കോട്ടയം: വാട്ട്സ്ആപ്പില്‍ ഒരു മെസേജ് കാണാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നു പോകാറുണ്ടോ? ഇന്‍സ്റ്റഗ്രാമില്‍ ഒരു റീൽസ് എങ്കിലും കാണാതെ ഉറങ്ങാൻ പോകുന്ന യുവലോകം ഉണ്ടാകുമോ? പലപ്പോഴും യാതൊരു ഗുണമില്ലാത്തതും ഗൗരവമില്ലാത്തതുമായ തട്ടിക്കൂട്ട് തമാശകളിൽ തട്ടി ജീവിതം തീർക്കുകയാണ് പലരും. ഇതിനിടയിൽ ഒരു നിമിഷം ചിന്തിപ്പിക്കാൻ, മനസൊന്നു തണുപ്പിക്കാൻ ശ്രമിക്കുന്ന ചിലരുണ്ട്. കൂരിരുട്ടിൽ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ അതു നിരവധി പേരുടെ മനസിനെ പ്രകാശിപ്പിക്കുന്നു, ജീവിതത്തെ പ്രചോദിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ അങ്ങനെയുള്ള ഒരു ഉദ്യമമാണ് "മിന്നാമിനുങ്ങിന്റെ ചങ്ങായി'.
വെളിച്ചത്തിൽ നടക്കാം
ഒാരോ ദിവസത്തെയും പ്രയാണത്തിന് ചെറിയൊരു പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ ശ്രമം വിജയകരമായി ആയിരം ദിനങ്ങൾ പിന്നിട്ട് മുന്നോട്ടുപോകുന്നു. മെസേജ്, റീൽ എന്നിങ്ങനെയെല്ലാം ദിനം പ്രതി ആളുകളെ തേടിയെത്തുകയാണ് മിന്നാമിനുങ്ങിന്റെ ചങ്ങായി. ചിലപ്പോൾ ചിന്തിപ്പിക്കുന്ന ഒരു വാചകമായിരിക്കാം, ചിലപ്പോൾ സമകാലിക സംഭവങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഒരു ചിത്രമായിരിക്കാം അതുമല്ലെങ്കിൽ ഒരു കവിതാശകലമായിരിക്കാം...
എല്ലാം നമ്മുടെ ദിവസത്തെ കുറച്ചുകൂടി നല്ലതാക്കി മാറ്റുന്നുവെന്ന് ആളുകൾ പറയുന്നു. മൂന്നു വർഷത്തിലേറെയായി വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടാണ് മിന്നാമിനുങ്ങിന്റെ ചങ്ങായി പ്രത്യക്ഷപ്പെടുന്നത്, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായും. മിന്നാമിനുങ്ങിന്റെ ഈ വെളിച്ചം പകരുന്ന ചങ്ങായിക്കു പിന്നിൽ ഒരാൾ ഒളിച്ചിരിപ്പുണ്ട്. അതൊരു വൈദികനാണ്. ഫാ. ആന്റോ പുതുവ. ഒരു ദിവസം പോലും മുടങ്ങാതെ പ്രകാശം പരത്തുകയാണ് എംസിബിഎസ് പ്രൊവിൻഷ്യൽ കൗൺസിലർകൂടിയായ ഫാ. ആന്റോ. ഡോക്കുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ, കവിതകൾ, സാമൂഹ്യനാടകങ്ങൾ എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ വൈദികൻ. മിന്നാമിനുങ്ങിന്റെ ചങ്ങായി ഇന്നു നൂറുകണക്കിനാളുകളാണ് ദിനം പ്രതി ഷെയർ ചെയ്യുന്നത്.
ചങ്ങായി ചങ്കായി
മഹാരാഷ്ട്രയിലെ സ്പതാരയില് മിഷന് ജോലിക്കിടയിലാണ് ഇങ്ങനെയൊരു ആശയം ഫാ. ആന്റോയുടെ മനസിലെത്തുന്നത്. കോവിഡ് കാലത്തെ ഒറ്റപ്പെടൽ സമയത്തു സ്വന്തം ജീവിതാനുഭവങ്ങളാണ് ആദ്യം എഴുതിത്തുടങ്ങിയത്. ആദ്യമൊക്കെ സഹവൈദികര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്താണ് തുടങ്ങിയത്. എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു. പലരും പോസിറ്റീവായി പ്രതികരിച്ചു തുടങ്ങിയതോടെ സ്റ്റാറ്റസും സ്റ്റോറിയുമാക്കാനും തുടങ്ങി. മിഷന്പ്രദേശത്തെ ഒരു വൈദികന്റെ ഞായറാഴ്ച പ്രസംഗം കേൾക്കവേ ഒരു തൂലികാനാമം വേണ്ടതല്ലേയെന്ന ചിന്ത ഉയർന്നു. ഏതു പ്രതിസന്ധിയിലും ഒപ്പമുള്ള ദൈവം നമ്മുടെ കൂട്ടുകാരനും ചങ്ങാതിയുമാണെന്ന വൈദികന്റെ പ്രസംഗം മനസില്‍ തട്ടി. ചങ്ങാതി അങ്ങനെ ചങ്ങായി എന്ന തൂലികാനാമത്തിലെത്തി.
മിന്നാമിനുങ്ങ് കുഞ്ഞു ജീവിയാണ്. എങ്കിലും വെളിച്ചം തരാനുള്ള വലിയ കഴിവാണ് ദൈവം അതിനു നല്‍കിയിരിക്കുന്നത്. മിന്നാമിനുങ്ങ് പോകുമ്പോള്‍ പിറകിലാണു വെളിച്ചം വരുന്നത്. ഇരുട്ടത്തുകൂടി പോകുന്പോഴും പിന്നാലെ വരുന്നവർക്കാണ് അതു വെളിച്ചം പകരുന്നത്. ചെറിയ വാക്കുകളും കുറിപ്പുകളും ആളുകൾക്കു ചെറിയൊരു വെളിച്ചം പകരുമെന്ന പ്രതീക്ഷയാണ് വൈദികനെ മുന്നോട്ടു നയിക്കുന്നത്. ആയിരം ദിനങ്ങൾ പിന്നിട്ട മിന്നാമിനുങ്ങിന്റെ ചങ്ങായി കൂടുതല്‍ വിഷ്വലൈസ് ചെയ്ത് അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഫാ. ആന്റോ പുതുവ.
ജിബിന്‍ പാലാ