ഇന്‍റർ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ 2022 ഓഗസ്റ്റില്‍
Wednesday, October 20, 2021 6:21 PM IST
ഓസ്റ്റിന്‍: സീറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ കീഴിലുള്ള ടെക്‌സസ്, ഓക്‌ലഹോമ സംസ്ഥാനങ്ങളിലെ ഇടവകാംഗങ്ങളുടെ ഇന്‍റർ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ (ഐപിഎസ്എഫ്) 2022 ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിന്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തിൽ നടക്കും.

ഈ മഹാസംഗമത്തിന് ദേവാലയം ആതിഥേയത്വം നല്‍കുമ്പോള്‍ വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാകുകയാണ് ഓസ്റ്റിന്‍ പട്ടണത്തിന്‍റെ ഹൃദയഭാഗത്തു 23 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഈ ദേവാലയമാണ്.

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഈ കായിക വിനോദമേളയുടെ കിക്ക്ഓഫ് 2018-ല്‍ ഈ ദേവാലയത്തില്‍ നിര്‍വഹിച്ചുകൊണ്ടു പറഞ്ഞത് അതിവേഗത്തില്‍ വളരുന്ന സിറ്റിയായ ഓസ്റ്റിനില്‍ ഈ മേള നടത്തുവാന്‍ സാധിക്കുന്നത് എല്ലാ തരത്തിലും രൂപതയുടെ ഭാഗ്യവും ഇടവകയുടെ വന്‍ വിജയവും ആയിരിക്കുമെന്നാണ്.

ഏകദേശം അയ്യായിരം പേര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ മഹാസംഗമത്തിന്‍റെ വിജയത്തിനായി നടത്തുന്ന റാഫിള്‍ ടിക്കറ്റിന്‍റെ കിക്ക്ഓഫ് ദേവാലയത്തില്‍ നടത്തി.

മേളയുടെ മെഗാ സ്‌പോണ്‍സറായി ദേവാലയത്തിലെ ആക്ടീവ് അംഗവും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയും റിയല്‍ എസ്റ്റേറ്റ് ‌ഇൻവെസ്റ്ററും പാറയ്ക്കല്‍ ചാരിറ്റബിള്‍ ഫൗണ്ടേന്‍റേയും പാറയ്ക്കല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടേയും സ്ഥാപകനും സിഇഒയും ഓസ്റ്റിനിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനി (www.psgrealty.com) ഉടമയും പ്രമുഖ സിനിമാ നിർമാതാവും ചാനല്‍പാര്‍ട്ട്ണറുമായ ജിബി പാറയ്ക്കലാണ്.

ഐപിഎസ്എഫ് 2022 ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ വേണ്ട എല്ലാ നടപടികളും തയാറാക്കി കഴിഞ്ഞതായി വികാരി ഫാ. ഡൊമിനിക് പെരുനിലം ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. അനീഷ് ജോര്‍ജ് ചടങ്ങില്‍ പങ്കെടുത്ത് നന്ദി പറഞ്ഞു.

ജോയിച്ചന്‍ പുതുക്കുളം