എകെഎംജി രാജ്യാന്തര സമ്മേളനം ടൊറന്‍റോയിൽ
Sunday, July 31, 2022 4:00 PM IST
ആസാദ് ജയൻ
ടൊറന്‍റോ : അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ്ന്റെ (എ.കെ.എം.ജി) നാല്പത്തി മൂന്നാമത് വാർഷിക കൺവെൻഷൻ ഈ മാസം നടക്കും. ടൊറന്‍റോയിൽ ഓഗസ്റ്റ് 4,5,6 തീയതികളിൽ ത്രിദിന സമ്മേളനം നടക്കുന്നത്.

ടൊറന്‍റോയിലെ ഷെറാട്ടൺ സെന്‍ററിൽ നടക്കുന്ന സമ്മേളനത്തിൽ നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ പങ്കെടുക്കും. തൊഴിൽപരമായി ഏറ്റവും വലിയ സമ്മർദങ്ങളിലൂടെ കടന്നു പോകുന്ന ഡോക്ടർമാർക്ക്, ഒത്തു ചേരലിന്റെ വേദി കൂടിയാണ് എല്ലാവർഷവും നടക്കുന്ന കൺവെൻഷൻ. നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ ഡോക്ടർമാരുടെ ആദ്യത്തെ സംഘടനയാണ് എകെഎംജി.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എകെഎംജിയിൽ അംഗങ്ങളായ യുവ- വനിതാ ഡോക്ടർമാരുടെ എണ്ണം സംഘടനയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണെന്നു സംഘടനയുടെ പ്രസിഡന്റ് ഡോ: നിജിൽ ഹാറൂൺ പറഞ്ഞു. 2021ൽ പ്രസിഡന്‍റ് പദവിയേറ്റെടുത്ത ശേഷം കോവിഡ് വെല്ലുവിളികളുടെ നാളുകൾ ആയിരുന്നു എന്നും, പക്ഷെ ആരോഗ്യ രംഗത്തെ മലയാളി ഡോക്ടർമാരുടെ സേവനം പ്രശംസനീയമെന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടോറോന്റോയിലെ 1815 അടി ഉയരമുള്ള സി എൻ ടവറിലെ ഡിന്നർ, ഔദ്യോഗിക ഉത്ഘാടനം, വയലിൻ ഫ്യൂഷൻ സംഗീത നിശ, ഡിജെ നൈറ്റ് എന്നിവയാണ് ആദ്യ ദിനത്തിലെ (വ്യാഴം ഓഗസ്റ്റ് 4) പരിപാടികൾ. രണ്ടാം ദിവസം (വെള്ളി ഓഗസ്റ്റ് 5) ഹൃദുരോഗ ചികിത്സാ രംഗത്ത് കൈവന്ന നൂതന മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ഡബ്ല്യു.എച്ച്.ഒ ചീഫ് സയന്‍റിസ്റ്റ് ആയ ഡോ: സൗമ്യ സ്വാമിനാഥൻ മുഖ്യ പ്രഭാഷണം നടത്തും.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രബബ്ധങ്ങൾ അവതരിപ്പിച്ച ഗെയ്ഡ്നേർ പുരസ്‌കാര ജേതാവായ കാർഡിയോളജി വിഭാഗം വിദഗ്ധൻ ഡോക്ടർ സലിം യൂസഫ്, ഡോ. നിഷാ പിള്ള, ഡോ: കൃഷ്ണകുമാർ നായർ, ഡോ: ഇനാസ് എ ഇനാസ്, ഡോ: ജൂബി ജോൺ, ഡോ: രാകേഷ് ഗോപിനാഥൻ നായർ, ഡോ: ഹാഫിസ ഖാൻ എന്നിവർ പങ്കെടുക്കും. അമിതവണ്ണം,മെറ്റബോളിക് സിൻഡ്രോം എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ, ഡോ: വിനോദ് ചന്ദ്രൻ, ഡോ: ശ്രീകുമാരൻ നായർ, ഡോ: അംബിക അഷറഫ് , ഡോ: പാപ്പച്ചൻ ജോസഫ് എന്നിവർ പങ്കെടുക്കും.

മൂന്നാം ദിവസം (ശനി ഓഗസ്റ്റ് 6) നടക്കുന്ന പകർച്ചവ്യാധി,പ്രതിരോധശക്തി, ക്യാൻസർ എന്നി വിഷയത്തിൽ അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ആദ്യ ഇന്ത്യൻ വംശജനായ പ്രസിഡന്റ് ഡോ: ജോർജ് എബ്രഹാം, ഡോ: നിജിൽ ഹാറൂൺ, ഡോ.നിക്കി മാത്യു, ഡോ: ജയിം എബ്രഹാം, ഡോ:പോൾ മാത്യു, ഡോ:സൗമ്യ സ്വാമിനാഥൻ, ഡോ:വിനോദ് ചന്ദ്രൻ, ഡോ: രാകേഷ് മോഹൻകുമാർ, ഡോ:രഞ്ചു കുര്യാക്കോസ്, ഡോ: ഊർമിള കോവിലം, ഡോ: സുരേഷ് നായർ എന്നിവർ പങ്കെടുക്കും.

ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, കനേഡിയൻ സർക്കാരിന്റെ പ്രതിനിധികൾ, ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി, സംവിധായകൻ കെ.മധു, ഗായകരായ വിജയ് യേശുദാസ്, അഫ്സൽ എന്നിവർ സമാപന സമ്മേളനത്തിലും തുടർന്ന് നടക്കുന്ന ഗാല നൈറ്റിലും പങ്കെടുക്കും.

വെള്ളിയാചയാണ്‌ സംഘടനയുടെ വാർഷിക പൊതുയോഗം നടക്കുക. ഈ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക. എകെഎംജിയെക്കുറിച്ചും, സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ചും, വാർഷിക സമ്മേളനത്തെക്കുറിച്ചും കൂടുതൽ അറിയാൻ www.akmg.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കോവിഡ് മഹാമാരി കാലത്തു ഡോക്ടർമാർ കടന്നു പോയ സമർദ്ധം വളരെ വലുതായിരുന്നു. ഈ സമയത്തും ആരോഗ്യ പരിപാലനത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ നിരവധി ഓൺലൈൻ സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. മഹാമാരിയുടെ കാലത്തു ഐഎംഎ കേരള ചാപ്റ്ററും കേരള മെഡിക്കൽ സർവീസസ് കോഓപ്പറേഷനുമായി സഹകരിച്ച് 4.5 മില്യൺ ഡോളറിന്റെ മെഡിക്കൽ സാമിഗ്രികളാണ് വിതരണം ചെയ്തത്.

മഹാമാരിക്ക് ശമനം വന്ന ശേഷവും തുടർച്ചയായി ഓൺലൈൻ സെമിനാറുകൾ സംഘടിപ്പിച്ചു ആരോഗ്യ ബോധവൽക്കരണം സംഘടനയുടെ നേതൃത്വത്തിൽ ചെയ്യുന്നുണ്ട്. പ്രസിഡന്റ് നിജിൽ ഹാറൂണിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. രാജ്യാന്തര തലത്തിലുള്ള പരിപാടികൾക്ക് പുറമെ അതാതു ചാപ്റ്ററുകൾ കേന്ദ്രീകരിച്ചും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.