ഓർലാൻഡോ: അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ’ഫൊക്കാന’ അന്താരാഷ്ട്ര ചതുർദിന കണ്വൻഷന് ജൂലൈ ഏഴ് വ്യാഴാഴ്ച തുടക്കമാകും.. ഫ്ളോറിഡയിലെ ഓർലാൻഡോയിലുള്ള ഹിൽട്ടണ്‍ ഡബിൾ ട്രീ ഹോട്ടലിൽ രാജ്യസഭാംഗവും കേരള കോണ്‍ഗ്രസ്-എം ചെയർമാനുമായ ജോസ് കെ. മാണി കണ്വൻഷൻ ഉദ്ഘാടനം ചെയ്യും.
രാജ്യസഭാംഗവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസ്, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, ഫാ. ഡേവിസ് ചിറമേൽ, ഗോപിനാഥ് മുതുകാട്, ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ജനറൽ സെക്രട്ടറി സജിമോൻ ആന്റണി തുടങ്ങിയവർ പ്രസംഗിക്കും.
സിനിമാ താരങ്ങളും പ്രശസ്ത നർത്തകിമാരുമായ പാരീസ് ലക്ഷ്മി, അനുശ്രീ തുടങ്ങിയവരുടെ നൃത്തം സമ്മേളനത്തിന്റെ കൊഴുപ്പു കൂട്ടും. മലയാളി മങ്ക സൗന്ദര്യ മൽസരത്തിനു നിഷ ജോസ് കെ. മാണി വിധികർത്താവാകും. ചിരിയരങ്ങ് ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും. ബ്രിട്ടാസും ജോർജ് കള്ളിവയലിലും അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരും മാധ്യമ സെമിനാറിൽ പ്രസംഗിക്കും.
പ്രസിഡന്റ് ജോർജി വർഗീസ്, ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു കുളങ്ങര, ട്രഷറർ സണ്ണി മറ്റമന, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ്, മറ്റു ഭാരവാഹികളായ ജോജി തോമസ്, വിപിൻ രാജ്, ബിജു ജോണ്‍, വനിതാ ഫോറം ചെയർപേഴ്സണ്‍ ഡോ. കലാ ഷാഫി തുടങ്ങിയവർ കണ്വൻഷന് നേതൃത്വം നൽകും.
അമേരിക്കയിലെയും കാനഡയിലെയും എണ്‍പതിലേറെ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ആയിരത്തിലേറെ പ്രതിനിധികൾ സമ്മേളനത്തിലെത്തുമെന്ന് പരിപാടികളുടെ മുഖ്യ നായകനായ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് പറഞ്ഞു.
കോവിഡ് കാരണം കഴിഞ്ഞ വർഷം കണ്വൻഷൻ നടക്കാതിരുന്നതിനാൽ മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ഓർലാൻഡോ സമ്മേളനം ചരിത്ര വിജയമാകുമെന്ന് തീർച്ചയാണെന്ന് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു കുളങ്ങര പറഞ്ഞു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ സമ്മേളനത്തിനു ശേഷം ഫൊക്കാന പ്രതിനിധികൾക്കായി ഞായറാഴ്ച പ്രത്യേക ക്രൂയിസ് പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി സജിമോൻ ആന്റണി അറിയിച്ചു.
മെഗാ തിരുവാതിര, മോഹിനിയാട്ടം- കഥകളി ഫ്യൂഷൻ, നാടകം, ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ, ചെണ്ടമേളം, താലപ്പൊലി, കേരളീയം, പാട്ടുപെട്ടി തുടങ്ങിയ കലാപരിപാടികളും മലയാളി മങ്ക സൗന്ദര്യ മൽസരം, മാധ്യമ സെമിനാർ, സാഹിത്യ സമ്മേളനം, മതസൗഹാർദ സമ്മേളനം, മോട്ടിവേഷണൽ സെമിനാർ, ബിസിനസ് മീറ്റ്, പൊതുസമ്മേളനം, സ്പെല്ലിംഗ് ബീ മൽസരം, വനിതാ ഫോറം, നൃത്തം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, ഉപന്യാസ രചന, ചെസ്, കാർഡ് ഗെയിംസ് തുടങ്ങിയവയാണ് പതിനഞ്ചോളം കോണ്‍ഫറൻസ് ഹാളുകളിലായി ഒരുക്കിയിരിക്കുന്നത്.
ഫൊക്കാന മേഖലാ വൈസ് പ്രസിഡന്റുമാരായ ബാബു സ്റ്റീഫൻ, ഡോ. ജേക്കബ് ഈപ്പൻ, തോമസ് കൂവള്ളൂർ, അലക്സാണ്ടർ കൊച്ചുപുരയ്ക്കൽ, സോമോൻ സഖറിയ, ഷാജി വർഗീസ്, മേരി ഫിലിപ്, ധീരജ് പ്രസാദ്, ഷാജി സാമുവൽ കിഷോർ പീറ്റർ, ബോർഡ് ഓഫ് ട്രസ്റ്റി നേതാക്കളായ സജി പോത്തൻ, ബെൻ പോൾ, ഡോ. മാമ്മൻ സി. ജേക്കബ്, മാധവൻ ബി. നായർ, ഏബ്രഹാം ഈപ്പൻ, സ്റ്റാൻലി ഇത്തുണ്ണിക്കൽ, പോൾ കറുകപ്പള്ളിൽ, ഫൗണ്ടേഷൻ ചെയർമാൻ ജോണ്‍ പി. ജോണ്‍, ഓഡിറ്റർമാരായ വർഗീസ് കെ. ഉലഹന്നാൻ, വർഗീസ് ജേക്കബ് തുടങ്ങിയവരും സംഘടനയുടെ വിവിധ നഗരങ്ങളിലെയും യുവജന, വനിതാ വിഭാഗങ്ങളുടെയും നേതാക്കളും ഫൊക്കാന കണ്വൻഷന് സജീവ നേതൃത്വം നൽകും.