അഞ്ചുലക്ഷം ഡോളറിന് കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍
Sunday, January 23, 2022 11:11 AM IST
ക്രോകറ്റ് (ടെക്‌സസ്): 5,00,000 ഡോളര്‍ വില പറഞ്ഞ് മാതാവില്‍ നിന്ന് കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍. ടെക്‌സസിലെ ക്രോകറ്റ് വാള്‍മാര്‍ട്ടിലായിരുന്നു സംഭവം.

ചെക്ക് ഔട്ട് ലൈനില്‍ രണ്ടു കുട്ടികളുമായി നിന്നിരുന്ന മാതാവിനോട് ഒരു കുട്ടിയെ തനിക്ക് വേണ്ടമെന്നും, 250,000 ഡോളര്‍ നല്‍കാമെന്നും മധ്യവയസ്‌കയായ റെബേക്ക ടെയ്‌ലര്‍ പറഞ്ഞു. മാതാവ് കുഞ്ഞിനെ വില്‍ക്കാന്‍ വിസമ്മതിച്ചു. ഇതില്‍ അരിശംപൂണ റബേക്ക ഞാന്‍ നിങ്ങളുടെ ചെറിയ കുട്ടിയെ ആണ് ആവശ്യപ്പെടുന്നതെന്ന് ശബ്ദമുയര്‍ത്തി വീണ്ടും പറഞ്ഞു. മാത്രമല്ല 500,000 ഡോളര്‍ വാഗ്ദാനം ചെയ്യുകയും ഉണ്ടായി.

മാതാവ് രണ്ട് കുട്ടികളെയുംകൊണ്ട് തന്ത്രപൂര്‍വം വാള്‍മാര്‍ട്ട് സ്റ്റോറില്‍ നിന്നും പുറത്തുകടന്ന് അധികൃതരെ വിവരം അറിയിച്ചു. റെബേക്ക തന്നെ ഭീഷണിപ്പെടുത്തിയെന്നും, കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നുമുള്ള പരാതിയെ തുടര്‍ന്ന് പോലീസ് അവരെ അറസ്റ്റ് ചെയ്തു.

ടെക്‌സസ് നിയമം അനുസരിച്ച് മറ്റൊരാളില്‍ നിന്ന് നിര്‍ബന്ധപൂര്‍വം വാങ്ങാന്‍ ശ്രമിച്ചതിന് ഇവരുടെ പേരില്‍ തേര്‍ഡ് ഡിഗ്രി ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇന്നലെ (ജനുവരി 20) ടെയ്‌ലറിനെ 50,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു. രണ്ടു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

പി.പി. ചെറിയാന്‍