ഡമോക്രാറ്റിക് പ്രൈമറിയില്‍ മത്സരിക്കുന്നതിന് റെബേക്ക ജോണ്‍സിന് കോടതി വിലക്ക്
Sunday, August 7, 2022 2:31 PM IST
പി പി ചെറിയാന്‍
ഫ്‌ളോറിഡ: റെബേക്ക ജോണ്‍സ് ഫ്‌ളോറിഡ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രൈമറിയില്‍ മത്സരിക്കുന്നത് വിലക്കി ജഡ്ജി.

ഈ മാസം 23ന് നടക്കേണ്ട പ്രൈമറിയില്‍ നിന്നാണ് റെബേക്കയെ വിലക്കിയിരിക്കുന്നത്. റെബേക്കയെ വിലക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ എതില്‍ സ്ഥനാര്‍ഥി ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പെഗ്ഗി ഷില്ലര്‍ നല്‍കിയ പരാതിയിലാണ് കോടതി വിധി.

ഫ്‌ളോറിഡ തെരഞ്ഞെടുപ്പ് നിയമം അനുസരിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുന്നതിന് അതേ പാര്‍ട്ടിയില്‍ ഒരുവര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് ജോണ്‍സ് ലംഘിച്ചിരിക്കുന്നതെന്ന് പെഗ്ഗി നല്‍കിയ ലോ സ്യൂട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

മേരിലാന്‍ഡില്‍ താമസിക്കുമ്പോള്‍ 2021 ഏപ്രില്‍ മാസത്തിലാണ് ഇവര്‍ ഡമോക്രാറ്റിക് പാര്‍ട്ടി അംഗമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2021 ജൂണ്‍ 21-ന് ഇവര്‍ പാര്‍ട്ടി അഫിലിയേഷന്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട് രേഖകള്‍ അനുസരിച്ച് 2021 ഓഗസ്റ്റ് പതിനൊന്നിന് വീണ്ടും ഡമെക്രാറ്റിക് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. നോമിനേഷന്‍ സമര്‍പ്പിക്കുമ്പോള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധന പാലിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവര്‍ അയോഗ്യയാണെന്നും ലോസ്യൂട്ടില്‍ വ്യക്തമാക്കിയിരുന്നു.

മേരിലാന്‍ഡില്‍ പാര്‍ട്ടി അംഗത്വം എടുത്തതിനുശേഷമുള്ള രണ്ട് മാറ്റങ്ങള്‍ തന്റെ അറിവോടെ അല്ലെന്നു ജോണ്‍സ് പറയുന്നു. വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും അവര്‍ അറിയിച്ചു.