സുനില്‍ കുമാര്‍ റ്റഫ്‌സ് യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ്
Sunday, November 20, 2022 4:26 PM IST
പി.പി. ചെറിയാന്‍
മെസ്‌ഫോര്‍ഡ് (മസാച്യുസെറ്റ്‌സ്): ഇന്ത്യന്‍ അമേരിക്കന്‍ അക്കാഡമീഷ്യന്‍ സുനില്‍ കുമാറിനെ റ്റഫ്‌സ് (TUFTS) യൂണിവേഴ്‌സിറ്റി പ്രസിഡന്‍റായി നിയമിച്ചു. 1852-ലാണ് സ്വകാര്യ ഗവേഷണങ്ങള്‍ക്കായുള്ള ഈ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്.

ആദ്യമായാണ് ഒരു ഇന്ത്യന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റായി നിയമിതനാകുന്നത്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സീനിയര്‍ വൈസ് പ്രസിഡന്റും, പ്രഫസറുമായ സുനില്‍ കുമാര്‍ 2023 ജൂലൈ ഒന്നിന് പ്രസിഡന്റായി ചുമതലയേല്‍ക്കും. നിലവിലുള്ള പ്രസിഡന്റ് ആന്റണി മൊണാറക്കാ വിരമിക്കുന്ന സ്ഥാനത്തേക്കാണ് നിയമനം.

2016-ല്‍ ഷിക്കാഗോ യൂണിവേഴ്‌സിറ്റി ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയിലെ പോലീസ് ഓഫീസറായ പിതാവിന് ജനിച്ച സുനില്‍കുമാര്‍ മംഗളൂരൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദവും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗളൂരുവില്‍ നിന്നും കംപ്യൂട്ടര്‍ ആന്‍ഡ് ഓട്ടോമേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1996-ല്‍ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റും ലഭിച്ചു. സ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസിലാണ് ആദ്യമായി ഒരു അധ്യാപകന്‍ എന്ന നിലയില്‍ സുനില്‍കുമാര്‍ തന്റെ കരിയര്‍ ആരംഭിച്ചത്.