ഒമിക്രോൺ വ്യാപനം: ഓൺലൈൻ ക്ലാസുകൾ ആവശ്യപ്പെട്ട് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു
Saturday, January 15, 2022 11:54 AM IST
ബോസ്റ്റൺ (ഷിക്കാഗോ): ഒമിക്രോൺ വ്യാപകമാകുന്ന സാഹചര്യത്തിൽ വ്യക്തിഗത ക്ലാസുകൾ നിർത്തിവയ്ക്കണമെന്നും ഓൺലൈൻ ക്ലാസുകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു പ്രകടനം നടത്തി.

ജനുവരി 14 നു ഷിക്കാഗോ, ബോസ്റ്റൺ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളാണ് ക്ലാസുകൾ ബഹിഷ്കരിച്ചത്.

മൂന്നരലക്ഷത്തോളം വിദ്യാർഥികളുള്ള അമേരിക്കയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഷിക്കാഗോയിൽ ക്ലാസുകൾ ആരംഭിച്ച് രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുന്നത്.

ബോസ്റ്റൺ വിദ്യാഭ്യാസ ജില്ലയിലെ 52,000 വിദ്യാർഥികളിൽ അറുനൂറോളം വിദ്യാർഥികൾ ‌ഇതേ ആവശ്യം ഉന്നയിച്ച് ക്ലാസുകൾ ബഹിഷ്കരിച്ചു.

അതേസമയം ഷിക്കാഗോയിലെ സംഘടിതരായ അധ്യാപക യൂണിയൻ, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കുകയും റഗുലർ ക്ലാസുകളിൽ ഹാജരാകുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യുകയാണ്.

ഷിക്കാഗോ വിദ്യാഭ്യാസ അധികൃതർ, ടീച്ചേഴ്സ് യൂണിയനുമായി രണ്ടു ദിവസം മുന്പാണ് റഗുലർ ക്ലാസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ധാരണയിലെത്തിയത്.

കോവിഡ് വ്യാപകമായതിനെതുടർന്നു ഇതിനകംതന്നെ 5000 ലധികം പബ്ലിക് സ്കൂളുകൾ താത്കാലികമായി അടച്ചിടാൻ നിർബന്ധിതമായിരിക്കുകയാണ്.

പി.പി. ചെറിയാൻ