.
|
ദക്ഷിണാഫ്രിക്കയിൽ ട്രക്കും ബസും കൂട്ടിയിടിച്ചു; 20 മരണം
ജോഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കവചിത ട്രക്കും ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. ലിംപോപോ പ്രവിശ്യയിലായിരുന്നു സംഭവം.
നിയന്ത്രണം നഷ്ടമായ ട്രക്ക് എതിർദിശയിൽ വന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 60 പേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
സഭൈക്യ സമ്മേളനം സമാപിച്ചു
കെയ്റോ (ഈജിപ്ത്): കത്തോലിക്കാ സഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിൽ ദൈവശാസ്ത്ര സംവാദങ്ങൾനട ത്തുന്ന തിനുള്ളഅന്താരാഷ്ട്ര കമ്മീഷന്റെ 19ാമത് സമ്മേളനം ഈജിപ്തിലെ എൽ നട്രുൺ താഴ്വരയിലെ സെന്റ് ബിഷോയി ദയറായിൽ ജനുവരി 31 മുതൽ ഫെബ്രുവരി നാലുവരെ നടന്നു.
ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പ്രതിനിധികൾ പ്രത്യേകമായി സമ്മേളനം നടത്തി. മൂന്നിന് കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പോപ്പ് തേവോദോറസ് രണ്ടാമൻ കമ്മീഷൻ അംഗങ്ങളെ സ്വീകരിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ പരിശുദ്ധ ദൈവമാതാവിനു സഭാ ജീവിതത്തിലും ആരാധനയിലും ഉന്നതമായ സ്ഥാനമാണ് നൽകുന്നതെന്നും പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും ഭക്തിയും സഭാജീവിതത്തിന്റെയും ആരാധനയുടെയും അവിഭാജ്യ ഘടകമാണെന്നും കമ്മീഷൻ വിലയിരുത്തി. ദൈവമാതാവിനെക്കുറിച്ചുള്ള ചിന്തകളിൽ കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലുമുള്ള സാമ്യവും വ്യത്യാസവും കൂടുതൽ ആഴമായ പഠനങ്ങൾക്ക് വിധേയമാക്കാൻ സമ്മേളനം തീരുമാനിച്ചു.
അമലോൽഭവത്തിലുള്ള വിശ്വാസം, മാതാവിന്റെ സ്വർഗാരോപണം, ജന്മപാപം തുടങ്ങിയ വിഷയങ്ങൾ കൂടുതൽ ആഴത്തിൽ പഠന വിധേയമാക്കും. 2024 ജനുവരി 22 മുതൽ 26 വരെ റോമിൽ അടുത്ത സമ്മേളനം നടത്താനും തീരുമാനമായി. കത്തോലിക്കാസഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിൽ കൂടുതൽ ദൃശ്യമായ ഐക്യത്തിലേക്കും സഹകരണത്തിലേക്കും നീങ്ങാനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കാൻ സമ്മേളനം നിശ്ചയിച്ചു.
|
ദക്ഷിണാഫ്രിക്കയിൽ ജന്മദിന പാർട്ടിക്കിടെ വെടിവയ്പ്; എട്ടു പേർ കൊല്ലപ്പെട്ടു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വെടിവയ്പിൽ എട്ടു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കൻ തുറമുഖ നഗരമായ ഗ്കെബെർഹയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
നഗരത്തിലെ വീട്ടിൽ ജന്മദിനാഘോഷം നടക്കുന്നതിനിടയിൽ അജ്ഞാതരായ രണ്ടുപേർ അതിഥികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിനു ശേഷം ആക്രമികൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
51ാം ജന്മദിനം ആഘോഷിക്കുകയായിരുന്ന വുസുംസി ശിശുബ എന്ന സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
|
കത്തോലിക്ക കോൺഗ്രസ് ആഫ്രിക്കൻ രാജ്യങ്ങളിലും
കംബാല: സീറോ മലബാർ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലും പ്രവർത്തനം തുടങ്ങി. ഇതോടെ സംഘടനയുടെ പ്രവർത്തനമുള്ള രാജ്യങ്ങളുടെ എണ്ണം അന്‍പതായി.
കത്തോലിക്ക കോൺഗ്രസ് ആഫ്രിക്കൻ സമ്മേളനത്തിൽ ഗ്ലോബൽ ഭാരവാഹികളും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. ഉഗാണ്ട, സൗത്ത് ആഫ്രിക്ക, കെനിയ, സീഷേൽസ്, സാമ്പിയ, ഘാന, ബോട്സ്വാന, ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളിലാണു പുതിയതായി സമിതികൾ രൂപീകരിച്ചത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ആഫ്രിക്കൻ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിനോട് വളരെ സാമ്യമുള്ള പ്രകൃതിയും കൃഷി രീതികളുമുള്ള ഉഗാണ്ട ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസ് ശക്തിപ്പെടുമ്പോൾ സമുദായത്തിനു മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അമ്പതാമത്തെ രാജ്യമായ നൈജീരിയയിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡോ. വിൻസെന്റ് പാലത്തിങ്കലിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഫാ. ജോർജ് നെടുമറ്റം അഭിനന്ദിച്ചു. ഫാ. ജോസഫ് ഇലഞ്ഞിക്കൽ സാമ്പിയ കാത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് നവീൻ വർഗീസിന് ആയുഷ്കാല അംഗത്വം നൽകി ആഫ്രിക്കൻ കാമ്പയിൻ തുടക്കം കുറിച്ചു.
കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് വർഗീസ് തമ്പി അധ്യക്ഷത വഹിച്ചു. ഉഗാണ്ട കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പ്രഫ. കെ. എം. മാത്യു, ഫാ. അഭിലാഷ് ആന്റണി,ഗ്ലോബൽ ഭാരവാഹികളായ ജോമി മാത്യു, അഡ്വ.പി.ടി. ചാക്കോ, ജോളി ജോസഫ്, ഡെന്നി കൈപ്പനാനി, രഞ്ജിത് ജോസഫ്, ജോബി നീണ്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.
ടോണി ജോസഫ് കെനിയ, ബിനോയ് തോമസ് റുവാണ്ട, ജോയിസ് ഏബ്രഹാം സീഷെൽസ്, റോണി ജോസ് സൗത്ത് ആഫ്രിക്ക, ജോസ് അക്കര ഉഗാണ്ട, ബിജു ജോസഫ് ഘാന, ആന്റണി ജോസഫ് ബോട്സ്വാന, ജോൺസൻ തൊമ്മാന ഈജിപ്ത്, ഷാജി ജേക്കബ് നൈജീരിയ തുടങ്ങിയവർ വിവിധ രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസിനു നേതൃത്വം നൽകും .
|
ദക്ഷിണാഫ്രിക്കയിൽ വെടിവയ്പ്; 15 പേർ കൊല്ലപ്പെട്ടു
ജൊഹാനാസ്ബർഗ്: ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജൊഹാനസ്ബർഗിലെ ബാറില്‍ അജ്ഞാതർ നടത്തിയ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. ഒന്‍പതുപേർക്കു പരിക്കേറ്റു. ജൊഹാനാസ്ബർഗിലെ സോവെറ്റോ നഗരത്തിൽ ഞായറഴ്ച പുലർച്ചെ 12.30 ന് ആയിരുന്നു ആക്രമണം.
12 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. 11 പേരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ ചികിത്സയിലിരിക്കെ മരിച്ചു.
പുലർച്ചെ ബാറിലേക്ക് കടന്നുവന്ന തോക്കുധാരികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം ഇവർ വെളുത്ത മിനിബസിൽ രക്ഷപെട്ടു.
ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റ ഒൻപത് പേരുടെയും നിലഗുരതരമാണ്. 19 നും 35 നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്.
|
മനോജിന്റെ കുടുംബത്തിന് എംസിസി സമാഹരിച്ച തുക കൈമാറി
മോൺറോവിയ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ വച്ച് കഴിഞ്ഞ മാസം മരണമടഞ്ഞ മനോജിന്റെ കുടുംബത്തിന് ലൈബീരിയൻ മലയാളികളുടെ സംഘടനയായ മഹാത്മാ കൾച്ചറൽ സെന്റർ (എംസിസി) സമാഹരിച്ച പത്തുലക്ഷം രൂപ കുടുംബത്തിന് കൈമാറി. മനോജിന്റെ ആകസ്മികമായ വിയോഗത്തോടെ അനാഥമായ കുടുംബത്തിന് കൈത്താങ്ങാകുക എന്ന തീരുമാനത്തിൽ നിന്നാണ് സംഘടന മുൻകൈ എടുത്ത് 300ൽ താഴെ വരുന്ന അംഗങ്ങളിൽ നിന്നും 10 ലക്ഷം രൂപ സമാഹരിച്ചത്
കേന്ദ്ര മന്ത്രി വി.മുരളീധരൻ മനോജിന്റെ ഭവനത്തിൽ നേരിട്ടെത്തി തുകയുടെ ചെക്ക് കുടുംബത്തിന് കൈമാറി. മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയയുടെ പ്രതിനിധിയായി സംഘടനാ പ്രസിഡന്റ് ഗോപിനാഥൻ പിള്ളയുടെ ഭാര്യ ബീനാ ഗോപിനാഥൻ ചടങ്ങിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
|
ഹ്യുമാനിറ്റേറിയൻ മിഷനറി പുരസ്കാരം ഡോ. സണ്ണി സ്റ്റീഫന്‍ സമ്മാനിച്ചു
കോട്ടയം: വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ഇരുപത്തേഴു വർഷമായി നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ഉംറ്റാറ്റ രൂപത നൽകുന്ന ഹ്യുമാനിറ്റേറിയൻ മിഷനറി അവാർഡ്, സാമൂഹിക പ്രവർത്തകനും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫന്‍ പാലാ രൂപതാ സഹായ മെത്രാൻ ബിഷപ് മാർ ജേക്കബ്മുരിക്കൻ സമ്മാനിച്ചു.
സൗത്ത് ആഫ്രിക്കൻ കാത്തലിക് ബിഷപ് കൗണ്‍സിൽ പ്രസിഡന്റും ഉംറ്റാറ്റ രൂപതാധ്യക്ഷനുമായ ബിഷപ് സിതംബെല്ല സിപൂക്കയിൽ നിന്ന് വേൾഡ്പീസ് മിഷനു വേണ്ടി ചീഫ് കോഓർഡിനേറ്റർ സിസ്റ്റർ ഡോ സെബസ്റ്റിൻ മരിയ (സൗത്ത്ആഫ്രിക്ക) ഏറ്റുവാങ്ങിയ പുരസ്കാരമാണ് സണ്ണി സ്റ്റീഫന്‍ നൽകിയത്.
അഞ്ചുഭൂഖണ്ഡങ്ങളിലായി സണ്ണി സ്റ്റീഫന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വളർന്നു പന്തലിച്ചു നിൽക്കുന്നത്പ്രാർഥനയുടേയും ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിൻറേയും ഫലമാണ്. മനുഷ്യനും മനുഷ്യത്വവുമാണ് വലുതെന്ന ദർശനത്തിന്റെ പ്രകാശം പരത്തി ത്യാഗമാണ് സന്പാദ്യം, താഴ്മയാണ് സിംഹാസനംമെന്നും ജീവിതം കൊണ്ട് നമ്മെ ഇദ്ദേഹം പഠിപ്പിക്കുന്നുബിഷപ്പ് ജേക്കബ് മുരിക്കൻ പറഞ്ഞു.
ലോകസമാധാന പരിശ്രമങ്ങൾക്കും മനുഷ്യാവകാശപ്രവർത്തനങ്ങൾക്കും മതൈക്യത്തിനും ഉപവിപ്രവർത്തനങ്ങൾക്കുമായി കാൽ നൂറ്റാണ്ടിലേറെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി 2020ൽ മാനവികതയുടെ വിശ്വപൗരൻ’ എന്ന ബഹുമതിയോടെ ഓണററി ഡോക്ടറേററ് നൽകി ആദരിച്ചു.
പ്രഭാഷകൻ, അധ്യാപകൻ, സംഗീതജ്ഞൻ, ഫാമിലി കൗണ്‍സിലർ എന്നീ മികവിനൊപ്പം കവി, ഗാനരചയിതാവ്, ഗ്രന്ഥകാരൻ, സംവിധായകൻ, ചിന്തകൻ, എന്നീ നിലകളിലും ഈ കർമ്മയോഗിയുടെ പ്രവർത്തനങ്ങൾ വിപുലമാണ്. കുടമാളൂർ പീസ് ഗാർഡനിൽ നടന്നചടങ്ങിൽ ശ്രീ മോൻസ് ജോസഫ് എംഎൽഎ, സി ഡോ ജോവാൻ ചുങ്കപ്പുര( ട്രാഡാ), സി സെറിൻ ( കനീസ,സൗത്ത് ആഫ്രിക്ക), ഫാ.റോയി( പ്രിൻസിപ്പൽ, എസ് എഫ് എസ് കോളേജ് ബാംഗ്ലൂർ), ഫാ. ടിജോ (സം പ്രീതി) ഫാ. സിബി(ജെർമ്മനി), ജസ്റ്റിൻ തോമസ്,, ബിജോയ്ചെറിയാൻ, ബ്ലെസ്സി ജോണ്സണ് എന്നിവർ പ്രസംഗിച്ചു.
|
സണ്ണി സ്റ്റീഫന്‍ ഹ്യൂമാനിറ്റേറിയൻ മിഷനറി അവാർഡ്
സൗത്ത് ആഫ്രിക്ക: വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ഇരുപത്തേഴു വർഷമായി നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ഉംറ്റാറ്റ രൂപത നൽകുന്ന ഹ്യുമാനിറ്റേറിയൻ മിഷനറി അവാർഡ്, സാമൂഹിക പ്രവർത്തകനും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫനു ലഭിച്ചു.
"ലോകത്തിന്റെ അതിർത്തി വരെ സാക്ഷിയായിരിക്കുക' എന്ന ദൈവ വിളിയുടെആഹ്വാനം ഹൃദയത്തിലേറ്റു വാങ്ങി നിയോഗ ശുദ്ധിയോടെ ജീവിക്കുന്ന ഈകാലത്തിന്റെ അപ്പോസ്തലൻ, കാലദേശങ്ങൾക്കും ജാതിമത ചിന്തകൾക്കുംഅതീതമായി പ്രവർത്തിക്കുന്ന മനുഷ്യസ്നേഹിയാണ് സണ്ണി സ്റ്റീഫൻ.
പ്രഭാഷകൻ, അധ്യാപകൻ, സംഗീതജ്ഞൻ, ഫാമിലി കൗൺസിലർ എന്നീമികവിനൊപ്പം കവി, ഗാനരചയിതാവ്, ഗ്രന്ഥകാരൻ, സംവിധായകൻ, ചിന്തകൻ, എന്നീ നിലകളിൽ സണ്ണി സ്റ്റീഫന്റെ പ്രവർത്തനങ്ങൾ വിപുലമാണ്.അഞ്ചുഭൂഖണ്ഡങ്ങളിലായി തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വളർന്നു പന്തലിച്ചുനിൽക്കുന്നത് ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിന്റേയും ഫലമാണ്.
ലോകസമാധാന പരിശ്രമങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും മതൈക്യത്തിനും ഉപവി പ്രവർത്തനങ്ങൾക്കുമായി കാൽ നൂറ്റാണ്ടിലേറെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി "മാനവികതയുടെ വിശ്വപൗരൻ' എന്ന പുരസ്കാരം നൽകി 2020ൽ ആദരിച്ചു.
തിരുനാമകീത്തനം പാടിയും സ്നേഹകാരുണ്യം നൽകിയും ആരെന്നു നോക്കാതെ നന്മ ചെയ്ത് ലോകം മുഴുവൻ സമാധാന ദൂതുമായി സഞ്ചരിക്കുന്ന ഈകർമ്മയോഗി സമാനതകളില്ലാത്ത ജീവിത സാക്ഷ്യമാണ്.
സൗത്ത് ആഫ്രിക്കൻ കാത്തലിക് ബിഷപ് കൗൺസിൽ പ്രസിഡന്റും ഉംറ്റാറ്റ രൂപതാധ്യക്ഷനുമായ ബിഷപ് സിതംബെല്ല സിപൂക്കയിൽ നിന്ന് വേൾഡ്പീസ് മിഷൻ (സൗത്ത് ആഫ്രിക്ക) ചീഫ് കോഓർഡിനേറ്റർ സിസ്റ്റർ ഡോ സെബസ്റ്റിൻ മരിയ ഏറ്റുവാങ്ങിയ പുരസ്കാരം മേയ് എട്ടിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് കുടമാളൂർ പീസ്ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ പാലാ രൂപതാ സഹായ മെത്രാൻ ബിഷപ് ജേക്കബ് മുരിക്കൻ സണ്ണി സ്റ്റീഫനു സമ്മാനിക്കും.
|
ഒഐസിസി ലൈബീരിയ നാഷണൽ കമ്മിറ്റി യോഗം സംഘടിപ്പിച്ചു
മോണ്‍റോവിയ: ഒഐസിസി ലൈബീരിയ നാഷണൽ കമ്മിറ്റിയുടെ ആദ്യ യോഗം തലസ്ഥാനമായ മോണ്‍റോവിയയിൽ നടത്തപ്പെട്ടു. ഒഐസിസി ഗ്ലോബൽ ചെയർമാൻ കുന്പളത്തു ശങ്കരപ്പിള്ള ഓണ്‍ലൈൻ വഴിയായി യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഒഐസിസി ഇൻകാസ് ഒമാൻ ജനറൽ സെക്രട്ടറി എൻ.ഒ. ഉമ്മൻ മെന്പർഷിപ് ക്യാന്പയിനും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആദ്യ മെന്പർഷിപ് വിതരണോദ്ഘാടനവും ഓണ്‍ലൈൻ വഴി നിർവഹിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , കെപിസിസി സെക്രട്ടറി ബി.ആർ.എം ഷഫീർ, കൊടിക്കുന്നിൽ സുരേഷ്, ഡോക്ടർ സരിൻ എന്നിവർ ഓണ്‍ലൈൻ വഴി ആശംസകൾ അർപ്പിച്ചു.
ഒഐസിസി നാഷണൽ കമ്മിറ്റിയുടെ പ്രസിഡന്റ് സ്രിബിൻ തോമസ് അധ്യക്ഷനായിരുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സെബിൻ വിൽസണ്‍ സ്വാഗതവും അംഗങ്ങൾ ആയിട്ടുള്ള ജിജോ ഫിലിപ്പ് ,സച്ചിൻ തോമസ് എന്നിവർ ആശംസയും അർപ്പിച്ചു. തുടർന്ന് അംഗങ്ങളെ പരിചയപ്പെടലും, ഭാവി പരിപാടികളെക്കുറിച്ചുള്ള ചർച്ചയും നടന്നു. ആദ്യ മെന്പർഷിപ് പ്രസിഡന്റിൽ നിന്നും ജെയിംസ് വർഗീസ് ഏറ്റുവാങ്ങി. ജോയിന്റ് സെക്രട്ടറി സജി ആന്റണി നന്ദി പ്രകാശിപ്പിച്ചു. ജനറൽ സെക്രട്ടറി മനു പവിത്രൻ, ട്രഷറർ ദാസ് പ്രകാശ് ജോസഫ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
മേജോ ജോസഫ്
|
നൈജീരിയയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 16 മരണം
ലാഗോസ്: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ നോർത്ത്ഈസ്റ്റ് ബോച്ചി സംസ്ഥാനത്ത് ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു. കാനോജമ ദേശീയപാതയിൽ ബംബാൽ ഗ്രാമത്തിലായിരുന്നു അപകടം.
ബസിലെ യാത്രക്കാരാണു മരിച്ചതെന്നു ബോച്ചി ഫെഡറൽ റോഡ് സേഫ്റ്റി കോർപ്സ് കമാൻഡർ യൂസഫ് അബ്ദുള്ളാഹി അറിയിച്ചു. കൂട്ടിയിടിക്കു പിന്നാലെ ബസിനു തീപിടിച്ചതാണു ദുരന്തതീവ്രത വർധിപ്പിച്ചത്. ബസിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ.
|
വർണവിവേചനത്തിനെതിരേ പോരാടിയ ഇന്ത്യൻ നേതാവ് ഇബ്രാഹിം അന്തരിച്ചു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ വർണവിവേചന പോരാട്ടത്തിൽ നെൽസൺ മണ്ടേലയ്ക്കൊപ്പം ജയിൽവാസം അനുഭവിച്ച ഇന്ത്യൻ വംശജൻ ഇബ്രാഹിം ഇസ്മയിൽ ഇബ്രാഹിം (84) അന്തരിച്ചു. ദീർഘകാലമായുള്ള അസുഖം മൂലമാണ് അന്ത്യമെന്ന് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് അറിയിച്ചു.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർക്കെതിരായ നടപടികളിൽ പ്രതിഷേധിച്ച പിതാവ് അറസ്റ്റിലായതിനെത്തുടർന്ന് 13ാം വയസിലാണ് ഇബ്രാഹിം വർണവിവേചന പോരാട്ടത്തിൽ പങ്കാളിയാകുന്നത്. ഗാന്ധിജിയുടെ സത്യഗ്രഹ ആശയങ്ങൾ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. 1963ൽ അറസ്റ്റിലായി ഇബ്രാഹമിനെ റോബൻ ദ്വീപിലെ തടവറയിൽ അടച്ചു. 2009 മുതൽ 2018 വരെ പ്രസിഡന്റായിരുന്ന ജേക്കബ് സുമ ഇവിടെ സഹതടവുകാരനായിരുന്നു. 1964ലാണ് മണ്ഡേല റോബൻ ദ്വീപിൽ ജയിൽവാസം തുടങ്ങിയത്.
ജയിൽമോചിതനായ ഇബ്രാഹിം പ്രവാസിയായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ വർണവിവേചന പോരാട്ടം തുടരുന്നു. എന്നാൽ അയൽരാജ്യമായ സ്വാസിലാൻഡിൽവച്ച് അറസ്റ്റിലായി വീണ്ടും റോബൻ ദ്വീപിലെ തടവുകാരനായി. ഇക്കാലയളവിൽ രണ്ടു യൂണിവേഴ്സിറ്റി ഡിഗ്രികൾ നേടി. വർണവിവേചനകാലത്തിനുശേഷമുള്ള ദക്ഷിണാഫ്രിക്കൻ സർക്കാരിൽ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയായും മണ്ഡേലയുടെ പാർലമെന്ററികാര്യ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകയായ ഷാനൻ ആണു ഭാര്യ. രണ്ടു മക്കളുണ്ട്.
|
സ്വരം ചാരിറ്റബിൾ സൊസൈറ്റിക്ക് പ്രൗഢ ഗംഭീര തുടക്കം
കൊല്ലം: ആഫ്രിക്കൻ മലയാളികളുടെ കൂട്ടായ്മയായ സ്വരം (സോഷ്യൽ വെൽഫെയർ ഓർഗനൈസേഷൻ ഫോർ ആഫ്രിക്കൻ മലയാളീസ്) ചാരിറ്റബിൾ സൊസൈറ്റിക്ക് ഉജ്വല തുടക്കം. മേവറം ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ജോസ് മണ്ണടിക്കു അംഗത്വം നൽകികൊണ്ട് അംഗത്വ വിതരണത്തിനും തുടക്കം കുറിച്ചു.
കൂട്ടായ്മ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തിടെ താൻസാനിയയിൽ വച്ച് മരിച്ച ഉമയനല്ലൂർ സ്വദേശി ഷിജുവിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായധനം ഇരവിപുരം എംഎൽഎ എം. നൗഷാദ് കൈമാറി. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്വരം ചാരിറ്റബിൾ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി ആദരിച്ചു. എംഎൽഎ എം.നൗഷാദ് , ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത് പടനിലം എന്നിവർ വിജയികൾക്കുള്ള ഉപഹാരം കൈമാറി.
കവി ഗണ പൂജാരി ലോഗോ പ്രകാശനം ചെയ്തു. സമൃദ്ധി സ്വാശ്രയ കർഷക സമിതി അംഗം രാജീവ്.ആർ., ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറി പ്രസിഡണ്ട് വിജയൻ, ഉമയനല്ലൂർ പ്രവാസി കൂട്ടായ്മയുടെ പ്രതിനിധി സുൽഫി ചെക്കാലയിൽ , അഡ്വ.സതീഷ് ചന്ദ്ര ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. സ്വരം വൈസ് ചെയർമാൻ ശിവൻകുട്ടി.ജി അദ്ധ്യക്ഷത വഹിച്ച യോഗത്തിനു ട്രഷറർ അനീഷ് ദേവസ്യ സ്വാഗതവും ജോയിന്റ് കൺവീനർ രാജേഷ് കുമാർ എൻ.ആർ നന്ദിയും പറഞ്ഞു.
കൊല്ലം ആസ്ഥാനമാക്കി രൂപീകൃതമായ സ്വരം ചാരിറ്റബിൾ സൊസൈറ്റിയിൽ കേരളമെമ്പാടുമുള്ള നാനൂറോളം ആഫ്രിക്കൻ മലയാളികൾ അംഗങ്ങളാണ് . ഉത്ഘാടന സമ്മേളനത്തിന് രക്ഷാധികാരി ബൈജു ശാന്ത, ചെയർമാൻ ഗോപാലകൃഷ്ണൻ എൽ, ജനറൽ കൺവീനർ ശശികുമാർ താന്നിക്കൽ, എക്സി.അംഗങ്ങൾ ആയ സുനിൽകുമാർ ഉണ്ണിത്താൻ, ജോസ് മണ്ണടി, വിനിൽകുമാർ ശിവപ്രസാദ്, ഉദയകുമാർ, രാജീവ് റ്റി. നായർ, അനിൽകുമാർ ബി, അഭിലാഷ്, ഫ്രാങ്ക്ളിൻ സോളമൻ തുടങ്ങിയവർ നേതൃത്വം നൽകി. ഉത്ഘാടന സമ്മേളനത്തിന്റെ വിജയത്തിനായി പ്രാദേശിക സഹായവുമായി ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെ ഒട്ടേറെ പ്രവർത്തകർ പ്രവർത്തന രംഗത്ത് നിലയുറപ്പിച്ചിരുന്നു.
|
സുഡാനിൽ പട്ടാള അട്ടിമറി, അടിയന്തരാവസ്ഥ
കയ്റോ: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ആക്ടിംഗ് പ്രധാനമന്ത്രിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. രാജ്യത്തെ ഭരണസംവിധാനമായ സോവറിൻ കൗൺസിലും പ്രധാനമന്ത്രി അബ്ദള്ള ഹംദോക് നയിക്കുന്ന സർക്കാരിനെയും പിരിച്ചുവിട്ടതായി സൈനിക മേധാവി ജനറൽ അബ്ദെൽ ഫത്ത ബുർഹാൻ ടെലിവിഷനിലൂടെ അറിയിച്ചു.
രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. പ്രധാനമന്ത്രി അബ്ദള്ള ഹംദോക്കിനെയും വ്യവസായമന്ത്രി ഇബ്രാഹിം അൽഷേക്ക്, ഇൻഫർമേഷൻ ഹംസ ബലൗൽ എന്നിവരുൾപ്പെടെ പ്രമുഖരെയും സൈന്യം അറസ്റ്റ് ചെയ്തു. ഇവരെ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റി.
രാഷ്ട്രീയഭിന്നതയാണു സൈന്യത്തിന്റെ ഇടപെടലിനു കാരണമായതെന്നും രാജ്യത്തു ജനാധിപത്യഭരണം കൊണ്ടുവരുമെന്നും ജനറൽ അബ്ദെൽ ഫത്ത പറഞ്ഞു. സൈന്യം അധികാരം പിടിച്ചതോടെ പ്രതിഷേധവുമായി തലസ്ഥാനമായ ഖാർത്തൂമിലും ഇരട്ടനഗരമായ ഒംദുർമാനിലും ആയിരങ്ങൾ എത്തി. റോഡുകളിൽ പ്രതിഷേധം നടത്തിയവരെ കണ്ണീർവാതകം പ്രയോഗിച്ചാണു പിരിച്ചുവിട്ടത്. 12 പ്രതിഷേധക്കാർക്കു പരിക്കേറ്റു.
ഏകാധിപതിയായിരുന്ന ഒമർ അൽബഷീറിനെ രണ്ടു വർഷം മുന്‍പ് ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണു പുറത്താക്കിയത്. വീണ്ടും സൈനികഭരണത്തിൻ കീഴിലായതു സുഡാനിലെ ജനാധിപത്യവാദികൾക്കു കനത്ത തിരിച്ചടിയായി. ഒമർ അൽബഷീറിനെ പുറത്താക്കിയശേഷം സോവറിൻ കൗൺസിലായിരുന്നു ഭരണം നടത്തിയിരുന്നത്. സൈനികോദ്യോഗസ്ഥരും സിവിലിയന്മാരും അടങ്ങുന്ന സമിതിയാണു സോവറിൻ കൗൺസിൽ.
സുഡാനിലെ സംഭവവികാസങ്ങളിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ആശങ്ക രേഖപ്പെടുത്തി. ഒമർ അൽബഷീർ അധികാരഭ്രഷ്ടനായശേഷം സുഡാനോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാടിൽ മാറ്റം വന്നിരുന്നു. ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽനിന്ന് 2020ൽ സുഡാനെ അമേരിക്ക ഒഴിവാക്കിയിരുന്നു.
1956ൽ ബ്രിട്ടനിൽനിന്നും ഈജിപ്തിൽനിന്നും സ്വാതന്ത്ര്യം നേടിയശേഷം സുഡാനിൽ പല തവണ സൈനിക അട്ടിമറിയുണ്ടായി. രാജ്യത്തെ അവസാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് 1989ലാണ് ഒമർ അൽബഷീർ അധികാരം പിടിച്ചത്.
|
നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ 73 വിദ്യാർഥികളെ മോചിപ്പിച്ചു
ലാഗോസ്: വടക്കൻ നൈജീരിയയിൽ സ്കൂളിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളെ രണ്ടാഴ്ചയ്ക്കു ശേഷം മോചിപ്പിച്ചതായി സംഭാര ഗവർണർ ബെല്ലോ മതാവല്ലേ പറഞ്ഞു.
ഭീകരസംഘത്തിലെ ചിലരുടെ സഹായത്തോടെതന്നെയാണ് ഞായറാഴ്ച 68 കുട്ടികളെ മോചിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭാര സെക്കൻഡറി സ്കൂളിൽനിന്നു സെപ്റ്റംബർ ഒന്നിനാണ് 73 വിദ്യാർഥികളെ ഭീകരർ തട്ടിക്കൊണ്ടു പോയത്. അഞ്ചു പേരെ പോലീസ് ശനിയാഴ്ച മോചിപ്പിച്ചിരുന്നു.
|
പട്ടാള അട്ടിമറിക്കു പിന്നാലെ കർഫ്യൂ; ഗിനിയൻ പ്രസിഡന്റ് മുറിവേറ്റ നിലയിൽ
കൊണാക്രി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ വിമത സൈനികർ അട്ടിമറി നടത്തിയതിനു പിന്നാലെ കർഫ്യും പ്രഖ്യാപിച്ചു. പ്രസിഡന്റ് ആൽഫ കോണ്ടയെ കസ്റ്റഡിയിലെടുത്തുവെന്നും സർക്കാരിനെ പിരിച്ചുവിട്ടുവെന്നും വിമതർ പറഞ്ഞു.
അതേസമയം, തലസ്ഥാനമായ കോണാക്രിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേർക്കു വിമത സൈനികർ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ഇതിനിടെ, പട്ടാള അട്ടിമറിയെത്തുടർന്നു ഗിനിയയും മൊറോക്കയുമായുള്ള ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരം ഫിഫ മാറ്റിവച്ചു.
ഫുട്ബോൾ ടീം കുടുങ്ങി
മത്സരത്തിനായി ഗിനിയയിലെത്തിയ മൊറോക്കോ ടീം അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ സുരക്ഷയ്ക്കായുള്ള ഇടപെടലുകൾ ഫിഫ ആരംഭിച്ചിട്ടുണ്ട്. അതേസമയം, പട്ടാള അട്ടിമറിയെ യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് രൂക്ഷമായി വിമർശിച്ചു. എത്രയും പെട്ടെന്നു ഭരണം പുനഃസ്ഥാപിക്കണമെന്നും പ്രസിഡന്റിനെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തേ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം മണിക്കൂറുകൾ വെടിവയ്പു നടന്നിരുന്നു. സൈന്യത്തിലെ സ്പെഷൽ ഫോഴ്സ് വിഭാഗമാണ് ഇതിനു പിന്നിലെന്നും റിപ്പോർട്ടുകളിൽ പറഞ്ഞു.
പ്രസിഡന്റ് കോണ്ടെ വിമത സൈനികർക്കിടയിൽ അദ്ദേഹം ഇരിക്കുന്ന വീഡിയോ ഗിനിയൻ ടിവി പുറത്തുവിട്ടിട്ടുണ്ട്.
ഒരു സോഫയിൽ അദ്ദേഹം ജീൻസും ടീഷർട്ടും ധരിച്ച് ഇരിക്കുന്ന മറ്റൊരു രംഗവും പുറത്തുവന്നു. ചെരിപ്പും ധരിച്ചിട്ടില്ല. ചോരപ്പാടുകളും വസ്ത്രങ്ങളിലും മറ്റും കാണാനുണ്ട്. ആക്രമണത്തിൽ അദ്ദേഹത്തിനു പരിക്കേറ്റു എന്നാണ് കരുതപ്പെടുന്നത്.
അതിർത്തികൾ അടച്ചു
രാജ്യത്തിന്റെ കര, വ്യോമ അതിർത്തികൾ അടച്ചതായി വിമതർ പ്രഖ്യാപിച്ചു. പ്രസിഡൻഷ്യൽ പാലസിനു സമീപമുണ്ടായ വെടിവയ്പിൽ സിവിലിയന്മാർക്കു പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മൂന്നു പട്ടാളക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കൊട്ടാരത്തിനും മന്ത്രിമാരുടെ വസതികൾക്കും സമീപം വലിയ തോതിൽ പട്ടാളക്കാരെ വിന്യസിച്ചു.
പ്രസിഡന്റിനും പാർലമെന്റംഗങ്ങൾക്കുമുള്ള ബജറ്റ് വർധിപ്പിക്കാനും പട്ടാളത്തിലും പോലീസിലും ജോലി ചെയ്യുന്നവർക്കുള്ള ധനവിഹിതം കുറയ്ക്കാനും കഴിഞ്ഞയാഴ്ച പാർലമെന്റ് വോട്ടു ചെയ്തിരുന്നു.
|
പിപിഇ കിറ്റ് തട്ടിപ്പ്: വിവരം നൽകിയ ഇന്ത്യൻ വംശജയെ വെടിവച്ചു കൊന്നു
ജൊഹന്നാസ്ബർഗ്: പിപിഇ കിറ്റ് വിതരണത്തിൽ കോടിക്കണക്കിനു ഡോളർ അഴിമതി നടത്തിയ കേസിൽ നിർണായക വിവരം നൽകിയ ഇന്ത്യൻ വംശജ ദക്ഷിണാഫ്രിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.
ഗുട്ടൻബെർഗ് പ്രവിശ്യാ ആരോഗ്യവിഭാഗം മുതിർന്ന ഉദ്യോഗസ്ഥ ബബിത ദേവ്കരനെ (53) ആണ് കാറിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാൻ ജൊഹന്നാസ്ബർഗിലെത്തിയപ്പോഴാണു വെടിയേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞവർഷം കോവിഡ്19 ലോക്ഡൗണിനിടെ പിപിഇ കിറ്റ് വിതരണം ചെയ്തതിൽ 20 ലക്ഷം ഡോളറിന്റെ അഴിമതി നടന്നതു സംബന്ധിച്ച് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിനു നൽകിയത് ബബിതയായിരുന്നു.
|
സുഡാനിൽ രണ്ടു കന്യാസ്ത്രീകൾ വെടിയേറ്റ് മരിച്ചു
നെയ്റോബി: ദക്ഷിണ സുഡാനിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു കന്യാസ്ത്രീകൾ വെടിയേറ്റ് മരിച്ചു. ഏഴ് കന്യാസ്ത്രീകൾ ആക്രമണത്തിൽ നിന്നും രക്ഷപെട്ടു. ജുബ അതിരൂപതയിലെ തിരുഹൃദയ സന്യാസിനി സഭാംഗങ്ങളായ സിസ്റ്റർ മേരി ഡാനിയേൽ അബട്ട്, റെയ്ജിന റോബ എന്നിവരാണ് മരിച്ചത്.
ഓഗസ്റ്റ് 16ന് ദക്ഷിണ സുഡാനിലെ ഹൈവേയിലായിരുന്നു സംഭവം. ടോറിറ്റ് രൂപതയിലെ ലോവ ദൈവാലയത്തിലെ ശതാബ്ദി ആഘോഷങ്ങൾക്ക് ശേഷം മടങ്ങുകയായിരുന്ന കന്യാസ്ത്രീകൾക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. രണ്ടു പേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.
സംഭവത്തിന് പിന്നാലെ ജുബ അതിരൂപത അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കന്യാസ്ത്രീകളുടെ മരണത്തിൽ മാർപാപ്പയും അനുശോചനം രേഖപ്പെടുത്തി.
|
ആഫ്രിക്കയിൽ വാഹനാപകടത്തിൽ മലയാളികളായ യുവദന്പതികൾ മരിച്ചു
ചേർപ്പ്: ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ഗ്വാബോണിൽ ഉണ്ടായ വാഹനാപകടത്തിൽ തൃശൂർ വല്ലച്ചിറ സ്വദേശികളായ ദന്പതികൾ മരിച്ചു. വല്ലച്ചിറ ഗവണ്മെന്റ് സ്കൂളിനു സമീപം മേലയിൽ വീട്ടിൽ സുശീല ടീച്ചറുടെയും പരേതനായ സുകുമാരൻ മേനോന്റെയും മകൻ ദീപക്(29), ഭാര്യ ഡോ. ഗായത്രി ( 25)എന്നിവരാണു മരിച്ചത്.
ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഇവരുടെ കാർ സിഗ്നലിൽ നിൽക്കുന്പോൾ നിയന്ത്രണം വിട്ട മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
ബോട്സ്വാനയിലെ ഒരു സ്വകാര്യ കന്പനിയിൽ മൂന്നു വർഷമായി ദീപക് ചാർട്ടഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. സംസ്കാരം പിന്നീട് നടക്കും.
|
ഫാ. ആന്റണി പാസ്കൽ ബോട്സ്വാനയിൽ ബിഷപ്
വത്തിക്കാൻ സിറ്റി: ഗോവ സ്വദേശിയായ വൈദികൻ ഫാ. ആന്റണി പാസ്കൽ റിബെല്ലോയെ തെക്കനാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ഫ്രാൻസിസ്ടൗൺ രൂപതയുടെ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
കെനിയയിലെ നെയ്റോബിയിൽ ജനിച്ച അദ്ദേഹം ദൈവവചനസഭയിൽ(എസ്വിഡി) ചേർന്ന് ഇന്ത്യയിലാണു വൈദികപഠനം പൂർത്തിയാക്കിയത്. 1977ൽ ഗോവയിൽവച്ചായിരുന്നു പൗരോഹിത്യ സ്വീകരണം.
റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലടക്കം പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യക്കു പുറമേ ബോട്സ്വാന, കെനിയ, അംഗോള, ആന്റിഗ്വ മുതലായ രാജ്യങ്ങളിൽ ഇടവക വികാരിയായും മിഷണറിയായും പ്രവർത്തിച്ചു. 2003 മുതൽ ബോട്സ്വാനയിൽ മിഷണറിയായി പ്രവർത്തിക്കുന്നു. നിലവിൽ മൊഗോദിഷാനിലെ ഹോളിക്രോസ് ഇടവക വികാരിയാണ്.
|
കോവിഡ് കാലത്ത് ജയിലിലിടുന്നത് വധശിക്ഷയ്ക്കു സമാനം: ജേക്കബ് സുമ
ജൊഹാനസ്ബർഗ്: കോവിഡ് കാലത്ത് ഈ പ്രായത്തിൽ തന്നെ ജയിലിലേക്കു വിടുന്നത് വധശിക്ഷയ്ക്കു സമാനമാണെന്നു കോടതിയലക്ഷ്യത്തിനു സുപ്രീംകോടതി 15 മാസം ജയിൽശിക്ഷ വിധിച്ച സൗത്ത് ആഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമ. 79 കാരനായ സുമയെ പിന്തുണയ്ക്കുന്നവർ ക്വാസൂലൂ നേറ്റൽ പ്രവിശ്യയിലെ കാൻഡലയിലുള്ള വസതിക്കുമുന്നിൽ മനുഷ്യമതിൽ തീർത്തിരിക്കുകയാണ്. ജൂലൈ നാലിനാണ് ജേക്കബ് സുമയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. വധശിക്ഷയ്ക്കു വിധിക്കുന്നത് സൗത്ത് ആഫ്രിക്കയിൽ 1995ൽ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജേക്കബ് സുമ പറഞ്ഞു.
ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ശനിയാഴ്ച ഭരണഘടനാ കോടതിയിൽ സുമ നല്കിയ ഹർജി 12 നു പരിഗണിക്കും. അതുവരെ ജയിലിലടയ്ക്കേണ്ടെന്നാണു കോടതി നിർദേശിച്ചത്.
|
എത്യോപ്യയിൽ വാഹനാപകടം : രാജഗിരി സ്വദേശി മരിച്ചു
ചെറുപുഴ: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രാജഗിരി സ്വദേശി മരിച്ചു. പള്ളത്തുപറമ്പിൽ വിശ്വനാഥപിള്ളജയന്തി ദന്പതികളുടെ മകൻ വിഷ്ണുനാരായണൻ (44) ആണ് മരിച്ചത്. എത്യോപ്യയിലെ അർബാ മിഞ്ച് യൂണിവേഴ്സിറ്റിയിൽ പ്രഫസറായ വിഷ്ണുനാരായണൻ ശനിയാഴ്ച രാവിലെ കോളജിലേക്ക് ഷെയർ ടാക്സിയിൽ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. എതിരേ വന്ന ബസ് ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.
അപകടസ്ഥലം ഗ്രാമപ്രദേശമായതിനാൽ 250 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്. വിഷ്ണുനാരായണൻ ഏഴു വർഷമായി എത്യോപ്യയിൽ ജോലി ചെയ്തുവരികയായിരുന്നു. ബസിൽ കോളജിലേക്ക് പോകാനൊരുങ്ങിയ വിഷ്ണുനാരായണൻ ബസിലെ അമിതമായ തിരക്കിനെ തുടർന്നാണ് സുഹൃത്തുക്കൾക്കൊപ്പം ഷെയർ ടാക്സിയിൽ യാത്രതിരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽനിന്ന് ഇനി ഇന്ത്യയിലേക്കുള്ള അടുത്ത വിമാനം മുംബൈയിലേക്ക് ബുധനാഴ്ചയാണുള്ളത്. ഈ വിമാനം ലഭ്യമായാൽ മൃതദേഹം വ്യാഴാഴ്ചയോടെ സ്വദേശത്ത് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പയ്യന്നൂർ അന്നൂർ സ്വദേശിനി തുളസിയാണ് ഭാര്യ. മക്കൾ: ആദിത്യൻ, തനുഷ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: വിമൽഘോഷ് (യുഎസ്എ), വിശ്വജിത്ത്, വിനായക്.
|
ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൾക്കു തട്ടിപ്പുകേസിൽ തടവുശിക്ഷ
ഡർബൻ: മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകൾക്കു ദക്ഷിണാഫ്രിക്കയിൽ തട്ടിപ്പുകേസിൽ തടവുശിക്ഷ. ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ ഇള ഗാന്ധിയുടെ മകൾ അന്‍പത്താറുകാരിയായ ആശിഷ് ലത രാംഗോബിനെയാണു ഡർബൻ കോടതി ഏഴു വർഷത്തെ തടവിനു ശിക്ഷിച്ചത്. ഇവർ കുറ്റക്കാരിയാണെന്നു വ്യാവസായിക കുറ്റങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
ഇന്ത്യയിൽനിന്നുള്ള ചരക്ക് എത്തിക്കുന്നതിനായി ഇറക്കുമതി, കസ്റ്റംസ് തീരുവ എന്ന പേരിൽ വ്യവസായിയായ എസ്.ആർ. മഹാരാജിൽനിന്ന് 60 ലക്ഷം റാൻഡ് (ഏകദേശം മൂന്നേകാൽ കോടി രൂപ) തട്ടിച്ചു എന്നതാണു ലതയ്ക്കെതിരായ കേസ്. ലാഭത്തിന്റെ ഒരു പങ്ക് നൽകാമെന്നും ഇവർ മഹാരാജിനെ വിശ്വസിപ്പിച്ചു. ഇതിനായി വ്യാജരേഖ ചമച്ചു.
2015ലാണ് ഇവർക്കെതിരായ വിചാരണ ആരംഭിച്ചന്നത്. അന്ന് 50,000 റാണ്ടിന്റെ ജാമ്യത്തിൽ ഇവരെ വിട്ടയയ്ക്കുകയായിരുന്നു. ന്യൂ ആഫ്രിക്ക അലയൻസ് ഫുട്വെയർ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഡയറക്ടറാണു മഹാരാജ്. ലാഭവിഹിതം വാങ്ങി മറ്റു കന്പനികൾക്ക് സാന്പത്തിക സഹായവും മഹാരാജ് നൽകാറുണ്ട്.
ദക്ഷിണാഫ്രിക്കൻ ആശുപത്രി ശൃംഖലയായ നെറ്റ്കെയറിനായി മൂന്നു കണ്ടെയ്നർ ലിനൻ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ഇതിന്റെ തീരുവ അടയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി 62 ലക്ഷം റാൻഡ് ആവശ്യമുണ്ടെന്നും ഇവർ മഹാരാജിനെ വിശ്വസിപ്പിച്ചു.
|
ദക്ഷിണാഫ്രിക്കൻ ടെലികോം റേഡിയോ ഫ്രീക്വൻസി സ്പെക്ട്രത്തിന്റെ ഉപയോഗം വിപുലീകരിക്കുന്നു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ടെലികോം റെഗലേറ്ററി ലൈസൻസികൾക്ക് നൽകുന്ന താൽക്കാലിക റേഡിയോ ഫ്രീക്വൻസി സ്പെക്ട്രത്തിന്റെ ഉപയോഗം വിപുലീകരിക്കാൻ അധികൃതർ തീരുമാനിച്ചു. പുതിയ സ്ഥിരം സ്പെക്ട്രം ലേലം ചെയ്യുന്നതിലെ കാലതാമസത്തിനിടയിലാണ് ഐസിഎഎസ്എയുടെ പ്രഖ്യാപനം. ജൂണ്‍ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് വിപുലീകരണം.
ധാരാളം ആളുകൾ വീട്ടിൽ നിന്നും ജോലി ചെയ്യുന്നത് കാരണം മൊബൈൽ ഓപ്പറേറ്റർമാർ ഉപയോക്താക്കൾക്ക് വേഗത്തിൽ കണക്റ്റിവിറ്റി നൽകുന്നതിന് ഇത് സഹായകരമാകും. അടിയന്തിര സ്പെക്ട്രത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് ചില നിർണായക ആരോഗ്യവിദ്യാഭ്യാസ വെബ്സൈറ്റുകളിലേക്ക് ഉപയോക്താക്കൾക്ക് ജന്യ ആക്സസിലൂടെ വിവരങ്ങൾ അറിയാൻ കഴിയും.
മാർച്ച് 31ന് ശേഷം ലൈസൻസികൾ താൽക്കാലിക സ്പെക്ട്രം റെഗുലേറ്ററിലേക്ക് തിരികെ നൽകേണ്ടതായിരുന്നു, അപ്പോഴേക്കും ഐസിഎഎസ്എ സ്ഥിരമായ സ്പെക്ട്രം ലേലം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്, എന്നാൽ ഒരു നിയമവിരുദ്ധവും യുക്തിരഹിതവുമാണെന്ന് കണക്കാക്കിയതിനാൽ ഹൈക്കോടതി മാർച്ചിൽ ആസൂത്രണം ചെയ്ത ലേലം നിർത്തിവച്ചു. ഓപ്പറേറ്റർമാരായ ടെൽകോം, എംടിഎൻ എന്നിവരാണ് പ്രധാന വ്യവഹാരികൾ..
മൂന്ന് മാസത്തെ വിപുലീകരണം എല്ലാ പങ്കാളികൾക്കും സ്പെക്ട്രം വ്യവഹാര പ്രതിസന്ധിക്ക് പരിഹാരം കാണാൻ അവസരമൊരുക്കുന്നുവെന്ന് ഐസിഎഎസ്എ ചെയർപേഴ്സണ്‍ കീബെറ്റ്സ്വെ മോഡിമോംഗ് പറഞ്ഞു.
|
കേപ് ടൗണിൽ കാട്ടുതീ: ജനങ്ങളെ ഒഴിപ്പിച്ചു
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ പീഠഭൂമിയിൽ കാട്ടുതീ പടർന്നതോടെ പ്രദേശവാസികളെ ഒഴിപ്പിച്ചു. തീപടരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടിയായി റെഡിഹോക്ക് മേഖലയിലെ ജനങ്ങളെ ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു.
പർവതത്തിലെ ഡെവിൾ കൊടുമുടിയിലാണ് ആദ്യം കാട്ടുതീയുണ്ടായത്. തീപിടിത്തത്തിനു കാരണക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രദേശിക മാധ്യമങ്ങൾ പറഞ്ഞു.
|
ടാൻസാനിയയുടെ ആദ്യ വനിതാ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ ചുമതലയേറ്റു
ദാർഇസലാം: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ ചരിത്രത്തിൽ ആദ്യ വനിതാ പ്രസിഡന്റായി സാമിയ സുലുഹു ഹസൻ (61) ചുമതലയേറ്റു.
ഹിജാബ് ധരിച്ച്, ഒരു കൈയിൽ ഖുറാനുമായാണ് സാമിയ സത്യപ്രതിജ്ഞയ്ക്കെത്തിയത്. ചീഫ് ജസ്റ്റീസ് ഇബ്രാഹിം ജുമാവോംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് ജോൺ മഗുഫുലി (61) ഹൃദ്രോഗത്തെത്തുടർന്ന് മരിച്ചതിനെത്തുടർന്നാണ് വൈസ് പ്രസിഡന്റായ സാമിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്.
മഗുഫുലി കോവിഡ് ബാധിച്ചാണ് മരിച്ചതെന്നും അഭ്യൂഹമുണ്ട്. മഗുഫുലി കോവിഡ് ബാധിതനായിരുന്നെന്നും ഇക്കാര്യം പുറംലോകത്തോടു മറച്ചുവച്ചെന്നും പ്രതിപക്ഷപാർട്ടികൾ പറയുന്നു.
|
കെനിയയിൽ കോവിഡ്മൂലം ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് സഹായഹസ്തവുമായി മാതാ അമൃതാനന്ദമയി മഠം
നയ്റോബി: : കെനിയയിൽ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് സഹായ ഹസ്തവുമായി വീണ്ടും ’അമ്മ മാതാ അമൃതാനന്ദമയി ദേവിയുടെ കെനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഘടകം അഞ്ചാം വട്ട സഹായ വിതരണം നടത്തി. ഹിന്ദു കൗണ്‍സിൽ ഓഫ് കെനിയ സെക്രട്ടറി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ , എല്ദോറേത് എംപി അധ്യക്ഷത വഹിച്ചു.
മുപ്പത്തിയഞ്ചു അന്ധവിദ്യാർഥികൾക്ക് വൈറ്റ് കെയ്ൻ സമ്മാനിച്ച പ്രസ്തുത ചടങ്ങിൽ 101 കുടുംബങ്ങൾക്ക് ഒരുമാസത്തേക്കു ആവശ്യമായ അരി, ആട്ട , ചോളമാവ് , ബീൻസ് , ചെറുപയർ, പഞ്ചസാര, കാപ്പിപ്പൊടി ,ഉപ്പു, എണ്ണ , നൂഡിൽസ് തുടങ്ങിയവ അടങ്ങിയ ഭക്ഷ്യകിറ്റും മാസ്കും, ടിഷർട്ടും നൽകി.
ചടങ്ങിൽ പങ്കെടുത്ത എല്ലാ വ്യക്തികൾക്കും ഉച്ചഭക്ഷണവും വിതരണം ചെയ്തു. മാതാ അമൃതാനന്ദമയി മഠം കെനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമത്തെ ഭക്ഷ്യ കിറ്റ് വിതരണമാണ് കഴിഞ്ഞദിവസം നടന്നത്. പ്രസ്തുത ചടങ്ങിലേക്ക് സംഭവാനകൾ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായി കണ്‍വീനർ ബിനു നായർ അറിയിച്ചു.
റിപ്പോർട്ട്: മനോജ് കുമാർ
|
കെനിയയിൽ വ്യാജ തൊഴിൽ വാഗ്ദാനം നൽകി ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന തട്ടിപ്പു സംഘങ്ങൾ വിലസുന്നതായി പരാതി
നയ്റോബി: ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ കെനിയയിൽ വൻ തൊഴിൽ സാധ്യത എന്ന വ്യാജ വാഗ്ദാനം നൽകി കേരളത്തിന്റെ പലഭാഗത്തുനിന്നുമുള്ള ഉദ്യോഗാർഥികളെ കെനിയയിൽ എത്തിച്ച് കടന്നുകളയുന്ന തട്ടിപ്പു സംഘങ്ങളെക്കുറിച്ചാണ് കേരള അസോസിയേഷൻ ഓഫ് കെനിയ ചൂണ്ടിക്കാണിക്കുന്നത്.
രണ്ടു വർഷത്തോളമായി ചില വ്യക്തികൾ 20 ൽ പരം യുവാക്കളെ ഇല്ലാത്ത ഹോട്ടലിന്റെ പേരിൽവിവിധ ജോലികൾക്കായി സന്ദർശക വീസയിൽ കൊണ്ടുവന്നശേഷം കടന്നുകളഞ്ഞതാണ് ഒടുവിലത്തെ സംഭവം.
വീസയുടെ കാലാവധി കഴിഞ്ഞതും പണം മുഴുവൻ കൊണ്ടുവന്ന വ്യക്തികൾ അപഹരിച്ചതിനാലും സ്ഥലവും ഭാഷയും അറിയാതെ അപചിതമായ സ്ഥലത്തു ഒറ്റപ്പെട്ടുപോയ ഹതഭാഗ്യരെ കുറിച്ചാണ് കേരള അസോസിയേഷൻ ഓഫ് കെനിയ ദീപിക.കോം വായനക്കാരുമായി പങ്കുവയ്ക്കാനുള്ളത്
ചതിവിൽ പെട്ട ഉദ്യോഗാർഥികളിൽ ചിലർ കെനിയൻ പോലീസിനും ഇന്ത്യൻ ഹൈക്കമ്മീഷനും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഈ തട്ടിപ്പുവിവരം അസോസിയേഷന്റെ ശ്രദ്ധയിൽ പെടുത്തുന്നത്.
നയ്റോബി അയ്യപ്പ സേവാ സമാജവും വേൾഡ് മലയാളി ഫെഡറേഷനും ഹിന്ദു കൗൺസിൽ ഓഫ് കെനിയയും സംയുക്തമായി കേരള അസോസിയേഷൻ ഓഫ് കെനിയയുടെ നേതൃത്വത്തിൽ നാട്ടിലേക്കു മടങ്ങാനാകാത്ത നാലുപേർക്ക് ഭക്ഷണവും താമസചെലവുകളും നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാ ചെലവുകളും മറ്റു ശരിയാക്കി വരികയാണ്.
സന്ദർശക വീസയിൽ ആർക്കും കെനിയയിൽ എത്തിപ്പെടാമെന്നുള്ളത് തട്ടിപ്പു നടത്തുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കും. 50 യുഎസ് ഡോളറാണ് സന്ദർശക വീസയുടെ ഫീസ്. ഇത് ഓൺലൈൻ ആയോ ഇവിടെ എത്തുപ്പോഴോ അപേക്ഷിക്കാവുന്നതാണ്.
കെനിയയിൽ ജോലി കിട്ടുന്നതിനായി ആർക്കും പണം നൽകേണ്ടതില്ല. ജോലിക്കുള്ള വീസ എടുത്തുനൽകുന്നതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപനത്തിനുള്ളതാണ്. ജോലി വാഗ്ദാനം ലഭിക്കുന്നവർ (ഓഫർ ലെറ്റർ) സ്ഥാപനത്തിന്റെ എല്ലാ വിശദാംശങ്ങളും നോർക്ക, ഇന്ത്യൻ ഹൈക്കമ്മീഷൻ, കേരള അസോസിയേഷൻ ഓഫ് കെനിയ തുടങ്ങിയ അംഗീകൃത ഏജൻസികളുടെ വെബ്സൈറ്റുകൾ സന്ദർശിച്ച് വ്യക്തത ഉറപ്പു വരുത്തണമെന്ന് കേരള അസോസിയേഷൻ ഓഫ് കെനിയ പ്രസ്താവനയിൽ പറഞ്ഞു.
|
കോവിഡ് കാലത്ത് സേവന ദൗത്യവുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ
കേപ് ടൗണ്‍: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോക്ഡൗണിലെ അതിജീവന പ്രവർത്തനങ്ങളിൽ പങ്കാളികളായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ സൗത്ത് ആഫ്രിക്ക, കെനിയ, ഉഗാണ്ട, എത്യോപ്യ ഉൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സന്നദ്ധ സംഘങ്ങളായി പ്രവർത്തിക്കുന്നു. സന്യസ്തരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും ഉൾപ്പെടെ ആയിരത്തിലേറെ വോളന്റിയേഴ്സാണ് സേവന രംഗത്തുള്ളത്. ഗ്രാമ പ്രദേശങ്ങൾ തോറും ഭക്ഷണകിറ്റ് വിതരണം, മാസ്ക് വിതരണം, സാനിറ്റൈസർ വിതരണം, കൂടാതെ കോവിഡ് പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
ഈ മഹാമാരിയുടെ ദുരിതങ്ങൾക്കിടയിലും മനുഷ്യരോടൊപ്പം നടന്ന് ഉംറ്റാറ്റയിലെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത് സൗത്ത് ആഫ്രിക്കൻ ബിഷപ്പ്സ് കൗണ്‍സിൽ പ്രസിഡന്റും, ഉംറ്റാറ്റ രൂപത അധ്യക്ഷനുമായ ബിഷപ്പ് സിപുക്കയാണ്. മറ്റു രാജ്യങ്ങളിൽ ഏരിയ ഘടകം മുതൽ ദേശിയ തലം വരെയുള്ള പ്രവർത്തകരുടെ ആത്മാർഥമായ സഹകരണവും സഹായവുമാണ് കോവിഡ് കാലത്തും സേവന ദൗത്യവുമായി മുന്നേറുവാൻ കാരണമായതെന്ന് വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ പറഞ്ഞു.
പ്പോർട്ട്: കെ.ജെ ജോണ്‍
|
വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും
ബെനിൻ: ലോകം മുഴുവനുമുളള പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ് ) ഗ്ലോബല്‍ സെക്രട്ടറിയായി പൗലോസ് തേപ്പാലയെയും ജോയിന്റ് സെക്രട്ടറിയായി ഹരീഷ് നായരെയും നിയമിച്ചു.
ഗ്ലോബല്‍ ക്യാബിനറ്റ്, സമവായത്തിലാണ് 20202022 വര്‍ഷത്തേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തത്. ഡബ്ല്യുഎംഎഫിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ രണ്ടു പേരുടെയും നിയമനം വലിയ മുതല്‍ കൂട്ടായിരിക്കുമെന്നു ഗ്ലോബല്‍ ചെയര്മാന് പ്രിന്‍സ് പള്ളിക്കുന്നേല്‍ അഭിപ്രായപ്പെട്ടു. ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. രത്നകുമാര്‍ ഇരുവർക്കും ആശംസകൾ നേര്‍ന്നു.
മൂന്നു പതിറ്റാണ്ടില്‍ ഏറെയായി പ്രവാസ ജീവിതം നയിക്കുന്ന പൗലോസ് തേപ്പാല ജിസിസിയിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുടെയും സന്നദ്ധസംഘടനകളുടെയും ഡയറക്ടര്‍ കൂടിയാണ്. നിലവിൽ ബഹുരാഷ്ട്ര കമ്പനിയായ ഇറാം ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആയി ഖത്തറില്‍ ജോലി ചെയ്തു വരുന്നു.മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയായ പൗലോസ് തേപ്പാല ഡബ്ല്യുഎംഎഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.
ജോയിന്റ് സെക്രട്ടി ആയി തെരഞ്ഞെടുക്കപ്പെട്ട ഹരീഷ് നായര്‍ കൊല്ലം സ്വദേശിയാണ്. ഓപ്പറേഷന് മാനേജ്മെന്റിൽ ബിരുദാനന്ത ബിരുദദാരിയായ ഇദ്ദേഹം ഇപ്പോള്‍ പശ്ചിമാഫ്രിക്കയിലെ ബെനിന്‍ റിപ്പബ്ലിക്കില്‍ ഡിഎന്‍ജി ബജാജിന്റെ കണ്ട്രി ഹെഡായി ജോലി ചെയ്തുവരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തില്‍ അദ്ദേഹം ഫോബ്സ്, ടിവിഎസ്, ബജാജ് തുടങ്ങിയ വിവിധ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . ഇന്ത്യ, ഇന്തോനേഷ്യ, നൈജീരിയ, തുടങ്ങിയ വിവിധ രാജ്യങ്ങളിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഡബ്ല്യുഎംഎഫ് കേരള സര്ക്കരുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന മലയാളം മിഷന്റെ ആഫ്രിക്കന്‍ റീജൺ കോഓര്‍ഡിനേറ്റര്‍ കൂടിയാണ് അദ്ദേഹം. ബെനിലിലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലെ നിറ സാന്നിധ്യമാണ് ഹരീഷ് നായര്‍. ഭാര്യ അനുപമ. ഇവർക്ക് രണ്ട് മക്കൾ.
റിപ്പോർട്ട്: ഷിജോ തൈയിൽ
|
ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ യാത്രാസ്വപ്നം യാഥാർഥ്യമാകുന്നു
മൊൺറോവിയ/അബിജാൻ: പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ യാത്രാസ്വപ്നം ജൂൺ 24ന് യാഥാർഥ്യമാകുന്നു.
വന്ദേ ഭാരത് മിഷനിലൂടെയുള്ള യാത്ര വിദൂര സ്വപ്നമായപ്പോൾ ഇന്ത്യൻ എംബസി ഇൻ അബിജാൻ, ഇന്ത്യൻ കോൺസുലേറ്റ് ഇൻ ലൈബീരിയ, ഇരു രാജ്യങ്ങളിലെയും മലയാളി അസോസിയേഷനുകളായ അബിജാൻ മലയാളീസ്, മഹാത്മാ കൾച്ചറൽ സെന്റർ, ലൈബീരിയ എന്നിവരുടെ സംയുക്ത ശ്രമഫലമായി ഇത്യോപ്യൻ എയർ ലൈൻസിന്റെ ഒരു ചാർട്ടർ വിമാനത്തിനുള്ള അനുമതി ലഭിച്ചു.
ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിജാനിൽ നിന്നും ജൂൺ 24ന് ഇന്ത്യൻ സമയം രാത്രി 7.50ന് 195 യാത്രക്കാരുമായി പുറപ്പെടുന്ന വിമാനം അന്നേദിവസം രാത്രി ഇന്ത്യൻ സമയം 10.20ന് ലൈബീരിയയിലെ 92 യാത്രക്കാരുമായി ജൂൺ 25ന് രാവിലെ 8.10ന് കൊച്ചിയിൽ എത്തും.
ഗർഭിണികളും കുട്ടികളും തൊഴിൽ നഷ്ടപെട്ടവരും ഉൾപ്പെടെ 287 യാത്രക്കാർക്കാരാണ് നാട്ടിലേക്ക് എത്തുന്നത്. യാത്രാസൗകര്യമൊരുക്കിയ അഭിജാനിലെ ഇന്ത്യൻ അംബാസിഡർ സൈലാസ്, ലൈബീരിയയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ജേറ്റി, വാഹേഗുരു ട്രാവൽസിനും മറ്റ് സഹായങ്ങൾ ചെയ്തു നൽകിയ നാട്ടിലെ ജനപ്രതിനിധികൾ എന്നിവർക്കും ഇരു രാജ്യങ്ങളിലെ അസോസിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു.
|
ടാൻസാനിയായിൽ നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാർട്ടർ വിമാനം
ഡാർ എസ് സലാം: അന്താരാഷ്ട്ര വിമാന സർസുകൾ കോവിഡ് 19 പ്രതിസന്ധിയിൽ മുടങ്ങിയ സാഹചര്യത്തിൽ കിഴക്കനാഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ തലസ്ഥാനമായ ഡാർ എസ് സലാമിൽ നിന്നും കൊച്ചിയിലേക്കുള്ള പ്രത്യേക ചാർട്ടർ വിമാന സർവീസ് ജൂൺ ഏഴാം തിയതി ഞായറാഴ്ച വൈകുന്നേരം 5.30 നു കൊച്ചിയിലേക്ക് പുറപ്പെട്ടു.
വിവിധ അത്യാവശ്യ സാഹചര്യങ്ങളാൽ നാട്ടിലേക്കു മടങ്ങേണ്ട മലയാളികൾക്കായി ടാൻസാനിയായിലെ മലയാളി അസോസിയേഷനായ കലാമണ്ഡലം ടാൻസാനിയ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് ഈ പ്രത്യേക വിമാനം ക്രമീകരിച്ചിരിക്കുന്നത്.
127 മലയാളികളാണ് ഈ പ്രത്യേക വിമാനത്തിൽ തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ എത്തിച്ചേരുക. യാത്രക്കാരിൽ 8 ഗർഭിണികളും 15 കുട്ടികളും ഉൾപ്പെടുന്നു. വിമാനങ്ങൾ ഇല്ലാത്തതു മൂലം യാത്ര മുടങ്ങിയിരുന്ന കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള യാത്രക്കാർക്ക് ഈ പ്രത്യേക വിമാനം അനുഗ്രഹമായി.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിമാനത്താവളത്തിലും യാത്രയിലും കേരളത്തിൽ എത്തിയതിനു ശേഷവും യാത്രക്കാർക്കായി നിർദ്ദേശിച്ചിരുക്കുന്ന ആരോഗ്യ മുൻകരുതലുകൾ അനുസരിച്ചായിരിക്കും ഈ വിമാന സർവീസ് എന്നു കലാമണ്ഡലം ടാൻസാനിയ സെക്രട്ടറി സൂരജ് കുമാർ അറിയിച്ചു.
ഇത്തരം ഒരു പ്രത്യേക സർവീസ് നടത്തുന്നതിന് അനുമതിക്കായി എല്ലാ സഹകരണങ്ങളും ചെയ്തു തന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരെ കലാമണ്ഡലം ടാൻസാനിയ ചെയർമാൻ വിപിൻ എബ്രഹാം പ്രത്യേകം അനുസ്മരിച്ചു. മുഖ്യമന്ത്രിയുടെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെയും ഓഫീസുകൾ എല്ലാ സഹായങ്ങളുമായി നിരന്തരം കൂടെ ഉണ്ടായിരുന്നത് കാര്യങ്ങൾ വേഗത്തിലാക്കി. നോർക്കയുടെ സഹായങ്ങളും വിപിൻ അബ്രഹാം നന്ദിയോടെ സ്മരിച്ചു.
വന്ദേ ഭാരത് മിഷനോട് ചേർന്നു പ്രവർത്തിക്കുന്ന വിധത്തിൽ അതാത് ഇന്ത്യൻ എംബസിയോട് സഹകരിച്ചു പ്രവർത്തിക്കുന്ന പ്രവാസി അസോസിയേഷനുകൾക്കും ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ അനുമതി നൽകാനുള്ള കേന്ദ സർക്കാർ തീരുമാനമാണ്, നിരവധി മലയാളി കുടുംബാംഗൾക്ക് ആശ്വാസമായ ഈ വിമാന സർവീസ് നടത്താൻ കലാമണ്ഡലം ടാൻസാനിയയെ പ്രേരിപ്പിച്ചത്. ഇതാദ്യമായാണ് ഇത്തരമൊരു ചാർട്ടർ വിമാനം ആഫ്രിക്കയില്‍നിന്ന് കൊച്ചിയിലേക്ക് പറക്കുന്നത്.
|
ലോക്ഡൗണ്‍ ആഘോഷമാക്കി പ്രവാസിമലയാളികൾ :ഓണ്‍ലൈൻ ആർട്ട്ഫെസ്റ്റിവൽ നടത്തി ഹൊബാർട്ട് മലയാളികൾ
ഹൊബാർട്ട്: ലോകം മുഴുവൻ കോവിഡ് ഭീതിയിൽ തുടരുന്പോൾ ഓസ്ട്രേലിയയിലും ലോക് ഡൗണ്‍ തുടരുകയാണ്. കർശന നിയന്ത്രണം തുടരുന്ന രാജ്യത്ത് കൂട്ടം കൂടാനോ ആഘോഷങ്ങൾ നടത്താനോ അനുവാദം ഇല്ല. ആളുകൾ വീട്ടിൽ തുടരാൻ ആണ് അധികാരികൾ നിർദ്ദേശിചിച്ചിരിക്കുന്നത്. എന്നാൽ വീട്ടിൽ ഇരുന്നു കൊണ്ട് ലോക് ഡൗണ്‍ ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഹൊബാർട്ട് മലയാളി അസോസിയേഷൻ.
ടാസ്മാനിയയിലെ പ്രമുഖ ഏഷ്യൻ ഗ്രോസറി സ്റ്റോറായ മൂന ഏഷ്യൻ ബസാറുമായി ചേർന്നാണ് ഈ ഓണ്‍ലൈൻ ആർട്ട് ഫെസ്റ്റിവൽ നടക്കുന്നത്. ന്ധസ്റ്റേ ഹോം, സ്റ്റേ സേഫ് ഓണ്‍ലൈൻ ആർട്ട് ഫെസ്റ്റിവൽ ന്ധഎന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷപ്രകാരം ഹൊബാർട്ട് പ്രവാസി മലയാളികൾക്കു വീട്ടിൽ തുടർന്ന് കൊണ്ട് അവരുടെ കലാ പ്രകടനങ്ങൾ മൊബൈലിൽ പകർത്തി അസോസിയേഷന് അയച്ചു കൊടുക്കാം. അസോസിയേഷന്റെ പേജിൽ പ്രസിദ്ധീകരിക്കുന്ന പ്രകടനങ്ങളിൽ കൂടുതൽ റീച്ച് കിട്ടുന്ന പോസ്റ്റുകൾ വിജയികളാകും.ഡാൻസ്, ടിക് ടോക്, പാട്ടുകൾ, ഉപകരണസംഗീതം, കുക്കറി ഷോ തുടങ്ങിയ മത്സര ഇനങ്ങളിൽ ആളുകൾ വലിയ തോതിൽ പങ്കെടുക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്.
മെയ് 15 വരെയുള്ള പോസ്റ്റ് റീച്ച് ആണ് ഫലം നിർണ്ണയിക്കുക എന്ന് ഹൊബാർട്ട് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിനോ ജേക്കബ് വ്യക്തമാക്കി. വിജയികൾക്ക് കൈ നിറയെ സമ്മാനങ്ങൾ ആണ് കാത്തിരിക്കുന്നത് എന്ന് ഏഷ്യൻ ബസാർ ഡയറക്ടർ മാരായ ബാസ്റ്റിൻ ജോർജും, ജോർടിൻ ജോർജും പറഞ്ഞു. പ്രായഭേദമന്യേ പ്രവാസി മലയാളികൾ പങ്കെടുക്കുന്ന ഈ ആർട്ട് ഫെസ്റ്റിവൽ മുഴുവൻ പ്രവാസി സംഘടനകൾക്കും മാതൃക ആകുകയാണ്.
|
ആർച്ച്ബിഷപ് ഡോ. പദീയ ഗ്വാട്ടിമാല നുണ്‍ഷ്യോ
ന്യൂഡൽഹി: ഗൾഫിലെ വത്തിക്കാൻ പ്രതിനിധിയായിരുന്ന ഫിലിപ്പീൻസ് സ്വദേശി ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ്കോ മൊന്തെസീയോ പദീയ(66)യെ ഗ്വാട്ടിമാലയിലെ നുണ്‍ഷ്യോ ആയി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി മോണ്‍സിഞ്ഞോർ ജോണ്‍ ജെ. കല്ലറയ്ക്കലാണു ഫസ്റ്റ് സെക്രട്ടറി. ഇദ്ദേഹത്തിനായിരുന്നു നുൺഷ്യോയുടെ താത്കാലിക ചുമതല.
കുവൈറ്റ്, ബഹറിൻ, യുഎഇ, ഒമാൻ, ഖത്തർ, യെമൻ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള നുണ്‍ഷ്യോ ആയും ഗൾഫ് മേഖലയുടെ മൊത്തത്തിലുള്ള മാർപാപ്പയുടെ പ്രതിനിധിയായും പ്രവർത്തിച്ചുവരികയായിരുന്നു ആർച്ച്ബിഷപ് പദീയ. ഗൾഫിലേക്കു പുതിയ നുണ്‍ഷ്യോയെ നിയമിക്കുന്നതു വരെ ഇദ്ദേഹം എല്ലാ ഗൾഫ് രാജ്യങ്ങളുടെയും അധിക ചുമതലയിൽ തുടരും. വടക്കൻ അറേബ്യൻ വികാരിയാത്തിന്റെ അപ്പസ്തോലിക് വികാരി ആയിരുന്ന ബിഷപ് കാമിലിയോ ബാലിൻ കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്.
|
ഉംറ്റാറ്റയിൽ കരുണയും കരുതലുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ
ഉംറ്റാറ്റ: കോവിഡ് കാലത്ത് തെരുവുകളിലും ഉൾനാടൻ കോളനികളിലുമുള്ള നിരാലംബർക്ക് സ്നേഹവും കരുതലുമായി ഭക്ഷണ കിറ്റുകൾ എത്തിക്കുകയാണ് വേൾഡ് പീസ് മിഷൻ പ്രവർത്തകർ.
സൗത്ത് ആഫ്രിക്ക, മൊസാംബിക്, കെനിയ, ഉഗാണ്ട, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ റൂറൽ ഏരിയകളിലാണ് ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നത്. വേൾഡ് പീസ് മിഷൻ ചാപ്റ്റർ മെമ്പർമാരുടെ നേതൃത്വത്തിൽ, എഫ്സിസി സിസ്റ്റേഴ്സ്, മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ്, ബഥനി സിസ്റ്റേഴ്സ്, മിഷനറീസ് ഓഫ് ചാരിറ്റി, ഹോളിക്രോസ് സിസ്റ്റേഴ്സ് കൂടാതെ ഒട്ടനവധി സന്നദ്ധസംഘടനകളും ത്യാഗമനോഭാവത്തോടെ ഈ ഉദ്യമത്തിൽ സഹകരിക്കുന്നുണ്ടെന്നും സ്നേഹവും കരുതലുമായി ദരിദ്രനെ സഹായിക്കുന്നത് ഔദാര്യമല്ല, കടമയും ഉത്തരവാദിത്വവുമാണെന്നും വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ പറഞ്ഞു.
ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നതോടൊപ്പം കോവിഡ്19 ന് എതിരായ ബോധവത്കരണവും പ്രതിരോധത്തിനുള്ള മാർഗനിർദ്ദേശങ്ങളടങ്ങുന്ന നോട്ടീസും വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ അതാതു സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിലും വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നും പ്രവർത്തിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും നിർഭയം മാനസികാരോഗ്യം നിലനിർത്താൻ പ്രഗത്ഭരായവരുടെ നേതൃത്വത്തിൽ ടെലിഫോൺ കൗൺസിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നമ്പർ:(+91 701 207 3156)
[email protected]
www.worldpeacemission.net
|
അജയന്റെ കുടുംബത്തിന് അബിജാന്‍ മലയാളീസിന്റെ കൈത്താങ്ങ്
കഴിഞ്ഞ വര്‍ഷം ആഫ്രിക്കയില്‍ വെച്ച് മരണപ്പെട്ട അജയന്റെ കുടുംബത്തിന് എെവറി കോസ്റ്റിലെ മലയാളി കൂട്ടായ്മയായ അബിജാൻ മലയാളീസ് സഹായധനം കൈമാറി. അജയന്റെ മക്കളുടെ പേരിലുള്ള 9,12,000 രൂപയുടെ എഫ്ഡി കുടുംബാംഗങ്ങള്‍ എറ്റുവാങ്ങി. അബിജാന്‍ മലയാളീസിന്റെ പ്രധിനികളായി ഒാച്ചി ഉണ്ണി, അനില്‍ കുമാര്‍, അനില്‍, അഡ്വ. സുരേഷ് ചന്ദ്രബാബു തുടങ്ങിയവരും വാര്‍ഡ് അംഗം അനില്‍ കുമാറും ചടങ്ങില്‍ പങ്കെടുത്തു.
വര്‍ഷങ്ങളായി അബിജാനിലുള്ള മലയാളികളുടെ നിരവധി പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന അബിജാൻ മലയാളീസ് കൂട്ടായ്മ കേരളത്തിലെ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്ല തുക സംഭാവന കൊടുത്തിട്ടുണ്ട്.
|
അഞ്ചപ്പത്തിന്റെ അഞ്ചുവർഷങ്ങൾ
ഉംറ്റാറ്റ: സൗത്താഫ്രിക്കയിൽ ഉംറ്റാറ്റായിലും കനീസ ചിൽഡ്രൻസ് ഹോം, ബഥനി ഹോം എന്നിവടങ്ങളിലും വേൾഡ് പീസ് മിഷന്റെ അഞ്ചപ്പ വിതരണം നടന്നു. വേൾഡ് പീസ് മിഷൻ പ്രവർത്തകരും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗങ്ങളുമായ മദർ സിസ്റ്റർ സെബസ്റ്റീൻ, സിസ്റ്റർ സെറിൻ,സിസ്റ്റർ ജിസ്മേരി എന്നിവരാണ് അഞ്ചപ്പ വിതരണത്തിന് നേതൃത്വം നൽകുന്നത്.
നിർധനരും അശരണരുമായ വിശക്കുന്നവർക്ക് അന്നം നൽകുക എന്ന ലക്ഷ്യത്തോടെ അഞ്ചു വർഷങ്ങൾക്കു മുൻമ്പാണ് അഞ്ചപ്പം എന്ന അന്നദാന പദ്ധതിയുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ ആഫ്രിക്കയിലെത്തുന്നത്. സംഗീത സംവിധായകനും ജീവകാരുണ്യ പ്രവർത്തകനുമായ, സണ്ണി സ്റ്റീഫൻ നേതൃത്വം നൽകുന്ന സംഘടനക്ക് ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്കിടലേക്ക് ആഹാരവുമായി എത്തുവാൻ കഴിഞ്ഞു.
നൈരിജീയ,കെനിയ, ഉഗാണ്ട, മോസാംബിക് , എത്യോപ്യ ,സിംബാവേ, തുടങ്ങി ആഫ്രിക്കയിലെ വിവിധ ഭാഗങ്ങളിലെ അഞ്ചപ്പ വിതരണത്തിന് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ്, ബഥനി സിസ്റ്റേഴ്സ്, എഫ്സിസി സിസ്റ്റേഴ്സ്,മിഷിനറീസ് ഓഫ് ചാരിറ്റി,ഹോളി ക്രോസ് സിസ്റ്റേഴ്സ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
അഞ്ചപ്പത്തിന്റെ അഞ്ചു വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ വിശക്കുന്നവരിലേക്ക് ആഹാരമെത്തിക്കാൻ കഴിയുന്നതിൽ തികഞ്ഞ ചാരുതാർത്യമുണ്ടെന്നു വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ പറഞ്ഞു. ലോകം രക്ഷകന്റെ വരവിനായി ഒരുങ്ങി നിൽകുമ്പോൾ നമ്മുടെ ഹൃദയങ്ങളിലും ഉണ്ണിയേശു പിറക്കുന്നതിന്, കരുണയുടെ കരംനീട്ടാം എന്ന ആശയമാണ് വ്യത്യസ്തങ്ങളായ കാരുണ്യ ശുശ്രുഷകളിലൂടെ വേൾഡ് പീസ് മിഷൻ മുന്നോട്ടുവയ്ക്കുന്നത്.
റിപ്പോർട്ട്: നിത വർഗീസ്
|
ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 13 ഫ്രഞ്ച് സൈനികർ മരിച്ചു
ബമാക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ രണ്ടു സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 ഫ്രഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഇസ്ലാമിസ്റ്റ് ജിഹാദികൾക്ക് എതിരേ ആക്രമണ ദൗത്യവുമായി പോയ കോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ദുരന്തത്തിൽ ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ ദുഃഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
മാലിയുടെ വടക്കൻ മേഖല ഇസ്ലാമിസ്റ്റുകൾ കൈയടക്കിയതിനെത്തുടർന്ന് 2013ലാണു ഫ്രഞ്ച് സൈനികരെ മാലിയിലേക്കു നിയോഗിച്ചത്. മൗരിറ്റാനിയ, നൈജർ, ബുർക്കിനാഫാസോ, ഛാഡ് എന്നീ രാജ്യങ്ങളുടെ സൈനികരും ജിഹാദികളെ നേരിടാൻ മാലി സൈന്യത്തെ സഹായിക്കുന്നുണ്ട്.
|
അബിജാന്‍ മലയാളീസ് ഓണം ആഘോഷിച്ചു
അബിജാന്‍: ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിജാനില്‍ മലയാളി സമൂഹം ഓണം ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സെയിലസ് തങ്ങാള്‍ മുഖ്യാതിഥിയായിരുന്നു.
കേരളീയ വേഷത്തില്‍ എത്തിയ കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മലയാളി കുടുംബങ്ങള്‍ തയാറാക്കിയ ഓണസദ്യയുമുണ്ടായിരുന്നു.
|
അബിജാൻ മലയാളീസ് ധനസഹായം നല്കി
ഐവറി കോസ്റ്റ്: ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിജാനില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് അബിജാന്‍ മലയാളിസിന്റെ നേതൃത്വത്തില്‍ സാമ്പത്തിക സഹായം നല്കി.
നാളുകള്‍ക്കു മുമ്പാണു അബിജാനില്‍ ജോലി ചെയ്തിരുന്ന കൊല്ലം കിളികോല്ലൂര്‍ സ്വദേശി ശിവാലയത്തില്‍ ശിവപ്രസാദ് മരണപ്പെട്ടത്. തുടര്‍ന്നു കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ മറ്റു മലയാളികള്‍ ചേര്‍ന്നു സ്വരൂപിച്ച 9,21,000 രൂപ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കു കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം ശിവപ്രസാദിന്റെ ഭവനത്തിൽ നടന്ന ചടങ്ങില്‍ തുക കൈമാറി. ചടങ്ങില്‍ കുടുംബാംഗങ്ങളൊടൊപ്പം അബിജാന്‍ മലയാളീസ് ഭാരവാഹികളും പങ്കെടുത്തു.
|
സോള്‍ മലയാളീസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു
സോള്‍: ദക്ഷിണകൊറിയയില്‍ സോള്‍ മലയാളീസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മലയാളികള്‍ ഒത്തുകൂടി. സെപ്റ്റംബര്‍ 22 നു സുവോണ്‍ നഗരത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ഏകദേശം 65 ഓളം കുടുംബങ്ങള്‍ പങ്കെടുക്കുകയുണ്ടായി. ഓണത്തപ്പനെ വരവേല്‍ക്കാന്‍ അതിരാവിലെ തന്നെ എല്ലാവരും ചേര്‍ന്ന് പൂക്കളം തയ്യാറാക്കി. അതിനു പിന്നാലെ അമ്മമാര്‍ ചേര്‍ന്ന് തിരുവാതിര, ഓണപ്പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു.
കൊടും ശൈത്യം ഉള്ള കൊറിയയില്‍ ഓണ സദ്യയ്ക്കുള്ള പല സാമഗ്രികളും ഇല്ലാതിരുന്നിട്ട് കൂടി കെങ്കേമമായ ഒരു സദ്യയൊരുക്കാന്‍ പറ്റി. മലയാളികക്കൊപ്പം വിദേശികളും വാഴയിലയില്‍ ഓണസദ്യ ഉണ്ടു. അവിയലും സാമ്പാറും രസവും രണ്ടു കൂട്ടം പായസവും എല്ലാം കൂടിയ കിടിലന്‍ സദ്യ. ഓണസദ്യയ്ക്ക് ശേഷം വിവിധകലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവര്ക്കും പ്രത്യേകം ഓണക്കളികള്‍ ഒരുക്കിയിരുന്നു. നാടന്‍പാട്ടുകളും ചെറു നാടകവും എല്ലാവരും ആസ്വദിച്ചു.
കലാപരിപാടികള്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തശേഷം ആര്‍പ്പുവിളികളുമായി ഫോട്ടോസെഷന്. ഓണ പൂവിളികളോടെ പരിപാടികള്‍ സമാപിച്ചു.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം
|
മൊസാംബിക്കിൽ സമാധാനം നിലനിർത്തണം: മാർപാപ്പ
മാപുട്ടോ: ഏറെ പ്രയത്നിച്ചു നേടിയ സമാധാനം നിലനിർത്താനും വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്കു പോകാതിരിക്കാനുമായി എല്ലാവർക്കും തുല്യാവസരം നൽകാൻ ഫ്രാൻസിസ് മാർപാപ്പ മൊസാംബിക് നേതൃത്വത്തെ ആഹ്വാനം ചെയ്തു.
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ അപ്പസ്തോലിക പര്യടനത്തിനെത്തിയ മാർപാപ്പയ്ക്ക് ഹൃദ്യമായ വരവേല്പ് ലഭിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് ഫിലിപ്പെ ന്യൂയിസിയുടെ ഫ്രെലിമോ പാർട്ടിയുടെ നേതാക്കളും പ്രതിപക്ഷ റെനാമോ പാർട്ടിയുടെ നേതാക്കളും സംബന്ധിച്ചു. ഇരുകൂട്ടരും തമ്മിൽ നടന്ന ആഭ്യന്തരയുദ്ധം 1992ലാണ് അവസാനിച്ചത്. ആയിരങ്ങൾക്കു ജീവഹാനി നേരിട്ടു. 1992ൽ യുദ്ധം അവസാനിച്ചെങ്കിലും കഴിഞ്ഞമാസമാണ് സമാധാന കരാർ ഒപ്പിട്ടത്.
ശ്വാശത സമാധാനം വേണമെങ്കിൽ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ നടപടി വേണമെന്നും തീവ്രവാദം അവസാനിപ്പിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു. എല്ലാവർക്കും തുല്യാവസരം നൽകണമെന്നും മാർപാപ്പ നിർദേശിച്ചു.
|
വിനോദ് കുമാർ ഒതായോത്തിന് കരോട്ടയിൽ മാസ്റ്റർ ഓഫ് ദി ഇയർ പുരസ്കാരം
പ്രായിയ: ആഫിക്കൻ രാജ്യമായ കാപ് വേർഡിൽ നടന്ന വേൾഡ് കപ്പ് കരോട്ട ഫ്രീ സ്റ്റൈൽ ചാന്പ്യൻഷിപ്പിൽ മലയാളിയായ വിനോദ് കുമാർ ഒതായോത്തിന് മാസ്റ്റർ ഓഫ് ദി ഇയർ പുരസ്കാരം. ഇന്റർനാഷണൽ മാർട്ടിയൽ ആർട്സ് ഹാളിൽ നടന്ന അവാർഡുദാന ചടങ്ങിൽ വിനോദ് കുമാർ അവാർഡും വെള്ളി മെഡലും ഏറ്റുവാങ്ങി.
കാസർഗോഡ് സ്വദേശിയായ വിനോദ് കുമാർ കളരിപ്പയറ്റ് ഗുരുക്കളും കരോട്ടയിൽ അഞ്ചു തവണ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. ഇപ്പോൾ സ്പെയിനിലെ ബാഴ്സലോണയിലാണ് താമസം. മലയാളി അസോസിയേഷൻ ബാഴ്സലോണ അംഗവുമാണ്.
|
സൗത്ത് ആഫ്രിക്കയില്‍ നിര്യാതനായി
പാലമ്പ്ര: വട്ടക്കുന്നേലായ വാലുമണ്ണേല്‍ ജോസഫ് ജോണ്സണ് (സണ്ണി, 64) സൗത്ത് ആഫ്രിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് പാലമ്പ്രയില്‍.
ഭാര്യ റാണി ചങ്ങനാശേരി കണ്ടങ്കരി കുടുംബാംഗം. മക്കള്‍: പ്രിന്‍സ് (സൗദി അറേബ്യ), പ്രീണ (ഓസ്ട്രേലിയ), പ്രവീണ്‍ (സൗത്ത് ആഫ്രിക്ക). മരുമക്കള്‍: മിന്നു നീറിയാങ്കല്‍ (കട്ടപ്പന), സുജിത് മുളയ്ക്കല്‍ (തത്തംപള്ളി ആലപ്പുഴ).
ഫാ. ആന്റണി വട്ടക്കുന്നേല്‍ സിഎംഐ (ഓസ്ട്രേലിയ) സഹോദരനാണ്.
|
ഡബ്ല്യുഎംഎഫ് നൂറ്റിആറാമത് യുണിറ്റ് ടോഗോയിൽ
ലോമെ: സഹാറാ മരുഭൂമിക്കും സാവന്നാ പുൽമേടുകൾക്കും സമീപം സ്ഥിതി ചെയ്യുന്ന പശ്ചിമ ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ യൂണിറ്റ് നിലവിൽ വന്നു. സംഘടനയുടെ നൂറ്റിആറാമത്തെ യൂണിറ്റാണ് ടോഗോയിലേത്.
ലോമെയിൽ സംഘടിപ്പിച്ച സമ്മേളനം ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ റജീഫ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഫാ. ബിനു പോൾ, ഫാ. ജോളി ആൽബർട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സംഘടനയുടെ ആരംഭത്തെക്കുറിച്ചും പ്രവാസികൾക്കുവേണ്ടി വേറിട്ടൊരു ശൈലിയിലുള്ള ഒരു ആഗോള നെറ്റ്വർക്ക് ഉണ്ടാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും സംഘടനയുടെ ഇപ്പോഴുള്ള പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ ഗ്ലോബൽ ചെയർമാൻ വിശദീകരിച്ചു. പ്രവാസികൾ ലോകവ്യാപകമായി ഒറ്റകെട്ടായി പ്രവർത്തിക്കാൻ ഏവരും സഹകരിക്കണമെന്ന് അദ്ദേഹം മലയാളികളെ ആഹ്വാനം ചെയ്തു. തുടർന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
സതീഷ് ടി. നായർ (പ്രസിഡന്റ്), ഗിരീഷ് ഉണ്ണിത്താൻ (സെക്രട്ടറി), സിന്ധു ബിജു (വൈസ് പ്രസിഡന്റ്), കൃഷ്ണദാസ് തൈവളപ്പിൽ (ചാരിറ്റി കോഓർഡിനേറ്റർ) എന്നിവർ സംഘടനയുടെ ഭാവി പരിപാടികളെകുറിച്ച് സംസാരിച്ചു.
റിപ്പോർട്ട്: വർഗീസ് ഫിലിപ്പോസ്
|
ബെനിനില്‍ ഡബ്ല്യുഎംഎഫിന് പുതിയ പ്രൊവിന്‍സ്
പോര്‍ട്ട് നൊവൊ: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ നിലവില്‍ വന്നു. സംഘടനയുടെ ഉദ്ഘാടനം വാണിജ്യ തലസ്ഥാനമായ കോട്ടണുവില്‍ നടന്നു.
ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ചെയര്മാന് പ്രിന്‍സ് പള്ളികുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ച സമ്മേളനത്തില്‍ ബെനിന്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഷെമീര്‍ വെട്ടുവക്കട്ടില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
2008 മുതല്‍ നിലവിലുണ്ടായിരുന്ന ബെനിന്‍ മലയാളി അസോസിയേഷന്റെ അംഗങ്ങള്‍ എല്ലാവരേയും ഉള്‍പ്പെടുത്തി രൂപീകരിച്ച ഡബ്ല്യുഎംഎഫ് ബെനിന്‍ യൂണിറ്റില്‍ ജയിംസ് ഉമ്മന്‍ (പ്രസിഡന്റ്), ഹരിഷ് ജെ. നായര്‍ (വൈസ് പ്രസിഡന്റ്), ഡെന്നിസ് ബാബു (സെക്രട്ടറി), ഗ്രീനിഷ് മാത്യു വെട്ടിപ്ലാക്കല്‍ (ജോയിന്റ് സെക്രട്ടറി) , അരുണ്‍ കുമാര്‍ (ട്രഷറര്‍), കെ.പി. ജിതേഷ് (ചാരിറ്റി കോഓര്‍ഡിനേറ്റര്‍), ഉണ്ണികൃഷ്ണന് കൈത്തോട്ട് (ബിസിനസ് ഫോറം കോഓര്‍ഡിനേറ്റര്‍), ജോവിന് മാത്യു കളരിക്കല്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍), ഹാരി ബോസ് (യൂത്ത് വിംഗ് കോഓര്‍ഡിനേറ്റര്‍), സൗമ്യ ഗ്രീനിഷ് വിമെന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍) എന്നിവരും നിധിന് രാമന്തളി, ശോഭാരജ് നമ്പ്യാര്‍ , സിനോ, മെറിന് ജോവിന് തുടങ്ങിയര്‍ എക്സിക്യൂട്ടീവ് മെംബര്‍മാരായും എം.ജി അശോക്, ബോബന് ഐപ് എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.
സംഘടനയുടെ ഭാവിപരിപാടികളായ രക്തദാനം, അനാഥാലയങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ഉള്ള സഹായങ്ങള്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങളും വിഷു, റംസാന് , ഓണം , കേരള ദിനം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളെയും കുറിച്ചുള്ള രൂപരേഖയും മീഡിയ കോര്‍ഡിനേറ്റര്‍ ജോവന് മാത്യു സമ്മേളനത്തില്‍ അവതരിപ്പിച്ചു.
സെക്രട്ടറി ഡെന്നിസ് ബാബു നന്ദി പറഞ്ഞു. അത്താഴ വിരുന്നോടെ സമ്മേളനം സമാപിച്ചു.
റിപ്പോർട്ട്: വർഗീസ് ഫിലിപ്പോസ്
|
സുഡാനിൽ സൈന്യം ഭരണം പിടിച്ചു; പ്രസിഡന്റ് ബഷീർ തടങ്കലിൽ
ഖാർത്തും: മുപ്പതു വർഷമായി സുഡാനിൽ ഏകാധിപത്യ ഭരണം നടത്തിവന്ന പ്രസിഡന്റ് ഒമർ അൽബഷീറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. അറസ്റ്റിലായ പ്രസിഡന്റിനെ സുരക്ഷിതസ്ഥലത്ത് തടവിൽ വച്ചിരിക്കുകയാണെന്നു പ്രതിരോധമന്ത്രി അവധ് ഇബ്നൂഫ് രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ ടിവി പ്രസംഗത്തിൽ പറഞ്ഞു.
ഭരണഘടന സസ്പെൻഡ് ചെയ്ത് മൂന്നു മാസത്തെ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ഒരു മാസത്തേക്ക് കർഫ്യൂവും ഏർപ്പെടുത്തി. രാജ്യത്തെ വ്യോമാതിർത്തി 24 മണിക്കൂർ നേരത്തേക്ക് അടച്ചു. രണ്ടുവർഷത്തേക്ക് സൈനിക കൗൺസിൽ ഭരണം നടത്തും. തുടർന്ന് തെരഞ്ഞെടുപ്പു നടത്തും.
മുപ്പതു വർഷമായി ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭരണം നടത്തുന്ന ബഷീറിനെതിരേ ജനങ്ങൾ തെരുവിലിറങ്ങി സമരം ആരംഭിച്ചിട്ട് നാളുകളായി. രാജ്യത്തിന്റെ സാന്പത്തികനില മോശമായതിനെത്തുടർന്നു ഡിസംബറിൽ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി.
സുപ്രധാന പ്രഖ്യാപനം വരുമെന്ന് സൈന്യം അറിയിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ വൻ ജനാവലി തലസ്ഥാനമായ ഖാർത്തുമിലെ ചത്വരങ്ങളിൽ തടിച്ചുകൂടിയിരുന്നു. ബഷീറിന്റെ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ സൈദ്ധാന്തിക പ്രസ്ഥാനമായ ഇസ്ലാമിക് മൂവ് മെന്റിന്റെ ഓഫീസുകൾ റെയ്ഡ് ചെയ്ത സൈനികർ ടിവി സ്റ്റേഷന്റെ നിയന്ത്രണവും പിടിച്ചു. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കുകയും ചെയ്തു.
1989ൽ അട്ടിമറി നടത്തിയാണു ബഷീർ അധികാരത്തിൽ വന്നത്. തുടർന്ന് ഏകാധിപത്യശൈലിയിൽ ഭരണം നടത്തുകയായിരുന്നു. 2003ൽ ഡാർഫുർ മേഖലയിലെ ജനകീയ മുന്നേറ്റത്തെ ചോരയിൽ മുക്കിക്കൊന്നതിന് രാജ്യാന്തര കോടതി അദ്ദേഹത്തിനെതിരേ യുദ്ധക്കുറ്റം ചുമത്തി. മൂന്നുലക്ഷം പേരെങ്കിലും ഡാർഫുറിൽ കൊല്ലപ്പെട്ടുവെന്നാണു കണക്ക്.
|
കാണ്ടാമൃഗ വേട്ടക്കാരനെ ആന ചവിട്ടിയരച്ചു, സിംഹങ്ങൾ ഭക്ഷണമാക്കി
ജൊഹാനസ്ബർഗ്: കാണ്ടാമൃഗ വേട്ടക്കാരനെ ആന ചവിട്ടിയരച്ചു, സിംഹങ്ങൾ ഭക്ഷണമാക്കി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിലാണു സംഭവം അരങ്ങേറിയത്.
വേട്ടക്കാരനൊപ്പമുണ്ടായിരുന്നവരാണ് ചൊവ്വാഴ്ച ആനയുടെ ആക്രമണം സംബന്ധിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ വിവരം ധരിപ്പിക്കുന്നത്. ഇവർ ദേശീയ പാർക്ക് അധികൃതരെ വിവരമറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയെങ്കിലും തലയോട്ടിയും ഒരു ജോടി വസ്ത്രവും മാത്രമാണ് അവശേഷിച്ചിരുന്നത്.
ക്രൂഗർ ദേശീയ ഉദ്യാനത്തിൽ വേട്ടക്കാരുടെ നിരന്തരശല്യമുണ്ട്. കാണ്ടാമൃഗത്തെ വേട്ടയാടുകയാണ് ഇവരുടെ പ്രധാന ഉദ്ദേശ്യം. കാണ്ടാമൃഗത്തിന്റെ കൊന്പിന് ഏഷ്യൻ വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട്.
|
ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിക്കാൻ കെനിയയില്‍ നിന്നും ഭക്തര്‍
നയ്റോബി : ആഫ്രിക്കൻ രാജ്യമായ കെനിയയിലെ അയ്യപ്പ ക്ഷേത്രത്തെ പ്രതിനിധീകരിച്ച് ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തർ ഇത്തവണയും വന്നു.
ആഫ്രിക്കയിലെ ആദ്യത്തെ അയ്യപ്പ ക്ഷേത്രമായ നയ്റോബി അയ്യപ്പ ക്ഷേത്രത്തിന്റെ ട്രസ്റ്റിയായ ജയശ്രീ പ്രതാപിന്റേയും വിജി ഗോപകുമാറിന്റെയും നേതൃത്വത്തിൽ വർഷങ്ങളായി തുടരുന്ന പതിവു ഇത്തവണയും തെറ്റിച്ചില്ല. തങ്ങളെ പ്രാപ്തരാക്കാൻ അനുഗ്രഹിച്ച ആറ്റുകാലമ്മയുടെ മുന്നിൽ അവർ പൊങ്കാല അർപ്പിക്കുമ്പോൾ നൂറു കണക്കിന് മലയാളികൾ കെനിയയിൽ പ്രാർഥനയോടെ ഇരിക്കുന്നു.
ജാതവേദൻ തിരുമേനി പ്രതിഷ്ഠിച്ച ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം നിത്യം ലളിതാ സഹസ്രനാമം പാരായണവും എല്ലാ മാസവും ഭഗവതി സേവയും നടന്നു വരുന്നു. നിത്യപൂജയുള്ള ക്ഷേത്രത്തിലെ മേൽശാന്തി ആണ് ഇതിനു നേതൃത്വം നൽകുന്നത്. ഒരു വർഷം നീളുന്ന ഒരുക്കങ്ങളും കാത്തിരിപ്പും സമ്മാനിച്ച സന്തോഷത്തിന്റെ അശ്രുകണങ്ങളെ അമ്മയുടെ പാദാരവിന്ദങ്ങളിൽ അർപ്പിച്ചു പൊങ്കാല അടുപ്പിൽ തീ പകരുമ്പോൾ ഭൂമിയിലെ മറ്റൊരു ഭൂഖണ്ഡത്തിൽ അനവധി കണ്ഠങ്ങളിലുയരുന്നു അമ്മേ നാരായണ മന്ത്രം.
|
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോ ഇന്ത്യ ഡേ ആഘോഷിച്ചു
ലെസോത്തോ മസേറു (സൗത്ത് ആഫ്രിക്ക): ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ മസേറു സൺ ആവാനിയിൽ വർണശബളമായ പരിപാടികളോടെ ഇന്ത്യ ഡേ ആഘോഷിച്ചു.
ഡോ. അഭിഷേക് രഞ്ചന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനം ഉപ പ്രധാനമന്ത്രി Dr. Monyane Molaleki ഉദ്ഘാടനം ചെയ്തു. തൊഴിൽ വകുപ്പ് മന്ത്രി Keketso Rantso, വിദേശകാര്യ മന്ത്രി Lesego Makgothi, വാണിജ്യ വ്യവസായ മന്ത്രി Habo fance Lehana, ആഭ്യന്തര മന്ത്രി Tsukutlane Au, കൾച്ചറൽ ആൻഡ് ടൂറിസം മന്ത്രി Semano Sekatle, ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. ജാനകിരാമൻ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബിജു ഏബ്രഹാം കോര, കൗൺസിലർ മൻമോഹൻ ബാക്യ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
തുടർന്നു ജൻകാർ ഡാൻസ് ട്രൂപ്, വന്ദന നാരായൺ മ്യൂസിക് ട്രൂപ് എന്നീ ഇന്ത്യൻ സംഗീത ടൂപ്പുകൾക്കുപുറമെ നിരവധി കലാപരിപാടികളും ഇന്ത്യ ഡേക്ക് കൊഴുപ്പേകി. സെക്രട്ടറി സരൂർ അക്തർ നന്ദി പറഞ്ഞു.
|
കേരളത്തിലെ പ്രളയബാധിതർക്ക് വീടുകൾ നിർമിച്ചു നൽകി കലാമണ്ഡലം ടാൻസാനിയ
ടാൻസാനിയ: കേരളത്തിലെ പ്രളയബാധിതർക്ക് കലാമണ്ഡലം ടാൻസാനിയ എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ രണ്ടു വീടുകൾ നിർമിച്ചു നൽകി.
ടാൻസാനിയ എന്ന രാജ്യത്തെ "കലാമണ്ഡലം ടാൻസാനിയ' എന്ന മലയാളികളുടെ കൂട്ടായ്മ ഹോം ചലഞ്ച് എന്ന സുഹൃത്തുക്കളോടൊപ്പം നോർത്ത് പറവൂരിലെ ഉഷ, മനോജ് എന്നീ കുടുംബങ്ങൾക്കാണ് രണ്ടു വീടുകൾ നിർമിച്ചു നൽകിയത്.
വിഡി സതീശൻ എംഎൽഎ, നഗരസഭാ അധ്യക്ഷൻ സിനിമ താരം ബേബി മീനാക്ഷി, വിനോദ് കെടാമംഗലം എന്നിവർക്കൊപ്പം കലാമണ്ഡലം ടാൻസാനിയ ചെയർമാൻ വിപിൻ അബ്രഹാം, മനോജ് കുമാർ ചീരാത്, ജിഷിൻ, ശ്യാം കുമാർ എന്നിവർ ചേർന്നാണ് രണ്ടു വീടുകളുടെയും താക്കോൽദാനം നിർവഹിച്ചത്.
കലാമണ്ഡലം ടാൻസാനിയ എന്ന കൂട്ടായ്മ ഇക്കാലമത്രയും ടാൻസാനിയൻ മലയാളികൾക്ക് താങ്ങുംതണലുമായി നിൽക്കുകയും അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, ആ രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കാനുള്ള ഒരു പ്രസ്ഥാനമെന്ന നിലയിൽ അറുപതു വർഷം പൂർത്തീകരിച്ചിരിക്കുന്ന കലാമണ്ഡലം ടാൻസാനിയ ഇന്ന് മുന്നൂറോളം അംഗങ്ങളുള്ള ഒരു സംഘടനയാണ്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയം നമുക്ക് സമ്മാനിച്ചത് ഒരുപാട് നഷ്ടങ്ങളാണെന്നും അതുകൊണ്ടുതന്നെ ഞങ്ങളുടെ എളിയ ശ്രമം എന്ന നിലയ്ക്ക് രണ്ടു വീടുകൾ നിർമിച്ചു കൊടുക്കുന്നതിനോടൊപ്പം പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനും സാധിച്ചുവെന്നും ഇങ്ങനെ ഒരു സത്കർമ്മം ചാലഞ്ച് എന്ന ഗ്രൂപ്പുമായി സഹകരിച്ചു ചെയ്യുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വിപിൻ അബ്രഹാം പറഞ്ഞു.
റിപ്പോർട്ട്: മനോജ് കുമാർ
|
ടാൻസാനിയിലെ അയ്യപ്പ വിശ്വാസികൾ മകരവിളക്ക് മഹോത്സവം കൊണ്ടാടി
ദാർ ഇസ് സലാം: ദാർ ഇസ് സലാമിലെ അയ്യപ്പ വിശ്വാസികളുടെ കൂട്ടായ്മയായ Dar Ayyappa Devotees ന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മകരവിളക്ക് മഹോത്സവം ഗംഭീരമായി കൊണ്ടാടി .
രണ്ടുദിവസമായി ഭാട്ടിയ മഹാജൻ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ അനേകം ഭക്തജനങ്ങൾ പങ്കെടുത്തു. മകരവിളക്കിനോട് അനുബന്ധിച്ചു ആദ്യദിവസമായ ശനിയാഴ്ച രാവിലെ ഗണപതി ഹവനവും കൂടാതെ വൈകുന്നേരം ഭക്തജങ്ങൾ കൊളുത്തിയ 1008 നെയ്വിളക്കുകളോട് കൂടിയുള്ള ദീപാരാധനയും നടന്നു. Dar Ayyappa Devotees ന്റെ ഒൗദ്യോഗിക വെബ്സൈറ്റിന്റെ http://darayyappa.org/ പ്രകാശനവും അതിനോടൊപ്പം പ്രമുഖ കലാകാരൻ മഞ്ഞപ്ര മോഹനും സംഘവും അവതരിപ്പിച്ച സന്പ്രദായ ഭജനും അരങ്ങേറി.
ഞായറാഴ്ച രാവിലെ മഞ്ഞപ്ര മോഹനന്റെ നേതൃത്വത്തിൽ നടന്ന ശാസ്താ പ്രീതി അനേകം ഭക്തജനങ്ങൾക്ക് പുതിയ അനുഭവമായി. അതിനോടനുബന്ധിച്ചു നടത്തിയ മഹാ പ്രസാദമൂട്ടിൽ കേരളത്തനിമയോടെ മലയാളികൾ അണിയിച്ചൊരുക്കിയ കേരളസദ്യ പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.
റിപ്പോർട്ട്: മനോജ് കുമാർ
|
നയ്റോബി ആഡംബര ഹോട്ടലിൽ ഭീകരാക്രമണം
നയ്റോബി: കെനിയൻ തലസ്ഥാനമായ നയ്റോബിയിലെ ആഡംബര ഹോട്ടലിൽ ഭീകരാക്രമണം. സ്ഫോടനവും വെടിവയ്പും ഉണ്ടായതിനെത്തുടർന്നു ജനങ്ങൾ പുറത്തേക്കോടി. അഞ്ചു മൃതദേഹങ്ങൾ കാണപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. കൂടുതൽ മരണം ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. ഹോട്ടലിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നു വ്യക്തമല്ല.
സോമാലിയയിലെ അൽഷബാബ് ഭീകരഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 2013ൽ നയ്റോബിയിലെ വെസ്റ്റ്ഗേറ്റ് മാളിൽ അൽഷബാബ് നടത്തിയ ഭീകരാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. സോമാലിയൻ സർക്കാരിനെ സഹായിക്കാനായി സൈന്യത്തെ അയച്ചതിനു പ്രതികാരമായാണ് മാളിൽ ആക്രമണം നടത്തിയത്.പിന്നീടും നിരവധി പേരെ ഭീകരർ വകവരുത്തി.
വെസ്റ്റ്ലാൻഡ് മേഖലയിലെ ഡുസിറ്റ്ഡി2 ഹോട്ടലിലാണ് ഇന്നലെ ഭീകരർ ആഞ്ഞടിച്ചത്. ബാങ്കും മറ്റ് നിരവധി ഓഫീസുകളും ഈ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇതുവരെ ഭീകരരെ അമർച്ച ചെയ്യാനായില്ല. ഇതിനകം നിരവധി കാറുകൾ അഗ്നിക്കിരയാക്കപ്പെട്ടു. സ്ഫോടകവസ്തു നിറച്ച ഒരു കാർ തങ്ങൾ തന്നെ തകർത്തെന്നു പോലീസ് അറിയിച്ചു.
|
കോംഗോയിൽ എബോള പടരുന്നു
കിൻഷാസാ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള പടരുന്നു. 608 പേരാണ് രോഗ ലക്ഷണങ്ങളോടെ കോംഗോയിൽ ചികിത്സ തേടിയത്. ഇതിൽ 560 പേർക്ക് രോഗം സ്ഥീരികരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് എബോള കോംഗോയിൽ വീണ്ടും റിപ്പോർട്ട് ചെയ്തത്.
368 പേരാണ് ഇതിനോടകം രോഗലക്ഷണങ്ങളോടെ മരിച്ചത്. ഓഗസ്റ്റ് മുതൽ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 27 നവജാത ശിശുക്കള്‍ക്കാണ് എബോള സ്ഥിരീകരിച്ചത്. ഇതില്‍ 21 കുഞ്ഞുങ്ങള്‍ മരിച്ചു. 207 പേർ എബോളയെ അതിജീവിച്ചു. ബുധനാഴ്ച ആറ് പേർക്ക് കൂടി രോഗം സ്ഥീരികരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
1976ല്‍ എബോള വൈറസ് കണ്ടെത്തിയതിന് ശേഷം കോംഗോ നേരിടുന്ന ഏറ്റവും വലിയ എബോള വ്യാപനമാണിത്. എബോള ബാധിച്ചാല്‍ 50 ശതമനത്തിലേറെയാണ് മരണസാധ്യത. പനി, തളര്‍ച്ച, പേശി വേദന, തൊണ്ട വേദന, ഛര്‍ദ്ദി, വയറിളക്കം, രക്തസ്രാവം തുടങ്ങിയവയാണ് എബോളയുടെ ലക്ഷണങ്ങൾ.
|
ഇന്ത്യൻ സംഘത്തിന്റെ സമാധാന നടത്തത്തിന് മണ്ടേലയുടെ ജന്മനാട്ടിൽ പരിസമാപ്തി
ജൊഹാനസ്ബർഗ്: മഹാത്മാഗാന്ധിയുടെയും നെൽസൺ മണ്ടേലയുടെയും വഴിയിൽ സമാധാനത്തിനായി ഇന്ത്യൻ സംഘം ദക്ഷിണാഫ്രിക്കയിൽ നടത്തിയ ദീർഘദൂര നടത്തത്തിനു പരിസമാപ്തി. സെപ്റ്റംബർ 21ന് ആരംഭിച്ച നടത്തം 1200 കിലോമീറ്റർ പിന്നിട്ട് വെള്ളിയാഴ്ച മണ്ടേലയുടെ ജന്മനാടായ എംവേസോയിൽ അവസാനിച്ചു.
സമാധാനം ലക്ഷ്യമിട്ട് ലോകത്തിന്റെ പലഭാഗങ്ങളിലും ദീർഘദൂര നടത്തം സംഘടിപ്പിച്ച നിതേഷ് സോനാവാനയാണ് നേതൃത്വം നല്‍കിയത്. പൂന സ്വദേശികളായ യോഗേഷ് മഥുരിയ, സംഗ്രാം പാട്ടീൽ, ദിലീപ് തന്പോൽക്കർ, ഗാന്ധി ആശ്രമത്തിലെ ജലന്തർനാഥ് ചന്നോലെ, ജാപ്പനീസ് സന്യാസി നിപ്പോസാൻ മ്യോഹോജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദക്ഷിണാഫ്രിക്കയിലെ മൂന്നു പ്രവിശ്യകൾ സംഘം നടന്നുപിന്നിട്ടു. ആദ്യ സ്റ്റോപ് കുനുവിലെ മണ്ടേല മ്യൂസിയം ആയിരുന്നു. ദിവസം ശരാശരി 25 കിലോമീറ്ററാണ് പിന്നിട്ടത്. വെള്ളക്കാരും കറുത്തവരും ഇന്ത്യക്കാരും വലിയ പിന്തുണയാണു നല്‍കിയതെന്ന് സോനാവാന പറഞ്ഞു. പലരും മുന്നറിയിപ്പു നല്‍കിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
കേരള അസോസിയേഷൻ ഓഫ് കെനിയ "വനിതാ രത്നം അവാർഡിന്' അഞ്ചുപേർ അർഹരായി
നൈറോബി: കേരളം അസോസിയേഷൻ ഓഫ് കെനിയയുടെ ഈ വർഷത്തെ സർഗോത്സവം 2018 പരിപാടിയോടനുബന്ധിച്ചു കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിലേറെ കാലം കെനിയയിൽ ജീവിക്കുകയും മലയാളികളുടെയും കെനിയക്കാരുടെയും ജീവിതത്തിൽ ഒട്ടേറെ ജീവിത സ്പർശിയായ മാറ്റങ്ങൾക്കു നേതൃത്വവും നൽകിയ അഞ്ചു വനിതകളെ ആദരിച്ചു.
രാധിക മുരളി: മുപ്പതിലേറെ വർഷങ്ങളായി കെനിയയിലെ അധ്യാപന രംഗത്ത് നിസ്തുല പ്രവർത്തനം , മൂന്ന് വിദ്യാലയങ്ങളുടെ ഉടമ , കാൻസർ രോഗികൾക്കായി പ്രവർത്തിക്കുന്ന എൻജിഒയുടെ നേതൃത്വ നിരയിൽ, റൈൻബൗ ഇൻ മൈ ക്ളൗഡ്സ് എന്ന ജീവിത കഥ നൈറോബി യൂണിവേഴ്സിറ്റിയിൽ ലിറ്ററേച്ചർ ക്ലാസുകളിലെ പഠന പുസ്തകം.
ഡോ. പദ്മ സതീഷ്: നാട്ടിൽ നിന്നും പാരന്പര്യമായി കിട്ടിയ ആയുർവേദം ആഫ്രിക്കയിലും പ്രയോജനപ്പെടുത്തുന്നു. അമേരിക്കയിൽ നിന്നും ഉപരിപഠനത്തിൽ വീണ്ടും ബിരുദങ്ങൾ ശേഖരിച്ച പദ്മ സതീഷ് അസോസിയേഷൻ പ്രവർത്തനങ്ങളിൽ എന്നും മുൻപിൽ ഉണ്ടായിരുന്നു.
ഡോ. ആനി ജോർജ്: ഒരു അലോപ്പതി ഡോക്ടറായി മുപ്പതു വർഷങ്ങൾക്കു മുൻപേ കെനിയയിൽ എത്തിയെങ്കിലും ഒരിക്കൽ പോലും ആ പ്രൊഫഷനെ കച്ചവടമാക്കാതെ പാവപ്പെട്ട കെനിയൻ ജനതയെ ശുശ്രുഷിച്ചു മുന്നോട്ടു പോകുന്ന ആതുര സേവക.
നീന റിബെരെ: നിരവധി കെനിയൻ സ്കൂളുകളിൽ അധ്യാപികയായി മുപ്പതു വർഷത്തിലേറെ കാലം പ്രവർത്തിച്ചു വിരമിച്ച അധ്യാപിക , കേരള അസോസിയേഷൻ മുൻകാല വൈസ് ചെയർലേഡി.
മേരി സിറിയക്: മുപ്പതു വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്ന് കെനിയയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിതാ എഞ്ചിനീയർ, ശാരീരിക വിഷമങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും വീട്ടിൽ തന്നെ തന്റെ കന്പനിക്കായി പ്രവർത്തിക്കുന്നു.
ഒക്ടോബർ 27 നടന്ന കെനിയയിലെ സർഗോത്സവം 2018 പരിപാടിയിൽ ഇന്ത്യൻ ഹൈകമ്മിഷണർ സുചിത്ര ദുരൈ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ചെയർമാൻ പ്രകാശ് മേനോൻ ഉദ്ഘടനം ചെയ്തു. കേരള സാഹിത്യ പുരസ്കാര ജേതാവ് നന്ദ കിഷോർ വല്ലച്ചിറ നർമത്തിൽ ചാലിച്ച, മലയാള ഭാഷയെക്കുറിച്ചുള്ള പരിപാടി വളരെ നിലവാരം പുലർത്തിയതായിരുന്നു. കലാ സാഹിത്യ സിനിമ അക്കാഡമിക് രംഗങ്ങളിൽ മാറ്റു തെളിയിച്ച നിരവധി കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. അഞ്ഞൂറിലധികം വരുന്ന അസോസിയേഷൻ അംഗങ്ങൾ തിങ്ങിനിറഞ്ഞ സദസിനെ മണിക്കൂറുകളോളം രസിപ്പിക്കുന്ന നിരവധി കലാപരിപാടികളും കൊണ്ട് നിറഞ്ഞതായിരുന്നു.
റിപ്പോർട്ട്: ഡോ. റാഫി പോൾ
|
ടാൻസാനിയൻ കോടീശ്വരൻ മുഹമ്മദ് ദേവ്ജിയെ വിട്ടയച്ചു
ദോദോമാ: തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ ടാൻസാനിയൻ കോടീശ്വരൻ മുഹമ്മദ് ദേവ്ജിയെ (43) വിട്ടയച്ചു. ടാൻസാനിയയിലെ ദാർ എസ് സലാമിൽ 10 ദിവസം തടവിൽ പാർപ്പിച്ചതിനു ശേഷമാണ് ദേവ്ജിയെ വിട്ടയച്ചത്. മിടിഎൽ ഗ്രൂപ്പിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ദേവ്ജിതന്നെയാണ് സ്വതന്ത്രനായ വിവരം അറിയിച്ചത്.
സുരക്ഷിതനായി താൻ വീട്ടിൽ തിരിച്ചെത്തിയെന്ന് ദേവ്ജി അറിയിച്ചു. ടാൻസാനിയൻ പോലീസിനും തനിക്കുവേണ്ടി പ്രാർഥിച്ച ലോകത്തുള്ള എല്ലാവർക്കും ദേവ്ജി നന്ദിയറിക്കുകയും ചെയ്തു. ദേവ്ജിയെ വിട്ടയച്ചതു മോചനം ദ്രവ്യം നൽകിയ ശേഷമാണോയെന്നതടക്കം വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ആഫ്രിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനാണ് മുഹമ്മദ് ദേവ്ജി. ദാർ എസ് സലാമിലെ ഒരു ഹോട്ടലിലെ ജിമ്മിലേക്ക് പോകുന്നതിനിടെയാണ് ദേവ്ജിയെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. ഫോബ്സ് മാസികയുടെ കവറിൽ പ്രത്യക്ഷപ്പെട്ട ആദ്യ ടാൻസാനിയൻ സ്വദേശിയാണ് അദ്ദേഹം. ഫോബ്സിന്റെ കണക്കുകൾ പ്രകാരം 150 കോടി ഡോളറാണ് ദേവ്ജിയുടെ ആസ്തി.
|
അക്രമികൾ റാഞ്ചിയ ഇന്ത്യൻ വംശജനായ ശതകോടീശ്വരനുവേണ്ടി തെരച്ചിൽ
ദാർ ഇസ് സലാം: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയായിലെ ഏറ്റവും വലിയ സന്പന്നനും ഇന്ത്യൻ വംശജനുമായ വ്യവസായി മുഹമ്മദ് ദേവ്ജിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. രാജ്യത്തെ ഏക ശതകോടീശ്വരനെ കണ്ടെത്താനായി പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു.
ദാർ എസ് സലാമിലെ ഹോട്ടലിൽ പ്രവർത്തിക്കുന്ന ജിമ്മിൽ പതിവുപോലെ ഇന്നലെ രാവിലെ എത്തിയ ദേവ്ജിയെ മുഖംമൂടി ധരിച്ച രണ്ടു വെള്ളക്കാർ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ദേവ്ജി എത്തുംമുന്പേ അക്രമികൾ ഹോട്ടലിലെത്തിയിരുന്നു. ദേവ്ജിയെ കാറിൽ കയറ്റിയശേഷം ആകാശത്തേക്കു വെടിയുതിർത്ത് കടന്നുകളഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലാണെന്ന് പോലീസ് സംശയിക്കുന്നു. 30 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
മുഹമ്മദ് എന്റർപ്രൈസസ് ടാൻസാനിയ ലിമിറ്റഡ് എന്ന കന്പനിയുടെ മേധാവിയാണ് മോ എന്നുകൂടി അറിയപ്പെടുന്ന ദേവ്ജി. ടാൻസാനിയായിലെ ഏറ്റവും വലിയ തദ്ദേശീയ കന്പനിയാണിത്. 150 കോടി ഡോളറിന്റെ ആസ്തിയുള്ള ഇദ്ദേഹം ഫോബ്സ് മാഗസിന്റെ പട്ടിക പ്രകാരം ടാൻസാനിയായിലെ ഏക ശതകോടീശ്വരനാണ്. 43 കാരനായ ദേവ്ജി ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശരനാണെന്നും പറയപ്പെടുന്നു.
|
കോംഗോയിൽ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 മരണം; നൂറു പേർക്ക് പരിക്ക്
കിൻഷാസ: കോംഗോയിൽ ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തിൽ 50 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
തലസ്ഥാനമായ കിൻഷാസയിൽനിന്ന് 130 കിലോമീറ്റർ അകലെ എംബുത്തയിൽ ശനിയാഴ്ചയായിരുന്നു അപകടം. പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്നവർക്കും അപകടസ്ഥലത്തും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് കോംഗോ സെൻട്രൽ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ അറിയിച്ചു.
തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങളെ തുടർന്ന് കോംഗോയിലെ റോഡുകളെല്ലാം തകർന്നിരിക്കുകയാണ്. 2010ൽ കോംഗോയിൽ ഇന്ധനവാഹനം മറിച്ച് പൊട്ടിത്തെറിച്ച് 230 പേർ മരിച്ചിരുന്നു.
|
എബോള ഭീതിയാല്‍ ലോകശ്രദ്ധ ലഭിച്ച നാട്ടില്‍ നിന്നും ഒരു കൈത്താങ്ങ്.
മോണ്‍റോവിയ: 2014 ല്‍ എബോള എന്ന ഭീകര രോഗം പടര്‍ന്നുപിടിച്ച പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്നും പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍സൃഷ്ടിക്കുന്നതിനായി മലയാളികളുടെ കൂട്ടായ്മ ആയ മഹാത്മാ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ തങ്ങളുടെ ഈ വര്‍ഷത്തെ ഓണാഘോഷം റദ്ദുചെയ്തുകൊണ്ട് സമാഹരിച്ച ഇരുപത്തി നാല് ലക്ഷത്തി നാല്പത്തിനാലായിരത്തി നൂറ്റി നാല്പത്തി രണ്ടു രൂപ (2,44,4142) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചതിന്റെ രേഖ സംഘടനയുടെ പ്രസിഡന്റ് ബി. ഹരികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
മുന്നൂറില്‍ താഴെ മലയാളികള്‍ മാത്രമുള്ള ഈ ചെറിയ ആഫ്രിക്കന്‍ രാജ്യത്തുനിന്നുള്ള മഹാത്മാ കള്‍ച്ചറല്‍ സെന്ററിന്റെ ഈ ഉദ്യമത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും, അസോസിയേഷന് ഓഫ് ഇന്ത്യന്‍ സിറ്റിസണ്‍ ഇന്‍ലൈബീരിയ (എഐസിഎല്‍)യും പങ്കാളികളായി.
റിപ്പോര്‍ട്ട് : മേജോ ജോസഫ്
|
അബിജാന്‍ മലയാളീസിന്റെ ജന്മനാടിനൊരു കെെത്താങ്ങ്
അബിജാന്‍: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ എെവറി കോസ്റ്റിലെ മലയാളികളുടെ കൂട്ടായ്മ "അബിജാന്‍ മലയാളീസ്' പ്രളയദുരിത ബാധിതർക്കായി സ്വരൂപിച്ച പണം സംസ്ഥാന സർക്കാരിന് കൈമാറി. 6.18 ലക്ഷം രൂപയാണ് സംഘടന ശേഖരിച്ചത്. അസോസിയേഷൻ ഭാരവാഹികളായ ബെെജു ശാന്ത, അജയന് ശങ്കര്‍, അനീഷ് കല്ലട തുടങ്ങിയവർ കൊല്ലം കളക്ടർ ഡോ.കാർത്തികേയന് നേരിട്ടെത്തി ചെക്ക് കൈമാറുകയായിരുന്നു.
ഐവറി കോസ്റ്റിലെ മലയാളികളുടെ സംഘടനയായ അബിജാൻ മലയാളീസ് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മികച്ച സംഘടന എന്ന് പേര് നേടിയെടുത്തിരുന്നു. നവകേരള സൃഷ്ടിക്കായി സംഘടനയോട് സഹായിച്ച എല്ലാവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
|
വിക്ടോറിയ തടാകത്തിൽ ബോട്ട് മുങ്ങി 136 മരണം
ദാർഎസ് സലാം: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ കടത്തുബോട്ട് മുങ്ങി മരിച്ച 136 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.നിരവധി പേരെ കാണാതായി. വ്യാഴാഴ്ച നടന്ന ദുരന്തത്തിൽ മരണം 200 കവിയുമെന്ന് റെഡ്ക്രോസ് വക്താവ് ഗോഡ്ഫ്രീഡാ ജോലാ ആശങ്ക പ്രകടിപ്പിച്ചു. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ തടാകം.
എംവാൻസ മേഖലയിലെ ബുഗാറോറയിലേക്കു വരുകയായിരുന്ന എംവി നെരേരെ എന്ന കടത്തുബോട്ടാണ് മുങ്ങിയത്. നൂറു പേരെ മാത്രം കയറ്റാൻ ശേഷിയുള്ള ബോട്ടിൽ അഞ്ഞൂറോളം യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 പേരെ രക്ഷിച്ചതായി ടാൻസാനിയൻ അധികൃതർ പറഞ്ഞു. വെളിച്ചക്കുറവുമൂലം വ്യാഴാഴ്ച രാത്രി കാര്യമായ രക്ഷാപ്രവർത്തനം നടത്താനായില്ല. ഇന്നലെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.
ദുരന്തത്തിൽ ഫ്രാൻസിസ് മാർപാപ്പ അഗാധ ദുഃഖം പ്രകടിപ്പിച്ചു. ടാൻസാനിയൻ പോലീസ് മേധാവി സിമോൺ സിറോ എംവാസ ദുരന്തമേഖലയിൽ സന്ദർശനം നടത്തി. ടാൻസാനിയ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങൾക്കിടയിലാണ് വിക്ടോറിയ തടാകം. മേഖലയിലെ കടത്തുബോട്ടുകളിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റുന്നതു പതിവാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. 1996ൽ ലേക് വിക്ടോറിയയിൽ കടത്തുബോട്ടു മുങ്ങി 800 പേർക്കു ജീവഹാനി നേരിട്ടിരുന്നു. 2011ൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സാൻസിബാർ ദ്വീപിനടുത്ത് കടത്തുബോട്ട് മുങ്ങി 200 പേർ മരിച്ചു. 620 പേരെ കയറ്റാൻ ശേഷിയുണ്ടായിരുന്ന ബോട്ടിൽ 1000 പേരാണ് കയറിയത്.
|
റുവാണ്ടയിൽ പ്രതിപക്ഷ നേതാവടക്കം 2,140 തടവുകാർക്ക് മോചനം
ജൊഹാനസ്ബർഗ്: റുവാണ്ടയിൽ പ്രസിഡന്റിന്റെ മാപ്പു ലഭിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വിക്ടയർ ഇൻകാബിർ ഉമുഹോസയടക്കമുള്ള തടവുകാർക്ക് മോചനം. സംഗീതജ്ഞൻ കിസിതോ മിഹിഗോ ഉൾപ്പെടെ 2140 തടവുകാരെയാണ് പ്രസിഡൻറ് പോൾ കാഗാമെ നിർദേശംപ്രകാരം വിട്ടയക്കാൻ തീരുമാനിച്ചത്.
മോചനത്തിന്റെ കാരണം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ വിട്ടയക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സർക്കാരിന്റെ അപ്രതീക്ഷിത നടപടി. 2010 ലാണ് ഉമുഹോസ അറസ്റ്റിലായത്. നെതർലൻഡ്സിൽ ഒളിവുജീവിതം നയിക്കുകയായിരുന്ന ഇവർ 2010ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തിരിച്ചെത്തിയത്. 2012ൽ ഇവർക്കെതിരെ രാജ്യദ്രോഹം, ഭീകരപ്രവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി 10 വർഷം തടവിനു ശിക്ഷിച്ചു. 1994ലെ വംശഹത്യയെകുറിച്ച് സർക്കാരിന്റെ വാദങ്ങൾ ചോദ്യം ചെയ്തതിനുള്ള പ്രതികാര നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
|
മലയാളി ദക്ഷിണാഫ്രിക്കയിൽ മോഷ്ടാക്കളുടെ വെടിയേറ്റു കൊല്ലപ്പെട്ടു
കോട്ടയം: മലയാളി ദക്ഷിണാഫ്രിക്കയിൽ അക്രമികളുടെ വെടിയേറ്റു മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പഴയിടം വലിയവീട്ടിൽ പരേതനായ ചാണ്ടിക്കുഞ്ഞിന്റെ മകൻ ജിജൻ അലക്സാ(55) ണ് മരിച്ചത്.
വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിൽ പ്രാദേശിക സമയം 7.30നാണ് ജിജന് അക്രമികളുടെ വെടിയേറ്റത്. ഇവിടുത്തെ ഒരു സൂപ്പർമാർക്കറ്റിലെ കാഷ്യറായിരുന്ന ജിജൻ, കാഷ് കൗണ്ടറിൽ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ അക്രമികളുടെ വെടിയേൽക്കുകയായിരുന്നു. മോഷണശ്രമമാണ് കൊലയ്ക്കു കാരണമെന്നു കരുതുന്നു.
ജിജന്റെ ബന്ധുക്കൾ ദക്ഷിണാഫ്രിക്കയിലുണ്ട്. ഇവരാണ് നാട്ടിലുള്ള ബന്ധുക്കളെ മരണവിവരം അറിയിച്ചത്. ഭാര്യ റെനി ചങ്ങനാശേരി കണ്ടങ്കരി കുടുംബാംഗം. മക്കൾ. നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്.
|
ഹെയ്ത്തിയിൽ നിന്നും കേരളത്തിനു ഒരു സഹായ ഹസ്തം
പോർട്ട് ഓഫ് പ്രിൻസ്: പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളും എപ്പോഴും ഏറ്റുവാങ്ങുന്ന കരീബിയൻ ദ്വീപ്, വേൾഡ് മലയാളി ഫെഡറേഷൻ ഹെയ്ത്തിയുടെ 21 മെമ്പർമാർ കേരളത്തിലെ പ്രളയ ദുരിതബാധിതർക്കുവേണ്ടി സ്വരൂപിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് 500 കുടുംബങ്ങൾക്ക് ബർണർ ഗ്യാസ് സ്റ്റവ് വാങ്ങിച്ചു കൊടുക്കാൻ തീരുമാനിച്ചു.
യോഗത്തിൽ ഹെയ്തി വേൾഡ് മലയാളി ഫെഡറേഷൻ ട്രഷറർ ജെറോമിനെ പ്രത്യേകം അഭിനന്ദിച്ചു. ഫണ്ടിലേക്ക് സഹായിച്ച മുഴുവൻ ആളുകൾക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചാരിറ്റിയുമായും നാട്ടിലുള്ള സംഘടന ഹെയ്തി മെംബർമാരുമായി കൂടി ആലോചിച്ചു ഗ്യാസ് സ്റ്റൗ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
|
ഉംറ്റാറ്റയിൽ സംയുക്ത തിരുനാൾ ആഘോഷിച്ചു
ഉംറ്റാറ്റാ: സൗത്ത് ആഫ്രിക്കയിലെ ഉംറ്റാറ്റയിൽ ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റേയും മദർ തെരേസയുടെയും എവുപ്രാസ്യമ്മയുടെയും സംയുക്ത തിരുനാൾ വിശ്വാസസമൂഹം ജൂലൈ 28, 29 തീയതികളിൽ ഭക്ത്യാദരപൂർവം ആഘോഷിച്ചു.
ഉംറ്റാറ്റാ സൗത്ത്റിഡ്ജ് അസൻഷൻ ദേവാലയത്തിൽ നടന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഫാ.സുബീഷ് കളപ്പുരക്കൽ പ്രധാന കാർമികത്വം വഹിച്ചു. 28 നു വൈകുന്നേരം അഞ്ചിന് ഫാ.സുബീഷ് കളപ്പുരക്കൽ നയിച്ച ധ്യാനചിന്തകളെ തുടർന്നു ആഘോഷമായ ദിവ്യബലിയും തുടർന്നു പ്രത്യേക പ്രാർഥനകളും നടന്നു. 29 നു രാവിലെ 10.30നു നടന്ന വിശുദ്ധ കുർബാനയോടും ആശിർവാദത്തോടും സ്നേഹവിരുന്നോടും കൂടെ തിരുനാളിനു കൊടിയിറങ്ങി.
ഉംറ്റാറ്റായിലെ വിവിധ മേഖലകളിൽ പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, വിശുദ്ധ അൽഫോൻസാമ്മ ജീവിച്ച ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ അംഗങ്ങളുടെയും ഇവിടുത്തെ വിശ്വാസ സമൂഹത്തിന്റേയും നേതൃത്വത്തിൽ ആയിരുന്ന തിരുനാൾ ചടങ്ങുകൾ സംഘടിപ്പിച്ചത്. സൗത്ത് ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വിശുദ്ധരുടെ അനുഗ്രഹങ്ങൾ തേടി നിരവധിയാളുകൾ തിരുനാളിൽ പങ്കെടുത്തു.
റിപ്പോർട്ട്: കെ.ജെ.ജോണ്‍
|
ദക്ഷിണാഫ്രിക്കയിൽ വെടിവയ്പ്: 11 ടാക്സി ഡ്രൈവർമാർ കൊല്ലപ്പെട്ടു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ 11 ടാക്സി ഡ്രൈവർമാർ വെടിയേറ്റു മരിച്ചു. അജ്ഞാതൻ നടത്തിയ വെടിവയ്പിലാണ് ഡ്രൈവർമാർ കൊല്ലപ്പെട്ടത്. ഗൗടെംഗ് ടാക്സി അസോസിയേഷനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.
ഡ്രൈവർമാർ സുഹൃത്തിന്റെ സംസ്കാരത്തിൽ പങ്കെടുത്തു മടങ്ങി വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അജ്ഞാതൻ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊതു ഗതാഗതത്തിനായി കൂടുതലും മിനി ബസുകളും ടാക്സികളുമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. അതിനാൽ തന്നെ ടാക്സി ഡ്രൈവർമാർക്കിടയിൽ കലഹങ്ങൾ പതിവാണ്. ഇതായിരിക്കാം ആക്രമണത്തിനുപിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കേസന്വേഷണം പുരോഗമിച്ചു വരികയാണെന്നും പ്രദേശത്ത് ആക്രമണങ്ങൾ പതിവാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
|
മഹാത്മാ ബാഡ്മിന്റണ്‍ : അഭിജിത്ത് ജെയിംസ് ടീം ജേതാക്കളായി
മോണ്‍റോവിയ: മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത്തെ ബാഡ്മിന്റണ്‍ ടൂർണമെന്റിലെ ഫൈനലിൽ സുലാൽ ജസ്ബിൻ ടീമിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി അഭിജിത്ത് ജെയിംസ് ടീം ജേതാക്കളായി.
ബാഡ്മിന്റണ്‍ ലീഗിൽ ആകെ പതിമൂന്ന് ടീമുകളാണ് മത്സരിച്ചത്. വിജയികൾക്ക് ദാസ് പ്രകാശ് ജോസഫ്, ജോർജ് പീറ്റർ എന്നിവർ ട്രോഫികളും കാഷ് പ്രൈസും വിതരണം ചെയ്തു. ചടങ്ങുകൾക്ക് സംഘടനയുടെ പ്രസിഡന്റ് ബി. ഹരികുമാർ, ലിജു പാറേക്കാട്ടിൽ (ട്രഷറർ), മേജോ ജോസഫ് (പിആർഒ) എന്നിവർ നേതൃത്വം നൽകി.
ഈ ടൂർണമെന്േറാടെ മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ 201718 വർഷത്തെ ഭരണസമതിയുടെ ആഭിമുഖ്യത്തിലുള്ള കലാ കായിക പരിപാടികൾക്ക് സമാപനമായതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 22 ന് വൈകിട്ട് 5ന് മോണ്റോവിയായിലെ ടിഎം മാളിൽ (മാംബാ പോയിന്റ് ) നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
റിപ്പോർട്ട് : മേജോ ജോസഫ്
|
സൗത്ത് ആഫ്രിക്കയിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആചരിച്ചു
പ്രിറ്റോറിയ: സൗത്ത് ആഫ്രിക്കയുടെ തലസ്ഥാനമായ പ്രിറ്റോറിയയിൽ സീറോ മലബാർ സമൂഹം വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആചരിച്ചു. ജൂണ്‍ 30ന് ഉച്ചകഴിഞ്ഞു മൂന്നിന് ലോഡിയം സെന്റ് തോമസ് ദ അപ്പോസ്റ്റൽ കത്തോലിക്കാ പള്ളിയിൽ തിരുനാളിനു തുടക്കം കുറിച്ച് പ്രിറ്റോറിയ ആർച്ച് ബിഷപ് വില്യം സ്ലാറ്ററി കൊടിയേറ്റുകർമം നിർവഹിച്ചു. തുടർന്നു വിശുദ്ധ കുർബാന അർപ്പിച്ചു.
ജൂലൈ ഒന്നിനു നടന്ന തിരുനാൾ റാസ കുർബാനക്ക് സീറോ മലബാർ സഭ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ആൽബിൻ പോൾ നല്ലക്കുറ്റ് കാർമികത്വം വഹിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഭാദിന സന്ദേശവും സീറോ മലബാർ സഭ മൈഗ്രന്റ്സ് കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം എന്നിവരുടെ ആശംസ സന്ദേശങ്ങളും വായിച്ചു. തുടർന്നു പ്രദക്ഷിണവും പൊതുയോഗവും നേർച്ചവിതരണം നടന്നു.
തിരുനാളിന് കൈക്കാര·ാരായ ടോമി മാത്യു തേവലക്കാട്ട്, ജിറ്റോ ഏബ്രഹാം ആര്യാചാലിൽ, തിരുനാൾ പ്രസുദേന്തിമാരായ ഡോണ്‍ കുര്യൻ പുതുശേരി, സാന്റീഷ് ഫിലിപ്പ് ആനിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ മൂന്നു വർഷങ്ങളായി എല്ലാ ഞായറാഴ്ചയും രാവിലെ 10.30ന് സീറോ മലബാർ റീത്തിലാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നത്. തുടർന്നു കുട്ടികളുടെ വിശ്വാസ പരിശീലനവും നടക്കുന്നു. സൗത്ത് ആഫ്രിക്കയിൽ സീറോ മലബാർ സഭക്ക് പ്രിറ്റോറി (സെന്റ് തോമസ് യൂണിറ്റ്), ജോഹന്നസ്ബർഗ് (സെന്റ് മേരീസ് യൂണിറ്റ്), കിംബെർലി (സെന്റ് അൽഫോൻസ), പീറ്റർ മാരിസ് ബർഗ് (സെന്റ് ജോസഫ് യൂണിറ്റ്) എന്നീ ഇടവക സമൂഹങ്ങളാണുള്ളത്.
|
മോസ്കിൽ രണ്ടുപേരെ കുത്തിക്കൊന്നു
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിനു സമീപമുള്ള മോസ്കിൽ അക്രമി രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തി. ആക്രമണത്തിൽ രണ്ടുപേർക്കു പരിക്കേൽക്കുകയും ചെയ്തു.
പുലർച്ചെ മൂന്നുമണിക്കു ശേഷം എത്തിയ അക്രമി മോസ്കിലെ ഇമാമിനെ ആക്രമിച്ചു. ഇമാമിനെ രക്ഷിക്കാൻ എത്തിയവർക്കാണു കുത്തേറ്റത്. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.
|
ബാങ്ക് ഓഫ് ബറോഡയിൽ ദക്ഷിണാഫ്രിക്കൻ പോലീസിന്റെ റെയ്ഡ്
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പോലീസ് ബാങ്ക് ഓഫ് ബറോഡയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിലാണ് റെയ്ഡ് നടന്നത്. ജൊഹാനസ്ബർഗിലെയും ഡർബനിലേയും ശാഖകളിലായിരുന്നു റെയ്ഡ്. നിരവധി രേഖകൾ പോലീസ് പിടിച്ചെടുത്തു.
സുമയുടെ കുടുംബവുമായി അടുത്തബന്ധം പുലർത്തിവന്ന ഗുപ്ത സഹോദരന്മാരുടെ അവിഹിതസമ്പാദ്യം ദക്ഷിണാഫ്രിക്കയിൽനിന്ന് കടത്താൻ സഹായിച്ചത് ബാങ്ക് ഓഫ് ബറോഡയാണെന്നാണ് വിവരം. അഴിമതിയിലൂടെ കുന്നുകൂട്ടിയ പണം വിദേശത്തെ കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളിലേക്ക് കടത്താൻ സഹായം നൽകിയത് ബാങ്ക് ഓഫ് ബറോഡയാണെന്നാണ് കണ്ടെത്തൽ. ആരോപണത്തിന്റെ നിഴലിൽ നിന്ന ഗുപ്തസഹോദരന്മാരുമായി ഇടപാടുകൾ നടത്താൻ ദക്ഷിണാഫ്രിക്കയിലെ ബാങ്കുകൾ വിസമ്മതിച്ചപ്പോൾ ബാങ്ക് ഓഫ് ബറോഡ ഇവരുടെ അക്കൗണ്ടുകൾ നിർബാധം പ്രവർത്തിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ സേവനങ്ങൾ ബാങ്ക് കഴിഞ്ഞ ഫെബ്രുവരിയിൽ നിർത്തലാക്കിയിരുന്നു.
|
കാർ മോഷണം: കൊള്ളക്കാരുടെ വെടിയേറ്റ് ഇന്ത്യൻ പെൺകുട്ടി മരിച്ചു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കാർമോഷ്ടാക്കളുടെ വെടിയേറ്റ് ഒന്‍പതു വയസുള്ള ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. ഡർബനിലെ ചാറ്റ്സ്വർത്ത് സ്വദേശിനി സാദിയ സുഖ്രാജ് ആണു മരിച്ചത്. ചാറ്റ്സ്വർത്ത് ഇന്ത്യൻവംശജർ താമസിക്കുന്ന സ്ഥലമാണ്.
തിങ്കളാഴ്ച അച്ഛൻ സാദിയയെ കാറിൽ സ്കൂളിൽ കൊണ്ടുപോകവേ മൂന്ന് ആയുധധാരികൾ ആക്രമിക്കുകയായിരുന്നു. അച്ഛനെ പുറത്താക്കിയശേഷം കുട്ടിയുമായി കാറിൽ കടന്ന അക്രമികളെ നാട്ടുകാർ വാഹനത്തിൽ പിന്തുടർന്നു. ഇരുകൂട്ടരും തമ്മിൽ വെടിവയ്പ്പുണ്ടായി. ഇതിനിടെ അക്രമികളുടെ കാർ ഇടിച്ചുനിന്നു. രണ്ടുപേർ ഇറങ്ങിയോടി. ഒരാൾ മരിച്ചു. സാദിയയെ വെടിയേറ്റനിലയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം അറിഞ്ഞ് മൂവായിരത്തോളം പേർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തി. ഇവരെ നേരിടാൻ പോലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. രക്ഷപ്പെട്ട അക്രമികളിലൊരാളെ പോലീസ് പിടികൂടി.
|
ഇന്ത്യക്കാരൻ എത്യോപ്യയിൽ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു
ആഡിസ് അബാബ: നൈജീരിയ ആസ്ഥാനമായ പ്രവർത്തിക്കുന്ന സിമന്റ് കന്പനിയിൽ മാനേജരായി പ്രവർത്തിച്ചുവന്ന ഇന്ത്യക്കാരൻ ആഫ്രിക്കൻ രാഷ്ട്രമായ എത്യോപ്യയിൽ വെടിയേറ്റു കൊല്ലപ്പെട്ടു. ഡൻഗോട്ടെ സിമെന്റ് മാനേജർ ദീപ് കംറയാണ് കൊല്ലപ്പെട്ടത്.
ഒരോമിയയിലെ ഫാക്ടറിയിൽനിന്ന് ആഡിസ് അബാബയിലേക്കു തിരിച്ചുവരവെ ദീപ് കംറയ്ക്കു നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. ദീപിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കൊല്ലപ്പെട്ടതായി പിഎം ന്യൂസ് നൈജീരിയ റിപ്പോർട്ട് ചെയ്യുന്നു. കംറയുടെ ഡ്രൈവറും സെക്രട്ടറിയുമാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേരെന്നു സ്ഥിരീകരിച്ചു.
ആഫ്രിക്കയിലെ സിമന്റ് ഉത്പാദകരിൽ മുൻപന്തിയിൽനിൽക്കുന്ന ഡൻഗോട്ടെ സിമെന്റിന്റെ പ്ലാന്റ്, മൂന്നു വർഷം മുന്‍പാണ് എത്യോപ്യയിൽ തുറക്കുന്നത്.
|
കെനിയയിലെ വെള്ളപ്പൊക്കം: നൂറിലധികം പേർ മരിച്ചു
നെയ്റോബി: കെനിയയിൽ കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. 2,10,000 ആളുകളെ മാറ്റിപ്പാർപ്പിച്ചതായും റെഡ്ക്രോസ് റിപ്പോർട്ട് ചെയ്തു.
വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതൽ പേർ മരിച്ചത്. മാർച്ച് മുതലാണ് കെനിയയിൽ ശക്തമായ മഴ ആനെയ്റോബി: കെനിയയിൽ കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. 2,10,000 ആളുകളെ മാറ്റിപ്പാർപ്പിച്ചതായും റെഡ്ക്രോസ് റിപ്പോർട്ട് ചെയ്തു.
വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതൽ പേർ മരിച്ചത്. മാർച്ച് മുതലാണ് കെനിയയിൽ ശക്തമായ മഴ ആരംഭിച്ചത്. മഴയെ തുടര്‍ന്നു 8,450 ഏക്കർ കൃഷിയിടമാണ് നശിച്ചത്.
പലയിടങ്ങളിലും പാലങ്ങളും റോഡുകളും തകര്‍ന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.രംഭിച്ചത്. മഴയെ തുടര്‍ന്നു 8,450 ഏക്കർ കൃഷിയിടമാണ് നശിച്ചത്.
പലയിടങ്ങളിലും പാലങ്ങളും റോഡുകളും തകര്‍ന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
|
സിംബാബ്വെയിൽ സമരം ചെയ്ത പതിനായിരത്തിലധികം നഴ്സുമാരെ സർക്കാർ പിരിച്ചുവിട്ടു
ഹരാരെ: സിംബാബ്വെയിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരം നടത്തിവന്ന പതിനായിരത്തിലധികം നഴ്സുമാരെ സർക്കാർ പിരിച്ചുവിട്ടു. തിങ്കളാഴ്ച മുതൽ സമരം നടത്തിവന്ന നഴ്സുമാരെയാണ് പിരിച്ചുവിട്ടത്.
ശമ്പളം കൂട്ടുന്നതിനായി 1.70 കോടി ഡോളർ സർക്കാർ അനുവദിച്ചിട്ടും സമരം അവസാനിപ്പിക്കാൻ നഴ്സുമാർ തയാറായില്ലെന്ന് വൈസ് പ്രസിഡന്റ് കോൺസ്റ്റന്റിനോ ചിവെൻഗ പറഞ്ഞു. അതേസമയം, നഴ്സുമാരെ സമ്മർദത്തിലാക്കി ജോലിയിൽ തിരിച്ചെത്തിക്കാനുള്ള നീക്കമാണിതെന്നാണ് ചില റിപ്പോർട്ടുകൾ.
നേരത്തെ, ശമ്പള വർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരം നടത്തിയിരുന്നു. ശമ്പളം വർധിപ്പിക്കാമെന്ന് സിംബാബ്വെ പ്രസിഡന്റ് എമേഴ്സൺ മുൻഗാഗ്വയെ ഉറപ്പ് കൊടുത്തതോടെ ഡോക്ടർമാർ സമരം അവസാനിപ്പിക്കുകയായിരുന്നു.
|
കോംഗോയിൽ 256 ജഡ്ജിമാരെ പുറത്താക്കി
കിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 256 മജിസ്ട്രേറ്റുമാരെ പ്രസിഡൻറ് ജോസഫ് കബില പുറത്താക്കി. മതിയായ യോഗ്യതയില്ലാത്തവരും അഴിമതിക്കാരുമായ ജഡ്ജിമാരെയാണു പുറത്താക്കിയതെന്നു നീതിന്യായ മന്ത്രി അലക്സിസ് താംബ്വേ അറിയിച്ചു.
രാജ്യത്ത് ആകെ നാലായിരം മജിസ്ട്രേറ്റുമാരാണുള്ളത്. 2009ൽ അഴിമതിക്കാരായ 96 ജഡ്ജിമാരെ പ്രസിഡൻറ് കബില ഡിസ്മിസ് ചെയ്തിരുന്നു. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരും ജുഡീഷറിയിൽ കടന്നുകൂടരുത്. അനുകൂല വിധി പുറപ്പെടുവിക്കുന്നതിനു പണം വാങ്ങിയവരും നിയമബിരുദമില്ലാത്തവരുമാണു നടപടിക്കു വിധേയരായതെന്നു മന്ത്രി വ്യക്തമാക്കി.
|
അൾജീരിയൻ വിമാനാപകടം: മരണസംഖ്യ 257, ഭൂരിഭാഗവും സൈനികർ
അൾജിയേഴ്സ്: ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 257 ആയി. ഇവരിൽ പത്തുപേർ വിമാന ജീവനക്കാരാണെന്ന് സർക്കാരിന്റെ ഒൗദ്യോഗിക റേഡിയോ റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അപകടത്തിൽ അൾജീരിയ അന്വേഷണം പ്രഖ്യാപിച്ചു.
അൾജീരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബിൽഡ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഉടനാണ് റഷ്യൻ നിർമിത സൈനിക വിമാനം തകർന്നത്. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടം. അൾജീരിയയിലെ പടിഞ്ഞാറൻ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകർന്നതെന്നാണു റിപ്പോർട്ടുകൾ. വിമാനത്തിൽ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്നാണ് പ്രാഥമിക വിവരം. അപകടത്തെ യാത്രക്കാർ ആരെങ്കിലും അതിജീവിച്ചോ എന്ന് ഇതേവരെ വ്യക്തമായിട്ടില്ല.
രക്ഷപ്രവർത്തനങ്ങൾക്കായി 14 ആംബുലൻസുകളും പത്ത് ട്രക്കുകളും പ്രദേശത്ത് എത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ സംബന്ധിച്ച് ഇതേവരെ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
|
വിന്നി മണ്ഡേല അന്തരിച്ചു
ജോഹന്നാസ്ബർഗ്: അന്തരിച്ച ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ഡേലയുടെ മുൻഭാര്യ വിന്നി മഡിക്കസേല മണ്ഡേല (81) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതയായിരുന്നു. ജോഹന്നാസ്ബർഗിലെ നെറ്റ് കെയർ മിൽപാർക്ക് ഹോസ്പിറ്റലിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അന്ത്യമെന്ന് അവരുടെ വക്താവ് വിക്ടർ ഡലാമിനി അറിയിച്ചു.
വർണവിവേചനവിരുദ്ധ സമരത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചെങ്കിലും അക്രമത്തിനു കൂട്ടുനിൽക്കുകയും അഴിമതി നടത്തുകയും ചെയ്തെന്ന ആരോപണത്തിൽ കുടുങ്ങി പൊതുജീവിതത്തിൽനിന്ന് അപമാനിതയായി പുറത്തുപോകേണ്ടിവന്ന വിവാദ നായികയാണ് വിന്നി. ഭർത്താവ് ജയിലിലായിരുന്ന അവസരത്തിൽ പുറത്തുനിന്ന് സമരം ചെയ്ത വിന്നിയെ രാഷ്ട്രമാതാവ് എന്നാണ് അനുയായികൾ വിളിച്ചത്. എന്നാൽ അഴിമതിയും ധൂർത്തും അവരുടെ പ്രശസ്തിക്കു മങ്ങലേല്പിച്ചു.
നെൽസൺ മണ്ഡേലവിന്നി ദാന്പത്യം 38 വർഷം ദീർഘിച്ചു. ഇതിൽ 27വർഷത്തോളം നെൽസൺ ജയിലിലായിരുന്നു.1990ൽ ജയിൽ മോചിതനായ നെൽസൺ മണ്ഡേല വിന്നിയുടെ കൈപിടിച്ച് പുറത്തുവരുന്ന ദൃശ്യം ലോകം ആവേശത്തോടെയാണ് വീക്ഷിച്ചത്. എന്നാൽ രണ്ടുവർഷത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. 1996ൽ വിവാഹ മോചിതരായി. 1998ൽ 80ാം വയസിൽ നെൽസൺ മണ്ഡേല മുൻ മൊസാംബിക് പ്രസിഡന്റ് സമോറ മാച്ചെലിന്റെ വിധവ ഗ്രേക്കായെ വിവാഹം ചെയ്തു.2013 ഡിസംബറിൽ 95ാംവയസിൽ അന്തരിച്ച നെൽസൺ മണ്ഡേല തന്റെ വിൽപ്പത്രത്തിൽ വിന്നിയുടെ പേരുപോലും പരാമർശിച്ചില്ല.
വർണവിവേചന സമരകാലത്തു പ്രസ്ഥാനത്തിൽ നിന്നു കൂറുമാറുന്നവരെ നിഷ്ഠുരമായി ശിക്ഷിക്കാൻ വിന്നി മുൻകൈയെടുത്തു. വിന്നിയുടെ സുരക്ഷാച്ചുമതല വഹിച്ചിരുന്ന മണ്ഡേല യുണൈറ്റഡ് ഫുട്ബോൾ ക്ലബ് പലരെയും തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്തതായി ആരോപണം ഉയർന്നു. നെൽസൺ മണ്ഡേല പ്രസിഡന്റായശേഷം അല്പകാലം വിന്നി കാബിനറ്റിൽ ഡെപ്യൂട്ടിമന്ത്രി പദവി വഹിച്ചെങ്കിലും വൈകാതെ അച്ചടക്കനടപടി എടുത്ത് അവരെ പുറത്താക്കി. മോഷണം, വഞ്ചന, അഴിമതിക്കുറ്റങ്ങൾ ചുമത്തപ്പെട്ടതിനെത്തുടർന്ന് 2003ൽ അവർ എംപിസ്ഥാനം രാജിവച്ചു.
|
കലാമണ്ഡലം ടാൻസാനിയയ്ക്ക് പുതു സാരഥികൾ
ടാൻസാനിയ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ മലയാളികളുടെ കൂട്ടായ്മയായ കലാമണ്ഡലം ടാൻസാനിയ പട്ടേൽ സമാജ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ 2018 വർഷത്തിലേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു. പ്രശസ്ത കവിയും ഗാന രചയിതാവുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായിരുന്നു. ജിജോ ജോസഫ് സംവിധാനം നിർവഹിച്ച കഴിഞ്ഞ വർഷത്തെ പരിപാടികൾ കോർത്തിണക്കിയ മനോഹരമായ ഒരു വീഡിയോ പ്രദർശനത്തോടെയാണ് പരിപാടികൾക്കു തുടക്കം കുറിച്ചത്.
ഭാരവാഹികളായി വിപിൻ എബ്രഹാം (ചെയർമാൻ), സിമി ജിജോ(വൈസ് ചെയർപേഴ്സണ്‍), ബിനു നായർ(സെക്രട്ടറി), ഇക്രം ജലീൽ (ജോയിന്റ് സെക്രട്ടറി), ബിനു ബി.എൽ(ട്രഷറർ), എന്നിവരെയും മറ്റു കമ്മറ്റി അംഗങ്ങളായി ജിതേഷ് കണ്ണൂ, ഷിജു നാലുതെങ്ങിൽ, ഇബ്രാഹിം മുഹമ്മദ്, ജിഷിൻ ജോർജ്, സോജൻ ജോസഫ്, സൂരജ് ജോസഫ്, സിൻസി ശ്രീരാജ്, സജിത് പടുവിലൻ, ശ്വേത ശ്രീജേഷ് പുതിയവീട്ടിൽ എന്നിവരെയും തെരഞ്ഞെടുത്തു. ജോർജ് പാപ്പിയെ ഓഡിറ്ററായും കമ്മിറ്റി നിയമിച്ചു.
റിപ്പോർട്ട്: മനോജ് കുമാർ
|
സൊമാലിയൻ തലസ്ഥാനനഗരിയിൽ സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച അൽ മുഖാറമ റോഡിലെ വെഹിലിയെ ഹോട്ടലിനു സമീപത്തായിരുന്നു സ്ഫോടനമെന്ന് അധികൃതർ അറിയിച്ചു.
കാർബോംബ് സ്ഫോടനത്തിൽ പത്തു പേർക്കു പരിക്കേറ്റു. അൽഷബാബ് ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അടുത്തിടെ മൊഗാദിഷുവിലുണ്ടാകുന്ന ഏറ്റവും ശക്തിയറിയ സ്ഫോടനമാണിത്. രണ്ടു മാസം മുന്‍പ് മൊഗാദിഷുവിൽ അൽഷബാബ് ഭീകരർ നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു.
|
ഷൈസണ്‍ പി. ഒൗസേഫിന് വേൾഡ് ഐക്കണ്‍ ഓഫ് മീഡിയ ഫോർ പീസ് അവാർഡ്
തൃശൂർ: ചാലക്കുടി മോതിരക്കണ്ണി സ്വദേശി ഷൈസണ്‍ പി. ഒൗസേഫ് ഈ വർഷത്തെ ’വേൾഡ് ഐക്കണ്‍ ഓഫ് മീഡിയ ഫോർ പീസ്’ അവാർഡിന് അർഹനായി. ഷൈസന്റെ ഇരുപതിൽപരം രാജ്യങ്ങളിൽ നിർമിച്ച ഡോക്യുമെന്ററി സിനിമകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനമാക്കിയാണ് ഈ അവാർഡ്.
ആഫ്രിക്കയിലെ നൈജീരിയ ആസ്ഥാനമായ അഡയാമി കോളേജ് ഓഫ് എഡ്യൂക്കേഷനും, ’വേൾഡ് ഇനിഷ്യേറ്റീവ് ഫോർ പീസ്’ എന്ന സംഘടനയും ചേർന്നാണ് അവാർഡ് ഒരുക്കിയത്. നൈജീരിയയിൽ നടന്ന ചടങ്ങിൽ ഷൈസണ്‍ അവാർഡ് ഏറ്റുവാങ്ങി.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി ഷൈസനും സെറീന അണ്ടർലിനിയും കൂടി അമേരിക്കയിൽ സംവിധാനം നിർവഹിച്ച ’പ്ലെയ അസുല, ഐ ലവ് യു’ എന്ന സിനിമക്ക് കഴിഞ്ഞ വർഷത്തെ അമേരിക്കൻ ഡോക്യുമെന്ററി ഫിലിം അസോസിയേഷന്റെ അവാർഡ് കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞ പതിനെഞ്ചുവർഷമായി ഡോക്യൂമെന്ററിി ഫിലിം മേഖലയിൽ പ്രവർത്തിക്കുന്ന ഷൈസോനെത്തേടി ഇതിനകം ആറിൽപ്പരം അന്തർ ദേശിയ അവാർഡുകൾ തേടിയെത്തി. ചാലക്കുടിയിലെ മോതിരക്കണ്ണിയിൽ പെരുന്പിള്ളിക്കാടൻ ഒൗസെഫ് അമ്മിണിയുടെ മൂത്ത പുത്രനായ ഷൈസണ്‍ മുംബൈ സെന്റ് സേവിയേഴ്സ് കോളേജിലെ ഫിലിം ആൻഡ് ടെലിവിഷന്‍ പ്രൊഫസറാണ്. ഷൈസണ്‍ ഇപ്പൊൾ അമേരിക്കാ ആസ്ഥാനമായ ’മാട്രിക്സ് ഓഫ് ലേർണിംഗ്’ എന്ന പുതിയ വിദ്യാഭ്യാസ രീതിയെപ്പറ്റിയുള്ള ഡോക്യുമെന്ററി ഫിലിമിന്റെ അണിയറയിലാണ്.
|
നൈജീരിയയിൽ 104 വിദ്യാർഥിനികളെ ഭീകരർ വിട്ടയച്ചു
അബൂജ: നൈജീരിയയിൽ ബോക്കോഹറാം ഭീകരർ തട്ടിക്കൊണ്ടുപോയ 110 സ്കൂൾ വിദ്യാർഥിനികളിൽ 104 പേരെ വിട്ടയച്ചു. വടക്കുകിഴക്കൻ നഗരമായ ദാപ്ചിയിൽനിന്നാണ് കഴിഞ്ഞ മാസം 19നാണ് വിദ്യാർഥിനികളെ ഭീകരർ തട്ടിക്കൊണ്ടുപോയത്.
വിദ്യാർഥിനികളെ മോചിപ്പിക്കാൻ സർക്കാർ തീവ്രശ്രമം നടത്തിവരികയായിരുന്നു. തടവിലാക്കപ്പെട്ടിരുന്ന അഞ്ചു വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
|
ലോകത്തെ അവസാന ആണ് നോർത്തേണ്‍ വെള്ള കാണ്ടാമൃഗം "സുഡാൻ’ ചത്തു
നെയ്റോബി: ലോകത്ത് ജീവിച്ചിരുന്ന ഏക ആണ് നോർത്തേണ്‍ വൈറ്റ് റിനോ(വെള്ള കാണ്ടാമൃഗം) ചത്തു. സുഡാൻ എന്നു പേരിട്ടിരുന്ന കാണ്ടാമൃഗത്തിനു 45 വയസായിരുന്നു പ്രായം. ഈ കാണ്ടാമൃഗത്തെ സംരക്ഷിച്ചിരുന്ന കെനിയയിലെ ഓൾ പെജിറ്റ കണ്‍സർവൻസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
കാലിൽ രൂപപ്പെട്ട അണുബാധയാണ് സുഡാന്റെ അന്ത്യത്തിലേക്കു നയിച്ചതെന്നാണു റിപ്പോർട്ടുകൾ. നെയ്റോബിയിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ളഓൾ പെജിറ്റ കന്യമൃഗകേന്ദ്രത്തിലാണ് സുഡാനെ പാർപ്പിച്ചിരുന്നത്.
നോർത്തേണ്‍ വൈറ്റ് റിനോയുടെ രണ്ട് ഉപവർഗങ്ങൾ മാത്രമാണ് ഇനി ലോകത്ത് അവശേഷിക്കുന്നത്. അതേസമയം, സഹാറ ആഫ്രിക്കയിൽ നിരവധി സതേണ്‍ വൈറ്റ് റിനോകളുണ്ട്. എന്നാൽ ഇവയുടെയും നിലനിൽപ്പ് ഭീഷണിയിലാണ്.
കൊന്പുകൾക്കായി വേട്ടക്കാർ ഇത്തരം കാണ്ടാമൃഗങ്ങളെ വൻതോതിൽ ലക്ഷ്യം വയ്ക്കുന്നു. 50,000 ഡോളറാണ് ഒരു കിലോഗ്രാം നോർത്തേണ്‍ വൈറ്റ് റിനോയുടെ കൊന്പിന്റെ വില. സ്വർണം, കൊക്കെയ്ൻ എന്നിവയേക്കാൾ അധികം വില വരുന്നവയാണ് കാണ്ടാമൃഗത്തിന്റെ കൊന്പ്.
|
ദക്ഷിണാഫ്രിക്കയിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഉംറ്റാറ്റ: ദക്ഷിണാഫ്രിക്കയിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വഴിയിൽ ഉപേക്ഷിച്ചു. മലയാളിയും വിദ്യാഭ്യാസ സ്ഥാപന ഉടമയുമായ അശോക് കുമാർ വേലായുധനെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് താമസസ്ഥലത്തുനിന്നും അശോക് കുമാറിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. പിന്നീട് വെടിവച്ചു കൊലപ്പെടുത്തിയ ശേക്ഷം അശോക് കുമാറിന്റെ തന്നെ കാറിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
ഉംറ്റാറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ് അശോക് കുമാറിനെ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച്ച വൈകുന്നേരം നാലോടെ അടുത്തുള്ള കടയിൽനിന്നും ഭക്ഷണം വാങ്ങി കാറിൽ വീട്ടിലേക്കു മടങ്ങിയെത്തുമ്പോഴായിരുന്നു അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.
ഉംറ്റാറ്റയിൽ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ജോലിചെയ്തു വന്ന സിവിൽ എൻജിനീയറായ അശോകൻ സ്വന്തം കണ്‍സ്ട്രക്ഷൻ കമ്പനിയുടെയും, ഹോളി വേഡ് ഇംഗ്ലീഷ്മീഡിയം ജൂനിയർ സ്കൂളിന്റെയും ഉടമയാണ്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന അശോകൻ നാട്ടിലുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കുവാനായി അടുത്തയാഴ്ച തിരിക്കാനിരിക്കെയാണ് കൊല്ലപ്പെട്ടത്. ഭാര്യ ഇന്ദ്രാണി ദേവിയും ഏക മകൾ ആഗ്രഹ ദത്തയും നെയ്യാറ്റിൻകര നേമത്തുള്ള കുതിരവട്ടത്തിൽ സുജാസിൽ അശോകന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഒപ്പമാണ് താമസം.
തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം നാട്ടിലെത്തിക്കുവാനായി ഉംറ്റാറ്റ മലയാളി സമാജം പ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നു. അശോകന്റെ വിയോഗത്തിൽ അനുശോചനസമ്മേളനം മാര്‍ച്ച് 21 ബുധനാഴ്ച്ച രാവിലെ 11ന് ഉംറ്റാറ്റ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ്മീഡിയം സ്കൂളില്‍ നടത്തപ്പെടും.
റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍
|
അഴിമതി കുരുക്കിൽ ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ്; വിചാരണ ഉടൻ
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമക്കെതിരായ അഴിമതി ആരോപണക്കേസുകളിൽ വിചാരണ ഉടൻ ആരംഭിക്കും. രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് യുദ്ധോപകരണങ്ങളും മറ്റ് ആയുധങ്ങളും വാങ്ങിയതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. 1990മുതലുള്ള സംഭവങ്ങളിലാണ് സുമ വിചാരണ നേരിടുക.
75കാരനായ ജേക്കബ് സുമയെ കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ പാർട്ടി നിർബന്ധിപ്പിച്ച് രാജി വയ്പിച്ചത്. തനിക്കെതിരായ ഒൻപതാമത്തെ അവിശ്വാസ നോട്ടീസും നൽകപ്പെട്ട സമയത്താണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നിരന്തരസമ്മർദങ്ങളോത്തുടർന്ന് അദ്ദേഹം രാജിവച്ചത്. കവർച്ച, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ 12 കുറ്റങ്ങളാണ് മുൻപ്രസിഡന്റിനെതിരെ ചുമത്തിയിട്ടുള്ളത്.
|
നൈജീരിയയിൽ ചാവേർ സ്ഫോടനം: 22 മരണം
അബൂജ: നൈജീരിയയിലെ ബോർണോയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 22 പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ബോർണോയിലെ മാർക്കറ്റിനു സമീപിമാണ് സ്ഫോടനമുണ്ടായത്. മാർക്കറ്റിൽ മൂന്ന് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വെള്ളിയാഴ്ചയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
ഫെബ്രുവരി ആദ്യവാരം നൈജീരിയയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
|
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി സിറിൽ റാമഫോസയെ തെരഞ്ഞെടുത്തു
കേപ് ടൗൺ: സിറിൽ റാമഫോസ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അഴിമതി ആരോപണം നേരിടുന്ന ജേക്കബ് സുമ രാജിവച്ചതോടെയാണ് റാമഫോസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനു ഭൂരിപക്ഷമുള്ള പാർലമെന്റിൽ റാമഫോസയുടെ പത്രിക മാത്രമാണ് ഉണ്ടായിരുന്നത്. ജേക്കബ് സുമയുടെ കാലത്തുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കുമെന്ന് പ്രസിഡന്റായ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തിൽ പറഞ്ഞു.
ജേക്കബ് സുമയ്ക്കെതിരെ അവിശ്വാസ പ്രമേയം പാർലമെന്റ് ചർച്ചയ്ക്കെടുക്കാനിരിക്കെയായിരുന്നു രാജി. 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു ഭരണക ക്ഷിയായ എഎൻസി അന്ത്യശാസനം നൽകിയെങ്കിലും സുമ വഴങ്ങിയിരുന്നില്ല.
|
ആശുപത്രി ബിൽ അടച്ചില്ല; നവജാതശിശുവിനെ മാസങ്ങളോളം തടഞ്ഞുവച്ചു
ലൈബ്രെവിൽ: ആശുപത്രി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ നവജാതശിശുവിനെ മാസങ്ങളോളം സ്വകാര്യ ആശുപത്രിയിൽ തടഞ്ഞുവച്ചു. ആഫ്രിക്കൻ രാജ്യമായ ഗാബോണിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ ദുരനുഭവം കണ്ടു രാജ്യം കൈകോർത്തതോടെ കുഞ്ഞിനെ വിട്ടുകിട്ടാനുള്ള വഴി തെളിയുകയായിരുന്നു.
മാസം തികയാതെ ജനിച്ച എയ്ഞ്ചൽ എന്ന പെൺകുഞ്ഞിനെയാണ് അഞ്ച് മാസത്തോളം ആശുപത്രിയിൽ തടഞ്ഞുവച്ചത്. പിറന്നു ശേഷം 35 ദിവസത്തോളം കുഞ്ഞ് ഇന്ക്യൂബേറ്ററിലായിരുന്നു. ചികിത്സയ്ക്കൊടുവിൽ ക്ലിനിക് അധികൃതർ 3,630 ഡോളർ (2.33 ലക്ഷം രൂപ) ബിൽ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രി ബിൽ അടയ്ക്കാൻ മാതാപിതാക്കൾക്ക് സാധിക്കാതിരുന്നതോടെ കുഞ്ഞിനെ വിട്ടുനൽകാൻ ആശുപത്രി അധികൃതർ വിസമ്മതിക്കുകയായിരുന്നു.
മാതാപിതാക്കളുടെ ദുരനുഭവം മാധ്യമശ്രദ്ധ നേടിയതോടെ രാജ്യം ഒന്നോടെ ബില്ലിനുള്ള പണം സമാഹരിക്കാൻ കൈകോർത്തു. ഗാബോൺ പ്രസിഡന്റ് അലി ബോംഗോ അടക്കമുള്ളവർ ഇതിനായി സംഭവന നൽകി. ഒടുവിൽ ബിൽ അടച്ചതോടെ കുഞ്ഞുമായി വീട്ടിൽ പോകാൻ ക്ലിനിക് അധികൃതർ അനുവാദം നൽകുകയായിരുന്നുവെന്ന് അമ്മ സോണിയ പറഞ്ഞു.
|
രാജിവയ്ക്കാൻ സുമയ്ക്ക് അന്ത്യശാസനം
ജോഹന്നാസ്ബർഗ്: അഴിമതിയാരോപണ വിധേയനായ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയെ തിരിച്ചുവിളിക്കാൻ ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചു. 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു സുമയ്ക്ക് അന്ത്യശാസനം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇന്നു പ്രതികരിക്കാമെന്നു സുമ സമ്മതിച്ചിട്ടുണ്ടെന്നും എഎൻസി സെക്രട്ടറി ജനറൽ അറിയിച്ചു. സുമ രാജിക്കു തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും മൂന്നു മുതൽ ആറുമാസം വരെ സമയം ചോദിച്ചിരിക്കുകയാണെന്നും സെക്രട്ടറി ജനറൽ എയ്സ് മെഗാഷ്യൂൾ പറഞ്ഞു.
പ്രിട്ടോറിയയ്ക്കു വെളിയിലെ ഹോട്ടലിൽ 13 മണിക്കൂർ യോഗം ചേർന്നശേഷമാണു സുമയെ തിരിച്ചുവിളിക്കാൻ എഎൻസി നിശ്ചയിച്ചത്. മൂന്നുമാസം കൂടി പ്രസിഡന്റ് പദത്തിൽ തുടരാൻ അനുവദിക്കണമെന്നു സുമ ആവശ്യപ്പെട്ടെന്ന് പാർട്ടിയിലെ ഒരംഗം പറഞ്ഞു. പിൻഗാമിയായി പാർട്ടി നേതൃത്വത്തെ നയിക്കാൻ നിയുക്തനായ റാമഫോസയുമായി സുമ അത്ര രസത്തിലല്ല. എഎൻസിയിൽ നേതൃത്വത്തിനുവേണ്ടിയുള്ള പിടിവലി തുടരുന്നതിനിടെ തെരഞ്ഞെടുപ്പു നേരത്തെയാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സുമയ്ക്കെതിരേ പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടുള്ള അവിശ്വാസ പ്രമേയം സ്പീക്കറുടെ മേശപ്പുറത്തുണ്ട്.
2009ലാണ് സുമ അധികാരത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സന്പദ്വ്യവസ്ഥ പിന്നോട്ടു പോയി. തൊഴിലി ല്ലായ്മ പെരുകുകയും അഴിമതി വർധിക്കുകയും ചെയ്തു.2016ലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ എഎൻസിയുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു.
|
തോക്കുമായി കാട്ടിൽക്കയറിയ വേട്ടക്കാരനെ സിംഹക്കൂട്ടം കൊന്നു ഭക്ഷണമാക്കി
കേപ്ടൗണ്‍: മൃഗസംരക്ഷണ കേന്ദ്രത്തിൽ കടന്ന വേട്ടക്കാരനെ സിംഹക്കൂട്ടം കൊന്നു ഭക്ഷണമാക്കി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിനു സമീപമാണ് വേട്ടക്കാരനെന്നു സംശയിക്കുന്നയാൾ സിംഹങ്ങളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ഇരയുടെ മൃതദേഹത്തിന്റെ അവശിഷ്ടത്തിൽ വളരെ കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളുവെന്നും ബാക്കി ഭാഗങ്ങൾ സിംഹങ്ങൾ ഭക്ഷണമാക്കിയെന്നും പോലീസ് അറിയിച്ചു.
ലിംപോപ്പോ പ്രവിശ്യയിലെ ഹോഡ്സ്പ്രൂട്ട് സ്വകാര്യ ഉദ്യാനത്തിനടുത്ത കുറ്റിക്കാട്ടിലാണ് കഴിഞ്ഞദിവസം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഈ മേഖലയിൽ അടുത്ത കാലത്ത് വന്യമൃഗങ്ങൾ വൻതോതിൽ വേട്ടയാടപ്പെടാറുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വേട്ടയാടുന്നതിനിടെ വേട്ടക്കാരൻ കൊല്ലപ്പെടാനാണു സാധ്യതയെന്നും തലയും മറ്റ് ചിലഭാഗങ്ങളും മാത്രമാണ് മൃതദേഹത്തിൽ അവശേഷിക്കുന്നതെന്നും ലിംപോപ്പോ പോലീസ് വക്താവ് മോട്ഷെ എൻഗോപ് എഎഫ്പിയോടു പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾക്കടുത്തുനിന്ന് തിര നിറച്ച തോക്ക് കണ്ടെത്തി. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ പോലീസ് ശ്രമങ്ങൾ തുടരുകയാണ്.
കഴിഞ്ഞ വർഷം ലിംപോപ്പോ പ്രവിശ്യയിൽ നിരവധി സിംഹങ്ങളെ വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സിംഹത്തിന്റെ ശരീരഭാഗങ്ങൾ പരന്പരാഗത ഒൗഷധങ്ങൾ നിർമിക്കുന്നതിനായി ഉപയോഗിക്കാറുണ്ട്.
ദക്ഷിണാഫ്രിക്കയിലെ വനമേഖലയിൽ കാണ്ടാമൃഗങ്ങളെയും വേട്ടക്കാർ കൊന്നൊടുക്കുകയാണ്. വിയറ്റ്നാം, ചൈന, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കാണ്ടാമൃഗത്തിന്റെ കൊന്പുകൾക്കുള്ള വൻ വിപണി സാധ്യത മുന്നിൽക്കണ്ടാണ് ഈ വേട്ടയാടൽ. ഈ കൊന്പുകൾക്ക് ഒൗഷധഗുണമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.
|
കേപ്ടൗണിൽ വെള്ളത്തിനു റേഷൻ
കേപ്ടൗൺ: നേരത്തെ ഹരിത പ്രസ്ഥാനത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ നഗരത്തിൽ കടുത്ത വരൾച്ചയെത്തുടർന്നു വെള്ളത്തിനു റേഷൻ ഏർപ്പെടുത്തി. പ്രതിദിനം ഒരാൾക്ക് 50ലിറ്റർ ജലം മാത്രമേ മുനിസിപ്പാലിറ്റി നൽകുകയുള്ളു. ജലനിരപ്പ് ഇനിയും താഴുന്നപക്ഷം ഏപ്രിൽ 16 ആകുന്പോഴേക്കു ജലവിതരണം പൂർണമായി നിർത്തിവയ്ക്കേണ്ടിവരുമെന്ന ആശങ്കയിലാണ് അധികൃതർ.
|
ലൈബീരിയയിൽ ജോർജ് വിയ അധികാരമേറ്റു
മൺറോവിയ: ലൈബീരിയയുടെ പുതിയ പ്രസിഡന്റായി മുൻ ലോക ഫുട്ബോൾ താരം ജോർജ് വിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യതലസ്ഥാനമായ മൺറോവിയയിലെ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടന്നത്. ദുർബലമായ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അഴിമതി നിർമാർജനം ചെയ്യുമെന്നും അധികാരമേറ്റ ശേഷം വിയ പറഞ്ഞു.
ആഫ്രിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് എല്ലൻ ജോൺസൺ സിർലേഫ് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്നതിനെത്തുടർന്നാണു പുതിയ തെരഞ്ഞെടുപ്പു നടത്തിയത്. 15 പ്രവിശ്യകളിൽ 13ലും മുന്നിലെത്തിയാണ് വിയ പ്രസിഡന്റായത്. എതിരാളിയായ ജോസഫ് ബോവാകായിക്ക് രണ്ട് പ്രവിശ്യകളുടെ പിന്തുണയേ ലഭിച്ചുള്ളൂ. പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിനുശേഷമാണ് ലൈബീരിയ ജനാധിപത്യത്തിലേക്ക് നീങ്ങിയത്.
ഫിഫാ വേൾഡ് കപ്പ് കളിക്കാരനായിരുന്ന വിയ ഒരു ദശകം മുന്‍പാണു കളിക്കളത്തോടു വിടപറഞ്ഞത് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. തലസ്ഥാനമായ മൺറോവിയയിലെ ഒരു ചേരിയിലാണു ജനിച്ചത്. ചെറുപ്പംമുതലേ ഫുട്ബോളിൽ കന്പമുണ്ടായിരുന്നു. 1995ൽ എസി മിലാനുവേണ്ടി കളിച്ച വിയ വേൾഡ് പ്ലെയർ ഓഫ് ദി ഈയറായി.
|
നൈജീരിയയിൽ ചാവേറാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു
അബുജ: നൈജീരിയയിലെ മൈദുഗുരിയിലുണ്ടായ ഇരട്ട ചാവേർ ബോംബ് സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 65 പേർക്ക് പരിക്കേറ്റു. മൈദുഗുരിയിലെ തിരക്കേറിയ മാർക്കറ്റിൽ ബുധനാഴ്ച വൈകുന്നേരമാണ് സ്ഫോടനം നടന്നത്.
നാല് പെണ് ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. കഴിഞ്ഞവർഷം മൈദുഗുരി നഗരത്തിനടുത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.
|
ടാൻസാനിയയിൽ മകരവിളക്ക് ആഘോഷിച്ചു
ദാർ സലാം: ടാൻസാനിയ ടാൻസാനിയിലെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മയായ Dar Ayyappa Devotees ന്റെ നേതൃത്തത്തിൽ ദാർ സലാമിൽ ജനുവരി 13, 14 തീയതികളിൽ മകരവിളക്ക് മഹോത്സവം സംഘടിപ്പിച്ചു.
ശബരിമല മുൻ മേൽശാന്തി പെരികമന ശങ്കരൻ നാരായണൻ നന്പൂതിരിയുടെ കാർമികത്വത്തിൽ ആയിരുന്നു ചടങ്ങ്.
ശബരിമലയിലെ ശ്രീകോവിൽ മാതൃകയിൽ അംബലം നിർമിച്ചു നടത്തിയ ആഘോഷത്തിൽ 2018 വിളക്കുകൾ കത്തിച്ചു ദീപാരാധന, ഗണപതിഹോമം, ഗായത്രീ പൂജ, ഭഗവതിസേവ, പടി പൂജ, അത്താഴപൂജ എന്നിവയും നടന്നു. മറ്റു പ്രസാദങ്ങളോടൊപ്പം കേരളീയ സദ്യയും ഒരുക്കി. ദാർ അയ്യപ്പ ഭകതരുടെ ഭജനയും ഭക്തിഗാനാലാപനങ്ങളും കൊച്ചുകുട്ടികളുടെ ഭരതനാട്യം ക്ലാസിക്കൽ ഡാൻസും അരങ്ങേറി.
മലയാളികൾക്കൊപ്പം തമിഴ്, തെലുങ്ക്, ഗുജറാത്തികളും മകരവിളക്ക് മഹോത്സവത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്: മനോജ് കുമാർ
|
ആരോഗ്യമേഖലയിൽ സർക്കാർ ഇടപെടൽ ശക്തമാക്കണമെന്നു ലോക കേരള സഭ
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയിൽ സർക്കാർ ഇടപെടൽ ശക്തമാക്കണമെന്നു ലോക കേരള സഭാ സമ്മേളനത്തിൽ പ്രവാസികൾ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ആരോഗ്യരംഗത്തെക്കുറിച്ചുള്ള ചർച്ചയിലാണ് നിർദ്ദേശമുണ്ടായത്. ആയുർവേദത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും ആയുർവേദ ടൂറിസം നയം സർക്കാർ രൂപീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ, ആയുർവേദവും വിനോദസഞ്ചാരവും ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുടിയേറ്റം, കേരളീയർ വിദേശത്ത് നടത്തുന്ന ആരോഗ്യസ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു പ്രധാന ചർച്ച.
ആയുർവേദത്തെ പരിപോഷിപ്പിക്കുന്നതിന് അന്തർദ്ദേശീയ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് സർക്കാർ നടപടി ആരംഭിച്ചതായും കേരളത്തെ ആയുർവേദ ഹബ് ആക്കുകയാണ് ഉദ്ദേശമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്പെഷാലിറ്റി ആശുപത്രിയും മ്യൂസിയവും അടങ്ങുന്ന ഗവേഷണ കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. ആയുഷ് മേഖലയിലെ ആശുപത്രികളെ വിദേശികൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കാൻ കഴിയും വിധം മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. വിദേശത്തെ നഴ്സുമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയിലെ ഇടപെടലിന്റെ ഭാഗമായി സർക്കാർ നടത്തുന്ന വിവിധ പദ്ധതികൾ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ വിശദീകരിച്ചു. രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബുകളും ഒരു വർഷത്തിനകം സ്ട്രോക്ക് സെന്ററുകളും സ്ഥാപിക്കും. മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ എന്നിവയെ ആർസിസിയുടെ നിലവാരത്തിലേക്കുയർത്തും. കേരളത്തിൽ കാൻസർ ചികിത്സ നടത്തുന്ന സർക്കാർ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഏകോപിപ്പിച്ച് കേരള കാൻസർ കെയർ ഗ്രിഡ് സ്ഥാപിക്കും. രോഗാണുപ്രതിരോധത്തിന് ആയുർവേദത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ലെവൽ ഒന്ന് ട്രോമ കെയർ കേന്ദ്രങ്ങളും മറ്റു മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ലെവൽ രണ്ട് പരിചരണ കേന്ദ്രങ്ങളും സർക്കാർ ആരംഭിക്കും.
മെഡിക്കൽ ടൂറിസം പദ്ധതി നടപ്പാക്കുന്പോൾ ദന്തപരിചരണത്തേയും ഉൾപ്പെടുത്തണമെന്ന അഭിപ്രായം ചർച്ചയിൽ ഉയർന്നു. വിദേശത്തേക്ക് ഹോം നഴ്സ് ജോലിക്കായി പോകുന്നവർക്ക് പരിശീലനം നൽകണം. ജിറിയാട്രിക് പരിചരണത്തിൽ കേരളം കൂടുതൽ ശ്രദ്ധ പുലർത്തണം. അൽഷിമേഴ്സ്, ഡിമൻഷ്യ പ്രശ്നങ്ങളാവും കേരളം ഭാവിയിൽ ആരോഗ്യരംഗത്ത് നേരിടാൻ പോകുന്ന വെല്ലുവിളികളിലൊന്നെന്ന അഭിപ്രായവും ഉണ്ടായി. ഇതിനെ നേരിടുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണം. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പ്രത്യേക ആരോഗ്യപാക്കേജ് നടപ്പാക്കണം. സർക്കാർ ആശുപത്രികളെ ശക്തിപ്പെടുത്തുന്നതിന് ശ്രീലങ്കൻ മാതൃക പിൻതുടരണം. ശ്രീലങ്കയിൽ സർക്കാർ ആശുപത്രികളിലാണ് മികച്ച ചികിത്സ സൗജന്യമായി ലഭിക്കുന്നത്.
പഠനം നടത്തിയ സ്ഥാപനം വർഷങ്ങൾക്കുശേഷം പൂട്ടിപ്പോയ സാഹചര്യത്തിൽ സൗദി അറേബ്യയിലെ ഒരു വിഭാഗം നഴ്സുമാർ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അറിയിച്ചു. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന നിലപാട് സൗദി ആരോഗ്യ കൗണ്‍സിൽ വ്യക്തമാക്കിതോടെ ഇവർക്ക് യാത്ര ചെയ്യാൻ പോലും അനുമതിയില്ലാതെ കുടുങ്ങിയിരിക്കുകയാണ്. ഒൗഷധിയുടെ മരുന്നുകൾ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുയർന്നു.
ആയുഷ് സെക്രട്ടറി ശ്രീനിവാസ്, ആരോഗ്യദൗത്യം ഡയറക്ടർ കേശവേന്ദ്രകുമാർ, എ. എൻ. ഷംസീർ എം. എൽ. എ, കെ. സോമപ്രസാദ് എം. പി, ഗീതാ ഗോപിനാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പ്രവാസി പുനരധിവാസം ഗൗരവമായി പരിഗണിക്കും: മന്ത്രി ടി.പി. രാമകൃഷ്ണൻ
നിരവധി വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം മടങ്ങിയെത്തുന്ന മലയാളികളുടെ പുനരധിവാസം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ലോക മലയാള സഭയുടെ രണ്ടാംദിനം നടന്ന പ്രവാസത്തിന്റെ പ്രശ്നങ്ങൾ പ്രവാസത്തിനുശേഷം എന്ന വിഷയത്തിനെ അധികരിച്ചു നടന്ന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രവാസികൾ ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാർ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ചർച്ചയ്ക്കൊടുവിൽ മന്ത്രി ഉറപ്പുനൽകി.
പ്രവാസശേഷമുള്ള ജീവിതത്തിന്റെ വിവിധതലങ്ങൾ പ്രതിനിധികൾ സമ്മേളനത്തിൽ വിശദമായി വിവരിച്ചു. ഒന്നുമില്ലായ്മയിൽ നിന്നും പുറപ്പെട്ട് ഒന്നുമില്ലാതെ തിരികെവരുന്ന പരിതാപകരമായ അവസ്ഥയാണ് ഭൂരിഭാഗം ഗൾഫ് മലയാളികളും നേരിടുന്നത്. വിവിധ രോഗങ്ങളും വരുമാനമില്ലായ്മയും കൊണ്ടുനട്ടം തിരിയുന്നവരാണ് ബഹുഭൂരിപക്ഷവുമെന്ന് പ്രതിനിധികൾ പറഞ്ഞു. അതിനാൽ തിരികെവരുന്ന പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനും വരുമാനത്തിനും സർക്കാർ കൂടുതൽ നടപടികൾ എടുക്കണമെന്നും നിർദേശമുണ്ടായി.
രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസിക്ഷേമനിധി രാജ്യത്തിനുതന്നെ മാതൃകയാകുന്ന പദ്ധതിയായി മാറുമെന്ന് പ്രതിനിധികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രവാസികൾക്കുവേണ്ടി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾക്ക് കേന്ദ്രസർക്കാരിനോട് സഹായം അഭ്യർഥിക്കണം. ഇതര സംസ്ഥാനങ്ങളിലെ പ്രവാസികൾ അവരുടെ ഭൗതികസാഹചര്യം ക്രമേണ മെച്ചപ്പെടുത്തുന്പോൾ ഗൾഫ് പ്രവാസത്തിന്റെ അന്ത്യം രോഗപീഡകളും സാന്പത്തിക പ്രതിസന്ധിയുമാണ്. തിരികെയെത്തുന്ന പ്രവാസികളെ ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തണന്ന നിർദേശവും ചർച്ചയിൽ ഉണ്ടായി.
തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് വിഷയാവതരണം നടത്തി. ദശാബ്ദങ്ങളോളം നീണ്ട തന്റെ പ്രവാസ ജീവിതകാലത്തെ ഒരു നാഴികക്കല്ലായി ലോക കേരള സഭയെ കാണുന്നുവെന്ന് ചടങ്ങിൽ സന്നിഹിതനായിരുന്ന പാറയ്ക്കൽ അബ്ദുള്ള എംഎൽഎ അഭിപ്രായപ്പെട്ടു. മന്ത്രി ടി.പി രാമകൃഷ്ണൻ, എംപിമാരായ എ.സന്പത്ത്, എം.കെ. രാഘവൻ, ടി.വി. രാജേഷ് എംഎൽഎമാരായ കെ.വി. അബ്ദുൾഖാദർ, പാറയ്ക്കൽ അബ്ദുള്ള എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.
മറീനയും നജീബും മനസുതുറന്നു; സഭ നിശബ്ദമായി
ലോക കേരള സഭയിലെ ഒരംഗത്തെ പ്രസംഗിക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ക്ഷണിച്ചപ്പോൾ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിദ്ധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്. സദസ് ഒന്നടങ്കം പോഡിയത്തിലേക്ക് കണ്ണുനട്ടു. കൂപ്പുകൈകളുമായി മൈക്കിനു മുന്നിലേക്ക് ആടുജീവിതത്തിലെ നജീബ് എത്തിയപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്കായി സഭ കാതുകൂർപ്പിച്ചു. ഏതാനും മിനിറ്റുകൾ നീണ്ട ഈ സഭയിലെ ഏറ്റും ഹ്രസ്വമായ പ്രസംഗം. പക്ഷേ ഈ സഭയിൽ ഏറ്റവും കൂടുതൽ കൈയടി ലഭിച്ചതും ആ പ്രസംഗത്തിനുതന്നെ.
ലോക കേരളസഭയിൽ തന്നെപ്പോലെ ഒരാൾക്ക് അംഗമാകാൻ കഴിഞ്ഞത് അവശത അനുഭവിക്കുന്ന പതിനായിരങ്ങൾക്ക് നൽകുന്ന ആശ്വാസവും പ്രതീക്ഷയും വളരെ വലുതാണ് എന്ന് നജീബ് പറഞ്ഞപ്പോൾ ഉയർന്ന നിലയ്ക്കാത്ത കരഘോഷം ഈ സഭയുടെ പൊതുവികാരം പ്രതിഫലിപ്പിക്കുന്നതായി. ഇറാക്കിലെ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ നഴ്സ് മറീന സഭയിൽ സംസാരിച്ചപ്പോഴും അംഗങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നു. നഴ്സുമാർ തൊഴിലിടങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ വിവരിച്ച അവർ ഇതിനുപരിഹാരം തേടാൻ സഭയുടെ പിന്തുണ അഭ്യർഥിച്ചു.
വിദേശ രാജ്യങ്ങളിലെ ഏംബസി ഉദ്യോഗസ്ഥർ അറുമാസം കൂടുന്പോഴെങ്കിലും നഴ്സുമാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സമയം കണ്ടെത്തണം എന്നും മെറീന പറഞ്ഞു. കേരളത്തെ വെഡിംഗ് ഡെസ്റ്റിനേഷൻ ആക്കി ടൂറിസത്തിന്റെ ഭാഗമാക്കണം, സഭയിലെ സ്ത്രീ പ്രാതിനിധ്യം കൂട്ടണം, മുംബൈ യൂണിവേഴ്സിറ്റിയിൽ മലയാളം ചെയർ തുടങ്ങണം, പ്രവാസികളുടെ പുനരധിവാസ പദ്ധതികളോട് മുഖം തിരിക്കുന്ന ബാങ്കുകളുടെ പ്രവണത തടയണം തുടങ്ങിയ വിവിധ വിഷയങ്ങളും സഭയിൽ ഉന്നയിക്കപ്പെട്ടു.
വിദേശ വിനോദസഞ്ചാരികളുടെ വരവ് ഇരട്ടിയാക്കുക ലക്ഷ്യം; കേരള ബാങ്ക് ഈവർഷംതന്നെ
കേരളത്തിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുകയാണ് സർക്കാരിെൻ ലക്ഷ്യമെന്ന് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലോകകേരള സഭയുടെ ഭാഗമായി നടന്ന സഹകരണവും ടൂറിസവും ഉപസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർധനയും അതിലൂടെ ഒരു ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
കേരളം ദൈവത്തിന്റെ സ്വന്തം നാട്, ആയുർവേദം തുടങ്ങിയവയ്ക്ക് പുറമേ മൂന്ന് പുതിയ മേഖലകൾകൂടി ഇതിനായി കെണ്ടത്തിക്കഴിഞ്ഞു. സാഹസിക ടൂറിസം, ഉത്തരമലബാറിന്റെ സാധ്യതകൾ മുതലാക്കുന്ന ഉത്തരമലബാർ ടൂറിസം, പൈതൃക ടൂറിസം എന്നീ മേഖലകളിലാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ മലബാർ ടൂറിസം പദ്ധതിയിൽ 600 കോടിയുടെ മുതൽ മുടക്കാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഉത്തരമലബാറിലെ ഏഴ് നദികളെ കേന്ദ്രീകരിച്ചുള്ള റിവർ ടൂറിസം പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. പ്രവാസികളിൽനിന്നും നിക്ഷേപവും സഹകരണവും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
നിർദ്ദിഷ്ട കേരള ബാങ്കിൽ ഒന്നരലക്ഷം കോടിയുടെ എൻആർഐ നിക്ഷേപമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. രാജ്യത്തിലെ സഹകരണ നിക്ഷേപങ്ങളിൽ 60 ശതമാനവും ഇപ്പോൾ കേരളത്തിലാണ്. എന്നാൽ കേരളത്തിലെ സഹകരണ നിക്ഷേപത്തിൽ എൻആർഐ നിക്ഷേപമില്ലെന്ന ദുരവസ്ഥയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ബാങ്ക് രൂപീകൃതമാകുന്പോൾ എൻആർഐ നിക്ഷേപത്തിനും അവസരമുാകും. രണ്ടാം ഘട്ടത്തിൽ ബാങ്കിന്റെ ബ്രാഞ്ചുകൾ വിദേശ രാജ്യങ്ങളിൽ ആരംഭിക്കും. പ്രവാസികൾക്കായി പ്രവാസിക്ഷേമ സഹകരണ സംഘം രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരള ബാങ്ക് ഈ കലണ്ടർവർഷം തന്നെ ആരംഭിക്കുമെന്ന് പ്രവാസി സംഘടനാ പ്രതിനിധികൾക്ക് മന്ത്രിയുടെ അനുമതേിയാടെ സെക്രട്ടറി പി. വേണുഗോപാൽ ഉറപ്പുനൽകി. റിസർവ് ബാങ്കിന്റെ അനുമതി താമസിയാതെ ലഭിക്കും. ഷെഡ്യൂൾ ബാങ്കിനുള്ള ലൈസൻസ് ഇപ്പോൾതന്നെ കൈവശമുള്ളതിനാൽ മറ്റു ബുദ്ധിമുട്ടുകളുണ്ടാവില്ല. പ്രവർത്തനം ആരംഭിക്കുന്നതോടെ ശാഖകളുടെ കാര്യത്തിൽ എസ്ബിഐ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ബാങ്കായി കേരള ബാങ്ക് മാറുമെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി.
ടൂറിസം മേഖലയിൽ വൻകിട ഹോട്ടൽ പദ്ധതികൾക്കൊപ്പം ഹോംസ്റ്റേകൾക്കും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രവാസി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അമേരിക്കയിൽ ജോലിയെടുക്കുന്ന പലർക്കും നാട്ടിൽ സ്വന്തം വീടില്ല. അങ്ങനെയുള്ളവർക്ക് നാട്ടിൽ വരുന്പോൾ താമസത്തിനായി ഇത്തരം ഹോംസ്റ്റേകൾ ഉപകരിക്കപ്പെടുമെന്നും ടൂറിസം വകുപ്പ് ഇതിന് മുൻകൈയെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. നാട്ടിലെ വീട് പൂട്ടിയുന്ന വിദേശികളുണ്ട്. അവരുടെ വീട് ഹോംസ്റ്റേയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശമുണ്ടായി.
ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾക്കും കേരളബാങ്കിനും പ്രതിനിധികൾ ഒരേപോലെ സഹായം വാഗ്ദാനം ചെയ്തു. ശ്രീമതി ടീച്ചർ എംപി, എംഎൽഎമാരായ അഡ്വ. എം ഷംസുദ്ദീൻ, പി.വി. അൻവർ, ഡോ. വി. വേണു ഐഎഎസ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
കാർഷികരംഗത്തെ പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കും
കേരളത്തിലെ കാർഷികോത്പന്നങ്ങളുടെ മൂല്യവർധിത സാധ്യതകൾ പ്രവാസികളുടെ സഹായത്തോടെ പ്രയോജനപ്പെടുത്താൻ സർക്കാർ സന്നദ്ധമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ലോക കേരള സഭയുടെ ഭാഗമായ ഉപസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് ദീർഘകാലം ചെലവഴിച്ച പ്രവാസികളുടെ അറിവും നിക്ഷേപവും പുത്തൻ ടെക്നോളജികളും ഉപയോഗിച്ച് കാർഷിക മേഖലയിൽ എന്ത് ചെയ്യാനാകുമെന്നത് ഗൗരവമായി ആലോചിക്കുകയാണ്. മൂല്യവർധിത സാധ്യതകൾ ചർച്ച ചെയ്യാൻ വൈഗ എന്ന പേരിൽ നടത്തുന്ന സമ്മേളനത്തിൽ പ്രവാസികളെ ക്ഷണിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. ംംം.ളെമരസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റിൽ വൈഗയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. കാർഷികസംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളെ വൈഗയിലേക്ക് ക്ഷണിച്ച് ചർച്ച നടത്തും.
ചക്ക, തേങ്ങ, തേൻ, ഏത്തൻപഴം തുടങ്ങി കേരളത്തിൽ സുലഭമായി ലഭിക്കുന്ന തനത് കാർഷികോത്പന്നങ്ങളെ മൂല്യവർധിതോതോപ്ന്നങ്ങളാക്കാവുന്ന ടെക്നോളജി ഇവിടെയുണ്ട്. ഇത് പ്രവാസികൾക്ക് ലഭ്യമാക്കാൻ സർക്കാരിന് കഴിയും. നാളികേരത്തിലെ നിക്ഷേപ സാധ്യതകളും പഠിക്കും. സംസ്ഥാനത്തെ കാർഷികോത്പന്നങ്ങളുടെ വിപണനത്തിന് കേരള ഓർഗാനിക് എന്ന ബ്രാൻഡ് നിലവിലുണ്ട്. ഇത് ലോകവിപണിയിലെത്തിക്കുന്നതിനുള്ള നടപടി പ്രവാസികളുടെ കൂടി സഹായത്തോടെ സ്വീകരിക്കാനാകും. കൃഷിക്കു വേണ്ട പരിശീലനം, സാങ്കേതികവിദ്യ, സബ്സിഡി, പ്രോജക്ട് തയ്യാറാക്കുന്നതിലെ സഹായം തുടങ്ങിയവയും ലഭ്യമാക്കാം. സാധാരണക്കാരായ പ്രവാസികൾക്കും ചെറിയ നിക്ഷേപത്തിലൂടെ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്ന സുരക്ഷിത മേഖലയാണ് കൃഷിയെന്നും മന്ത്രി പറഞ്ഞു.
മത്സ്യകൃഷിയിലെ പ്രവാസികളുടെ നിക്ഷേപ സാധ്യത വലുതാണെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കൊച്ചിയിൽ ലഭ്യമായിട്ടുള്ള പ്രദേശത്ത് വൻകിട മത്സ്യകൃഷിക്ക് പ്രത്യേക ഇടം ലഭ്യമാക്കാൻ കഴിയും. ഇവിടെ പ്രവാസികൾക്ക് നിക്ഷേപം നടത്താനും അവസരമുണ്ടാകും. കേരളത്തിലെ കശുവണ്ടിക്ക് ലോകവിപണിയിൽ വലിയ പ്രിയമുണ്ട്. സ്വാദും ഗുണനിലവാരവും ദീർകാലം കേടുകൂടാതെയിരിക്കുന്നതുമാണ് അതിന് കാരണം. പുറത്തു നിന്ന് ലഭിക്കുന്ന അസംസ്കൃത അണ്ടിയുടെ കുറവ് ഈ രംഗത്ത് ഭീഷണി ഉയർത്തുന്നുണ്ട്.
വേഗം ലാഭം ലഭിക്കുന്ന മേഖല മൃഗസംരക്ഷണം: മന്ത്രി കെ.രാജു
നിക്ഷേപം നടത്തിയാൽ വേഗം ലാഭം ലഭിക്കുന്ന മേഖലയാണ് മൃഗസംരക്ഷണമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. മുട്ട, മാംസം എന്നിവയ്ക്ക് ഇവിടെ വിപണി ഉറപ്പാണ്. ഇവയുടെ ഉത്പാദനം കൂട്ടിയാൽ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കാം.
പാലുത്പാദനത്തിനായി തുടങ്ങുന്ന ചെറുകിട, ഇടത്തരം, വൻകിട ഡയറി യൂണിറ്റുകൾക്ക് സർക്കാർ സഹായം നൽകും. സാന്പത്തിക ശേഷികുറഞ്ഞ പ്രവാസികൾക്ക് 20 മുതൽ 50 വരെ പശുക്കളുള്ള ഡയറി ഫാമുകൾ തുടങ്ങാവുന്നതാണ്. ഇതിനെല്ലാമുള്ള ലൈസൻസ് ലഭ്യമാക്കൽ വേഗത്തിൽ നടത്തും. സബ്സിഡി ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
കായലുകളിൽ പ്രത്യേക സ്ഥലങ്ങൾ പ്രവാസികൾക്ക് അനുവദിച്ചാൽ മത്സ്യോത്പാദനത്തിൽ വർധനവുണ്ടാക്കാമെന്ന് പ്രതിനിധികൾ പറഞ്ഞു. മികച്ച കോഴിബ്രീഡ് സംസ്ഥാനത്തിനുണ്ടാകണമെന്നും പ്രതിനിധികൾ പറഞ്ഞു.
കാർഷികരംഗത്തെ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് ലൈസൻസും സർക്കാർസഹായങ്ങളും നൽകുന്നതിന് ഏകജാലക സംവിധാനം വേണമെന്ന് പ്രതിനിധികൾ പറഞ്ഞു. ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്,വൈദ്യുതി വകുപ്പുകളും മലിനീകരണ നിയന്ത്രണബോർഡും ചേർന്ന് ഇതിനുള്ള സംവിധാനം രൂപപ്പെടുത്തും.
മന്ത്രിമാർക്കു പുറമേ എംഎൽഎമാരായ എസ്.ശർമ, കെ.എൻ.എ. ഖാദർ, കെ.കൃഷ്ണൻകുട്ടി, എസ്.ശർമ്മ, പുരുഷൻ കടലുണ്ടി എന്നിവരും വിവിധരാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
കിഫ്ബി: ചിട്ടി സ്കീമിന് പ്രവാസികളുടെ പിന്തുണ
ലോക കേരള സഭയുടെ രണ്ടാംദിനത്തിലെ ഉപചർച്ചയിൽ കിഫ്ബി ഫണ്ട് സമാഹരണത്തിലെ വിവിധ സാധ്യതകൾ ചർച്ചചെയ്തു. രണ്ട് വർഷം കൊണ്ട് കഐസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ 20,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് ധനകാര്യമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. പവാസികളുടെ സന്പാദ്യത്തെ നാടിന്റെ സൗഭാഗ്യമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. 10 ലക്ഷം പ്രവാസികളെങ്കിലും ചിട്ടിയിൽ ചേരുമെന്നാണ് പ്രതീക്ഷ. ബാങ്ക് നിരക്കിനേക്കാൾ കൂടിയ പലിശ കിട്ടുന്ന ചിട്ടി കേരളവികസന പ്രക്രിയയിൽ പങ്കാളി ആകാനും പ്രവാസികൾക്ക് അവസരം നൽകുന്നു എന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.
പെൻഷനും ഇൻഷുറൻസ് സംരക്ഷണവും ബന്ധിപ്പിച്ചുള്ള പ്രവാസി ചിട്ടികൾ മികച്ച നിക്ഷേപഅവസരമാണെന്ന് കിഫ്ബി സിഇഒ ഡോ.കെ.എം എബ്രഹാം പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താതെ യൂറോപ്പ്, അമേരിക്ക ഉൾപ്പെടെ ലോകത്തെ എല്ലാ മലയാളികൾക്കും ഇതിൽ ചേരാൻ അവസരം നൽകണമെന്ന് ചർച്ചയിൽ പ്രവാസികൾ ആവശ്യപ്പെട്ടു.
ജാമ്യവ്യവസ്ഥകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. പ്രവാസി ചിട്ടിയുടെ നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈനായിട്ടാണ് ചെയ്യുന്നതെന്നും നടപടിക്രമങ്ങൾ ലളിതവും സുതാര്യവും ആണ് എന്ന് എബ്രഹാം വിശദീകരിച്ചു. ലാഭം ഉറപ്പാക്കുന്ന കൂടുതൽ പദ്ധതികൾ കിഫ്ബി നടപ്പാക്കണമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
മികച്ച പദ്ധതികൾ അവതരിപ്പിച്ചാൽ നിക്ഷേപിക്കാൻ പ്രവാസികൾ ഒരുക്കമാണ് എന്ന് ഗൾഫാർ മുഹമ്മദാലി പറഞ്ഞു. ഗവണ്മെന്റ് പണം വികസന ആവശ്യത്തിന് ചെലവ് ചെയ്യുന്പോൾ ബാധ്യകൂടുമെന്നും അത് അത് പരിഹരിക്കാൻ പ്രവാസികൾ നിക്ഷേപം നടത്തണമെന്നും മുൻ ധനകാര്യമന്ത്രി കെ.എം മാണി അഭ്യർഥിച്ചു.
ഓഹരി പങ്കാളിത്തമുള്ള സ്റ്റേറ്റ് സോവറിൻ ഫണ്ട് പോലുള്ള നിക്ഷേപ ഉത്പന്നങ്ങൾ സർക്കാർ നടപ്പാക്കണം. നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ കണ്‍സോർഷ്യം രൂപീകരിക്കാനും അതിൽ പ്രവാസികൾക്ക് ഓഹരി പങ്കാളിത്തം നൽകണം, ഇന്ത്യയിലെ പ്രവാസികൾക്കായും ചിട്ടി തുടങ്ങണം, കഐസ്എഫ്ഇയെ ബാങ്ക് ആക്കി മാറ്റണം തുടങ്ങിയ നിർദേശങ്ങളും അംഗങ്ങൾ ഉയർത്തി. പ്രവാസി സമൂഹം ആവശ്യപ്പെട്ടാൽ അവർക്കായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കുന്ന കാര്യം ആലോചിക്കാമെന്ന് ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി പറഞ്ഞു.
എംഎൽഎമാരായ സുരേഷ് കുറുപ്പ്, ടി.വി രാജേഷ.്, വി.ഡി സതീശൻ, സാന്പത്തിക ഉപദേഷ്ടാവ് ഡോ. ഗീത ഗോപിനാഥ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ രാമചന്ദ്രൻ, കമല വർധന റാവു, ഡോ. ഷർമിള മേരി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
കലാസാഹിത്യ പ്രതിഭകളുമായി മുഖ്യമന്ത്രി ചർച്ച നടത്തി
കേരളത്തിന്റെ കലാസാംസ്കാരിക മേഖലയിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കലാസാഹിത്യ രംഗത്തെ പ്രമുഖരുമായി ലോകകേരളസഭയുടെ ഇടവേളയിൽ ചർച്ച നടത്തി.
കവി സച്ചിദാനന്ദൻ, ഓസ്കർ അവാർഡ് ജോതാവ് റസൂൽ പൂക്കുട്ടി, സിനിമാ താരങ്ങളായ രേവതി, ആശാശരത്, കലാകാര·ാരായ റിയാസ് കോമു, ബോസ് കൃഷ്ണാമാചാരി, പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, നിലന്പൂർ ആയിഷ, സാമൂഹ്യ പ്രവർത്തക സുനിതാകൃഷ്ണൻ തുടങ്ങിയവരാണ് തങ്ങളുടെ ആശയങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവച്ചത്.
ആധുനിക കേരളത്തെ നല്ല രീതിയിൽ ലോകത്തിനു മുന്പിൽ അവതരിപ്പിക്കുന്നതിന് പദ്ധതി വേണമെന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. പൈതൃക ഗ്രാമങ്ങളും തെരുവുകളും നല്ല നിലയിൽ സംരക്ഷിക്കാൻ നടപടി വേണം. കേരളത്തിൽ ഒരു കലാഗ്രാമം സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കേരളത്തിന് സമഗ്രമായ കലാനയം വേണമെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. കേരളത്തിന് സാംസ്കാരികമായ സന്പദ്ഘടന ഉണ്ടാക്കാൻ കഴിയുമെന്ന് റിയാസ് കോമു അഭിപ്രായപ്പെട്ടു. ഫോർട്ട് കൊച്ചി ഉൾപ്പടെയുളള സ്ഥലങ്ങളിലെ ചരിത്ര പ്രാധാന്യമുളള കെട്ടിടങ്ങൾ സംരക്ഷിക്കണം.
സ്കൂൾ കലോത്സവങ്ങൾ കൂടുതൽ വിപുലമായി സംഘടിപ്പിക്കണമെന്ന് സുനിത കൃഷ്ണൻ പറഞ്ഞു. പ്രവാസികൾ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ ശ്രമിക്കണം. വിദേശത്ത് വീട്ടു ജോലിക്ക് പോകുന്ന പാവപ്പെട്ട സ്ത്രീകൾ ചതിക്കുഴിയിൽ വീഴാതിരിക്കാൻ അവരെ ബോധവത്കരിക്കാനുളള പരിപാടി വേണം. ടൂറിസം വികസിപ്പിക്കുന്പോൾ തന്നെ ഈ മേഖലയിൽ മോശം പ്രവണതകൾ കടന്നുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് രേവതി പറഞ്ഞു. മറ്റു രാജ്യങ്ങളുമായുളള സാംസ്കാരിക വിനിമയ പരിപാടി വേണമെന്ന് ബോസ് കൃഷ്ണാമാചാരി നിർദ്ദേശിച്ചു.
ലോകകേരളസഭ സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ടിയാണെന്ന സന്ദേശം എല്ലായിടത്തും എത്തിക്കണമെന്ന് ആശാശരത് പറഞ്ഞു.
ലോകകേരളസഭയ്ക്ക് നല്ല തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. ഇതിനു വേണ്ടി പ്രത്യേക സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നുണ്ട്. വിദേശ ജോലിക്കാർ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ ശ്രമിക്കും. കലാകാരൻമാരും സാഹിത്യകാരൻമാരും മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ സർക്കാർ ഗൗരവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി പോൾ ആന്റണി, മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസർ പ്രഭാവർമ്മ എന്നിവരും പങ്കെടുത്തു.
ലോക കേരള സഭയോടനുബന്ധിച്ച് നടത്തിയ സാഹിത്യമൽസര വിജയികൾ
ലോക കേരള സഭയോടനുബന്ധിച്ച് മലയാളം മിഷൻ നടത്തിയ ആഗോള സാഹിത്യമൽസര വിജയികളെ പ്രഖ്യാപിച്ചു. വീടുവിട്ടവർ എന്ന് വിഷയത്തെ അധികരിച്ചുള്ള കഥാ രചനയിൽ സീനിയർ വിഭാഗത്തിൽ ചെന്നൈയിലെ ചൈത്ര ഒന്നാം സ്ഥാനവും നീലഗിരിയിലെ ആൻ ഫ്രഡി ചീരൻ രണ്ടാം സ്ഥാനവും ജോ ഫ്രഡി ചീരൻ മൂന്നാം സ്ഥാനവും നേടി. ജൂണിയർ വിഭാഗത്തിൽ നീലഗിരിയിലെ എസ്.എൻ നയന, റായ്ഗഡിലെ നിവേദ്യ അനീഷ് ബാബു, അമൃത സഹദേവൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പ്രയാണം എന്ന വിഷയത്തെ അധികരിച്ചുള്ള കവിതാ രചന മൽസരത്തിൽ സീനിയർ വിഭാഗത്തിൽ ശ്രീജിഷ് ചെമ്മരൻ, സൗദി അറേബ്യയിലെ നിവ്യദാസ്, റായ്ഗഡിലെ സ്നേഹ ഷിബു എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂണിയർ വിഭാഗത്തിൽ കൊല്ലത്തെ പൂജ പ്രിജി, റായ്ഗഡിലെ നിവേദ്യ അനീഷ് ബാബു, ചെന്നൈയിലെ കൈലാസ് നാഥ് എൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
റിപ്പോർട്ട്: ശ്രീകുമാർ
|
നാടിന്റെ ഗൃഹാതുരത ഉണർത്തി ചിത്ര പാടി, സഭയതിൽ അലിഞ്ഞു
തിരുവനന്തപുരം: ലോക കേരള സഭയിൽ കേരളത്തിന്റെ കേളികൊട്ടുണർത്തിക്കൊണ്ട് മലയാളികളുടെ വാനം പാടി കെ.എസ്. ചിത്ര ഗാനങ്ങൾ ആലപിച്ചത് സഭയുടെയും അംഗങ്ങളുടെയും കൈയടി നേടി. ന്ധസഭയിൽ കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനവും ഓപ്പണ്‍ ഫോറത്തിൽ ന്ധനാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ എന്ന ഗാനവുമാണ് ആലപിച്ചത്. വേദിയിലെത്തിയപ്പോൾ പ്രവാസി സദസിന്റെ സ്നേഹനിർബന്ധത്തിന് വഴങ്ങിയാണ് അവർ ഗാനം ആലപിച്ചത്. ആ ഗാനങ്ങളാകട്ടെ പ്രവാസ ജീവിതത്തിൽ എന്നും മോഹിപ്പിക്കുന്ന ജ·നാടിനെക്കുറിച്ചുള്ള ഗാനങ്ങൾ തന്നെ ആയിരുന്നു. ആദ്യമായി രൂപീകരിച്ച ലോക കേരള സഭയിൽ അംഗമായിരുന്നു ഇഷ്ടഗായികയിൽ നിന്നുതന്നെ പാട്ടു കേൾക്കാനായതിന്റെ അനുഭൂതിയിലായിരുന്നു അംഗങ്ങൾ.
കേരളീയ കലകളുടെ വ്യാപനത്തിന് നടപടി വേണം: ശോഭന
കേരളീയ കലകൾക്ക് ഇന്ത്യയിലും ലോകത്തും കൂടുതൽ പ്രാതിനിധ്യം ലഭിക്കാൻ സാംസ്കാരിക അംബാസഡർമാർ ഉണ്ടാവണമെന്ന് പ്രശസ്ത അഭിനേത്രി ശോഭന. ലോക കേരള സഭയോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കേരളത്തിലെ കലകൾക്ക് ഇന്ത്യയിൽ തന്നെ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാറില്ല. പല പെർഫോമൻസുകളും കേരളത്തിന് വെളിയിൽ നടക്കുന്നത് പ്രവാസി സമൂഹത്തിലാണ്. കലയെ ഇതര ഇന്ത്യൻ സമൂഹത്തിനു മുന്നിലും ലോകത്തിനു മുന്നിലും തുറന്നു കാട്ടാനുള്ള വേദികളും അവസരങ്ങളുമാണ് ഉണ്ടാകേണ്ടത്. കേരളത്തിലെ കലകളെ ഇന്ത്യൻ ഫെസ്റ്റിവലുകളിലും രാജ്യത്തിനു വെളിയിൽ ലോകസമൂഹത്തിനു മുന്നിലും അവതരിപ്പിക്കാൻ കഴിയുന്ന തരത്തിൽ പ്രവാസി സമൂഹത്തിന് സംഭാവന നൽകാൻ കഴിയും. കലാകാര·ാർക്ക് ഇത് സ്വയം ചെയ്യാൻ കഴിയില്ല. ഇത് നല്ല രീതിയിൽ നടത്തുന്നതിന് പരിശീലനം ലഭിച്ച മികവു തെളിയിച്ച കൾച്ചറൽ അംബാസഡർമാരെ നമുക്ക് ആവശ്യമുണ്ട്. കലയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും തികഞ്ഞ മൂല്യത്തോടെ മാർക്കറ്റ് ചെയ്യാനും കഴിഞ്ഞാൽ ലോകസമൂഹത്തിൽ പ്രവാസി മലയാളിയുടെ സ്ഥാനവും കേരളത്തിന്റെ സ്ഥാനവും കൂടുതൽ മെച്ചപ്പെടും.
കേംബ്രിഡ്ജ് പോലുള്ള പല സർവകലാശാലകളിലും ധാരാളം ഇന്ത്യൻ ഭാഷകൾ പാഠ്യവിഷയമാണെങ്കിലും അവയിലൊന്നായി സ്ഥാനം പിടിക്കാൻ മലയാളത്തിന് കഴിഞ്ഞിട്ടില്ല. കേംബ്രിഡ്ജിൽ മലയാളം പാഠ്യവിഷയമാക്കുന്നതിനുള്ള പ്രൊപ്പോസലുകളുണ്ട്. ഇത്തരം പ്രൊപ്പോസലുകൾ വിദേശ സർവകലാശാലകളുടെ രീതിക്ക് യോജിച്ച രീതിയിൽ തയാറാക്കി നൽകാനും വിദേശ സർവകലാശാലകളിൽ പാഠ്യവിഷയമാക്കാനും കഴിയണമെന്നും ശോഭന കൂട്ടിചേർത്തു.
അവർ ഒത്തിരുന്നു സംസാരിച്ചു; ആവശ്യങ്ങൾക്ക് ആദ്യരൂപമായി
ഒന്നാം ലോകകേരള സഭയുടെ ആദ്യദിനംതന്നെ അവർ ഒത്തൊരുമിച്ചിരുന്ന് ആവശ്യങ്ങൾ സംസാരിച്ചു. രാജ്യത്തിനകത്തും പുറത്തും പ്രവാസികൾ നേരിടുന്ന കഷ്ടനഷ്ടങ്ങൾക്കുള്ള പരിഹാര സാധ്യതകളും ആവശ്യങ്ങളും കേരളത്തിന്റെ വളർച്ചയ്ക്കുള്ള നിർദ്ദേശങ്ങൾക്കും അതോടെ കരട് രൂപമായി. പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങൾ, യൂറോപ്പും അമേരിക്കയും മറ്റു ലോകരാജ്യങ്ങൾ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി ഇരുന്നായിരുന്നു ചർച്ച.
ഉപസമ്മേളന നിർദ്ദേശങ്ങൾ അവതരിപ്പിച്ച ആസാദ് മൂപ്പൻ പ്രവാസികൾക്കായി മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി അവതരിപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. സംസ്ഥാന സർക്കാരും പ്രവാസികളും ഒരുപോലെ വിഹിതം അടയ്ക്കുന്ന തരത്തിലുള്ള പദ്ധതി ആവിഷ്കരിക്കാൻ സർക്കാർ തയാറാവണമെന്നായിരുന്നു അഭ്യർഥന. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിവരുന്നവരുടെ കണക്ക് തയാറാക്കണം. വിദേശത്ത് അപകടമരണം സംഭവിക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിക്കണം. വിദേശത്തു മരണമടയുന്ന മലയാളികളിൽ സാന്പത്തിക ഭദ്രതയില്ലാത്തവരുടെ മൃതദേഹങ്ങൾ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കണം. വിമാനത്താവളത്തിൽനിന്നും അവരുടെ വീടുവരെ അംബുലൻസ് സൗകര്യവും ഏർപ്പെടുത്തണം.60 വയസുകഴിഞ്ഞ പ്രവാസികൾക്കായി പെൻഷൻ പദ്ധതി നടപ്പാക്കണം. സംസ്ഥാനത്ത് മുതൽമുടക്കാൻ തയാറാവുന്ന സംരംഭകർക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തണം. സാധാരണ പ്രവാസികൾക്ക് വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും കിഫ്ബിയിൽ സൗകര്യമുണ്ടാകണം. കേരള ബാങ്ക്, പ്രവാസി നിക്ഷേപം സൗകര്യങ്ങൾ ഉപയോഗിച്ച് കേരളത്തിന്റെ സ്വന്തം വിമാനക്കന്പനി തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ പുനരാരംഭിക്കണം. തിരിച്ചുവരുന്ന പ്രവാസികളെ ഉൾപ്പെടുത്തി കുടുംബശ്രീയെപോലെ സഹകരണാടിസ്ഥാനത്തിൽ പുതിയ വ്യവസായകേന്ദ്രം തുടങ്ങണം. ആഗോള കുടിയേറ്റ നിയമത്തിലെ കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനും പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കാനും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം.
ഇഎസ്ഐ മാതൃകയിൽ പ്രവാസികൾക്കായി ഒരു ആശുപത്രിയെന്ന പശ്ചിമേഷ്യയുടെ സ്വപ്നമാണ് സി.വി. നാരായണൻ മുന്നോട്ടുവച്ചത്. കലാമണ്ഡലം മാതൃകയിൽ ഒരുകേന്ദ്രം വിദേശത്തെ പ്രവാസികുട്ടികൾക്കായി നിർമിക്കണം. കേരളത്തിലെ സ്കൂളുകളിൽ തങ്ങളുടെ കുട്ടികൾക്ക് പ്രവേശനം ലഭിക്കാൻ അവസരമുണ്ടാകണം. ജിസിസി രാജ്യങ്ങളിൽ നിയമസഹായ കേന്ദ്രങ്ങൾ ആരംഭിക്കണം. കേരളത്തിന്റെ തനതായ കലകളെ വിദേശങ്ങളിൽ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കണം. ഇന്ത്യയിൽനിന്ന് ഉദ്യോഗസ്ഥരോ മന്ത്രിമാരോ ഈ രാജ്യങ്ങളിൽ എത്തുന്പോൾ അവിടങ്ങളിലെ ജയിലുകളും സന്ദർശിക്കണം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സൗദി അറേബ്യ സന്ദർശിക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവച്ചു.
ടൂറിസം, ആയുർവേദ രംഗത്ത് ഏഷ്യയിലെ ഇതരരാജ്യങ്ങളിലുള്ള അനന്തമായ സാധ്യതകളാണ് ഇവിടന്നുള്ളവർ ചൂിക്കാട്ടിയത്. ഇവയുടെ പ്രചാരണത്തിനായി കൂടുതൽ നടപടികൾ വേണം. ഈ മേഖലയിലെ രാജ്യങ്ങളുമായി സാംസ്കാരിക വിനിമയവും ഉറപ്പാക്കണം. ജോലിതേടിവരുന്നവർക്ക് ഭാഷാ നൈപുണ്യം ഉറപ്പാക്കുന്നതിനായി പരിശീലന കേന്ദ്രങ്ങൾ വേണം. ക്രൗഡ് ഫിങ് രീതിയിൽ പ്രവാസികൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന തരത്തിലുള്ള കേരള ഫിങ് പദ്ധതി കൊണ്ടുവരണം. ഇതിന്റെ ചെലവഴിക്കൽ പരിശോധിക്കാൻ മേൽനോട്ട സമിതിയും ഉണ്ടാവണമെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാനത്തെ നദികളേയും കയലുകളേയും വൃത്തിയായി സൂക്ഷിക്കുന്നതിന് ഒരു പദ്ധതി തയാറാക്കിയാൽ അതിന് സാന്പത്തിക സഹായം നൽകാമെന്നായിരുന്നു യൂറോപ്പും അമേരിക്കയും വിഭാഗത്തിന്റെ വാഗ്ദാനം.പ്രവാസികളുടെ പ്രായമായ രക്ഷിതാകൾക്ക് സൗകര്യപ്രദമായ നിലയിലുള്ള താമസസൗകര്യം ഉറപ്പാക്കുന്ന നഴ്സിംഗ് ഹോമുകൾ സ്ഥാപിക്കണം. ആധാർ കാർഡുകൾക്കു പകരം ഒസി കാർഡുകൾ തിരിച്ചറിയൽ രേഖയായി സർക്കാർ അംഗീകരിക്കണം. അപ്പാർട്ട്മെന്റ് ഓണർഷിപ്പ് ആക്ട് നടപ്പിലാക്കണം. മലയാളം പഠിപ്പിക്കുന്നതിനും നൃത്തം പഠിപ്പിക്കുന്നതിനും ജർമനിയിൽ സ്കൂളുകൾ ആരംഭിക്കുക, തൊഴിൽരംഗത്ത് നൈപുണ്യവികസനത്തിന് പദ്ധതികൾ ഉണ്ടാവുക തുടങ്ങിയവ ഇവിടെനിന്നുള്ളവർ ഉന്നയിച്ചു.
ലോക രാജ്യങ്ങളിലെ മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് സമഗ്രമായ പരിഹാരം
ലോക രാജ്യങ്ങളിലെ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും കേരള സഭയുടെ ഭാഗമായ മറ്റു ലോക രാജ്യങ്ങളുടെ സെക്ഷനിൽ സജീവ ചർച്ചയായി. ഗൾഫ് മേഖലയിൽ നിന്നും തൊഴിൽ നഷ്ടപെട്ട് തിരികെ എത്തുന്ന മലയാളികൾക്ക് മറ്റു ലോക രാജ്യങ്ങളിൽ വൻ തൊഴിലവസരങ്ങൾ കാത്തിരിക്കുന്നതായി ലോകരാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട നിലയിൽ നടക്കുന്ന വംശീയ ആക്രമണങ്ങളെ ചെറുക്കുന്നതിന് ഗവണ്മെന്റിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണം. കൃഷിയിലും മീൻപിടിത്തത്തിലും മറ്റുരാജ്യങ്ങൾ ഇടപെടൽ നടത്തുന്നതുപോലെ നമ്മുടെ രാജ്യത്തിനും ഇടപെടൽ നടത്താൻ കഴിയണമെന്ന് നൈജീരിയൻ പ്രതിനിധി അഭിപ്രായപ്പെട്ടു. ഇന്ത്യൻ എംബസി ഇല്ലാത്ത ലോക രാജ്യങ്ങളിൽ ഒരു പ്രതിനിധിയെ നോർക്ക വഴി നിയമിക്കണമെന്ന് സെന്റ് ലൂസ്യ പ്രതിനിധിയുടെ അഭിപ്രായത്തോട് ഗവണ്മെന്റുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി ജി. സുധാകരൻ മറുപടി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിന് വളരെയധികം പ്രോത്സാഹനവും അവസരവുമുള്ള നമ്മുടെ സംസ്ഥാനത്തിലേക്ക് വിദേശ രാജ്യങ്ങളിലെ കുട്ടികൾക്ക് പഠനത്തിന് അവസരമൊരുക്കണം. ലോക രാജ്യങ്ങളിൽ സ്വദേശീയരായ വിദ്യാർഥികളിൽ നിന്നും മിനിമം ഫീസും പ്രവാസികളായ കുട്ടികളിൽ നിന്നും അമിത ഫീസും ഈടാക്കുന്നതിനെതിരെ നമ്മുടെ ഗവണ്മെന്റിന്റെ ശ്രദ്ധ പതിയണം.
മാതൃഭാക്ഷ പഠിക്കാൻ എല്ലാ പ്രവാസികൾക്കും ആഗ്രഹമുണ്ടങ്കിലും അതിനുള്ള അവസരം ലഭിക്കുന്നില്ല. മലയാളം മിഷന്റെ പ്രവർത്തനം മറ്റു ലോക രാജ്യങ്ങളിൽക്കൂടി വ്യാപിപ്പിക്കണമെന്ന പ്രതിനിധികളുടെ ആവശ്യത്തിന് സജീവ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് പറഞ്ഞു. ആയുർവേദ ഒൗഷധങ്ങൾ കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്കുള്ളതിനാൽ ഒൗഷധിയിലൂടെ ആയുർവേദ മരുന്നുകൾ ഇറക്കുമതി ചെയ്യണം. ആയുർവേദ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഗവണ്മെന്റ് കൂടുതൽ താത്പര്യമെടുക്കണം.
വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസ വീസയുടെ പേരിൽ വ്യാജ പത്രപരസ്യം നൽകി നിരവധി പേരെ കബളിപ്പിക്കുന്നതിനാൽ വ്യാജ പരസ്യങ്ങളെ നിയന്ത്രിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. വിദേശത്തേക്കുള്ള നഴ്സിംഗ് ജോലികൾക്കായി അമിത തുക ഈടാക്കുന്നതിനെതിരെ ഗവണ്മെന്റിന്റെ ഇടപെടൽ കാര്യക്ഷമമാക്കണം.
പ്രവാസികളായ മലയാളികളുടെ മാതാപിതാക്കൾ ഒറ്റപ്പെട്ടു പോകുന്നതിനാൽ അവർക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ വൃദ്ധസദനങ്ങൾ ഒരുക്കണമെന്ന പ്രതിനിധികളുടെ ആവശ്യത്തിന് സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യമായ ടാൻസാനിയയിൽ അവിടെയുള്ള തൊഴിലവസരങ്ങളെ കേരളം പ്രയോജനപ്പെടുത്തണമെന്ന് ടാൻസാനിയൻ പ്രതിനിധി ആവശ്യപ്പെട്ടു. ഓസ്ട്രേലിയ, കെനിയ, മോസ്കോ, നൈജീരിയ, മെൽബണ്‍, ട്രാൻസാനിയ, ന്യൂസിലൻഡ്, കരീബിയയിലെ സെന്റ് ലൂസിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. മന്ത്രിമാരായ ജി. സുധാകരൻ, ജി. രവീന്ദ്രനാഥ്, എംപിമാരായ സി.പി. നാരായണൻ, കെ.കെ. രാഗേഷ്, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവർ പങ്കെടുത്തു.
ലോക കേരളസഭയിൽ കലാവിരുന്നായി ദൃശ്യാഷ്ടകം
ലോകകേരളസഭയോടനുബന്ധിച്ച് നിയമസഭാംഗങ്ങളുടെ ലോഞ്ചിൽ അവതരിപ്പിച്ച ദൃശ്യാഷ്ടകം മികച്ച ദൃശ്യവിരുന്നായി. കേരളത്തിലെ എട്ടു ജില്ലകളിൽ നിന്നുള്ള എട്ടു വ്യത്യസ്ത കലാരൂപങ്ങൾ കോർത്തിണക്കിയാണ് ദൃശ്യാഷ്ടകം തയ്യാറാക്കിയത്. കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥികളും അഗസ്ത്യവനം ആദിവാസികലാകേന്ദ്രം പ്രവർത്തകരും നാടൻകലാകാര·ാരും ഉൾപ്പെട്ട സംഘം വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു.
കൂടിയാട്ടം, തെയ്യം, ചവിട്ടുനാടകം, മോഹിനിയാട്ടം, പടയണി, പൂപ്പടയാട്ടം, പുലികളി, ഒപ്പന എന്നിവയാണ് അവതരിപ്പിച്ചത്. ജയരാജ് വാര്യർ പരിപാടിയുടെ അവതാരകനായിരുന്നു. പ്രമോദ് പയ്യന്നൂരാണ് കലാപരിപാടികൾ സംവിധാനം ചെയ്തത്. എട്ടു ജില്ലകളിലെ സംസാരശൈലികൾ ജയരാജ്വാര്യർ അവതരിപ്പിച്ചു. ഇതോടൊപ്പം ലോകകേരളസഭയുടെ മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കാരവും നടന്നു. പ്രഭാവർമ്മ രചിച്ച മുദ്രാഗാനത്തിന് സംഗീതസംവിധായകൻ ശരത്താണ് ഈണം പകർന്നത്.
വിദേശത്ത് തൊഴിൽ തേടിപ്പോകുന്ന സ്ത്രീകൾക്ക് ബോധവൽക്കരണം അനിവാര്യം : രേവതി
വിദേശത്തേക്ക് തൊഴിൽ തേടിപ്പോകുന്ന സ്ത്രീകൾക്ക് മികച്ച രീതിയിൽ ബോധവൽക്കരണം അനിവാര്യമെന്ന് നടി രേവതി ലോക കേരളസഭയിൽ അഭിപ്രായപ്പെട്ടു. വിദ്യാസന്പന്നരുരേടേയും ഉയർന്ന രാഷ്ട്രീയ ബോധമുള്ളവരുടെയും നാടാണ് കേരളം. എന്നാൽ വിദേശങ്ങളിലേക്ക് തൊഴിൽ തേടിപൊകുന്ന സ്ത്രീജനങ്ങളുടെ സ്ഥിതി പരിതാപകരമാണ്. വ്യാജ റിക്രൂട്ടിംഗ് ഏജൻസികളാൽ കബളിപ്പിക്കപ്പെട്ട് തട്ടിപ്പിന് വിധേയരാകുന്ന സ്ത്രീകളെ കുവൈത്തിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. നഴ്സിംഗ്, വീട്ടുജോലി തുടങ്ങിയ വീസകളിൽ ജോലിതേടിപ്പോകുന്നവരാണ് ഇത്തരത്തിൽ തട്ടിപ്പിനിരയാകുന്നതിൽ ഭൂരിഭാഗവും. വിദേശജോലിയുടെ സാങ്കേതിക വശത്തെക്കുറിച്ചുള്ള പൂർണ്ണമായ അവബോധം നൽകാൻ ഗവണ്മെന്റ് മുൻകൈ എടുക്കണമെന്നും അവർ അഭ്യർഥിച്ചു.
ഗൾഫാർ മുഹമ്മദാലി
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താൻ കൂട്ടായ ശ്രമം വേണമെന്ന് ഗൾഫാർ മുഹമ്മദാലി ആവശ്യപ്പെട്ടു. സമയബന്ധിതമായ ഒരു സ്മാർട്ട് പദ്ധതി ഇതിനായി ഒരുക്കണം. ഖരമാലിന്യ സംസ്കരണ രംഗത്തും കൃത്യമായ നയപരിപാടി രൂപീകരിക്കണം. കേരള എന്ന ബ്രാന്റ് ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ മാത്രമാണ് കൂടുതലായി അറിയപ്പെടുന്നത്. മറ്റ് രാജ്യങ്ങളിലെ സർക്കാരുകളും കേരള ബ്രാന്റുമായി പരിചിതമാവാനുള്ള നടപടികളെടുക്കണം. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസന രംഗത്തും പ്രവാസികളുടെ സഹകരണം തേടാവുന്നതാണ്.
ഡോ. ഗീത ഗോപിനാഥ്
മറ്റു സംസ്ഥാനങ്ങൾക്കും അനുകരിക്കാവുന്ന മാതൃകയാണ് ലോക കേരള സഭ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള ശാസ്ത്ര സാങ്കേതികവിദ്യയിലെ മുന്നേറ്റം തൊഴിൽ സാധ്യത കുറയ്ക്കുന്നു. ഗൾഫിലെ പ്രതിസന്ധിയും യുഎസിന്റെ പുതിയ നയങ്ങളും തൊഴിൽ സാധ്യത കുറയ്ക്കുന്നു. സ്ത്രീകളുടെ തൊഴിൽരംഗത്തെ പങ്കാളിത്തം കുറയുന്നതും ചർച്ച ചെയ്യേണ്ടതാണ്. ഇത്തരം വെല്ലുവിളികൾ ഇനിയും വർധിക്കും. ഈ ചർച്ചകളിലൂടെ ഫലവത്തായ പ്രതിവിധികൾ ഉരുത്തിരിയണം ഡോ. ഗീത ഗോപിനാഥ് പറഞ്ഞു.
ഡോ. എം. അനിരുദ്ധൻ
ഇന്ത്യയിലെ കുട്ടികളിൽ വളർച്ചാഘട്ടത്തിൽ പോഷകാംശങ്ങളുടെ കുറവു മൂലമുള്ള പ്രശ്നങ്ങളുണ്ടാവുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ പഠനത്തിൽ ഇതു വ്യക്തമാക്കുന്നുണ്ട്. ഈ രംഗത്ത് പ്രവാസിയായ തനിക്ക് സംഭാവനകൾ നല്‍കാനാവുമെന്ന് ഗവേഷകനും വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ പറഞ്ഞു.
ഗോകുലം ഗോപാലൻ
പ്രവാസി നിക്ഷേപങ്ങൾ സംരക്ഷിക്കാനും പ്രവാസികളുടെ വ്യവസായങ്ങൾ സുഗമമായി പ്രവർത്തിക്കാനുമുള്ള സാഹചര്യം ഒരുക്കണം. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കണം
ബോസ് കൃഷ്ണമാചാരി
സംസ്ഥാനത്തെ കലാ സാംസ്കാരിക മേഖലയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണ്. ഈ നിക്ഷേപം സന്പദ് വ്യവസ്ഥയ്ക്ക് ഉണർവു പകരും. തൊഴിൽ വരുമാനസാധ്യത വർധിപ്പിക്കുകയും വാണിജ്യ നിക്ഷേപരംഗത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്കെത്തിക്കാനും കലാരംഗത്തെ നിക്ഷേപത്തിന് കഴിയും. മാതൃകാ സംസ്ഥാനമാവാൻ കേരളത്തിനും പ്രവാസികൾക്കും ഒന്നു ചേർന്നു പ്രവർത്തിക്കാമെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.
എ.വി. അനൂപ്
ഇന്ത്യയ്ക്കകത്തെ മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ നടപടികളെടുക്കണം. കലാ സാംസ്കാരിക രംഗത്ത് പ്രവാസികളുടെ സംഭാവനകൾ പ്രോത്സാഹിപ്പിക്കാനായി പ്രവാസി യുവജനോത്സവം നടത്താവുന്നതാണ്. ആയുർവേദരംഗത്തും ആയുർവേദ ടൂറിസം രംഗത്തും നിക്ഷേപം പ്രോത്സാഹിപ്പിക്കണം
നിലന്പൂർ ആയിഷ
പ്രവാസികളായ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളെടുക്കണമെന്ന് നിലന്പൂർ ആയിഷ പറഞ്ഞു. വിദേശത്ത് സ്ത്രീ തൊഴിലാളികൾക്ക് പലപ്പോഴും ശാരീരിക മാനസിക പീഡനം നേരിടേണ്ടി വരുന്നു. ഈ പ്രശ്നത്തിൽ ഫലപ്രദമായി ഇടപെടാനുള്ള നീക്കം ഉണ്ടാകണം.
റസൂൽ പൂക്കുട്ടി
കേരളത്തിലെ സർക്കാരും പ്രവാസികളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതായിരിക്കും ലോക കേരള സഭ. പ്രശസ്ത വ്യവസായിയായ യൂസഫലിയും ആടുജീവിതത്തിലെ കഥാനായകൻ നജീബും ലോക കേരളസഭയിൽ പ്രതിനിധികളാണ്. നജീബിനെപ്പോലുള്ള സാധാരണക്കാരുടെ പങ്കാളിത്തം ലോക കേരളസഭയിലെ ഓരോ തീരുമാനങ്ങളിലും ഉണ്ടാകും.
ആശ ശരത്
സ്കൂൾ പഠനത്തിനുശേഷം കല പ്രധാനവിഷയമായി പഠിക്കാനുള്ള സാഹചര്യം പ്രവാസിക്കില്ല. ഇതിനുള്ള സംവിധാനം വേണം. ഇതിനായി കേരളത്തിലെ വിവിധ സർവകലാശാലകളുടെ സെന്ററുകൾ വിദേശത്ത് ആരംഭിക്കണം. റിക്രൂട്ട്മെന്റ് എജൻസികളുടെ ചതിയിൽ പെട്ട് വിദേശത്തെത്തുന്ന സ്ത്രീകൾ എറെയുണ്ട്. പ്രവാസികളുടെ തൊഴിൽസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരെ സമീപിക്കണം എന്നതിൽ വിദേശത്തേക്ക് പോകുന്നവർക്ക് ബോധവത്കരണം നൽകേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ശശികുമാർ
മലയാളി പ്രവാസികളുടെ സാന്പത്തിക നിക്ഷേപം മാത്രമല്ല, സാമൂഹ്യ, സാംസ്കാരിക നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കണം. പ്രവാസികളുടെ പുതിയ തലമുറയ്ക്ക് മലയാള ഭാഷ അന്യമാണ്. ഇത്തരമൊരു തലമുറയ്ക്ക് നാടിനോടും സംസ്കാരത്തോടുമുള്ള അടുപ്പം തോന്നാൻ എന്തു ചെയ്യാമെന്നപരിശോധിക്കണം.
പ്രഫ. എ.എം. മത്തായി
സംസ്ഥാനത്ത് ആരംഭിച്ച അന്താരാഷ്ട്ര നിലവാരമുള്ള സെന്റർ ഫോർ മാത്തമറ്റിക്കൽ സയൻസ് കാര്യക്ഷമമായി നോക്കിനടത്താനുള്ള സാഹചര്യം സൃഷ്ടിക്കണം
പ്രിയ പിള്ള
തീരുമാനം കൈക്കൊളളുന്നതിൽ കൂടുതൽ ജനപ്രാതിനിധ്യം ഉറപ്പു വരുത്തുന്ന സംവിധാനമാണ് ലോക കേരള സഭയുടെ രൂപീകരണത്തിലൂടെ നടന്നത്. സാമൂഹ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ സഭ അനുഭാവപൂർവം കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയ പിള്ള പറഞ്ഞു.
ബെന്യാമിൻ
ലോകമെന്പാടും ജനാധിപത്യം പുതിയ വികസന മാതൃക കൈവരിക്കുന്ന ഈ ഘട്ടത്തിൽ മലയാളികളെ ഉൾപ്പെടുത്തി ലോക കേരള സഭ രൂപീകരിച്ചത് സ്തുത്യർഹമാണ്. പെണ് പ്രവാസം സംബന്ധിച്ച പ്രശ്നങ്ങൾ കൂടുതൽ ഗൗരവതരമായി സഭയിൽ ചർച്ച ചെയ്യപ്പെടണം. സഭയിലെ പ്രവാസികളുടെ പ്രാതിനിധ്യ സ്വഭാവം കൂടുതൽ കൃത്യമാക്കണം. പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ ക്രിയാത്മകമായ പരിപാടികൾ ആസൂത്രണം ചെയ്യണം. പ്രവാസി സ്വത്ത് അന്യാധീനപ്പെടാതിരിക്കാൻ നിയമപരിരക്ഷ വേണം.
അന്താരാഷ്ട്ര പ്രശസ്തരായ എട്ട് ശാസ്ത്രജ്ഞർ ഓപ്പണ്‍ ഫോറത്തിൽ
ലോക കേരള സഭയിൽ 13 ന് രാവിലെ യൂണിവേഴ്സിറ്റി കോളജ് അങ്കണത്തിൽ ശാസ്ത്രജ്ഞർക്കൊപ്പം ഓപ്പണ്‍ ഫോറത്തിൽ ഡോ. എം.എസ് സ്വാമിനാഥനടക്കമുള്ള പ്രഗത്ഭരാണ് പങ്കെടുക്കുന്നത്. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണ്‍ ചിന്ത ജെറോം അധ്യക്ഷത വഹിക്കും. വെങ്കിടേഷ് രാമകൃഷ്ണൻ മോഡറേറ്ററാവും. ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ മുൻ ഡയറക്ടർ ജനറലും ഹരിത വിപ്ളവത്തിന്റെ ഉപജ്ഞാതാവുമായ ഡോ. എം.എസ്. സ്വാമിനാഥനു പുറമെ പ്രഫ. എ.ഗോപാലകൃഷ്ണൻ, പ്രഫ. ജോർജ് ഗീവർഗീസ് ജോസഫ്, പ്രഫ എ.എം. മത്തായി, പ്രഫ. പ്രദീപ് തലാപ്പിൽ, പ്രഫ. സത്യഭാമാദാസ് ബിജു, പ്രഫ. പ്രഹ്ലാദ് വടക്കേപ്പാട്ട്, പ്രഫ. എം.ജി. ശാർങ്ഗധരൻ എന്നിവർ പങ്കെടുക്കും. യൂണിവേഴ്സിറ്റി കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജി. സന്തോഷ്കുമാർ, സംസ്ഥാന യുവജനകമ്മീഷൻ സെക്രട്ടറി ജോക്കോസ് പണിക്കർ തുടങ്ങിയവർ സംസാരിക്കും.
സംസ്ഥാനത്തെ സെന്റർ ഫോർ മാത്തമറ്റിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് ഡയറക്ടർ പ്രഫ. എ.എം. മത്തായി ഇന്ത്യൻ മാത്തമറ്റിക്കൽ സൊസൈറ്റി പ്രസിഡന്റും സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാനുമാണ്. കാനഡ മോണ്ട്റിയൽ മക്ഗിൽ സർവകലാശാല എമിരേറ്റ്സ് പ്രഫസറായ ഇദ്ദേഹം മാത്തമറ്റികൽ ആൻഡ് അപ്ളൈഡ് സ്റ്റാറ്റിസ്റ്റിക്സിലും മാത്തമറ്റിക്കൽ ആസ്ട്രോ ഫിസിക്സിലും വിദഗ്ധനാണ്. ന്യുക്ളിയർ ഫിസിക്സ് ശാസ്ത്രജ്ഞനായ പ്രഫ. എ. ഗോപാലകൃഷ്ണൻ അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ മുൻ ചെയർമാനാണ്. ന്യുക്ലിയർ സുരക്ഷയെക്കുറിച്ചുള്ള അന്താരാഷ്ട്ര കണ്‍വൻഷന്റെ ഐഎഇഎ കമ്മിറ്റിയുടെ മുൻ ചെയർമാനാണദ്ദേഹം.
റോബോട്ടിക്സ്, ഹ്യുമനോയിഡ്സ്, ബയോമോർഫിക് റോബോട്ട്സ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധനായ പ്രഫ. പ്രഹ്ളാദ് വടക്കേപ്പാട്ട് ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ റോബോട്ട് സോക്കർ അസോസിയേഷൻ (ഫിറ)യുടെ സ്ഥാപകനും ജനറൽ സെക്രട്ടറിയും സിംഗപുർ നാഷണൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമാണദ്ദേഹം.
ഗണിതചരിത്രത്തിൽ അഗ്രഗണ്യനായ പ്രഫ. ജോർജ് ഗീവർഗീസ് ജോസഫ് മാഞ്ചസ്റ്റർ സർവകലാശാലയിലെ സ്കൂൾ ഓഫ് എഡ്യുക്കേഷനിലെയും കാനഡയിലെ മക് മാസ്റ്റർ സർവകലാശാലയിലെയും അധ്യാപകനാണ്.
മോളിക്യുലർ കെമിസ്ട്രി, നാനോസ്കെയിൽ മെറ്റീരിയൽസ്, നാനോ സയൻസ് ആൻഡ് നാനോടെക്നോളജി എന്നിവയിൽ വിദഗ്ധനായ പ്രഫ. പ്രദീപ് തലാപ്പിൽ മദ്രാസ് ഐഐടിയിലെ രസതന്ത്രവിഭാഗം അധ്യാപകനാണ്.
ഉഭയജീവികളുടെ സംരക്ഷണത്തിൽ ഗവേഷണം നടത്തിയിട്ടുള്ള പ്രഫ. സത്യഭാമ ദാസ് ബിജു ഈ രംഗത്ത് പ്രഗത്ഭനും ഡൽഹി സർവകലാശാല പരിസ്ഥിതിപഠനവിഭാഗത്തിലെ സിസ്റ്റമാറ്റിക് ലാബ് മേധാവിയുമാണ്. പ്രഫ. എം.ജി. ശാർങ്ഗധരൻ പ്രശസ്ത വൈറോളജിസ്റ്റ് (യുഎസ്എ) ആണ്.
|
കെനിയൻ അണ്ടർ 19 ക്രിക്കറ്റ് വേൾഡ് കപ്പ് ടീമിൽ പത്ത് ഇന്ത്യക്കാർ
നെയ്റോബി: അണ്ടർ 19 ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള കെനിയൻ ടീമിൽ പത്ത് ഇന്ത്യക്കാർ. 15 അംഗ ടീമിൽ പത്തു പേരും ഇന്ത്യൻ വംശജരാണ്. ഇവരിൽ രണ്ടു പേർ മലയാളികളുമാണ്.
കേരള അസോസിയേഷൻ ഓഫ് കെനിയയുടെ മുൻ ചെയർമാൻ ചിദംബരം സുബ്രമണ്യന്റെ മകൻ അഭിഷേക്, കേരള അസോസിയേഷൻ ഓഫ് കെനിയയുടെ സീനിയർ അംഗം പ്രദീപ് വാസുദേവന്റെ മകൻ സിദ്ധാർഥ് എന്നിവരാണ് കെനിയൻ നാഷണൽ ടീമിൽ സ്ഥാനം പിടിച്ച മലയാളികൾ.
ടീമിൽ ഇടംനേടിയ കളിക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും കേരള അസോസിയേഷൻ ഓഫ് കെനിയയുടെ ചെയർലേഡി റോഷിനി ഷാജഹാനും മറ്റു ഭാരവാഹികളും അഭിനന്ദിച്ചു.
|
കോട്ടയം സ്വദേശിനി ഷെറിൻ മാനുവേലിന് ദക്ഷിണാഫ്രിക്കയിൽ ഉന്നത വിജയം
ഈസ്റ്റ്ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ ഈ വർഷം നടന്ന സീനിയർ സെക്കൻഡറി പരീക്ഷയിൽ ഈസ്റ്റേണ്‍ കേപ്പ് പ്രവിശ്യയിൽപെട്ട ഈസ്റ്റ്ലണ്ടനിൽ നിന്നും കോട്ടയം സ്വദേശിനിയായ ഷെറിൻ മാനുവേൽ ഒന്നാം സ്ഥാനത്തോടെ വിജയിച്ചു. ഈസ്റ്റ്ലണ്ടനിൽ നടന്ന ചടങ്ങിൽ പ്രിമിയറും വിദ്യാഭ്യാസ മന്ത്രിയും ചേർന്നു സ്കോളർഷിപ്പ് അവാർഡും ട്രോഫിയും സമ്മാനിച്ചു.
യുണിവേഴ്സിറ്റി ഓഫ് കേപ്ടൗണിൽ വൈദ്യശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ചേരുന്ന ഷെറിന്റെ വിദ്യാഭ്യാസ ചെലവുകൾ വിദ്യാഭ്യാസ വകുപ്പാണ് വഹിക്കുന്നത്.
ക്ലാരിങ്ങ്ടൻ ഹൈസ്കൂൾ വിദ്യാർഥിനിയായ ഷെറിൻ, കാഞ്ഞിരപ്പള്ളി പൊടിമറ്റം പാലയ്ക്കൽ കുടുംബാംഗമായ സുനിൽ മാനുവേലിന്റേയും രാജിയുടെയും മകളാണ്. സഹോദരൻ: ഷെയിൻ. സുനിലും രാജിയും ഈസ്റ്റ്ലണ്ടനിലുള്ള വിവിധ സീനിയർ സെക്കൻഡറി സ്കൂളുകളിൽ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ് ആയും സീനിയർ ടീച്ചറായും പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: കെ.ജെ. ജോണ്‍
|
സിബി ഗോപാലകൃഷ്ണൻ ലോക കേരള സഭയിലേക്ക്
സെന്റ് ലൂസിയ (വെസ്റ്റ് ഇൻഡീസ്) : കേരളത്തിന്റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാൻ സ്ഥിരം വേദിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപം കൊടുക്കുന്ന ലോക കേരള സഭയിലേക്ക് സെന്റ് ലൂസിയയിൽ നിന്ന് സിബി ഗോപാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു.
ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്താണ് ലോക കേരള സഭ രൂപീകരണ പ്രഥമ സമ്മേളനം നടക്കുക.
കരുനാഗപ്പള്ളി സ്വദേശിയായ സിബി വെസ്റ്റ് ഇൻഡീസിലെ സെന്റ് ലൂസിയയിൽ ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിനിൽ പബ്ലിക് റിലേഷൻസ് ഡയറക്ടർ ആയി ജോലി നോക്കുന്നു. വെസ്റ്റ് ഇൻഡീസ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളി സംഘടനകൾ ഉൾപ്പെടെ കരീബിയനിലെ മറ്റു സാമൂഹിക സേവന സംഘടനകളിലും പ്രവർത്തിക്കുന്നു. സെയിന്റ് ലൂസിയയിൽ ഭാര്യ ഡോ: രജനിക്കും മകൻ ഒമാറിനുമൊപ്പമാണ് താമസം.
ലോക കേരള സഭയുടെ അംഗബലം 351 ആയിരിക്കും. കേരള നിയമസഭയിലെ മുഴുവൻ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങളും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയും ഉൾപ്പെടെ 173 പേർ ഒഴികെയുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. ഓരോ സംസ്ഥാനത്തേയും രാജ്യത്തേയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിത്യം, നിർദേശിക്കപ്പെടുന്നവർ പൊതു സമൂഹത്തിനു നൽകിയ സംഭാവനകൾ എന്നിവ പരിഗണിച്ചാവും സഭാംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്യുക. ഇന്ത്യൻ പൗര·ാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ സംസ്ഥാന സർക്കാർ നാമനിർദശം ചെയ്യും. ഇതിൽ 42 പേർ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും നൂറുപേർ പുറം രാജ്യങ്ങളിൽ നിന്നും ആയിരിക്കും. പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയ ആറുപേരും വിവിധ മേഖലകളിൽ നിന്നുള്ള 30 പ്രമുഖ വ്യക്തികളും സഭവിലുണ്ടാവും. വെസ്റ്റ് ഏഷ്യ 40, മറ്റു ഏഷ്യൻ രാജ്യങ്ങൾ 20, അമേരിക്കൻ വൻകരകൾ 10, യൂറോപ്പ് 15, ഇതര രാജ്യങ്ങൾ 15 എന്നിങ്ങനെയാണ് ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള പ്രാതിനിധ്യം.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
|
ദക്ഷിണാഫ്രിക്കയിൽ ട്രെയിൻ അപകടം; 12 മരണം, 260 പേർക്കു പരിക്ക്
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ട്രെയിൻ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 260 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ഗതാഗതമന്ത്രി ജോ മാസ്വൻഗയി പറഞ്ഞു. ലോക്കോ പൈലറ്റിന്റെ പിഴവാണ് അപകടത്തിലേക്കു നയിച്ചതെന്നാണു സൂചന.
ജൊഹാനസ്ബർഗിൽനിന്നു പോർട്ട് എലിസബത്തിലേക്കു പോയ ട്രെയിനാണ് ഹെന്നെർമാനും ക്രൂണ്സ്റ്റാൻഡിനും മധ്യേ അപകടത്തിൽപ്പെട്ടത്. 429 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. കൂട്ടിയിടിയെ തുടർന്ന് ട്രെയിൻ കന്പാർട്ട്മെന്റുകൾ വേർപെട്ടു തീപിടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലോക്കോ പൈലറ്റിനും ഇയാളുടെ സഹായിക്കും അപകടത്തിൽ പരിക്കേറ്റു. ട്രക്ക് ഡ്രൈവർ സുരക്ഷിതനാണ്. അപകടത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
|
പള്ളിയിൽപ്പോയി മടങ്ങിയ 14 പേരെ നൈജീരിയയിൽ കൊലപ്പെടുത്തി
അബുജ: നൈജീരിയയിൽ പുതുവത്സര ശുശ്രൂഷയ്ക്കുശേഷം പള്ളിയിൽനിന്നു മടങ്ങിയവർക്കു നേർക്ക് തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 12 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റിവേർസ് സംസ്ഥാനത്തെ ഒമോകു നഗരത്തിലാണു സംഭവം. 14 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
അക്രമികളെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടങ്ങിയതായി പോലീസ് അറിയിച്ചു. എണ്ണസന്പന്നമാണെങ്കിലും കടുത്ത ദാരിദ്ര്യം നേരിടുന്ന രാജ്യമാണ് നൈജീരിയ. നിരവധി ക്രിമിനൽ സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുമുണ്ട്.
|
ആഫ്രിക്കൻ ഫുട്ബോൾ ഇതിഹാസം ജോർജ് വിയ ലൈബീരിയൻ പ്രസിഡന്റ്
മണ്‍റോവിയ: ആഫ്രിക്കൻ ഫുട്ബോൾ ഇതിഹാസം ജോർജ് വിയ ലൈബീരിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബാലണ്‍ ഡി ഓർ പുരസ്കാര ജേതാവായ വിയ, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ജോസഫ് ബോകായിയെ പരാജയപ്പെടുത്തി.
ആകെയുള്ള 15 പ്രവിശ്യകളിൽ 13 എണ്ണത്തിലും വിജയിച്ചാണ് വിയ ലൈബീരിയയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. എലൻ ജോണ്സണ് സർലീഫിനു ശേഷം സ്ഥാനമേറ്റെടുക്കുന്ന വിയ, ലൈബീരിയയുടെ ഇരുപത്തഞ്ചാമത് പ്രസിഡന്റാണ്. 2011ൽ വിയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ സ്ഥാനം അകന്നുപോയി.
മുന്ന് തവണ ആഫ്രിക്കൻ പ്ലെയർ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട ഫിഫയുടെ വേൾഡ് പ്ലെയർ ഓഫ് ദി ഇയറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസിമിലാൻ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബുകൾക്കു വേണ്ടിയും വിയ കളിച്ചിട്ടുണ്ട്.
|
മഹാത്മാ പ്രീമിയർ ലീഗ് സീസണ് 5 ക്രിക്കറ്റ് ടൂർണമെന്റിൽ സൗത്ത് ബീച്ച് സ്മാഷേഴ്സ് ജേതാക്കൾ
മോണ്‍റോവിയ : മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മാ പ്രീമിയർ ലീഗ് സീസണ് 5 ക്രിക്കറ്റ് ടൂർണമെന്റിൽ റൈസിങ് സ്റ്റാർ മോണ്റോവിയയെ പരാജയപ്പെടുത്തിക്കൊണ്ടു സൗത്ത് ബീച്ച് സ്മാഷേഴ്സ് ജേതാക്കളായി.
ആദ്യം ബാറ്റ് ചെയ്തു 12 ഓവറിൽ റൈസിംഗ് സ്റ്റാർസ് ഉയർത്തിയ 109 എന്ന വലിയ സ്കോർ 2 ബോൾ ബാക്കി നിൽക്കെ സൗത്ത് ബീച് സ്മാഷേഴ്സ് മറികടന്നു. പുറത്താകാതെ 31 റണ്‍സും 2 വിക്കറ്റും എടുത്ത ഫിജി ജെയിംസിനെ ഫൈനലിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.വിജയികൾക്ക് സംഘടനയുടെ സീനിയർ അംഗമായ ജേക്കബ് യേശുദാസ് ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.
റിപ്പോർട്ട്: മേജോ ജോസഫ്
|
മുഗാബെ വൈദ്യപരിശോധനയ്ക്കായി സിംഗപ്പൂരിൽ
സിംഗപ്പൂർ: സിംബാബ്വെ പ്രസിഡന്റ് പദം രാജിവച്ച റോബർട്ട് മുഗാബെ (93) വൈദ്യ പരിശോധനകൾക്ക് വേണ്ടി സിംഗപ്പൂരിലെത്തി. കഴിഞ്ഞമാസം പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ശേഷം മുഗാബെ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്.
സിംബാബ്വെയിൽ 37 വർഷം ഏകാധിപത്യ ഭരണം നടത്തിയ മുഗാബെ ഭരണകക്ഷിയായ സാനുപിഎഫ് പാർട്ടിയും സൈന്യവും എതിരായതോടെ പ്രസിഡന്റ് പദം ഒഴിയുകയായിരുന്നു. മുഗാബെയും ഭാര്യ ഗ്രെയ്സും പിന്നീടു പൊതുവേദിയിൽ വന്നിരുന്നില്ല.
|
ചാവേർആക്രമണം; മൊഗാദിഷുവിൽ 18 മരണം
മൊഗാദിഷു: സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ പോലീസ് അക്കാദമിയിൽ ചാവേർ ഭടൻ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പോലീസ് യൂണിഫോമിലാണ് അക്രമി എത്തിയത്. പരിക്കേറ്റ ഓഫീസർമാരിൽ ചിലരുടെ നില ഗുരുതരമാണെന്നു കേണൽ മുഹമ്മദ് ഏഡൻ പറഞ്ഞു. സോമാലിയ പോലീസ് ദിനാഘോഷത്തിനായി റിഹേഴ്സൽ നടത്തിയ പോലീസ് ഓഫീസർമാരെയാണ് അക്രമി ലക്ഷ്യമിട്ടത്.
റിഹേഴ്സൽ പരേഡിനു ക്യൂ നിന്ന പോലീസുകാരുടെ കൂട്ടത്തിൽ ചെന്നു നിന്നാണ് സ്ഫോടനം നടത്തിയത്. ആക്രമണത്തിൻറെ ഉത്തരവാദിത്വം അൽഷബാബ് ഭീകര ഗ്രൂപ്പ് ഏറ്റെടുത്തു. അൽക്വയ്ദയുമായി ബന്ധമുള്ള ഈ ഗ്രൂപ്പ് സോമാലിയയിലും സമീപ രാജ്യങ്ങളിലും ഇതിനകം നിരവധി ആക്രമണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ യുഎസ് ഡ്രോണുകൾ അൽഷബാബിനെ ലക്ഷ്യമിട്ട് 32 ആക്രമണങ്ങൾ നടത്തി.
|
ഡിആർ കോംഗോയിൽ വിമത ആക്രമണം; 14 യുഎൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ടു
കിൻഷാസ: ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിൽ (ഡിആർ കോംഗോ) വിമതരുടെ ആക്രമണത്തിൽ 14 ഐക്യരാഷ്ട്രസഭ സമാധാന സേനാംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം റവാണ്ടയുടേയും ഉഗാണ്ടയുടേയും അതിർത്തി പ്രദേശമായ വടക്കൻ കിവു പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ഡിആർ കോംഗോ ജനാധിപത്യ സഖ്യ സൈന്യം(എഡിഎഫ്) നടത്തിയ ആക്രമണത്തിൽ അഞ്ച് ഡിആർ കോംഗോ സൈനികരും കൊല്ലപ്പെട്ടു.
|
ഉഹ്റു കെനിയാത്ത കെനിയൻ പ്രസിഡന്റ്
നയ്റോബി: കെനിയയുടെ പ്രസിഡന്റായി ഉഹ്റു കെനിയാത്ത അധികാരമേറ്റെടുത്തു. രാജ്യ തലസ്ഥാനമായ നെയ്റോബിയിൽ നടന്ന ചടങ്ങിലാണ് കെനിയാത്ത അധികാരമേറ്റെടുത്തത്. അമ്പത്തിയഞ്ചുകാരനായ കെനിയാത്ത ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 98 ശതമാനം വോട്ടും സ്വന്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ 38 ശതമാനം ആളുകൾ മാത്രമാണ് വോട്ടു ചെയ്തത്. 19.6 ദശലക്ഷം വോട്ടർമാരിൽ 7.6 ദശലക്ഷം പേർ മാത്രം സമ്മതിദാന അവകാശം വിനയോഗിച്ചു.
തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. മത്സരരംഗത്തുനിന്ന് പ്രതിപക്ഷ സ്ഥാനാർഥി റയ്ല ഒഡിംഗ് പിൻമാറുകയും ചെയ്തിരുന്നു. പ്രതിപക്ഷ റാലിയിൽ രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. പോലീസ് നടപടിയിലാണ് രണ്ടു പേർ മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കെനിയയുടെ സ്ഥാപകനും ആദ്യ പ്രസിഡന്റുമായ ജോമോ കെനിയാത്തയുടെ മകനായ ഉഹ്റു കെനിയാത്ത 2007ലെ കാലാപത്തിന്റെ പേരില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയില്‍ കേസ് നേരിടുന്നയാളാണ്. സുഡാനുശേഷം രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേടിരുന്ന പ്രസിഡന്റുള്ള ആഫ്രിക്കന്‍ രാജ്യമെന്ന ഖ്യാതിയും ഇതോടെ കെനിയയ്ക്കുണ്ടായി. കെനിയയിലെ ഏറ്റവും വലിയ സമ്പന്നന് കൂടിയാണ് ഇദ്ദേഹം.
|
നൈജീരിയയിൽ ചാവേർ ആക്രമണം; 50 പേർ കൊല്ലപ്പെട്ടു
അബൂജ: നൈജീരിയയിൽ ചാവേർ ബോംബ് ആക്രമണത്തിൽ 50 പേർ മരിച്ചു. നൈജീരിയയുടെ കിഴക്കൻ സ്റ്റേറ്റായ അഡമാവയിലെ മുബിയിലായിരുന്നു സംഭവം. മുസ്ലിം പള്ളിയുടെ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പള്ളിയിൽ പ്രാർഥന നടക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. എന്നാൽ ബൊക്കോ ഹറാം ആണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്.
|
സിംബാബ്വെയിൽ ഇന്ത്യക്കാർ സുരക്ഷിതർ
ഹരാരേ: സൈനിക അട്ടിമറി നടന്ന സിംബാബ്വെയിൽ ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഹരാരെ ശാന്തമാണ്. ഇന്ത്യക്കാർ സുരക്ഷിതരാണ്. ആശങ്ക വേണ്ടെന്ന് എംബസി ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. സിംബാബ്വെയിൽ അഞ്ഞൂറോളം ഇന്ത്യക്കാരുള്ളതായാണ് എംബസി നൽകുന്ന വിവരം.
സിംബാബ്വേയിൽ 37 വർഷമായി ഭരിക്കുന്ന പ്രസിഡന്റ് റോബർട്ട് മുഗാബെയെ സൈന്യം പുറത്താക്കിയതായാണ് വിവരം. മുൻ വൈസ് പ്രസിഡന്റ് എമേഴ്സൺ എംനൻഗാഗ്വ ഇടക്കാല പ്രസിഡന്റാകുമെന്നാണ് സൂചന. മുഗാബെയും കുടുംബാംഗങ്ങളും തടവിലായി. ഭാര്യ ഗ്രേസിനെ ദക്ഷിണാഫ്രി ക്കയിലേക്കു സുരക്ഷിതമായി അയച്ചെന്നാണു റിപ്പോർട്ട്.
|
കലാമണ്ഡലം ടാൻസാനിയ കേരളപിറവി ആഘോഷിച്ചു
ദാർസലാം: ടാൻസാനിയയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കലാമണ്ഡലം ടാൻസാനിയ വിവിധ പരിപാടികളോടെ കേരളപിറവി ആഘോഷിച്ചു. നവംബർ അഞ്ചിന് ദാർസലാമിലെ പട്ടേൽ സമാജ് ഹാളിൽ നടന്ന പരിപാടിയിൽ കേരളത്തിന്റെ ചരിത്രവും സംസ്കാരവും കൃഷിയും ശീലങ്ങളുമെല്ലാം പുതു തലമുറക്കായി കാഴ്ചവയ്ക്കുന്ന പ്രദർശനം ഹാളിനു പുറത്തു ഒരുക്കിയാണ് കലാമണ്ഡലം ഏവരെയും സ്വാഗതം ചെയ്തത്. കേരളത്തിന്റെ തനതായ കാർഷിക വിഭവങ്ങളും ആയുർവേദവും ഒൗഷധചെടികളും മത സാമൂഹിക ആചാരങ്ങളും എല്ലാവർക്കും ഒരു പുത്തൻ ദൃശ്യാനുഭവമായി.
കേരളത്തിൽ നിന്നും നടൻ പാട്ടുകളായി ആദ്യമായി ആഫ്രിക്കൻ കരയിലെത്തിയ താവം ഗ്രാമ വേദി അവതരിപ്പിച്ച ന്ധനാട്ടറിവ് പാട്ടുകൾ’’ഈ വർഷത്തെ കേരളപിറവി ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായിരുന്നു.
ആഫ്രിക്കയിലെ മലയാളി സങ്കടനകളുടെ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നുള്ള നാടൻപാട്ടു കലാകാര·ാരുടെ സാന്നിധ്യവും ഏവർക്കും പുതുമ സമ്മാനിച്ചു.
റിപ്പോർട്ട്: മനോജ് കുമാർ
|
മൊറോക്കോയിലെ കഫേയിൽ വെടിവയ്പ്: ഒരാൾ കൊല്ലപ്പെട്ടു
റബാത്: മൊറോക്കോയിലെ മറക്കേഷ് നഗരത്തിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നഗരത്തിലെ കഫേയിൽ കടന്നുചെന്ന രണ്ടു അക്രമികൾ പ്രകോപനം കൂടാതെ വെടിയുതിർക്കുകയായിരുന്നു. അക്രമികൾ മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടു. പോലീസ് അന്വേഷണം തുടങ്ങി. അക്രമത്തിന്റെ പിന്നിലെ കാരണം അറിവായിട്ടില്ല.
|
കോംഗോയിൽ വിമതരുടെ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
ബെനി: മധ്യആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ആയുധമേന്തിയ ഉഗാണ്ടൻ വിമതർ ആക്രമണം നടത്തി. വടക്കൻ കിവു പ്രവിശ്യയിലെ ബെനി നഗരത്തിലാണ് ആക്രമണമുണ്ടായത്. ഇതേത്തുടർന്നു വിമതരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി നിക്കി ഹാലി വടക്കൻ കിവുവിലെ ഗോമയിൽ രാവിലെ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. ഉഗാണ്ടന്‍ സര്‍ക്കാറിനെതിരെ പോരാട്ടം നടത്തുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്(എഡിഎഫ്) ആണ് നഗരം ആക്രമിച്ചത്. ഇതേത്തുടർന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ആളുകൾ നഗരം വിട്ടു.
ഒരാഴ്ച മുന്‍പ് മന്പു കമാൻഗോയിൽ എഡിഎഫ് വിമതർ നടത്തിയ ആക്രമണത്തിൽ രണ്ടു യുഎൻ സമാധാന പാലകർ അടക്കം 32 പേർ കൊല്ലപ്പെട്ടിരുന്നു. എഡിഎഫിനെതിരെ സൈന്യവും യുഎന്‍ സേനയും നടപടി ശക്തമാക്കിയിരുന്നു.
|
സൊമാലിയയിൽ ബോംബ് സ്ഫോടനം; മുപ്പതു പേർ കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഇരട്ട ബോംബ് ആക്രമണത്തിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൊഗാദിഷുവിലെ ഒരു ഹോട്ടലിനു മുന്നിലായിരുന്നു ആദ്യ സ്ഫോടനം ഉണ്ടായത്. ഹോട്ടലിന്റെ പ്രവേശന കവാടത്തിനു സമീപം സ്ഫോടക വസ്തുക്കൾ നിറച്ച ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഹോട്ടൽ തകർന്നുവീണു.
രണ്ടാം സ്ഫോടനം മദീന ജില്ലയിലായിരുന്നു. ഇവിടെ രണ്ടു പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
|
കെനിയയിൽ സ്കൂളിൽ വെടിവയ്പ്; അഞ്ച് വിദ്യാർഥികൾ കൊല്ലപ്പെട്ടു
നയ്റോബി: കെനിയയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ അഞ്ച് വിദ്യാർഥികളും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. തുർക്കാനയിലെ ലോക്കിച്ചോഗിയോയിലെ സെക്കൻഡറി സ്കൂളിലാണ് ആക്രമണം ഉണ്ടായത്. അച്ചടക്കനടപടിയെ തുടർന്ന് സ്കൂളിൽനിന്നും ഒരു മാസംമുമ്പ് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥിയായിരുന്നു ആക്രമണം നടത്തിയത്.
സ്കൂളിലെ ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ മൂന്നിനും നാലിനും ഇടയിലായിരുന്നു ആക്രമണം നടന്നത്. അക്രമിയും രണ്ട് കൂട്ടാളികളും ചേർന്ന് രണ്ട് വിദ്യാർഥിനികളെ മാനഭംഗത്തിന് ഇരയാക്കുകയും ചെയ്തു. വെടിവയ്പിൽ 18 വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നിലഗുരുതരമാണ്.
|
ലൈബീരിയ മഹാത്മാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അനാഥാലയങ്ങളിൽ സന്ദർശനം നടത്തി
മോണ്‍റോവിയ: ലൈബീരിയ മഹാത്മാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ
ഗാന്ധിജയന്തിയോടനുബന്ധിച്ചു ലൈബീരിയയുടെ വിവിധ ഭാഗങ്ങളിലുള്ള അനാഥാലയങ്ങളിൽ പര്യടനം നടത്തി. 150ഓളം കുട്ടികൾക്കുള്ള അനാഥാലയത്തിൽ ലൈബീരിയ മഹാത്മാ കൾച്ചറൽ സെന്ററിന്റെ അംഗങ്ങളിൽ നിന്നും ശേഖരിച്ച ഭക്ഷ്യ സാധനങ്ങളും, പഠനോപകരണങ്ങളും, സാന്പത്തിക സഹായവും നൽകി.
സംഘടനയുടെ പ്രസിഡന്റ് ബി. ഹരികുമാറിന്റെ നേതൃത്വത്തിൽ അജിത് കുമാർ,
രഞ്ജിത്ത് സുബ്രഹ്മണ്യൻ, ലിജു പാറേക്കാട്ടിൽ, മേജോ ജോസഫ്, റോഗ്ജൻ പീറ്റർ,
റോയി ജോസഫ്, ജിജോ ഫിലിപ്പ്, വിജി ജോയി, റെക്സ് രാജൻ, ശിവപ്രസാദ് എന്നിവരാണ് അനാഥാലയം സന്ദർശിച്ചത്.
റിപ്പോർട്ട്: മേജോ ജോസഫ്
|
നൈജീരിയയിലെ മൃഗശാലയിൽ വെടിവയ്പ്; മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു
എടോ: നൈജീരിയയിൽ മൃഗശാലയിൽ അക്രമം അഴിച്ചുവിട്ട തോക്കുധാരികൾ മൂന്നു പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം മൃഗശാലാ ഡയറക്ടറെ തട്ടിക്കൊണ്ടുപോയി. എടോ സംസ്ഥാനത്തെ ഒഗ്ബ മൃഗശാലയിലാണ് സംഭവം. മൃഗശാലാ ഡയറക്ടർ ആൻഡി ഇഹാനിരെയെയാണ് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്.
മൃഗശാലയിൽ ഇരുനൂറോളം സന്ദർശകരുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. അക്രമികളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു.
|