ഫിലഡൽഫിയ/കോട്ടയം: ഓർമ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര മലയാളി യുവതി-യുവാക്കൾക്കായി നടത്തുന്ന ഓർമ ഇന്റർ കോണ്ടിനന്റൽ പ്രസംഗ മത്സരത്തിലെ ആദ്യ ഘട്ട വിജയികളുടെ പേരുവിവരങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു.
ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറമാണ് ആദ്യ റൗണ്ട് വിജയികളെ കണ്ടെത്തിയത്. ടീം അംഗങ്ങളായ ജോസ് തോമസ് (ചെയർമാൻ), എബി ജോസ് (സെക്രട്ടറി), ഷൈൻ ജോൺസൻ (ഡയറക്ടർ), ഡോ. ഫ്റെഡ് മാത്യൂ (ഡയറക്ടർ), ചെസ്സിൽ ചെറിയാൻ (ഡയറക്ടർ), ജോർജ് നടവയൽ (ഓർമ പ്രസിഡന്റ്), ഷാജി അഗസ്റ്റിൻ (ജനറൽ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റി ബോർഡ് ചെയർ) എന്നിവർ നേതൃത്വം നൽകി.
നിലവിലെ ജേതാക്കൾക്ക് പ്രസംഗ പരിശീലന ക്യാംപിൽ പങ്കെടുക്കാൻ അവസരം നൽകും. മത്സരത്തിന് രണ്ടു ഘട്ടങ്ങള്‍ കൂടി ഉണ്ട്. ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടർഭാഗമായിട്ടാണ് ഓർമ ഇന്റർനാഷണൽ പ്രസംഗ മത്സരം നടത്തുന്നത്.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ചിഞ്ചു റാണി, ഡോ. ശശി തരൂർ, ഗോപിനാഥ് മുതുകാട്, സന്തോഷ് ജോർജ് കുളങ്ങര, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവീസിലെ പ്രഗത്ഭർ, പ്രശസ്ത പത്രപ്രവർത്തകർ, സാമൂഹിക-സാംസ്കാരിക, കലാ-സിനിമാ പ്രവർത്തകർ എന്നിവർ ഓർമ ഇന്റർ കോണ്ടിനന്റൽ പ്രസംഗ മത്സരത്തിന് ഭാവുകങ്ങള്‍ നേർന്ന് വിഡിയോ സന്ദേശം നൽകി.