മാറ്റങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, July 19, 2025 8:35 PM IST
മാറ്റങ്ങൾ പലപ്പോഴും വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുക സ്വാഭാവികം. പരിചിതമായ ശീലങ്ങൾ, സ്ഥലങ്ങൾ, ബന്ധങ്ങൾ, ദിനചര്യകൾ എന്നിവകളിൽ മാറ്റങ്ങളുണ്ടാകുന്പോൾ നാം സ്വാഭാവികമായും അസ്വസ്ഥരായേക്കാം.
മെക്സിക്കോയിലെ ആസ്ടെക് സാമ്രാജ്യം കീഴടക്കി അവിടെ സ്പെയിനിന്റെ വെന്നിക്കൊടി പാറിച്ച യുദ്ധവീരനാണ് ഹെർണൻ കോർടെസ് (1485-1547).
1519 ഏപ്രിലിലാണ് പതിനൊന്നു കപ്പലുകളിലായി അഞ്ഞൂറ് പടയാളികളും പതിനാറു കുതിരകളുമായി അദ്ദേഹം മെക്സിക്കോ തീരത്ത് അടുത്തത്. കോർടെസ് അവിടെ എത്തിയ ഉടനെ ചെയ്ത ഒരു കാര്യം അവിശ്വസനീയമായി നമുക്കു തോന്നാം. അത് എന്താണെന്നോ?
പതിനൊന്നു കപ്പലുകളിൽ ഒരു കപ്പലൊഴികെ ബാക്കിയുള്ളവയെല്ലാം അദ്ദേഹം നശിപ്പിച്ചു. കപ്പൽ നശിപ്പിച്ചതിന്റെ ഒരു കാരണം, അവയുടെ വിവിധ ഭാഗങ്ങളെടുത്ത് അവർക്കു താമസസ്ഥലം ഒരുക്കുക എന്നതായിരുന്നു.
എന്നാൽ, കപ്പലുകൾ നശിപ്പിച്ചതിന്റെ പ്രധാന കാരണമാകട്ടെ പടയാളികളുടെ മടങ്ങിപ്പോകൽ അസാധ്യമാക്കുക എന്നതും. തിരിച്ചുപോകാൻ മാർഗമില്ലെന്നു വന്നാൽ പടയാളികൾ കൈയും മെയ്യും മറന്നു ജയിക്കാനായി പോരാടുമെന്നതായിരുന്നു കോർടെസിന്റെ ചിന്താഗതി.
മുന്നിൽ ഒരേയൊരു വഴി
ഒരു കപ്പൽ നശിപ്പിക്കാതിരുന്നതിന്റെ കാരണം അതുവഴി സ്പെയിനിലേക്കു സന്ദേശം അയയ്ക്കുക എന്നതായിരുന്നു.
കോർടെസിന്റെ തന്ത്രം ഫലിച്ചു.
യുദ്ധത്തിൽ ജയിക്കുക എന്നതു മാത്രമായിരുന്നു പടയാളികൾക്കു മുന്നിൽ അതിജീവനത്തിനുള്ള മാർഗം. അവർ സർവം മറന്നു പോരാടി. ആസ്ടെക് സാമ്രാജ്യത്തിന്റെ ശത്രുക്കളായിരുന്ന വിവിധ ഗോത്രങ്ങളുടെ സഹായം കിട്ടിയതോടെ വിജയം എളുപ്പമായി.
അനിശ്ചിതത്വം നിറഞ്ഞ പുതിയ ഒരു ഭൂമിയിലായിരുന്നു പടയാളികൾ എത്തിയത്. പിന്നോട്ടു പോവുക അസാധ്യം. അതുവരെയുള്ള ജീവിതത്തിലെ പല സന്തോഷങ്ങളും സൗകര്യങ്ങളും നഷ്ടപ്പെട്ടെങ്കിലും അവരിലേറെപ്പേരും പുതിയ ജീവിത സാഹചര്യത്തെ പൂർണമായും ഉൾക്കൊണ്ട് മുന്നോട്ടുപോയി.
ചിലപ്പോൾ, നമ്മുടെ ജീവിതത്തിലും ഇതുപോലെയുള്ള വലിയ അപ്രതീക്ഷിത മാറ്റം സംഭവിക്കാം. കാരണങ്ങൾ പലതാകാം. ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങൾ, സാന്പത്തിക തകർച്ചകൾ, സ്ഥലംമാറ്റങ്ങൾ, കുടുംബബന്ധങ്ങളിലെ അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം. അതുവഴിയുണ്ടാകുന്ന അസ്വസ്ഥതയും ഭയവുമൊക്കെ നമ്മുടെ ജീവിതത്തെ ഏറെ ബാധിക്കുകയും ചെയ്യും.
ഈ മാറ്റങ്ങളിൽ ചിലത് ഒരു തിരിച്ചുപോക്കിനു സാഹചര്യം ഒരുക്കുന്നതാവാം. എന്നാൽ, പലതും അങ്ങനെ ആയിരിക്കണമെന്നില്ല. അതുകൊണ്ട്, ദൈവത്തിന്റെ പരിപാലനയിൽ ആശ്രയിച്ച് ആ മാറ്റങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിച്ചേ മതിയാകൂ. കാരണം, ഈ മാറ്റം നമ്മെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ പരിപാലനയുടെ ഭാഗംതന്നെയായിരിക്കാം.
ഈ പശ്ചാത്തലത്തിൽ ബൈബിളിലെ റൂത്തിന്റെ കഥ അനുസ്മരിക്കുന്നതു നല്ലതാണ്. ഭർത്താവിനെ നഷ്ടപ്പെട്ട റൂത്ത്, സ്വന്തം ഭാവി ഭദ്രമാക്കാതെ അമ്മായിയമ്മയായ നവോമിയെ സഹായിക്കാൻ അവരോടൊപ്പം ബേത്ലെഹെമിലേക്കു യാത്രയായപ്പോൾ അവൾ നേരിട്ടത് അപരിചിതമായ സംസ്കാരവും അനിശ്ചിതമായ ഭാവിയുമായിരുന്നു.
എന്നാൽ, ദൈവപരിപാലനയിൽ ആശ്രയിച്ച് അവൾ മുന്നോട്ടുപോയി. അതുമൂലം, ദാവീദ് രാജാവിനും ദൈവപുത്രനായ യേശുവിനും ജന്മം നൽകുന്ന വംശപരന്പരയിൽ റൂത്തിന് ഇടം നേടാൻ സാധിച്ചു. അവളുടെ ജീവിതത്തിലെ ദുഃഖകരമായ ഒരു മാറ്റം പിന്നീടു ചരിത്രത്തിൽ വലിയ സന്തോഷകരമായ സംഭവമായി മാറി.
ദൈവവചനം പറയുന്നു: "ഗോതന്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും'(യോഹ 12:24). ജീവിതത്തിലെ ചില മാറ്റങ്ങൾ വഴി നമുക്കു പല നഷ്ടങ്ങളും സംഭവിച്ചേക്കാം. എന്നാൽ, അതോടൊപ്പം, അവ നമുക്കു നവമായ പല സാധ്യതകളും നൽകുന്നു എന്നതാണു യാഥാർഥ്യം.
മാറ്റങ്ങളെ പേടിക്കേണ്ടതില്ല
മാറ്റങ്ങൾ പലപ്പോഴും വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുക സ്വാഭാവികമാണ്. പരിചിതമായ ശീലങ്ങൾ, സ്ഥലങ്ങൾ, ബന്ധങ്ങൾ, ദിനചര്യകൾ എന്നിവകളിൽ മാറ്റങ്ങളുണ്ടാകുന്പോൾ നാം സ്വാഭാവികമായും അസ്വസ്ഥരായേക്കാം.
എന്നാൽ, ദൈവപരിപാലനയിൽ വിശ്വസിക്കുന്നവരാണെങ്കിൽ ധൈര്യപൂർവം മുന്നോട്ടു പോവുകതന്നെ ചെയ്യും. കാരണം, ദൈവവചനം പറയുന്നു: "ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടിരിക്കുന്നവർക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ'(റോമാ 8:28).
ദൈവത്തെ സ്നേഹിക്കുന്നവരായ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നന്മയ്ക്കാണെന്ന് അറിയാമെങ്കിലും ആ മാറ്റങ്ങൾ സ്വീകരിക്കുന്നത് അത്ര എളുപ്പമാണെന്നു പറയാനോ നടിക്കാനോ സാധ്യമല്ല. എങ്കിലും, ആ മാറ്റങ്ങളിൽ ദൈവകരം കാണാൻ നമുക്കു സാധിക്കണം.
പ്രവാചകനിലൂടെ ദൈവം പറയുന്നു: "ഇതാ, ഞാൻ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങൾ അറിയുന്നില്ലേ?'(ഏശ 43:18).മാറ്റങ്ങളിൽ പലതും നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കില്ല. അതിന്റെ കാരണക്കാരും നമ്മളായിരിക്കില്ല. അവയുടെ ഫലം എന്തുതന്നെ ആയാലും അതിൽ ദൈവകരം ദർശിച്ചു മുന്നോട്ടു പോവുകയാണു വേണ്ടത്.
കാരണം, അവ വഴിയാകാം കൂടുതൽ ദൈവാനുഗ്രഹം നമുക്കുണ്ടാവുക. സാധാരണഗതിയിൽ, ഒരേയൊരു അധ്യായംകൊണ്ട് നമ്മുടെ ജീവിതകഥ തീരില്ല. ആ കഥയിൽ വിവിധ അധ്യായങ്ങളുണ്ടാകാം. ചില അധ്യായങ്ങളിൽ കണ്ണീരിന്റെ കഥകളാകാം വിവരിക്കുക.
എന്നാൽ, ദൈവപരിപാലനയിലാശ്രയിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിൽ, ദൈവംതന്നെ നമ്മുടെ ജീവിതകഥ സുന്ദരമായി എഴുതും. അപ്പോൾ, ആ കഥയിൽ നിറഞ്ഞുനിൽക്കുന്നതു ദൈവതണലിൽ നാം നേടിയ അവിസ്മരണീയമായ വിജയമായിരിക്കും.