ന്യൂയോർക്ക്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിൽ നിന്നും മലങ്കര മാർത്തോമ സുറിയാനി സഭയുടെ ഭരണസമിതിയായ സഭാ കൗണ്‍സിലിലേക്ക് (2020-23) റവ. ബിനു ജെ. വർഗീസ്, ജോണ്‍ ടൈറ്റസ്, സണ്ണി എബ്രഹാം, ചേച്ചാ ജോണ്‍ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടതായി ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു.
മാർത്തോമ ചർച്ച് ഓഫ് ഗ്രേയ്റ്റർ സിയാറ്റിൽ ഇടവകാംഗമായ ജോണ്‍ ടൈറ്റസ് കഴിഞ്ഞ അൻപത് വർഷമായി അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ പ്രമുഖനും, എയ്റോ കണ്ട്രോൾസ് എന്ന പ്രമുഖ എയർക്രാഫ്ട് മെയിന്റനസ് കന്പനിയുടെ ഉടമയും, ഹോട്ടൽ വ്യവസായിയും, കൊച്ചി കാക്കനാട് നിർമൽ ഇൻഫോ പാർക്ക് കന്പനി ചെയർമാനും, കുന്പനാട് സ്വദേശിയുമാണ്. ഭാര്യ കുസുമം ടൈറ്റസ് മുൻ സഭാ കൗണ്‍സിൽ അംഗമായിരുന്നു.
സണ്ണി എബ്രഹാം ഫിലാഡൽഫിയ മാർത്തോമ്മ ഇടവകാംഗവും, മുൻ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന കൗണ്‍സിൽ അംഗവും, അനേക വർഷമായി ഇൻഷ്വറൻസ് രംഗത്ത് പ്രവർത്തിക്കുകയും, അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക എക്യൂമെനിക്കൽ രംഗങ്ങളിൽ പ്രമുഖനും, മല്ലപ്പള്ളി സ്വദേശിയുമാണ്.
റവ. ബിനു ജെ. വർഗീസ് ലണ്ടൻ സെന്റ് ജോണ്‍സ് ഇടവക വികാരിയും നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ഭാഗമായ യുകെ ആൻഡ് യൂറോപ്പ് സോണൽ സെക്രട്ടറിയും, ബിഷപ് സെക്രട്ടറിയുമാണ്. തിരുവല്ലാ മേപ്രാൽ സ്വദേശിയാണ്.
ചേച്ചാ ജോണ്‍ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മ ഇടവകാംഗമാണ്. നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന സേവികാസംഘം മുൻ സെക്രട്ടറിയും, മുൻ ഭദ്രാസന കൗണ്‍സിൽ അംഗവും, ആതുര ശുശ്രുഷാ രംഗത്ത് വിവിധ അവാർഡുകൾക്ക് ഉടമയും പുനലൂർ സ്വദേശിയുമാണ്.
ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മാർത്തോമ സഭാ പ്രതിനിധി മണ്ഡലാംഗങ്ങൾ പോസ്റ്റൽ ബാലറ്റിലൂടെയാണ് സഭാ കൗണ്‍സിൽ അംഗങ്ങളെ തെരഞ്ഞെടുത്തത്. സെപ്തംബർ 15 ബുധനാഴ്ച്ച ഉച്ചക്ക് 12.30 ന് മുൻപ് വരെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വരണാധികാരിക്ക് ലഭിച്ച ബാലറ്റുകൾ എണ്ണി തിട്ടപ്പെടുത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത്.
റിപ്പോർട്ട്: ഷാജി രാമപുരം