ലോസ് ആഞ്ചലസ് കൗണ്ടിയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ റിക്കാർഡ്
Monday, January 10, 2022 2:34 PM IST
ലോസ് ആഞ്ചലസ്: കലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും വലിയ കൗണ്ടികളിലൊന്നായ ലോസ് ആഞ്ചലസിൽ ഞായറാഴ്ച മാത്രം 45,000 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ഡിപ്പാർട്ട്മെന്‍റ് ഓഫ് പബ്ലിക് ഹെൽത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‌ഇതൊരു റിക്കാർഡാണ്. 13 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മഹാമാരി പൊട്ടിപുറപ്പെട്ടശേഷം മരിച്ചവരുടെ എണ്ണം ലോസ് ആഞ്ചലസ് കൗണ്ടിയിൽ മാത്രം 27,785 ആയി ഉയർന്നു.

അനിയന്ത്രിതമായി വ്യാപിക്കുന്ന കോവിഡിനോടനുബന്ധിച്ചു പുതിയ‌ വേരിയന്‍റ് ഒമിക്രോണും കൗണ്ടിയിൽ വ്യാപിക്കുന്നുണ്ട്. ദിവസേന കൗണ്ടിയിൽ 1,15,000 പേർ കോവിഡ് പരിശോധനക്ക് വിധേയരാകുന്നുണ്ട്. ഇതിൽ 20 ശതമാനത്തിനും രോഗം സ്ഥിരീകരിക്കപ്പെടുന്നതായി കൗണ്ടി ആരോഗ്യവകുപ്പു അറിയിച്ചു.

കഴിഞ്ഞ ആഴ്ചയിലെ കോവിഡ് കേസുകൾ പുതിയ റിക്കാർഡിലേക്ക് ‌എത്തിയിരിക്കുന്ന ഏഴു ദിവസത്തിനുള്ളിൽ 2,00,000 പുതിയ കേസുകളാണ് കൗണ്ടിയിൽ സ്ഥിരീകരിച്ചത്. ‌

മഹാമാരി ആരംഭിച്ചതിനുശേഷം ലോസ് ആഞ്ചലസ് കൗണ്ടിയിൽ രണ്ടു മില്യൺ കോവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 33,64 പേരെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. ഒമിക്രോ‌ൺ വേരിയന്‍റുമായി ആശുപത്രിയിൽ കഴിയുന്നവരിൽ രോഗലക്ഷണങ്ങൾ ഗുരുതരമായി കാണുന്നതായി അധികൃതർ പറഞ്ഞു.

പി.പി. ചെറിയാൻ